ADVERTISEMENT

എനിക്കൊന്നുറങ്ങണം  (കഥ)

 

'ഡോക്ടർ ആ സ്ത്രീ കണ്ണു തുറന്നു'.

 

'ആ ഞാനിതാ വരുന്നു.

ആ.. പിന്നെ ഇപ്പോ ഇത് ആരോടും പറയണ്ട'

അപ്പോഴാണ് അവളുടെ കൈയിലെ ഫോണിൽ കാൾ വന്നത്.

 

'അനില പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു. ചെറിയൊരു കുഴപ്പമുണ്ട്'

 

'എന്താണ്?'. ഡോക്ടർ അനില ഞെട്ടലോടെ ചോദിച്ചു.

 

"ഡാ.. ആ കുട്ടി പ്രെഗ്നന്റ് ആണ്".

 

അപ്പുറത്ത് നിന്നും ഡോക്ടർ രാഹുലിന്റെ പതിഞ്ഞ ശബ്ദം കേട്ട് അവൾ ഒന്നുകൂടെ ഞെട്ടി.

 

"വാട്ട്‌!".

 

"യെസ്. ത്രീ മന്ത്സ്".

 

"ഞാൻ റിസൾട്ട്‌ കൊടുത്തിട്ടില്ല എന്താ പറയേണ്ടത്".

 

"എനിക്ക് അറിയില്ല".

 

"അവർക്ക് ബോധം വന്നോ?".

 

"ഇല്ല".

 

"ഞാനൊരു ഡിസിഷൻ പറയാം.

ഒരു അരമണിക്കൂർ കഴിഞ്ഞിട്ട് പുറത്ത് വിടാം".

 

"അതെന്തിനാ?".

 

"അതെ പുറത്ത് മീഡിയയും പോലീസും ഉണ്ട്.

സത്യത്തിൽ അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയണം.

വെറുതെ നമ്മൾ അവരെ മീഡിയയ്ക്ക് കടിച്ചു കീറാൻ കൊടുക്കണോ?".

 

"അതും ശരിയാണ്.

നീ ഫോൺ വെച്ചോ ഞാൻ അങ്ങോട്ട്‌ വരാം".

 

ഇന്നലെ വൈകുന്നേരം വിഷം അകത്തു ചെന്ന നിലയിൽ ഒരു പതിനാറുകാരിയെ ഇവിടെ കൊണ്ടു വന്നു.  ആ കുട്ടി മരണത്തോട് മല്ലടിക്കുന്നുണ്ടായിരുന്നു.

സ്വന്തം മകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതിന് ആ അമ്മയെ നാട്ടുകാർ കൈകാര്യം ചെയ്ത് അവർക്ക് ബോധമില്ലായിരുന്നു.

 

മിനിറ്റുകൾ കഴിഞ്ഞപ്പോൾ അവൾ ഈ ലോകത്ത് നിന്നും വിട വാങ്ങി.

രാവിലെ ഡ്യൂട്ടി കഴിഞ്ഞു പോകേണ്ടതായിരുന്നു. പക്ഷെ പോകാൻ തോന്നിയില്ല.

പോസ്റ്റമോർട്ടം ചെയ്തു കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. അതു കൊണ്ട് തന്നെ അവർ നിരപരാധി ആവനെ സാധ്യതയുള്ളു.

 

ആ അമ്മക്ക് ബോധം വന്നെങ്കിൽ മൊഴിയെടുത്ത് അറസ്റ്റ്  രേഖപെടുത്താൻ വെളിയിൽ പോലീസ് ഉണ്ട്.

"ഹലോ..ഇതെന്താ ഭാര്യയെ..! പകൽ സ്വപ്നം കാണുകയാണോ?".

 

"രാഹുൽ!. ഞാൻ അവരെ കുറിച്ച് ചിന്തിക്കുകയായിരുന്നു. വാ നമുക്ക് അവരെ കാണാം".

 

അവൾ കസേരയിൽ നിന്നും എഴുന്നേറ്റു.

 

"മീരേച്ചി.. ആരെയും കുറച്ചു നേരത്തേക്ക് അങ്ങോട്ട്‌ വിടണ്ട ".

 

നേഴ്സ് മീര ചിരിച്ചോണ്ട് തലയാട്ടി.

 

മുറിയിലേക്ക് കടക്കുമ്പോൾ അവർ കട്ടിലിൽ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.

കാൽ പെരുമാറ്റം കേട്ട് അവർ കണ്ണു തുറന്നു.

 

"ഡോക്ടർ എന്റെ മോള്!".

എന്തു പറയണമെന്നറിയാതെ അനിലയും രാഹുലും മുഖത്തോട് മുഖം നോക്കി.

"ഡോക്ടർ അവള് പോയോ. ഈ നശിച്ച ലോകത്ത് നിന്നും അവള് പോയോ?".

 

"അതെ. അവൾ ഇന്നലെ തന്നെ പോയി ". രാഹുൽ പറഞ്ഞു.

 

അവരുടെ മുഖത്ത് സന്തോഷവും ഒരു തരം പകയും തെളിഞ്ഞു വന്നു.

 

"നിങ്ങളെ കൊണ്ടു പോകാൻ പുറത്ത് പോലീസ് ഉണ്ട്".

 

ആ അമ്മയുടെ മുഖത്ത് അപ്പോൾ പുച്ഛം നിറഞ്ഞ ഭാവമായിരുന്നു.

 

"ഞങ്ങൾക്ക്  സത്യം അറിയണമെന്നുണ്ട്".

 

"എന്തു സത്യം ഞാൻ എന്റെ മോളെ വിഷം നൽകി കൊന്നു. അത്ര തന്നെ. എനിക്ക് ഒന്നും പറയാനില്ല".

 

"അവൾ ഗർഭിണിയായിരുന്നു.

നിങ്ങളുടെ മോളോട് ചെയ്ത ക്രൂരതക്ക് പകരം ചോദിക്കണ്ടേ ?".

 

"ആരോട്?. എന്തിന്?. ഒന്നും വേണ്ട.

എനിക്ക് ഒന്നും പറയാനുമില്ല".

 

അവരുടെ വാക്കുകളിൽ വല്ലാത്ത നിർവികാരതയുണ്ടായിരുന്നു.

 

ഡോക്ടർ അനില അവരുടെ അരികിലേക്ക് ചേർന്നു നിന്നു.

 

"നോക്കു ഞാനും ഒരമ്മയാണ്. ഞങ്ങൾക്ക് ഒരു മോളും മോനുമുണ്ട്.  ഞങ്ങൾ ഡോക്ടമാരാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും ബുദ്ധിമുട്ട് ഞങ്ങൾക്ക് നന്നായി അറിയാം. ചിലപ്പോൾ ഞങ്ങൾക്ക് നിങ്ങളെ രക്ഷിക്കാനും ആ കുഞ്ഞിന് നീതി വാങ്ങി കൊടുക്കാനും കഴിയും."

 

ആ അമ്മ മൗനം പാലിച്ചു.

 

"ഓക്കേ!  അനിലാ....ഇവർക്ക് ബോധം വന്നെന്ന് ോലീസിനെ വിവരമറിയിച്ചോളു.

അവർ  വാതിക്കലിലേക്ക് നടന്നു".

 

"ഡോക്ടർ.... "അവരുടെ വിളി കേട്ട് അനിലയും രാഹുലും തിരികെ വന്നു.

 

"നാട്ടുനടപ്പനുസരിച്ച് കുറിപ്പും ജാതകവും നോക്കിയായിരുന്നു ഞങ്ങളുടെ വിവാഹം.

മധുവിധു നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. പല കാരണങ്ങൾ പറഞ്ഞയാൾ എന്റെ സ്വർണം വിൽക്കാൻ തുടങ്ങി. സ്വന്തം വീട്ടുകാരോട് പറഞ്ഞപ്പോൾ താലി കെട്ടിയവൻ ദൈവമാണെന്നും അവൻ പറയുന്നത് കേട്ട് ഇനിയുള്ള കാലം ജീവിക്കണമെന്നും പറഞ്ഞ്  ഉപദേശിച്ചു.

വിവാഹം എന്നത് പെണ്മക്കളെ എന്നെന്നേക്കുമായി പടിയിറക്കലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

അയാളുടെ മദ്യപാനം കൂടുതലായി. അതിനിടയിൽ ഞാൻ ഒരു അമ്മയായി. അയാളിൽ പ്രതേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല. ഏഴാം മാസം സ്വന്തം വീട്ടുകാർ വിളിച്ചു കൊണ്ട് പോയി. വല്ലപ്പോഴും അയാൾ വന്ന് പോയി. പ്രസവം കഴിഞ്ഞ് ഏഴാം മാസം തിരിച്ചു വന്നു. കുട്ടിക്കും എനിക്കും വേണ്ട സാധനങ്ങൾ വീട്ടുകാർ തന്നു. അങ്ങനെ വലിയ കുഴപ്പമില്ലാതെ മൂന്ന് വർഷം കഴിഞ്ഞു. കുഞ്ഞ് നടക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അവളൊരു ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.  അതോടെ കുറ്റം മുഴുവൻ എനിക്കായ്.

 

സാറിനറിയോ.. ഞങ്ങളെ പോലുള്ള താഴെ തട്ടിലുള്ളവർക്ക് ഇത്തരത്തിൽ കുഞ്ഞു ജനിക്കുകയാണെങ്കിൽ അത് മരണത്തിന് തുല്യമാണ്. ഞങ്ങൾക്ക് പണമില്ല, വിദ്യാഭ്യാസം ഇല്ല.  നരകമാണ് സാറെ ഓർക്കാൻ പോലും കഴിയാത്ത നരകം. അയാളുടെ സ്വഭാവം വീണ്ടും പഴയവസ്‌ഥയിലേക്ക് മാറി. കുടിച്ച് വന്ന് പീഡനങ്ങൾ തുടങ്ങി.  ആരും ഒന്നും പറഞ്ഞില്ല.  കുഞ്ഞിന്റെ അവസ്ഥക്ക് കാരണം എന്റെ മാത്രം പാപങ്ങൾ ആയി.

 

കുറ്റപ്പെടുത്തലുകൾ തുടർന്നു.. കുഞ്ഞിന്റെ ചികിത്സക്കും മറ്റുചിലവുകൾക്കുമായി ഞാൻ ജോലിക്ക് ഇറങ്ങി. കുഞ്ഞിനെയും കൊണ്ട് പോകും. പല പണികളും ചെയ്തു. വർഷങ്ങൾ വീണ്ടും കടന്നു പോയി. ഒരു കൈ സഹായത്തിന്  ആരും ഉണ്ടായില്ല, സ്വന്തം വീട്ടുകാർ പോലും കയൊഴിഞ്ഞു. പകരം സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും പരിഹാസവും ഒറ്റപ്പെടുത്തലുകളും ഏറ്റു വാങ്ങി ഞാൻ നീറി നീറി കഴിഞ്ഞു. അവൾ വളർന്നു. ചികിത്സ കൊണ്ട് പ്രതേകിച്ച് ഫലം ഒന്നും കണ്ടില്ല.  മോളെ എടുത്തു കൊണ്ട് പോകാൻ കഴിയാതെയായി.  അവൾക്ക് പത്തു വയസ്സ് ഉള്ളപ്പോഴാണ് ആ ദുഷ്ടൻ മറ്റൊരു പെണ്ണിനെയും കൊണ്ട് കയറി വന്നത്. കൂടെ എന്നെ ആ വീട്ടിൽ നിന്നും അടിച്ചിറക്കി. പക്ഷെ എന്റെ മോൾക്ക്‌ വേണ്ടി ഞാൻ ആ വീട്ടിലെ പറമ്പിൽ തന്നെ ഒരു ഷെഡ് വെച്ചു. എതിർപ്പുകളെ കൊടുവാൾ കൊണ്ട് എതിർത്തു.  ആ സമയത്താണ് മോള് ഋതുമതിയായത്...

സത്യത്തിൽ അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു. എന്തു ചെയ്യും എന്നറിയാതെ നിന്ന നിമിഷങ്ങൾ.... സ്നേഹമതിയായ ആശാ വർക്കർ എനിക്ക് എല്ലാ സഹായവും ചെയ്തു തന്നു. ഒരു കൈ സഹായമില്ലാതെ ഒന്നും ചെയ്യാൻ അവൾക്ക് കഴിയില്ല. കെട്ടിയോന്റെ രണ്ടാം ഭാര്യ ആണെങ്കിലും അവൾ എനിക്ക് ഒരു സഹായമായി. മോളെ അവൾ നോക്കി. മരിച്ചാലും മറക്കാൻ കഴിയില്ല. എന്നാൽ മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ കെട്ടിയോനും അവളും തമ്മിൽ വഴക്ക് കൂടി അവൾ ഇറങ്ങി പോയി. വീണ്ടും ഞാൻ തനിച്ച്. മോളെ അപ്പോൾ കാണാൻ വെളുത്തു തുടുത്ത്, തടിച്ച് ഒരു മുതിർന്ന പെൺകുട്ടിയായിരുന്നു.  ആശാ വർക്കർ എപ്പോഴും ഓർമപ്പെടുത്തുമായിരുന്നു മോളെ ശ്രദ്ധിക്കണമെന്ന്... വീട്ടിൽ അടുപ്പ് പുകയാതെയായി.. പണിക്ക് പോകാതെ കാര്യം നടക്കില്ല. അപ്പോഴാണ് ഭർത്താവിന്റെ അനിയൻ കോയമ്പത്തൂരിൽ നിന്ന് നാട്ടിലേക്ക് പണി മതിയാക്കി വന്നത്. അവന്റെ സ്നേഹത്തോടെയുള്ള സമീപനം ഞാൻ വീണു അല്ലെങ്കിൽ എന്നെ അവൻ വീഴ്ത്തി. ' മോളെ ഞാൻ നോക്കാം ചേച്ചി പണിക്ക് പൊയ്ക്കോ '! പറഞ്ഞപ്പോൾ എന്റെ മനസ് തണുത്തു.  മാസങ്ങൾ കടന്നു പോയി. പലപ്പോഴും മോളുടെ തുടയിടുക്കുകൾ പൊട്ടി ചോരയൊലിച്ചു. അതിന്റെ കാരണം എനിക്ക് മനസിലായില്ല അല്ലെങ്കിൽ ഞാൻ മനസിലാക്കാൻ ശ്രമിച്ചില്ല. ഒരേ കിടപ്പ് കിടക്കുന്നത് കൊണ്ടാവാം അല്ലെങ്കിൽ തടി കൂടി വരുന്നത് കൊണ്ടാവാമെന്ന് ഞാൻ സ്വയം തീരുമാനിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് അവളിൽ ഉണ്ടായ ശാരീരിക മാറ്റങ്ങൾ എന്നിൽ ഭയം ഉണ്ടാക്കി. കൂടെ അന്ന് വന്ന പത്ര വാർത്തയും.

' പതിമൂന്ന് വയസുക്കാരി ഗർഭിണി   :- സ്വന്തം മോളെ വർഷങ്ങളായി അച്ഛൻ പീഡിപ്പിക്കുന്നു. '

 

എന്നിൽ പെട്ടെന്ന് തോന്നിയ ഒരു ആശയമായിരുന്നു മോളുടെ യൂറിൻ ടെസ്റ്റ്‌. അത് എന്നെ ഞെട്ടിച്ചു. പക്ഷെ ഞാൻ ആരെ പറയും. ഒന്നും പറയ്യാൻ അറിയാത്ത, സ്വന്തം ശരീരത്തിൽ തൊട്ടവനെ ഒന്ന് കൈ ചൂണ്ടി കാണിക്കാൻ പോലും കഴിയാത്ത എന്റെ മോളോട് ഞാൻ എന്തു ചോദിക്കും. പക്ഷെ ഞാൻ കണ്ടെത്തി അവനെ. ഡോക്ടർക്ക് അറിയോ ആ ദുഷ്ടൻ, ഞാൻ അവനെ സ്വന്തം അനിയനെ പോലെയല്ലെ സ്നേഹിച്ചെ...?

 

എന്നിട്ട്!.  അത് ചോദിച്ചപ്പോൾ, നാട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ അവൻ എന്റെ മോൾക്ക്‌ വിഷം നൽകി. അത് ഞാൻ ചെയ്യുന്നത് കണ്ടെന്നു പറഞ്ഞ് നാട്ടുകാരെ വിളിച്ച് എന്നെ ആക്രമിച്ചു.

കൊല്ലണം അവനെ.... പതിനാറു വർഷമായി ഞാൻ ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ട്. വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് ഞാൻ എല്ലാം സഹിച്ച് ജീവിച്ചത് എന്റെ മോൾക്ക് വേണ്ടിയല്ലെ..? എന്നിട്ട് അവൻ അവളെ........

 

ആ അമ്മ പൊട്ടി കരഞ്ഞു... അതുകണ്ട ഡോക്ടർ അനിലയുടെയും രാഹുലിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി..!

 

"ഞങ്ങളുണ്ട്.. ദൈവം എത്തേണ്ട കൈകളിൽ തന്നെയാണ് നിങ്ങളെ എത്തിച്ചത്. അമ്മയുടെ മകൾക്ക് നീതി കിട്ടും.. ഇത് ഞങ്ങൾ തരുന്ന ഉറപ്പാണ്..."

ഡോക്ടർ രാഹുൽ പറഞ്ഞു...

 

ആഴ്ച്ചകൾക്ക് ശേഷം കോടതി മുറ്റത്ത് തന്റെ മകളുടെ മരണത്തിന് കാരണമായവന് കഴുമരത്തിലേക്ക് നിയമം വഴി കാട്ടിയപ്പോൾ ആ അമ്മ മിഴികളിൽ സന്തോഷം കൊണ്ട് മിഴിനീർ പൊഴിഞ്ഞു വീണു.

 

ആ ദുഷ്ടനെ ജീപ്പിൽ കയറ്റുന്നത് കൺ കുളിർക്കെ കണ്ടു നിൽകുമ്പോഴാണ് പിന്നിൽ നിന്നും വിളി വന്നത്.

 

ഡോക്ടർ അനിലയും രാഹുലും..

 

" സന്തോഷമയോ " ഡോക്ടർ അനില ചോദിച്ചു.

 

ആ അമ്മ കൈകൾ കൂപ്പി അവർക്ക് മുന്നിൽ നിന്നു.

 

"ഇനിയെന്താ പരിപാടി..?"

ഡോക്ടർ അനില.

 

"ഇന്ന് എനിക്ക് രുചികരമായ വിഭവങ്ങൾ വയറു നിറയെ കഴിക്കണം. അതു കഴിഞ്ഞ് ആരെയും പേടിക്കാതെ മനസമാധാനത്തോടെ എനിക്കൊന്നുറങ്ങണം.. "  അവർ ദൂരെക്ക് നോട്ടം ഉറപ്പിച്ച് പറഞ്ഞു.

 

"ഓക്കേ.... നിങ്ങൾക്ക് തീരുമാനിക്കാം ഇനിയുള്ള ജീവിതം. പക്ഷെ നിങ്ങൾ ഞങ്ങൾക്ക് ഒരു ഉപകാരം ചെയ്യണം."

ഡോക്ടർ രാഹുൽ..

 

"പക്ഷെ,  ഡോക്ടർ.. എനിക്ക് പോകണം ".

അവർ മറുപടി നൽകി.

 

"പൊയ്ക്കോളൂ... പക്ഷെ ആ നിൽക്കുന്ന കാറു വരെ ഒന്ന് വരണം. എനിക്ക് ഒരു മോളുണ്ട്. അവളെ നോക്കാൻ ഒരുപാട് പേര് വന്നു. പക്ഷെ അവരെല്ലാം ശമ്പളം മാത്രം നോക്കി വന്നവർ. ആരും അവൾക്ക് വേണ്ട സ്നേഹവും കരുതലും നൽകിയില്ല".

 

സംസാരിച്ചു കൊണ്ട് തന്നെ അവർ നടന്നു.

 

" ഡോക്ടർ ക്ഷമിക്കണം. ചെയ്ത് തന്ന ഉപകാരങ്ങൾക്ക് നന്ദി. എനിക്ക് പോകണം. പോയെ പറ്റു ". അവർ വേഗത്തിൽ തിരിഞ്ഞു നടന്നു.

 

" ഒരു മിനിറ്റ്! ഇവിടം വരെ വന്നതല്ലേ? എന്റെ മോളെ ഒന്ന് കണ്ടിട്ട് പോകൂ ".

ഡോക്ടർ രാഹുൽ വേഗം ചെന്ന് കാറിന്റെ ഡോർ തുറന്നു. അയാൾ എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ പതിയെ പുറത്തേക്ക് ഇറക്കി..

 

ആ അമ്മ അവളെ നോക്കി. അവൾ പതിയെ തല ചരിച്ച് ഡോക്ടറെ നോക്കി. ചുണ്ടുകൾ കോട്ടി ചിരിച്ചു. അവൻ അവളോട് ആ അമ്മയെ കൈ ചൂണ്ടി കാണിച്ചു. പാതി മറഞ്ഞ കൺപീലികൾക്ക് കാഴ്ച്ചയേകുന്ന തടിച്ച കണ്ണടയിലൂടെ അവൾ അവരെ നോക്കി. അവളുടെ കൈകൾ പിന്നിലേക്ക് തിരിഞ്ഞിരുന്നു. കാലുകൾക്ക് ശേഷികുറവുണ്ട്. അവർ ഓടി ചെന്ന് അവളെ കെട്ടി പിടിച്ചു കരഞ്ഞു.

 

"എന്റെ മോളെ....നിനക്കായ് ഈ അമ്മയുണ്ടാവും. നിന്നോടൊപ്പം ഉറങ്ങണം എനിക്ക്... നിനക്കായ്......." അവർ എന്തൊക്കെയോ പിറു പിറുത്തു. അവളെ  തുരു തുരാ ഉമ്മ വെച്ചു.

അതു കണ്ട് നിന്ന ഡോക്ടർ അനിലയുടെയും രാഹുലിന്റെയും മിഴികളും മനസും നിറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com