ADVERTISEMENT

നിഴൽനാടകത്തിന്നവസാനരംഗ-

മാടിത്തീർത്തേകാകിയായ് പോകുന്നു,

ലക്ഷണമൊത്തൊരുവൻ..!

സരയുവിന്നാഴങ്ങളിൽ നിഴൽവേഷം ത്യജിക്കുവാൻ!

സ്വധാമത്തിൽ ചെന്നുചേരുവാൻ,

ആയിരം ഫണങ്ങൾ വിരിച്ചുണരുവാൻ,

പ്രപഞ്ചസ്ഥിതിലയതാളമായ് മാറുവാൻ!

 

നിഴലായിരുന്നവൻ,

കൊട്ടാരക്കെട്ടിലും കാട്ടിലും കടലിലും 

നിന്നെപ്പിരിയാതെ,

നിനക്കു മുന്നിലും പിന്നിലുമിടതും വലതുമായ് 

ആയുസിൻനീളമാകവേ  നടന്നുതീർത്ത,

ധർമ്മപാതയിൽ ചരിക്കുന്ന നിന്നോട്  ചേർന്നുണ്ണാതെയുറങ്ങാതെ ചരിച്ച

കർമ്മധീരനാം നിഴൽ.

 

നിനക്കായ്‌ വാളെടുത്തവൻ, വാക്കെടുത്തവൻ,

നിന്റെ വീര്യമായ് കത്തിജ്ജ്വലിച്ചവൻ!

നെഞ്ചുനീറ്റിയ വാക്ശരമേറ്റൊരു പാഴ്‍രേഖയായ്  മണ്ണിൽ പതിഞ്ഞവൻ!

എങ്കിലും ദീപ്തമൊരു നിഴലായ്

രാവും പകലുമൊരുപോൽ തെളിഞ്ഞവൻ!

 

ത്യാഗമെല്ലാം ജലരേഖയായ്ഭവിച്ചതു വിധിഹിതത്താലോ? നിൻധർമ്മഭയത്താലോ?

ഒടുവിൽ പരിത്യക്തനായ്‌, പാപഭാരവുംപേറി,

നീയില്ലാതെയാദ്യമായ്,

നിഴൽവേഷമുപേക്ഷിച്ചേകനായ് പോകുന്നിതാ..!

 

തിരിഞ്ഞൊന്നു നോക്കുക നീ,

പിൻവിളി വിളിക്കാതെ, മിഴിനീര് തൂകാതെ,

വാതിലിൻപിറകിലൊരു 

മുഗ്ദ്ധമാംനിഴൽ തെളിയും.

അവനുമൊരു നിഴലുണ്ടായിരുന്നു!

കൂടെപ്പോകാത്തൊരു നിഴൽ!

പെയ്യാൻ മറന്നുനില്‍ക്കുമൊരേകയാംമഴമുകിൽപോൽ,

ഇറ്റുവീഴാതെ കൺകോണിൽ പിടയുമൊരു കണ്ണുനീർത്തുള്ളിപോൽ,

തീരാനോവുപോൽ 

ശാന്തമായുദാത്തമായൊരു പെൺനിഴൽ!

  

വേദനിക്കുന്നുവോ  രാമാ?

ഇടനെഞ്ചിൽ നോവ് തിങ്ങുന്നുവോ ?

അവർക്കായ് കരയേണ്ടതില്ല നീ...

പരിഭവിക്കാറില്ലയിപ്പാവങ്ങൾ നിഴലുകൾ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com