ADVERTISEMENT

"സാവിത്രിയാണു ഞാൻ കാലത്തിനിപ്പുറം

നോവായ് പിറന്നവൾ ആരുമില്ലാത്തവൾ 

ജന്മദോഷക്കാറ്റിൽ ആടി ഉലഞ്ഞവൾ.....

ഉന്മാദ ഘോഷത്തിൽ എല്ലാം മറന്നവൾ... 

നാട്ടിന്നുടയരായുള്ളോരു മാനവർ

പാട്ടിലാക്കി പരിശ്ചേദം നടത്തിയും

തറ്റുടയാട ഉലച്ചും മുല കച്ച-

പറ്റേയഴിച്ചുലച്ചനാനന്ദ മാടുവാൻ... 

ഇങ്കിതം പോലെ രസിച്ചു മദിയ്ക്കുവാൻ 

പങ്കിലയായവൾ താത്രി മനോഹരി....

ഇഷ്ടത്തിലായവർക്കൊക്കെ ബലിമൃഗ -

ചേഴ്ട്ടയാൽ നീറിക്കിടന്നവളാണു ഞാൻ.! 

ജ്യോതിഷ ത്തീക്കാറ്റിൽ നീറി ഒടുങ്ങുവാൻ

ജാതിയിൽ മുന്തിയ നാരിയായ്‌ വന്നവൾ 

കാല ചക്രത്തിന്റെ വേഗത്തിനൊപ്പമായ്

ചേലൊത്ത വേഷത്തിലാടിത്തിമിർത്തവൾ 

ഞാനാണ് താത്രി...കുറിയേടത്തു താത്രി

എന്നെയിനി നിങ്ങൾക്കു വിസ്തരിച്ചീടാം..

നിൻ കുലത്തിൻ മഹിമയെന്നൊന്നതെല്ലാം

എൻ കഥയിലൂടെ തകർന്നു വീഴട്ടെ...! 

മൂഢരാം ജ്യോത്സൃ പ്രവാചകരാലെൻ 

ആഢ്യജന്മത്തെ കൊടുംകാറ്റിലാഴ്ത്തി..

പ്രാകൃത രൂപഭാവങ്ങൾ പൂണ്ടെൻ്റെയീ

മൂകമാം ജീവിതകാലങ്ങളിൽ നിങ്ങൾ.. 

അമൃതമായ് ശ്രേഷ്ഠം നുകർന്നും പകർന്നും

കാമിനി യാക്കി ത്തഴുകി ത്തലോടിയും

ഇഴ ചേർന്ന ബന്ധങ്ങളാണെന്നു ചൊല്ലി

പാഴാക്കി മാറ്റിനിമർത്തവർ നിങ്ങൾ.... 

കുലശ്രേഷ്ഠരാം നിങ്ങളാഢ്യ പ്രഭുക്കൾ 

വിലയിട്ടു തീണ്ടി സുഖിച്ചതാണെന്നെ....!

ഇനിയിവിടെ എന്നാൽ പിടഞ്ഞു വീഴട്ടേ

പനപോലെ നിന്ന നിൻ ആഢ്യ പ്രഭാവം...! 

ഇന്നീ ഗൃഹത്തിൽ പിറന്നപെൺ കുഞ്ഞിനാൽ 

വന്നു ചേർന്നീടും വിപത്തെന്നു നിശ്ചയം

പേരും പെരുമയും  പോയതിൻ പിന്നിലായ്

ആരു മില്ലാതീ കുടുബം മുടിഞ്ഞിടും 

എന്നുള്ള ജ്യോൽസൃ പ്രമാണത്തിലെൻജന്മ

ഒന്നു മല്ലാതെ ഭവിച്ചതു നിശ്ച്ചയം...! 

കാലാന്തരേ വന്നു ചേരും വിപത്തുകൾ

കാലനും നിന്നു തടുക്കുവാനാകുമോ..?' 

കൂട്ടിക്കിഴിച്ചു  പറഞ്ഞവൻ താതനെ

പാട്ടിലാക്കിപ്പണം വാങ്ങിക്കടന്നതും

പത്തു മാസം ചുമന്നെന്നെയീ ഭൂമിയിൽ

എത്തിച്ചൊരമ്മയും തള്ളിപറഞ്ഞതോ..? 

ആറ്റു നോറ്റുണ്ടായൊരെന്നേ വെറുപ്പിൻ്റെ 

കാറ്റു പറന്നു വന്നെന്നും തലോടുവാൻ 

കർമ്മ ദോഷക്കാറ്റിൽ ആടുന്ന താതൻ്റെ

മർമ്മം പിഴച്ചുള്ള  സന്തതിയായതോ......? 

വർണ്ണഭേദങ്ങൾ മുഴച്ചുനിൽക്കുന്നൊരീ 

അർണ്ണവം തന്നിൽ പിറന്നതെൻ കുറ്റമോ.? 

പൂർണ്ണമായ് തള്ളിപ്പറഞ്ഞതു കേട്ടെൻ്റ,

ഓർമ്മകൾ എന്നും നെരിപ്പോടു പോലയായ്.! 

കുടെപ്പിറപ്പൊന്നു വന്നതിൻ പിന്നെയാ

പാടുകൾ നീളെ പിറന്നെൻ്റെ മേനിയിൽ 

നീറുന്ന നോവുകൾ എന്നും മനസ്സിനെ

കീറി മുറിക്കുന്ന ശൈശവ കാഴ്ച്ചകൾ..! 

അമ്മതൻ ലാളനം മധുരമാം ചുബനം

ഓർമ്മയിൽ ഏതു മില്ലാതുള്ള ശൈശവം 

ഇന്നും മനസ്സിൻ്റെ  നോവായിരുന്നു കൊ

ണ്ടെന്നെയും നോക്കി ചിരിച്ചുനിൽക്കുന്നിതാ.. 

കാലത്തി നൊത്തൊന്നു നീന്തുവാനാവാതെ

ചേലൊത്ത പെൺ കിടാവായി വളർന്നുഞാൻ

ഓർത്താൽ ഹൃദയം നുറുങ്ങിടും രാത്രികൾ

ഓർക്കുവാൻ ആവില്ല ഇന്നെനിക്കൊന്നുമേ 

ഒന്നൊഴിയാതെ നിൻ മുന്നിലായ് ചെല്ലിടാം

വന്നവരെന്നിൽ പതിച്ചൊരാ നാമവും

ഏറ്റം പറഞ്ഞു നടന്നു കൊണ്ടെന്നുടെ

കുറ്റമായ് കാണുന്ന സ്മാർത്താരേ കേൾക്കുക 

ബാല്യകാലത്തിലന്നാദ്യമായ് എന്നിലെ 

മൂല്യം കവർന്നവൻ ആരെന്നറിയുക .....!

ഗോത്രത്തിൽ അല്ലാതൊരുവനെൻ മേനിയിൽ

ചിത്രം രചിച്ച കഥയൊന്നു  കേൾക്കുക....! 

വന്നതീ...വിദ്വാൻ വിദ്യാശ്രേഷ്ഠനായകൻ

ഉന്നം പിഴക്കാതെ അസ്ത്രം തൊടുത്തവൻ 

പന്ത്രണ്ടുനാൾ നീണ്ട പീഢനശ്രേണിയിൽ 

തന്ത്രങ്ങൾ പലതും പയറ്റിയ പണ്ഡിതൻ 

കർമ്മം കഴിഞ്ഞന്നു പോകുന്ന നേരത്ത്

ധർമ്മമായ് എന്നെ തഴുകിച്ചിരിച്ചവൻ....

തൻകാര്യ സിദ്ധി കഴിഞ്ഞതും എന്നെയോ

പൊൻ പണം വാങ്ങിപ്പണയമായ് മാറ്റിയോൻ 

കൺമുന്നിലെന്നും മറഞ്ഞും തെളിഞ്ഞുമീ

പെൺമണി നന്നെന്നു ചൊല്ലും നരാധമൻ

ഊണിന്നൊരു വക നൽകാതെ നിത്യവും

പൂണൂലുപോലെ വരിഞ്ഞതീ ഭാഗ്യവാൻ.... 

കാലം കഴിയവേ കാവലായ് നിൽക്കുവോർ

പാലമായെന്നെ പണിതുയർത്തുന്ന പോൽ

മാലോകരിൽ നേരു കെട്ടവർക്കൊക്കെയും

ആലോലമാടുവാൻ ആക്കിക്കൊടുത്തതിൻ 

ശേഷം വിശേഷമായ് ആഘോഷമാടുവാൻ

വേഷങ്ങൾ കെട്ടി പതുങ്ങി വന്നൂ ചിലർ

നാട്ടരങ്ങിൻ മേനി ചൊല്ലും ചെറുപ്പവും

വീട്ടരങ്ങിൻ ഖ്യാതി ചൊല്ലുന്ന നാഥരും 

എണ്ണിയാൽ തീരാത്തൊരത്രയും മാനവർ

കണ്ണിൽ കനിവേതു മില്ലാതെ വന്നവർ.....

നീട്ടുന്നതെൻ നേർക്കു തൻവിരൽ തുബുകൾ

പാട്ടിലാക്കാൻ നിന്നു മോങ്ങുന്ന ഭോഷകർ..! 

ഉത്തമരെന്നു സ്വയം വിധിച്ചെത്തുവോർ 

ഉത്തരം താങ്ങുന്ന ഗൗളിയെപ്പോലവർ

താൻ തൻ്റെ കേമം പറഞ്ഞും പതിപ്പിച്ചു

എൻ മെയ്യിലാനന്ദമാടിയതും ചിലർ... 

ഋതു പെയ്തൊഴിഞ്ഞു പോയെൻ മേനിതന്നിലാ 

പുതുനാമ്പു വന്നൂ പിറക്കുന്ന കാലത്തിൽ

തേങ്ങുന്നൊരെൻ മനം കാണാതെയൊക്കെയും

വാങ്ങുവാനെന്നെ സദാ മേഞ്ഞ മൂഡരാം 

ബാല്യം കടന്നെൻ്റെ മേനിയിൽ കൗമാര

കോലങ്ങൾ എത്തി നോക്കിത്തുടങ്ങീടവേ

കൂട്ടി ന്നൊരാൺ തുണ തന്നെൻ്റെ താതനും

കിട്ടിയതേതോ വയോധിക ശ്രേഷ്ഠനും 

ഉച്ചത്തിലൂർദ്ദ ശ്വാസം വലിയ്ക്കുന്നവൻ

പച്ചയായ് ചൊല്ലിയാൽ ഒന്നു മല്ലാത്തവൻ 

ഇഷ്ടത്തിലൊന്നു തലോടുന്ന മാത്രയിൽ 

കഷ്ടം... പരാജിതൻ ആവുന്ന മാനവൻ..! 

പ്രായത്തിനംന്തരം കൊണ്ടെന്റെ മേനിയെ 

ആയപോൽ കാണാതെ പോകുന്ന മാത്രയിൽ 

എന്നിലെ ഊർജ്ജ പ്രധാനങ്ങൾ ഒക്കെയും

എന്നോ നിലച്ചെന്നു ചൊല്ലും വയോധികൻ... 

പട്ടുഉടയാടകൾക്കൊപ്പം പവിത്രമാം

കെട്ടു താലിക്കൊത്ത കർണ്ണാഭരണവും 

ഉണ്ണാൻ ഉടുക്കാനുമുള്ളതും കേമമായ്‌ 

എണ്ണി പറയുവാൻ ആയമാർ ചുറ്റിനും  

മാത്രം മതിയെന്ന് തീർപ്പു കൽപ്പിക്കുന്ന  

ഗോത്ര പ്രമുഖരേ നിങ്ങളും കേൾക്കുക  

കുല നാരിയായി പിറന്നൊരീ മണ്ണിൽ ഞാൻ

പുലയാടി'യായിയിട്ടു മാറിയ തെങ്ങിനെ..!..? 

അനുഭാവപൂർവ്വം ശയനം നടത്തിയോൻ

അനുവാദമോടെ അകത്തു കടന്നവൻ 

കീചകവേഷ വിഭൂഷിത നായകൻ

ലീലയാൽ കത്തിജ്വലിച്ചു പടർന്നവൻ 

ആൺ പിറപ്പിൻ ശൗര്യമായിട്ടു വന്നവൻ

പെൺ പിറപ്പെന്നിലാ വീര്യം മെതിച്ചവൻ

ആയിരം രാത്രിതൻ മേൻമയാലെന്നിലെ

പോയ കാലത്തിൽ പതിത്തൊരീ നാമവും 

ഇട തൂർന്നവന്യ വനാന്തരം തന്നിൽ

പടരുന്ന സസ്യ ലതാതികൾ പോലെയീ

ഇഴ ചേർന്നൊരുൻമാദ ലഹരിയാൽ എന്നും

പഴി കേട്ടൊരെന്നിൽ പിണഞ്ഞതും നിങ്ങളാം..! 

മാർഗ്ഗത്തിൽ എത്തി പിടിച്ചതും ഉച്ചത്തിൽ

ആർത്തനാദം വന്നതായവൻ ചുണ്ടിനാൽ

കോർത്തു കൊണ്ടെന്നിൽ നിലാവായ് പരന്നതും

ഓർക്കുവാൻ ആവതില്ലാ എനിയ്ക്കെന്നുമേ.... 

ഉണവാർന്ന ചിന്തയാൽ എന്നും നടക്കും

ഗുണമായ് തനിക്കുള്ള തൊക്കെയും നേടി

പിണമായി മാറും വരെയെൻ്റെ ദേഹം

നുണയുന്ന ചെന്നായ് കൂട്ടങ്ങൾ നിങ്ങൾ..! 

ആഢ്യത്വ മെന്നുള്ള പേരു പേറുന്നവർ

മൂഢരാം നിങ്ങളെൻ ശത്രുക്കൾ ആയിട്ടു -

കാഴ്ച്ചക്കു ദോഷ മില്ലാതുള്ള വേശ്യയായ്

വാഴ്ച്ചക്കു വഴികൾ തെളിച്ചതും നിങ്ങളാം...! 

ഞാനെന്ന നാരിയിൽ ദാഹമകറ്റുവാൻ

വന്നവർ നിങ്ങളിൽ ഏറെ ഉണ്ടായിടാം

ഊറ്റം മെതിച്ചെൻ്റെ ദേഹത്തിലാശ്വാസ

മേറ്റിച്ചു നിർവൃതി കൊണ്ടതും നിങ്ങളാം..! 

മജ്ജ മാംസാദികൾ വേണ്ടോള മുള്ളവൾ 

ലജ്ജയാൽ ഉള്ളം പിടഞ്ഞു നിൽക്കുന്നവൾ 

ഉള്ളിൽ തികട്ടുന്ന മോഹങ്ങൾ ഒക്കെയും 

കള്ളമില്ലാതെ മുഖത്തു കാണിച്ചവൾ..! 

ജീവിത പാതയിൽ എങ്ങു മെത്താത്തവൾ

നോവിൻ കിനാക്കൾതൻ കൂടെ നടന്നവൾ

പെണ്ണായ് പിറന്നാൽ ഒടുങ്ങും വരെയതു

വിണ്ണിൽ നരകിച്ചു തീർക്കുവാനോ വിധി..! 

പുലയാടി  എന്നുള്ള പേരിനോടൊപ്പമായ്

പലജാതി പുരുഷരെ ഞാൻ കണ്ടിടട്ടെ...

അകമേ നിറയുന്ന വേദനയോടെ ഞാൻ

പകയേതു മില്ലാതെ ഇനിയും കിടക്കാം 

നിങ്ങളോ നാടിൻ ഉടയരായ് മാറിയോർ

എങ്ങുമീമേധം തിരഞ്ഞൂ നടക്കുവോർ

ഇഷ്ട്ടത്തിനൊത്തു ജീവിച്ചു മരിയ്ക്കുവോർ

കഷ്ടത്തിലുള്ളോരെ കണ്ടു ചിരിയ്ക്കുവോർ 

മോഹങ്ങളെല്ലാം അടക്കുവാൻ നീളെയായ്

മോഹിനിമാരെ തിരഞ്ഞു നടക്കുവോർ

നിങ്ങളോ എൻകാമ പൂർത്തിയ്ക്കളവുകോൽ 

എങ്ങുമേ തേടി നടക്കുന്ന നായകർ.... 

നീ..നിൻഗൃഹത്തിൻ പരിതാപമോർക്കെഢോ 

ഞാനെൻ വഴിയിലൂടെങ്ങും നടന്നിടാം.....

സ്മാർത്ത' വിചാരത്തിനപ്പുറം ,നീയെന്ന്

ഓർത്തു ഞാൻ പുച്ഛത്തിൽ ആർത്തുചിരിച്ചിടാം 

എന്നി ലൂടാവേശമെല്ലാം അടക്കി ഈ...

വന്നതാണീ ക്കൂട്ട മാന്യരെന്നോർക്കുക

നീ നിൻ്റെ പക്ഷംപിടിച്ചതും ചൊൽവതും

നിന്നിലെ പുരുഷൻ്റെ വീര്യത്തിൽ അല്ലെഢോ..? 

ഇനിയും പിറന്നിടാം ഒരുനൂറു താത്രിമാർ

ഇനിയും വിചാരത്താൽ ഇവിടംപ്പിടഞ്ഞിടാം..

അവിടെയും താനെന്ന ഭാഷ്യം വിതക്കുവാൻ

ഇവിടെന്ന പോലെയീ നിങ്ങളുണ്ടായിടാം... 

അന്നു ഞാനെന്ന പോൽ ആരെങ്കിലും നിന്നു

നിന്നെ യെതിർത്തിട്ടു നിർദയം ദേഷിയ്ക്കേ

ഞാന്നെന്ന പെണ്ണിൻ അഹംങ്കാര മാണെന്ന്

പിന്നെ പറഞ്ഞിട്ടു കാര്യമെന്തുണ്ടഢോ..? 

താൻ പോരിമാ-തത്വമേവം പടയ്ക്കുകിൽ

ഞാനെന്ന ഭാവേണ ഏവം വിധിയ്ക്കുകിൽ

താനണൂ ഞാനെന്ന താത്രിതൻ ചൂടിനായ് 

വന്നോരു മന്നവൻ താനാണ് എന്നുഞാൻ ചെല്ലിടാം..! 

നിൻ ചൂടിനൊപ്പം എനിയ്ക്കണിയിച്ചൊരീ

പൊൻമോതിരത്തിൽ പതിച്ചൊരാ നാമവും

മാലോകരൊക്കെയും കേൾക്കുമാറുച്ചത്തിൽ 

ആലപിച്ചാനന്ദ ദീപ്തമാക്കീടണോ....? 

നാലാളു കേൾക്കെ എൻ വാമൊഴിയായിതീ 

കാലങ്ങൾ ഏറെ ക്കഴിഞ്ഞാലു-മൂഴിയിൽ

നീളെ പ്പറഞ്ഞു ചിരിയ്ക്കാനുതകുന്ന

നാളെയെ തീർത്തിടും എന്നത് സത്യമാം 

കേവലം ഞാനെന്ന നാരിയിൽ മാത്രമായ്

ഏവം പരാക്രമം തേടിയ മാന്യരിൽ

നാളെതൻ വെട്ടത്തിലൂടെ നടക്കുവാൻ

നീളെയീ പാതയിൽ കൂടെയുണ്ടാവുമോ? 

കൂടെ നടന്നെൻ്റെ കൈ ഗ്രഹിച്ചീടുവാൻ 

പാടെ മറന്നൊരാൾ വന്നെങ്കിലെന്നു ഞാൻ

കാലേ കൊതിയ്ക്കുന്നു ഓർക്കുക നിങ്ങളും

എല്ലാം തികഞ്ഞൊരു ഭാരതനാരി ഞാൻ.... 

ഞാനാണ് താത്രീ... കുറിയേടത്തു താത്രീ...

ഇനിയെന്നെ നിങ്ങൾക്ക് വിസ്തരിച്ചീടാം

കുലമഹിമയിന്നെൻ്റെ കാലിൻ ചുവട്ടിൽ 

പലവട്ടമിവിടെ ... തകർന്നു വീണീടാം ....!" 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com