ADVERTISEMENT

സ്വാതന്ത്ര്യം എന്നതും ആഗ്രഹവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? തികച്ചും സാമൂഹ്യ ജീവി ആയ മനുഷ്യൻ അവരുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിലേക്കെത്താൻ തീർത്തും സ്വാതന്ത്ര്യൻ ആയിരിക്കേണ്ടത് അത്യാവശ്യം അല്ലേ? മനുഷ്യൻ അവരുടെ ചുറ്റുപാടുമുള്ള സഹജീവികളുടെ ജീവിതത്തിൽ അരോചകത്വം ഉണ്ടാക്കാത്ത രീതിയിൽ അവരുടേതായ സ്വതന്ത്രത്തെ ഉപയോഗപ്രദം ആയ രീതിയിൽ ഉപയോഗപ്പെടുത്തി സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റിയാൽ സ്വാതന്ത്ര്യം എല്ലാവരുടെയും ജീവിതത്തിൽ സുവർണ ലിപികളിൽ തിളങ്ങി നിൽക്കും. എന്നാൽ ഉദിച്ചുയരുന്ന സൂര്യകിരണങ്ങൾ മറയ്ക്കാനായി ആകാശത്ത് കുമിഞ്ഞു കൂടുന്ന കാർമേഘങ്ങൾ പോലെ സ്വർഥതയുടെയും, അസൂയയുടെയും, പിടിച്ചെടുക്കലിന്റെയും, വെട്ടിപിടുത്തതിന്റെയും, പരസ്പര ബഹുമാനം ഇല്ലാഴികയുടെയും നാൾ വഴികളിലൂടെ മനുഷ്യന്റെ ചെയ്തികൾ നീങ്ങുമ്പോൾ നിസ്സഹായരായ സാധാരണ ജനത പാരതന്ത്രത്തിന്റെ കൂരിരുട്ടിൽ ഉഴലും.

 

പാരതന്ത്രത്തിന്റെ കൂരിരുട്ടിന്റെ കറുത്ത നിഴൽ രാജ്യങ്ങൾ തമ്മിലും, ദുഷ്ട സ്വേഛാധിപതികൾ മൂലം പല രാജ്യത്തെ ജനങ്ങളിലും, സ്വാർത്ഥയുടെ മൂർദ്ധന്യാവസ്ഥയിൽ പല കുടുംബങ്ങളിലും നിറഞ്ഞു മനുഷ്യ ജന്മങ്ങളെ ശ്വാസം മുട്ടിക്കാറുണ്ട്.

 

സ്കൂൾ പാഠപുസ്തകങ്ങളിൽ വായിച്ചു പഠിച്ച സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ട ഗാഥകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും നമ്മുടെ രാജ്യം നൂറ്റാണ്ടുകളായി പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് 75 വയസ്സ് തികഞ്ഞു. അന്നേ കാലത്തോളം ഒരു രാജ്യത്തും ഒരു വ്യക്തികളും പിന്തുടരാത്ത മഹാത്മാഗാന്ധിയുടെ സഹിഷ്ണതയുടെയും, അക്രമരാഹിത്യത്തിന്റെയും, നിസ്സഹകരണത്തിന്റെയും, സത്യാഗ്രഹത്തിന്റെയും വഴിയിലൂടെ ഉള്ള സമര പാതയിൽ സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ തോക്കുകളും , പീരങ്കികളും , നമ്മളെ അടക്കി വാഴാനുള്ള അവരുടെ അടങ്ങാത്ത ത്വരയും അടിയറവ് വെച്ച് പിൻവാങ്ങി എങ്കിൽ അക്രമകരമായ കീഴടക്കലുകൾക്കും ചെറുത്തുനിൽപ്പുകൾക്കും മുൻപിൽ സമാധാനപൂർണമായ ചെറുത്തു നിൽപുകൾ എത്രത്തോളം വിജയം കണ്ടു എന്ന് വേണം ഊഹിക്കാൻ.

 

 

'സ്വാതന്ത്ര്യം' എന്ന വാക്ക് നമ്മളിൽ എത്രത്തോളം പ്രാവർത്തികം ആയി എന്നത് ചിന്തയ്ക്കേണ്ടി ഇരിക്കുന്നു. നമ്മുടെ മഹത്തായ ഭരണഘടന അനുശാസിക്കുന്ന വർണ, വർഗ, മത, ലിംഗ, ദേശ ഭേദങ്ങൾക്കതീതം ആയ സമത്വവും സ്വാതന്ത്രവും നമുക്ക് ഇന്ന് ലഭിക്കുന്നുണ്ടോ? ആലോചിക്കേണ്ടി ഇരിക്കുന്നു.

 

'സ്ത്രീ സ്വാതന്ത്രം' എന്നൊരു വാക്ക് കേൾക്കുമ്പോൾ തന്നെ പലരുടെയും മുഖത്ത് അസ്വസ്ഥത കുമിഞ്ഞു കൂടുന്നു. അതെ അവൾ ഫെമിനിച്ചി ആണ് എന്ന് പറഞ്ഞു പുച്ഛിക്കാൻ തുടങ്ങുന്നു.

 

അതെ സ്ത്രീയുടെ സ്വാതന്ത്രം തുടങ്ങേണ്ടത് എവിടെ നിന്നാണ്? സ്വന്തം വീട്ടിൽ നിന്നാണോ? അതെ തീർച്ചയായും ആണ്. സ്വന്തം മുലപ്പാൽ നൽകി വളർത്തുന്ന അമ്മയിൽ നിന്നും, കുഞ്ഞിക്കാലുകൾ ഉറപ്പിച്ചു,വീഴാതെ നടക്കാൻ പഠിപ്പിക്കുന്ന അച്ഛനിൽ നിന്നും ആവണം സ്ത്രീ സ്വാതന്ത്ര്യം തുടങ്ങേണ്ടത്. "നീ ഒരു പെൺകുട്ടി ആണ് ഇങ്ങനെ ഒന്നും ഡ്രസ്സ്‌ ധരിക്കാൻ പാടില്ല, നിനക്ക് ദുരനുഭവങ്ങൾ ഉണ്ടാവാം" എന്ന് പെൺകുട്ടികളെ ഉപദേശിക്കുന്ന സമയത്തു, മുൻപിൽ കാണുന്ന സ്ത്രീകൾ അവർ എന്ത് ഡ്രസ്സ്‌ ധരിച്ചാലും അവരോട് മാന്യമായി പെരുമാറാൻ ആൺ കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാ പിതാക്കൾ അല്ലേ?

 

വീട്ടിലെ തീൻ മേശയിൽ അവൻ ആൺ കുട്ടിയായതിനാൽ നല്ല വിഭവങ്ങൾ വിളമ്പണം എന്ന് ഉപദേശിക്കുന്ന മാതാപിതാക്കൾ ഇവിടെ ആൺ കുട്ടിയോ പെൺകുട്ടിയോ ഇല്ല എല്ലാവരും ഞങ്ങളുടെ മക്കളാണ് എല്ലാവർക്കും തുല്യമായ വിഭവങ്ങൾ വിളമ്പി പഠിപ്പിക്കുകയും, ഇഷ്ട ഭക്ഷണം കഴിക്കാൻ പെൺകുട്ടികൾക്കുള്ള സ്വാതന്ത്ര്യവും നൽകേണ്ടത് മാതാപിതാക്കൾ അല്ലേ?

lekshmi-maneesh
ലക്ഷ്മി മനീഷ്

 

നീ ഒരു പെൺകുട്ടി ആയതിനാൽ അതിരാവിലെ എഴുനേറ്റ് അടുക്കളയിൽ അമ്മയ്‌ക്കൊപ്പം ജോലികളിൽ സഹായിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം ആൺ കുട്ടികളെ പോലെ തന്നെ നിനക്കും ഉറങ്ങാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പെൺകുട്ടികളും ആൺ കുട്ടികളും മാതാപിതാക്കളെ സഹായിക്കേണ്ടതിൽ ഒരു പോലെ ഉത്തരവാദിത്വം ഉള്ളവർ ആണെന്നും പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ അല്ലേ?

 

നീ ഒരു പെൺകുട്ടി ആണ് വിദ്യാഭ്യാസം നേടി ഇല്ലേലും ഒരു പ്രായത്തിൽ വേറൊരു വീട്ടിലേക്ക് പറഞ്ഞ് വിടേണ്ടവൾ ആണ് എന്ന് പറഞ്ഞ് പഠിപ്പിക്കുന്നത്തിന് പകരം നീ നിന്റെ ഇഷ്ടം അനുസരിച്ചു പഠിച്ചു ജോലി നേടി സ്വന്തം കാലിൽ നിൽക്കാനും ഇഷ്ടമുള്ള കാലം വരെ സ്വന്തം വീട്ടിൽ നിൽക്കാനും ഉള്ള സ്വാതന്ത്ര്യം നിനക്കുണ്ട് എന്നും ഒരു മകളോട് പറയേണ്ടത് മാതാപിതാക്കൾ അല്ലേ?

 

ചെന്നു കയറുന്ന വീട്ടിലെ അംഗങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചു നിന്റെ ജീവിതത്തെ മാറ്റണം എന്ന് പറഞ്ഞ് പടുപ്പിക്കുന്നതിന് പകരം. അവരെ പോലെതന്നെ നിനക്കും ആഗ്രഹങ്ങളും അഭിപ്രായങ്ങളും വ്യക്തിത്വവും ഉണ്ട്‌. അവയെയും  വില കൊടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട് എന്നല്ലേ മാതാപിതാക്കൾ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു വിടുമ്പോൾ ഉപദേശിക്കേണ്ടത്?

 

നിന്റെ ആഗ്രഹങ്ങൾ സാധിക്കാനും, കുടുബകാര്യങ്ങൾ നോക്കാനും, നിന്റെ തീരുമാനങ്ങൾ അക്ഷരം പ്രതി അനുസരിയ്ക്കാനും ഉള്ള ഒരാളാണ് നിന്റെ ഭാര്യ എന്ന് ആൺ കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം,നിന്നെ പോലെ തന്നെ ജോലി ചെയ്യാനും, വിശ്രമിക്കാനും, കുടുംബകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും , സ്വാതന്ത്ര്യം ഉള്ള ഒരു വ്യക്തി വ്യക്തി ആണ് നീ കൈ പിടിച്ച് ജീവിതത്തിലേക്ക് സ്വീകരിച്ച നിന്റെ ഭാര്യ എന്ന് ഒരു മകനെ പഠിപ്പിക്കേണ്ടത് മാതാ പിതാക്കൾ അല്ലേ?

 

കുഞ്ഞു മക്കൾ ജനിക്കുമ്പോൾ ഉറക്കിളച്ച് അവരെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തേണ്ടത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം ആണ് എന്ന് ആൺ മക്കളെ പഠിപ്പിക്കുന്നതിന് പകരം, കുഞ്ഞു മക്കളെ സ്വന്തം ഉദരത്തിൽ പേറി അവരെ നൊന്തു പ്രസവിച്ച നിന്റെ ഭാര്യക്ക് സഹായമായി കുഞ്ഞു മക്കളെ ജീവിതത്തിലേക്ക് അനയിക്കേണ്ടത് നിന്റെ കൂടെ ഉത്തരവാദിത്വം ആണ് എന്ന് പറഞ്ഞ് ആൺ മക്കളെ പഠിപ്പിക്കുകയും, ശാരീരികവിഷമതകളിലും  ഒന്ന് വിശ്രമിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം നേടി കൊടുക്കേണ്ടതും മാതാപിതാക്കൾ അല്ലേ?

 

അതെ "സ്ത്രീസ്വാതന്ത്ര്യം" എന്നതിന് വേണ്ടി ഉള്ള സമരം പാർലമെന്റിലും, നിയമസഭകളിലും, ജോലികളിലും നിശ്ചിത സംവരണം നേടാൻ മാത്രം ഉള്ള സമരം അല്ല.ഒരിക്കലും പ്രാവർത്തികം ആക്കാൻ കഴിയാത്ത വല്യ സ്വപ്‌നങ്ങൾ അല്ല സ്ത്രീ സ്വാതന്ത്ര്യം നേടുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.അത് ഒരു സാധാരണ സ്ത്രീയുടെ, പെൺകുട്ടിയുടെ പ്രാഥമികമായ ആവശ്യങ്ങൾ ആയ സ്വാതന്ത്രം ആയി വസ്ത്രം ധരിക്കാനുള്ള, സ്വാതന്ത്ര്യം ആയി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ഉള്ള, സ്വാതന്ത്ര്യം ആയി യാത്ര ചെയ്യാനുള്ള, സ്വാതന്ത്ര്യം ആയി ഇഷ്ടം ഉള്ള കോഴ്സ് പഠിച്ചു ജോലി നേടാൻ ഉള്ള, സ്വാതന്ത്ര്യത്തോടെ സ്വന്തം അഭിപ്രായം പറയാൻ ഉള്ള, കുടുംബകാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഉള്ള, എന്തിനധികം സ്വാതന്ത്ര്യം ആയി ആവോളം ഒന്ന് ഉറങ്ങാനുള്ള ആവശ്യങ്ങൾക്ക് വേണ്ടി ഉള്ള സമരം കൂടി ആണ്.

 

നൂറ്റാണ്ടുകളായുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറാൻ സമയം എടുക്കുക തന്നെ ചെയ്യും. പക്ഷെ സമാധാനപരമായ സമരങ്ങളിലൂടെ മനുഷ്യ മനസുകളിൽ മാറ്റത്തിന്റെ തിരിച്ചറിവുകൾ ഉണ്ടാവുക തന്നെ ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com