ADVERTISEMENT

വേരറ്റവൻ (കഥ)

 

ഒന്ന്

 

പുറത്ത് മഞ്ഞു പെയ്യുകയാണ്; നെഞ്ചകത്ത് തീയും....

രാത്രി നന്നേ വളർന്നിരുന്നു.

കൃത്യമായ ഇടവേളകളിൽ നാട്ടിയ വിളക്കുകാലുകളുടെ അരികിലൂടെ തന്റെ ജീവിത ഭാണ്ഡവും ചുമന്ന് അയാൾ നടന്നു.

പ്രകാശം പൊഴിക്കുന്ന തൂണുകളുടെ അടുത്ത് മഞ്ഞിന് ഒരു അഭൗമ സൗന്ദര്യമാണ്. മാലാഖമാരുടെ ചിറകിലെ തൂവലുകൾ ഉതിർന്നു വീഴുന്നത് പോലെ അതിങ്ങനെ പെയ്തുകൊണ്ടിരിക്കും. തൊട്ടു മുൻപിൽ കാണുന്നതിനേക്കാൾ അൽപ്പം അകന്നു നിന്ന് കാണുമ്പോൾ ആ സൗന്ദര്യം ശതഗുണീഭവിക്കും; ഭൂമിയിൽ ഒരു സ്വർഗ്ഗം പോലെ...

 

ആ കാഴ്ചകളൊന്നും കണ്ണുനീർ ഉരുണ്ടു കൂടി വീണു കൊണ്ടിരുന്ന അയാളുടെ മിഴികളിൽ പെട്ടതേയില്ല.

 

ലെസ്‌ലി സ്ട്രീറ്റ് മുറിച്ചു കടന്ന് ആയാസപ്പെട്ട് നടപ്പു തുടർന്നു. റൂമിലേക്കെത്താൻ ഇനിയുമുണ്ട് ദൂരം. ഊബർ വിളിച്ചാലോ എന്ന് ഓർത്തതാണ്. പിന്നെ 22 ഡോളർ... അത് നാട്ടിൽ എത്തിയാൽ ഏകദേശം 1300 രൂപ. സഹകരണ ബാങ്കിലെ പതിമൂന്ന് ലക്ഷം കടത്തിൽ 1300 കുറയുമല്ലോ!

 

നടവഴി തീർത്തും വിജനമാണ്; തെരുവും ഏതാണ്ട് അതേ പോലെ. വല്ലപ്പോഴും കടന്നു പോകുന്ന ചില കാറുകളിൽ ഇരുന്ന് ആളുകൾ അയാളെ പുച്ഛത്തോടെ നോക്കി, ചിലർ സഹതാപത്തോടെയും.

ഒന്നുമില്ല; ഇതെല്ലാം അയാളുടെ തോന്നലുകൾ ആണ്. ആളുകൾ അവരവരുടെ കാര്യം നോക്കി പോകുന്നു.

നടന്നു നടന്ന് സെന്റ് ജോസഫ് സെമിത്തേരി എത്തി.

ആദ്യം കാണുന്ന ആരും അത് ഒരു പാർക്ക് ആണെന്ന് ഉറപ്പായും തെറ്റിദ്ധരിക്കും… അതിരുകളിൽ നിരയൊപ്പിച്ചു നിൽക്കുന്ന ഇലപൊഴിയാ പൈൻ മരങ്ങൾ. ഇടയിലെല്ലാം മേപ്പിളുകൾ, മഞ്ഞ ബിർച്ചുകൾ, പിന്നെ അയാൾക്ക് പേരറിഞ്ഞുകൂടാത്ത മറ്റെന്തൊക്കെയോ വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ. ശരത്കാലത്തിൽ ഇതെല്ലാം നാനാ വർണ്ണങ്ങളിലുള്ള ഓരോ പൂക്കൂടകൾ ആയി മാറും. ഇപ്പോൾ പക്ഷേ അവയെല്ലാം ഇല പൊഴിച്ച് നഗ്നരായി നിൽക്കുകയാണ്. അയാളുടെ ശൂന്യമായ ജീവിതം പോലെ. 

വേനലിൽ പച്ചപ്പരവതാനി വിരിച്ചതു പോലെ ഭംഗിയിൽ കിടക്കുന്ന പുൽത്തകിടി, ഇപ്പോളിതാ, മഞ്ഞിന്റെ വെള്ളപ്പുതപ്പിനുള്ളിൽ ശാന്തമായി ഉറങ്ങുകയാണ്. വരുന്ന വസന്തത്തിൽ വീണ്ടും മരതകപ്പട്ടണിയാൻ.

സിമിത്തേരിയുടെ പ്രധാന കവാടത്തിനു മുൻപിലെ ജലധാരാ യന്ത്രം സ്ഥാപിച്ചിരിക്കുന്ന കൊച്ചു കുളത്തിലെ വെള്ളം ഐസ് പാളികളായി കിടക്കുന്നുണ്ട്. അത് പിന്നിട്ട് വഴിയിലെ കുഴയുന്ന മഞ്ഞിൽ ഒന്ന് വേച്ച് മുൻപോട്ടു നടക്കുമ്പോൾ അവിടുത്തെ ഓരോ കുഴിമാടത്തിലും തൻ്റെ ഓരോരോ സ്വപ്നങ്ങളാണ് മരിച്ചു കിടക്കുന്നതെന്ന് അയാൾക്ക്‌ തോന്നി.

 

മിഡ്‌ലാൻഡ് അവന്യൂവിനപ്പുറം നോത്രദാം ബസലിക്ക തലയുയർത്തി നിൽക്കുന്നു. എന്നും അതിനു മുൻപിലൂടെ പോകുമ്പോൾ ആ തിരുനടയിൽ നിന്ന് "ശ്രീ പദ്മനാഭാ അടിയനെ കൈ വിടരുതേ" എന്ന് ഹൃദയം നുറുങ്ങി വിളിക്കുന്നതാണ്....

ഇന്നയാൾ പക്ഷേ പള്ളിയിലേക്ക് നോക്കാതെ തലകുനിച്ചു നടന്നു.

 

കെനോറ തടാകത്തിൽ നിന്നും വന്ന ഒരു പിശറൻ കാറ്റ് അയാളുടെ മുഖത്തടിച്ച് ശരീരം ആകെയൊന്നുലച്ച് കടന്നു പോയി. പിന്നാലെ ഫ്രീസിങ്ങ് റെയിൻ തുടങ്ങി. ഒരു പിടി മുള്ളാണി വാരി എറിയുന്നത് പോലെ; നേരിയ, കൂർത്ത ഐസ് ശകലങ്ങൾ അയാളുടെ മുഖത്തേയ്ക്ക് വന്നു പതിച്ചുകൊണ്ടിരുന്നു. മനുഷ്യനും പ്രകൃതിയും അയാളെ വേദനിപ്പിക്കുന്നതിൽ എന്തോ ആനന്ദം കണ്ടെത്തുന്നത് പോലെ.

 

രണ്ട്

 

ഒരു വിധത്തിൽ റൂമിലെത്തി. 

 

ഒരു ഇടുങ്ങിയ വീടിൻ്റെ ഉള്ളിൽ കുറേ മനുഷ്യർ...

പുറമേ ചിരിച്ചും ഉള്ളിൽ പരസ്പരം ശപിച്ചും കഴിഞ്ഞു കൂടുന്നു.

വാതിൽ തുറന്ന് കയറുമ്പോൾ, വഴിയിൽ തന്നെ ആരോ കൊണ്ട് വന്ന് വച്ച തുറന്നു കിടക്കുന്ന വെയ്സ്റ്റ് ബിൻ....

അതിനു ചുറ്റും ചിതറിക്കിടക്കുന്ന ആഹാര അവശിഷ്ടങ്ങളിൽ നിന്നുള്ള പുളിച്ച മണം...

അയാൾക്ക് എന്നത്തേയും പോലെ  ഓക്കാനം വന്നു...

 

എന്നിട്ടും, ഉറങ്ങുന്ന മറ്റുള്ളവർക്ക് ശല്യമാകാതെ ഒരു പൂച്ചയെപ്പോലെ പതുങ്ങി അയാൾ ചെറിയൊരു ഹാളിൽ എത്തി. അടുക്കളയും അതിനോട് ചേർന്ന് തന്നെ.. അതിന്റെ മൂലയിൽ ഒരുത്തൻ ചുരുണ്ടു കൂടി കിടന്നുറങ്ങുന്നത് മൊബൈൽ വെളിച്ചത്തിൽ കണ്ടു.

 

കടുത്ത ക്ഷീണവും വിശപ്പുമുണ്ട്. ഇനി വേണം എന്തെങ്കിലും ഉണ്ടാക്കി കഴിക്കാൻ.

 

എന്തൊരു ജീവിതമാണിത്? ഒരു വിധത്തിൽ കിട്ടിയ ജോലി, ഏതാനും ആഴ്ചകൾക്കുള്ളിൽ നഷ്ടപ്പെട്ട മാനസിക സംഘർഷത്തിൽ വന്നവനോട് ഒരു ആശ്വാസ വാക്ക് പറയാനോ ഇത്തിരി വെള്ളം എടുത്ത് കൊടുക്കുവാനോ ആരുമില്ല. ലൈറ്റിട്ടപ്പോൾ കണ്ടു, അടുക്കള മുഴുവൻ അലങ്കോലപ്പെട്ട് കിടക്കുന്നു… സിങ്ക് നിറയെ കഴുകാനുള്ള അഴുക്കു പുരണ്ട പാത്രങ്ങൾ... എനതൊക്കെയോ കറികളുടെ ചാറൊലിച്ച് വൃത്തികേടായി കിടക്കുന്ന സ്ററൗ. അയാൾക്ക് ദേഷ്യവും സങ്കടവും ഒപ്പം വന്നു.

രാവിലെ എല്ലാം വൃത്തിയാക്കി തൂത്തു തുടച്ചു പോയതാണ്. താൻ താമസിക്കുന്നത് മൃഗങ്ങളുടെ കൂടെയോ അതോ മനുഷ്യരുടെ ഒപ്പമോ? ഓർത്തപ്പോൾ തന്നെ അയാൾ മൃഗ ലോകത്തോട് ക്ഷമ ചോദിച്ചു; അവയ്ക്ക് ഇതിലും ബോധവും വൃത്തിയും ഉണ്ടാകും.

 

ജാക്കറ്റും, തൊപ്പിയും, ബൂട്ടും, ഗ്ലൗസുമെല്ലാം വലിച്ചൂരി അയാൾ മുറിയുടെ മൂലയിലേക്ക് എറിഞ്ഞു. ഉറങ്ങുന്ന എല്ലാവരും എഴുന്നേൽക്കട്ടെ എന്ന മട്ടിൽ. പിന്നെ ഫ്രിജ് തുറന്ന് ഒരു കുപ്പി വെള്ളം അപ്പാടെ കുടിച്ച് വേഷം പോലും മാറാതെ പോയി കിടക്കയിലേക്ക് വീണു....

 

കണ്ണടച്ച് വെറുതേ കിടന്നു. ക്ഷീണവും വിശപ്പുമൊന്നും നിദ്രാദേവിയെ ആകർഷിച്ചതേയില്ല. മൊബൈൽ ഓണാക്കി നോക്കിയപ്പോൾ കുറച്ച് പുതിയ മെയിലുകളുടെ നോട്ടിഫിക്കേഷൻ കിടപ്പുണ്ട്... 

വാട്ട്സപ്പിൽ പതിവ് പോലെ ഗുഡ് മോണിങ് മെസേജുകൾ. ഇവിടെ പാതിരാത്രിയാണെന്നൊന്നും ഓർക്കാതെ ആളുകൾ അയയ്ക്കുന്നതാണ്. പിന്നെ പണം കടം ചോദിച്ചുകൊണ്ടുള്ള തേൻ പുരട്ടിയ വാക്കുകൾ... കൊടുക്കുന്നത് വരെ തേൻ കിട്ടും, ശേഷം വിഷമായിരിയ്ക്കും ലഭിക്കുക.

 

"നീയൊക്കെ കാനഡയിൽ കിടന്ന് സുഖിക്കുകയല്ലേ, ഞങ്ങളുടെ അവസ്ഥ അതാണോ" എന്ന മട്ടിൽ പരിഹാസവുമായി മറ്റു ചിലരുമുണ്ട്. അയാൾ വേദനയോടെ ഒന്ന് ചിരിച്ചു.

 

മെയിൽ തുറന്നു നോക്കി. എന്തൊക്കെയോ പ്രമോഷനുകൾ, പരസ്യങ്ങൾ. അതിനിടയിൽ വക്കീൽ ഓഫീസിൽ നിന്നും വന്ന ഒരു മെയിൽ കണ്ട് അയാളൊന്ന് മിടയിറക്കി. പിന്നെ വർദ്ധിച്ച ഹൃദയമിടിപ്പോടെ തുറന്നു വായിച്ചു. ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ആ സാഹചര്യത്തിൽ അത് അയാളെ അടിമുടി തകർത്തു കളഞ്ഞു.

 

ശ്രുതിയുടെ ഡൈവോഴ്സ് പെറ്റിഷൻ… ഉഭയ സമ്മത പ്രകാരം വിവാഹ ബന്ധം വേർപെടുത്താനുള്ള രേഖയിൽ ഒപ്പു വച്ച് തിരിച്ചയക്കാൻ ആവശ്യപ്പെട്ടിരിയ്ക്കുന്നു...

ശ്രുതിയെന്ന പേരുമായി വന്ന് തന്റെ ജീവിതത്തിന്റെ സകല ശ്രുതിയും തെറ്റിച്ചവൾ...

എത്ര വേഗമാണ് പ്രണയ സുരഭിലമായിരുന്ന നാളുകൾ പൂക്കളെപ്പോലെ കൊഴിഞ്ഞു വീണത്. ഇപ്പോൾ അവശേഷിക്കുന്നത് ജീവിത യാഥാർത്ഥ്യത്തിന്റെ കൂർത്ത മുള്ളുകൾ മാത്രം.

 

കഠിന വ്യഥയുടെ ഒരു തീകുണ്ഠം വന്ന് അയാളെ എരിച്ചു. തൊണ്ട തുറന്ന് ഒരു അലർച്ച പോലെ ഉയർന്നു വന്ന പൊട്ടിക്കരച്ചിലിനെ അയാൾ വാ പൊത്തി ഒതുക്കി. എത്ര സമയം അങ്ങനെ നിലവിളിച്ചു എന്നറിയില്ല. ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു വീണ്ടും കിടന്നു; കണ്ണുകൾ മലർക്കെ തുറന്നുകൊണ്ട്...

വികാരങ്ങളില്ലാതെ ശൂന്യമായിരുന്നു അയാളുടെ മനസ്സപ്പോൾ.

 

"എടാ, മൂന്ന് ഡബ്ല്യൂകൾക്ക്(W) കാനഡയിൽ ഒരു ഉറപ്പുമില്ല"

വന്നിറങ്ങിയ അന്ന് വൈകിട്ട് പാനോപചാരത്തിൽ വച്ച് സുഹൃത്ത് അയാളോട് പറഞ്ഞതാണ്...

സാകൂതം പ്രവീണിനെ നോക്കിയപ്പോൾ ഗ്ലാസ് കാലിയാക്കി, സിഗരറ്റ് ആഞ്ഞു വലിച്ച് പുകയൂതി പറത്തിക്കൊണ്ട് അവൻ പറഞ്ഞു:

 

"1. വെതർ- കാലാവസ്ഥ. എന്ത് എപ്പോൾ സംഭവിക്കും എന്ന് ഒരുറപ്പും ഇല്ല; പ്രത്യേകിച്ച് വിന്ററിൽ.

2. വർക്ക്- ജോലി. എപ്പോൾ പോകുമെന്നും വേറൊന്ന് എപ്പോൾ കിട്ടുമെന്നും പറയാൻ പറ്റില്ല.

3. വൈഫ്- ഭാര്യ. പലരുടെയും ജീവിതത്തിൽ അതിനും ഒരുറപ്പും കണ്ടിട്ടില്ല ഇവിടെ."

 

അന്നത് കേട്ട് വെറുതേ ചിരിച്ചെങ്കിലും അയാളുടെ ജീവിതത്തിൽ അത് മൂന്നും വന്നു ഭവിച്ചു.

മിഴി പൂട്ടിയപ്പോൾ കടക്കോണുകളിലൂടെ ചെന്നിയെ നനച്ചു കൊണ്ട് രണ്ട് നീർച്ചാലുകൾ ഒഴുകിയിറങ്ങി.

 

മൂന്ന്

 

രാത്രി സാവകാശം വൃദ്ധ ആയിക്കൊണ്ടിരുന്നു...

 

8 മാസം മുൻപ് കാനഡയിലേക്ക് പുറപ്പെടുന്നതിന്റെ തലേ ദിവസം ഒരിക്കൽ കൂടി അയാളുടെ മനസ്സിലെത്തി. ജീവിതത്തിലെ വേദനിപ്പിക്കുന്ന നിമിഷങ്ങൾ ഓർത്തെടുത്ത് പിന്നെയും പിന്നെയും ഉരുകുക എന്നത് മനുഷ്യനു കിട്ടിയ ശാപമാണോ?

 

മണ്ണടിക്കോണത്തെ വീട്ടിൽ എല്ലാവരും ഉറങ്ങി. ശ്രുതി വരികയില്ലെന്ന് അവളുടെ അച്ഛൻ പറഞ്ഞിരുന്നു. ഇഷ്ടമില്ലാത്ത ബന്ധത്തിന് അവളെ നിർബന്ധിക്കാൻ ആവില്ലെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്.

ജനലഴികളിൽ പിടിച്ച് വീടിനു മുൻപിലെ കൊയ്തൊഴിഞ്ഞ പാടം നോക്കി അയാൾ നിന്നു. മാനത്ത് ഉദിച്ചു നിൽക്കുന്ന പൊന്നമ്പിളി. തെങ്ങോലകളിൽ ഊഞ്ഞാലാടുന്ന നിലാവ്. ദൂരെയെവിടെയോ ഒരു രാപ്പുള്ള് തേങ്ങി; ഒപ്പം അയാളും. "എൻ്റെ പദ്മനാഭ സ്വാമീ, ഞാനീ കാഴ്ചകളൊക്കെ ഇനിയും കാണുമോ? ഞാനെത്തുന്ന നാട്... എന്തായിരിക്കും അവിടെ എന്നെ കാത്തിരിയ്ക്കുന്നത്?" ഒരായിരം ചോദ്യങ്ങളാൽ മനസ്സ് കലുഷിതമായി. അയാളുടെ ഹൃദയ ഭാരം അറിഞ്ഞെന്നോണം ഉമ്മറത്ത് കിടന്നിരുന്ന തങ്കുപ്പട്ടി കരയുന്ന പോലൊരു ശബ്ദമുണ്ടാക്കി.

പിറ്റേന്ന് നിറകണ്ണുകളോടെ എല്ലാവരുടെയും മുൻപിൽ കൈ കൂപ്പി തല കുലുക്കി യാത്ര ചോദിച്ചു. സംസാരിക്കാൻ ആവില്ലായിരുന്നു. തങ്കുവനെ ഒന്ന് തഴുകി. ഒന്നുമറിയാതെ ആ പാവം വാലാട്ടി സന്തോഷം കാണിച്ചു.

 

പുരയിടത്തിന്റെ അതിരു വരെ അവൻ വണ്ടിയുടെ പിന്നാലെ ഓടി വന്നു. പിന്നവിടെ നിന്ന് മണ്ണിൽ മാന്തി വാലാട്ടി നിന്നു. അയാൾ ഏതോ വിദൂര ദേശത്തേക്ക് പോവുകയാണെന്നോ ഇനിയൊരുപക്ഷേ തന്റെ ഹ്രസ്വ ജീവിതത്തിൽ താൻ അയാളെ കണ്ടേക്കില്ലെന്നോ ഒന്നും അറിയാതെ...

 

വണ്ടി റോഡിലേക്ക് കയറുന്നതിന് മുൻപ് ഒന്ന് തിരിഞ്ഞു നോക്കി. കണ്ണീർ പാടയിലൂടെ കണ്ടു, മുറ്റത്ത് നിൽക്കുന്ന 5 മനുഷ്യ രൂപങ്ങളെ, തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും.

 

ദൂരേക്ക് പോകുന്തോറും കാഴ്ച മങ്ങി മങ്ങി വന്നു. പിന്നെയത് കൂരിരുട്ടായി...

 

നാല്

 

പ്രഭാതമായിത്തുടങ്ങി...

 

ഒരു തരി മഞ്ഞു പൊഴിയുന്നില്ല. അതി സുന്ദരമായ തെളിഞ്ഞ നീലാകാശം. മഞ്ഞു കാലത്ത് വളരെ അപൂർവ്വമാണത്....

 

പ്രതീക്ഷകളുടെ പൊൻപ്രഭ ചൊരിഞ്ഞുകൊണ്ട് സൂര്യൻ, നോത്രദാം  ബസലിക്കയുടെ ഇരു മിനാരങ്ങൾക്കിടയിലൂടെ ഉയർന്നു വന്നു.

 

വിരിപ്പില്ലാത്ത ജാലക ചില്ലിലൂടെ എന്നത്തേയും പോലെ അയാളാ കാഴ്ച കണ്ടില്ല.

 

ഇനിയൊരിക്കലും യാതൊന്നും കാണാനാവാതെ ആ മിഴികൾ എന്നന്നേയ്ക്കുമായി അടഞ്ഞു പോയിരുന്നു....

 

തീരാത്ത ജീവിത ദുഃഖങ്ങളുടെയും, നിറവേറ്റാൻ ആവാതിരുന്ന കടപ്പാടുകളുടെയും, ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളുടെയും ശീതമരുഭൂവിൽ ആ ശരീരം വിറങ്ങലിച്ചു കിടന്നു...

 

മരിച്ചവരുടെ പുസ്തകത്തിൽ ഒരു പേര് കൂടി എഴുതിച്ചേർത്ത്, വാൻകൂവർ നഗരം സാധാരണ പോലെ ഓടിത്തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com