‘തെങ്ങിൽ കയറുന്ന, വാഴയ്ക്കു കുഴിയെടുക്കുന്ന റോബോട്ടുകൾ ’
Mail This Article
20 വർഷങ്ങൾക്കു ശേഷം (കഥ)
നല്ല നിലാവുള്ള വെളുപ്പാൻ കാലത്ത് കയ്യിൽ ഒരു ചൂട് കട്ടൻ ചായയും പിടിച്ച് മാനത്തോട്ട് നോക്കി ചുരുണ്ട് കൂടി അയാൾ ഇരുന്നു. തണുപ്പ് പുതപ്പിലൂടെ നുഴഞ്ഞു കയറി മുറുക്കെ പിടിച്ച ഗ്ലാസൊന്നു കുലുക്കി. മേഘങ്ങൾ നിശ്ചലമായി നിന്നു, പറയാനുള്ളത് കേൾക്കാനെന്ന പോലെ. സമയം കടന്ന് പോകുകയല്ലേ, കറങ്ങുന്ന ഈ ഭൂമിയിൽ ഇവിടെ ഈ മൂലക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഇരിക്കാൻ ഒരു സുഖമുള്ള പോലെ. അരക്കിലാംബിന്റെ വെട്ടം നന്നേ കുറവായിരുന്നു. ചായ വെച്ച കനൽ ആ മൂലക്ക് എരിയുന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങൾ അയാളെ ആ ഇരിപ്പുവിട്ട് എഴുന്നേൽക്കാൻ പ്രേരിപ്പിച്ചു.
20 വർഷം മുന്നേ ആ സ്ഥലത്തു വന്നു ചേക്കേറിയപ്പോ എല്ലാരും പറഞ്ഞു അയാക്കു വട്ടാണെന്ന്. ശരിയാണ് അന്ന് നാട്ടുകാര് കണ്ടത് അയാൾ പറമ്പിൽ കണ്ടിടത്തെല്ലാം പ്രാന്തനെപ്പോലെ ഓടിനടന്നു പ്ലാവും മാവും തെങ്ങും നടുന്നതാണ്. പറമ്പിൽ അഞ്ചാറു കുളവും കുത്തി. സ്ഥലം അയാളുടെ മാത്രമായിരുന്നില്ല അയാളുടെ കുടുംബക്കരുടേതതു കൂടിയാണ് അത് പുരായിടോം കണ്ടോം എല്ലാം കൂടെ സുമാർ പത്തേക്കർ കാണുമായിരിക്കും. ഇടം കിട്ടിയിടതൊക്കെ വാഴനട്ടു. ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലായിരുന്നു നാട്ടുകാരുടെ കണ്ണിൽ അയാൾക്ക്. വാഴവളന്നു വന്നപ്പോ ഒന്ന് തെക്കോട്ടും ഒന്ന് വടക്കോട്ടും ചാഞ്ഞുനിന്നു. എന്നാലും അതിലെ കുലകൾ കണ്ടപ്പോ നാട്ടുകാര് കണ്ണുവച്ചു. അവിടെയും ഇവിടെയും കാടുപിടിച്ചു. അതിനിടയിലൂടെ കാട്ടുമുയലുകൾ ഓടി നടന്നു. പിടിച്ച കാടൊക്കെ അയാളുടെ കുട്ടിപശുക്കൾക്കു തീറ്റയായി. അരയാൾ പൊക്കമുള്ള പണ്ടേതോ കാലത്തുള്ള പശുക്കളായിരുന്നു അയാളുടേത്. തെങ്ങുകൾക്കെല്ലാം റോക്കറ്റുവിട്ടപോലെ ഉയരമായിരുന്നു. തെങ്ങിക്കേറാനും വാഴക്കുകുഴിയെടുക്കാനും കൈസഹായത്തിനു രണ്ടു റോബോട്ടുകൾ അയാൾക്കുണ്ടായിരുന്നു. പത്തു വർഷം മുന്നേ ഏതോ കമ്പനി കളഞ്ഞ lower end versions അങ്ങേരു എവിടുന്നോ പോയി വാരിയെടുത്തുകൊണ്ടു വന്നതാണ്. അതുങ്ങളെ അങ്ങേരു തൊമ്മനെന്നും ചാണ്ടിയെന്നും വിളിച്ചു..
തൊമ്മൻ അവന്റെ ചിറകിൽ പറന്നു തെങ്ങിൽ കയറി. ഓലമടലിൽ തലകീഴായി തൂങ്ങി കിടന്നു, എന്നിട്ടു അയാള് പറയുന്ന തേങ്ങ ഒന്നൊന്നായി കുത്തിയിട്ടു. ചാണ്ടി ചാക്കിൽ അരി നിറച്ചു, പിന്നെ വാഴക്കുലകൾ അടുക്കി അയാളുടെ വില്ലിസ് ജീപ്പിൽ വച്ചു. എല്ലാം കയറ്റി അയാൾ വണ്ടി എടുത്തു അവർ രണ്ടു പേർ ജിപ്പിന്റെ പിന്നിൽ കയറി. വണ്ടി പട്ടണം ലക്ഷ്യമാക്കി കുതിച്ചു.
വഴിയെല്ലാം വിജിനമായിരുന്നു. ഒരുമാസം മുമ്പാണ് ഒരു മൈക്രോ റിയാക്ടർ പൊട്ടിത്തെറിച്ചത്. അതായിരുന്നു സിറ്റിയിലെ വാഹനങ്ങളുടെ എനർജി ലൈൻ. റേഡിയേഷൻ ലെവൽ ലർട് ഉള്ളതിനാൽ അവശ്യ സാധനങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമേ റോഡിൽ ഉള്ളൂ. വണ്ടി ഒരു ഫ്ലാറ്റിനടുത്തെത്തി ചാണ്ടി സാധനങ്ങൾ എല്ലാം ചുമന്നു അതിലെ ഒരു വീട്ടിൽ എത്തിച്ചു. അയാൾ ആരെയോ കാൾ ചെയ്തു. അയാളുടെ ബന്ധുക്കൾ അവിടുണ്ട്. പട്ടണം അയാൾക്ക് വീർപ്പുമുട്ടലാണ് എത്രയും വേഗം അയാൾ അവിടുന്ന് തിരിച്ചു.
കയ്യിലൊരു ഗ്ലാസ് വീഞ്ഞുമായി അസ്തമയ സൂര്യനെ നോക്കി അയാൾ നിന്നു. കാലം തെറ്റി മഴപെയ്തപ്പോൾ അയാൾ ചുരംകയറി മൂപ്പനേകണ്ടു. പൊരിവെയിലത്തും കൊടുമഴയതും വിളയുന്ന വിത്തുകൾ തരപ്പെടുത്തി. നാട്ടിൽ വെട്ടാനായി കൊണ്ടുവന്ന കാളകളെ വിലക്കുവാങ്ങി. ചേറിൽ കുളിച്ചു ഉഴുതു മറിച്ചു. കലണ്ടർ വെട്ടിയും തിരുത്തിയും ഞാറുനട്ടു. പലതും കരിഞ്ഞു പോയി ചിലത് ഒഴുകിപ്പോയി. നാട്ടുകാർ അയാൾക്ക് മുഴുവട്ടാണെന്നു പറഞ്ഞു. അയാളുടെ ചെവിപണ്ടേ പിന്നോക്കമായിരുന്നു. അയാൾ പിന്നെയും പോരുതുടർന്നു. വർഷങ്ങൾക്കു ശേഷം വിജയം നിൽക്കതിരുകളായി വിളഞ്ഞു. അങ്ങുദൂരെ പലസ്ഥലങ്ങളും ഉപ്പുവെള്ളം കയറിയെങ്കിലും അയാൾക്കുറപ്പുണ്ടായിരുന്നു തന്റെ യുദ്ധത്താൽ കടൽ പിൻവാങ്ങുമെന്ന്.