ADVERTISEMENT

പ്ലാറ്റ്ഫോമിൽ വീണു കിടക്കുന്ന മഞ്ഞപൂക്കളിൽ നോക്കി അവൾ നടന്നു .. ട്രെയിൻ വരാൻ ഇനിയും ഏറെ നേരം കഴിയണം .. കാത്തിരിപ്പ് എപ്പോളും സുഖമുള്ള ഒരു കാര്യമല്ല .. തറയ്ക്കുന്ന തുറിച്ചു നോട്ടങ്ങളിൽ നിന്ന് കണ്ണുകൾ അടച്ചു മാത്രം രക്ഷപെടാൻ കഴിയുന്ന ഒരുകൂട്ടം ആളുകൾക്കിടയിൽ ആണ് അവൾ ഇപ്പോൾ ഇരിക്കുന്നത് ... ഇത്രയും നാൾ ജീവിച്ചതും അത്തരക്കാർക്കിടയിൽ തന്നെ ..അവരെ മനുഷ്യർ എന്ന് വിളിക്കാൻ എന്തുകൊണ്ടോ അവൾക്കായില്ല ..അവളുടെ അടഞ്ഞ കണ്ണുകൾ തുറപ്പിക്കാൻ എന്നോണം ഒരുകൂട്ടം ചോണൻ ഉറുമ്പുകൾ അവളുടെ കാൽവിരലുകളിൽ ഇക്കിളി കൂട്ടികൊണ്ടേ ഇരുന്നു ..വാടിയ മഞ്ഞപൂക്കളിൽ വീണു കിടക്കുന്ന ബീഡി കുറ്റിയിലേക്ക് അവൾ കണ്ണുകൾ തുറന്നു .. കുശലാന്വേഷകന്റെ ബീഡിമണമുള്ള ശ്വാസത്തിൽ ശ്വാസം മുട്ടി അവൾ അടുത്ത ബെഞ്ചിലേക്ക് മാറിയിരുന്നു ..

 

 

“അമ്മു”  അങ്ങനെ വിളിക്കുന്നതാണ് അവൾക്കിഷ്ടം ..കാലത്തിന്റെ വികൃതികൾ കൊണ്ട് ഏറെ കുറെ പരിക്കുകൾ അവളുടെ നിശബ്ദതയിൽ കുരുങ്ങി കിടക്കുന്നതായി ഒറ്റനോട്ടത്തിൽ തന്നെ ആർക്കും തോന്നും..കെട്ടി വെക്കാൻ മടിച്ചതുകൊണ്ട് അലസമായി പാറുന്ന മുടിയിഴകൾ ..പ്രതീക്ഷകൾ അസ്തമിച്ച നീണ്ട കരിമഷി എഴുതാത്ത കണ്ണുകൾ ..മെലിഞ്ഞ കൈത്തണ്ടയിൽ വിശ്വാസങ്ങളുടെ പലനിറത്തിലുള്ള കയറുകൾ ..നിറംകെട്ട വസ്ത്രത്തേക്കാൾ ഏറെ നിറമങ്ങിയ എന്തൊക്കെയോ ഭാവങ്ങൾ ..

 

അവൾ അമ്മു ..മുഖപുസ്തകത്തിൽ മുഖമില്ലാത്തവൾ ..സമൂഹ മാധ്യമങ്ങൾ ഞെരിച്ചറിഞ്ഞ എന്തിന്റെയൊക്കെയോ അവശേഷിപ്പുകളിലെ ഇന്ന് ഏറ്റവും അപ്രസക്തയായ ഒരു കഥാപാത്രം ...

 

പൊഴിഞ്ഞു വീഴുന്ന പൂക്കളെല്ലാം മൊട്ടായിരുന്ന വസന്ത കാലം ...അന്നവൾ അമ്മുക്കുട്ടി ആയിരുന്നു ...”അമ്മൂട്ടിയെ ” എന്നും വിളിച് പാടവരമ്പിലൂടെ വലിയ തകരപെട്ടിയുമായി വരുന്ന പട്ടാളം  ശങ്കരൻകുട്ടീടെ മൂത്തമകൾ ..അച്ഛന്റെ കൊമ്പൻ മീശപിടിച്ചു വലിക്കാനും ,തലയിലെ വെള്ളമുടി കറുപ്പിച്ചു സുന്ദരനാക്കാനും , അമ്മയുടെ വഴക്കിൽ നിന്ന് അച്ഛന്റെ കൈവലയത്തിന്റെ സുരക്ഷിതത്തിലോട്ട് ഒതുങ്ങി കൂടാനും  കൊതിച്ച ഒരു പാവം അമ്മുക്കുട്ടി ..

 

ചിനക്കത്തൂർ കാവിലെ ചുറ്റുവിളക്ക് തെളിയുമ്പോൾ പൊടിമീശക്കാരൻ കണ്ണേട്ടന്റെ കൈപിടിച്ചു ആൽമരത്തണലിൽ സ്വപ്നം കണ്ടിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു സാധാരണ പെൺകുട്ടി ...

 

പ്ലസ് ടു വിന് ശേഷം എഞ്ചിനീയറിംഗ് സ്വപ്നങ്ങളുമായി ബാംഗ്ലൂർ നഗരത്തിലേക്ക് ഒറ്റപ്പാലത്തിന്ന് ഐലൻഡ് എക്സ്പ്രസ്സ് കയറുമ്പോൾ തൊട്ടാണ്  അവൾ “നീരജ ശങ്കർ “ ആകുന്നത് ..

 

ബാംഗ്ലൂർ നഗരം അവൾക്ക് വിസ്മയങ്ങളുടെ പറുദീസ ആയി മാറി ..എങ്കിലും രാത്രികളിൽ കട്ടിലിൽ ചമ്രം മടഞ്ഞിരുന്ന് അമ്മേ നാരായണ ജപിച്ച് സ്വപ്നങ്ങളിൽ അവളുടെ കണ്ണേട്ടനെ ചേർത്ത് പിടിച്ചവൾ ഉറങ്ങി ..ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസങ്ങളുമായപ്പോൾ രാത്രികളുടെ ദൈർഘ്യം കുറഞ്ഞുകൊണ്ടും പകലുകളുടെ ദൈർഘ്യം കൂടികൊണ്ടും ഇരുന്നു ...സൗഹൃദങ്ങൾ മുഖപുസ്തകത്തിലെ നീരജ ശങ്കർനെ തേടി വന്നുകൊണ്ടേ ഇരുന്നു ...സ്വപ്‌നങ്ങൾ കാണാൻ രാത്രികൾ ഇല്ലാതെ ആയിത്തുടങ്ങിയത് അവൾ മനസ്സിലാക്കിയതേ ഇല്ല ..അവളുടെ സൗന്ദര്യത്തിന് ആരാധകർ ഉണ്ടായതും ,ഇടുപ്പോളം നീണ്ടു കിടന്ന അവളുടെ ചുരുളൻ മുടി തോളോളം ചുരുങ്ങി സ്വർണ നിറത്തിൽ തിളങ്ങിയതും,'അമ്മ തയ്പ്പിച്ചു കൊടുത്തുവിട്ട കുപ്പായങ്ങൾ മാറി മുട്ടോളം എത്താത്ത കുട്ടിപ്പാവാടകൾ ആയതും എല്ലാം പെട്ടന്നായിരുന്നു ...കാലം മാറുമ്പോൾ കോലം മാറണമല്ലോ അല്ലേ ?

 

ആദ്യത്തെ അവധിക്ക് ഒറ്റപ്പാലം  സ്റ്റേഷനിൽ അവൾ ഇറങ്ങിയത് നീരജ ആയിട്ട് തന്നെയാണ്  ..കാണാൻ ഓടി വന്ന കണ്ണേട്ടന് പുതിയ സാംസങ് ഫോണിന്റെ നമ്പറും,നീരജ ശങ്കർ എന്ന ഫേസ്ബുക് ഐ ഡിയും കൊടുത്തുകൊണ്ട് റിട്ടയേർഡ് ആയ പട്ടാളം ശങ്കരൻകുട്ടിടെ ബുള്ളറ്റിന്റെ പിറകിൽ കയറി മായന്നൂർ പാലം കടന്ന് പോയത് അമ്മുകുട്ടിയാണെന്ന് വിശ്വസിക്കാൻ റേഷൻ പീടികക്കാരൻ ഭാസ്കരൻ നായരുടെ മകൻ “അജയ് ഭാസ്കറിന് ”ആയില്ല .. താനല്ലാതെ ഒരാളോട്  മിണ്ടാൻ പേടിച്ചിരുന്ന അവന്റെ മാത്രം അമ്മുക്കുട്ടിക്ക് ആയിരത്തിനപ്പുറം സൗഹൃദങ്ങൾ ഉണ്ടായെന്ന് അവന്റെ കണ്ണുകൾക്കും വിശ്വസിക്കാൻ ആയില്ല ..അന്നാണ് കണ്ണൻ ആദ്യമായി ‘‘അജയ് ഭാസ്കർ ” ആയതും അവളുടെ സൗഹൃദപട്ടികയിലെ കേവലം ഒരു പ്രൊഫൈൽ മാത്രമായി ചുരുങ്ങുന്നതായും അവന് തോന്നിയത്  ...

 

കണ്ണിൽ അവിശ്വാസത്തിന്റെ വിസ്മയം ഒളിപ്പിച്ചുകൊണ്ട്  അവിടെ എത്ര നേരം അന്ന് നിന്നെന്ന് ചോദിച്ചാൽ ഇന്നും അവനറിയില്ല ..

 

വീട്ടിലെത്തിയ നീരജക്ക് പറയാൻ ഒരു നൂറു കഥകൾ ഉണ്ടായിരുന്നു .. കാഞ്ഞിരപ്പള്ളിക്കാരി ടെസ്സയുടെ കയ്യിലെ ടാറ്റൂനെ പറ്റി, ഹൈദ്രാബാദിന്ന് വന്ന അരുണയുടെ അച്ഛൻ അമേരിക്കയിൽ നിന്ന് കൊണ്ട് കൊടുത്ത പുതിയ ഐഫോണിനെ പറ്റി, നേത്രയുടെ ബ്രാൻഡഡ് ഡ്രെസ്സുകളെ പറ്റി, പൂർണയുടെ തുടുത്ത കവിളിൽ അവൾ തേക്കുന്ന ക്രീമിനെ പറ്റി അങ്ങനെ അങ്ങനെ…. അതെല്ലാം വിസ്മയത്തോടെ കേട്ടുകൊണ്ടിരുന്നപ്പോളും അവളുടെ അമ്മയുടെ  ഇടറുന്ന വിരലുകൾ  അവളുടെ സ്വർണമുടി തലോടി കൊണ്ടിരുന്നു .. അച്ഛന്റെ മടിയിൽ തലവെച്ചുറങ്ങിയപ്പോളും,കുഞ്ഞനിയത്തീടെ ഓപ്പോൾ ആയപ്പോളും ,അമ്മയുടെ കയ്യിൽ നിന്നും ചോറുരുള വാങ്ങി കഴിച്ചപ്പോളും അവൾ കണ്ണിൽ കുറുമ്പൊളുപ്പിക്കുന്ന, അവരുടെ എല്ലാം വായാടി അമ്മുക്കുട്ടി മാത്രമായിരുന്നു ..

 

പക്ഷെ വൃശ്ചികക്കാറ്റിന്‌ കട്ടെടുക്കാൻ കൊടുക്കാതെ കൈക്കുമ്പിൾ വെച്ചു മറക്കുമായിരുന്ന ആ ചുറ്റുവിളക്കിലെ ചിരാതും ..നിലാവും നിളയും ഉമ്മവെക്കുമ്പോൾ അവളുടെ പ്രാണനിൽ ചേർന്ന ആ പ്രണയത്തെയും  അവൾ ഓർത്തതെ ഇല്ല .. ബാംഗ്ലൂർ നഗരത്തിന്റെ വിസ്മയങ്ങൾ അതൊന്നും ഓർക്കാൻ അവൾക്ക് നേരം കൊടുത്തിരുന്നില്ല എന്ന് പറയുന്നതാകും ശരി….പുലർച്ചെ അഷ്ടപദി തുടങ്ങുന്ന നേരത്തു ഓടിവരുമായിരുന്ന ഒരു പാദസ്വര കിലുക്കത്തിന് കാതോർത്തു കൊണ്ട് ചിനക്കത്തൂർ കാവിലെ ആൽമര തണലിൽ ആർക്കോ വേണ്ടി അവൻ മാത്രം കാത്തിരുന്നു ..

 

അവധിയും ആഘോഷങ്ങളും പിന്നെയും വന്നു ..ചില അവധികളിൽ അവൾ നാടിനെയും പ്രിയപെട്ടവരെയും തന്നെ മറന്നു ..എങ്കിലും ചില നന്മകൾ അവളിൽ എന്നും അവശേഷിച്ചിരുന്നു .. മദ്യത്തിന്റെ മാദകതയും രതിയുടെ തീക്ഷ്ണതയും അറിയാൻ മാത്രം അവൾ ഒരിക്കൽ പോലും മുതിർന്നിരുന്നില്ല  ..നിർബന്ധിച്ചപ്പോൾ ഒക്കെയും  സ്നേഹത്തോടെ നിരസിച്ചു കൊണ്ട് അവൾ കൂട്ടുകാർ കളിയാക്കും പോലെ വെറുമൊരു പട്ടിക്കാട്ടുകാരി ആയി മാറുമായിരുന്നു ..

 

രണ്ടായിരത്തിപതിനേഴ് ഡിസംബർ മുപ്പത്തി ഒന്ന് .. മദ്യം ലഹരിയായ് യുവത്വത്തെ  കീഴടക്കിയ രാത്രി .. നിശാപാർട്ടികളിൽ ബാംഗ്ലൂർ നഗരം ഉറക്കമിളച്ചിരുന്നു ..ബോധത്തോടെയും ബോധമില്ലാതെയും പലരും നടപ്പാതകളിൽ വരെ ചുവട് വെച്ചു ..നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ഒരു ഒത്തുചേരലിന് ഒരു ഡാൻസ് ക്ലബ് തിരഞ്ഞെടുത്ത നീരജയും കൂട്ടുകാരും മതിമറന്ന് നൃത്തം വെച്ചു ..അല്പവെളിച്ചതിന്റെ മറവിൽ അവിടെ എന്തൊക്കെ നടക്കുന്നു എന്ന് പോലും വ്യക്തമല്ല ..എങ്കിലും ഒരുപാട് ചിലങ്ക കെട്ടിയ അവളുടെ കാലുകൾ അവൾ പോലുമറിയാതെ ചുവട് വെച്ചുകൊണ്ടിരുന്നു ...എല്ലാം കഴിഞ് തിരിച്ചെത്തിയ അവൾ രാത്രി പകലായതോ ..പിറ്റേന്ന് ഉച്ചയായതോ അറിയാതെ സ്വയം മറന്നുറങ്ങി 

 

എല്ലാം മനസ്സിലാവാൻ ഏറെ നേരമെടുത്തു അപ്പോളേക്കും തനിക്കു സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിരുന്നു..

 

ലോകത്തിന് മുന്നിൽ മകളുടെ നഗ്നത ഒരു ഭോഗവസ്തു ആയി മാറുന്നതറിഞ്ഞ ആ പാവം അച്ഛൻ സിരകളിൽ അരിച്ചുകയറി വലിഞ്ഞു കുരുക്കിയ രക്തധമനികൾ പൊട്ടിയൊലിച്ച് തളർന്ന് വീണ ആ വീഴ്ചയിൽ നിന്ന് പിന്നീടൊരിക്കലും ഉണർന്നതേ ഇല്ല .. ഇതൊക്കെ കണ്ട ആ അമ്മയുടെയും അനിയത്തിയുടെയും ചിന്തകളിൽ അന്ന് എന്തൊക്കെ ആയിരിക്കും കടന്ന് പോയത് എന്നാർക്കും അറിയില്യ .. പക്ഷെ എന്തുകൊണ്ടൊക്കെയോ അപമാനത്തിന്റെ ഭാരം പേറി നാഥനില്ലാത്ത ആ തറവാട്ടിൽ ഇനി ജീവിക്കണ്ട എന്നവർ കരുതി കാണണം ..മരപെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന മുത്തശ്ശിയുടെ നേര്യതിന്റെ തുമ്പത്ത്  അമ്മയും , ഒരു കുപ്പി വിഷത്തിൽ അവളുടെ കുഞ്ഞനുജത്തിയും അഭയം തേടി  .. ആയിരങ്ങളുടെ കുത്തിനോവിക്കൽ ഏൽക്കാതെ ആ മൂന്ന് ജന്മങ്ങൾ ഒറ്റപ്പാലം ഗവണ്മെന്റ് ആശുപത്രിയിലെ മൂന്ന് വെള്ള തുണിക്കുള്ളിൽ നിത്യശാന്തി നേടി  ..

 

അവളുടെ സ്വർണമുടി തലോടുന്ന കൈകളിൽ അവസാനമായി ഒന്നുമ്മ വയ്ക്കാനോ .. യാത്ര പോകും മുന്നേ കറുപ്പിക്കാൻ ഒരു വെള്ളമുടിയെങ്കിലും അച്ഛന്റെ മീശയിൽ ബാക്കിയുണ്ടോ എന്ന് നോക്കാനോ ...”ഓപ്പോളേ “എന്ന് വിളിച്ചോടിയെത്തുന്ന ആ കുറുമ്പി പെണ്ണിനെ ഒരു നോക്കെങ്കിലും  കാണാനോ ആരും അവളെ ആ മുറ്റത്തു കയറ്റിയതേ ഇല്ല ..പാടവരമ്പിനക്കരെ എല്ലാം ഒരിറ്റു കണ്ണീരിന്റെ നനവില്ലാതെ നോക്കിക്കണ്ട അവൾ അടുത്ത നിമിഷം അലറി വിളിച് പാഞ്ഞു ..മഞ്ഞപ്പൂക്കൾ ചവിട്ടിയരച് കൊണ്ട് കിതച്ചോടി വരുന്ന പേരറിയാത്ത ഏതോ  തീവണ്ടിക്ക് മുന്നിലേക്ക് ...നിശബ്ദത ...ചുറ്റും നിശബ്ദത ..ഓർമ്മകൾ എല്ലാം ഒരു നീർച്ചുഴിയിൽ എന്നോണം ആഴങ്ങളിലേക്ക് അതിവേഗത്തിൽ പാഞ്ഞു ..

 

 

“ഞാൻ മരിച്ചില്ലേ” അടുത്ത് നിന്ന സിസ്റ്ററോട് ചോദിക്കുമ്പോൾ വർഷങ്ങൾ എത്ര കഴിഞ്ഞെന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു ..ഒരു അലർച്ച മാത്രമായിരുന്നു അപ്പോഴും അവളുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നത് ..അവൾ ഒരു ദുസ്വപ്നം കാണുക ആയിരുന്നോ ? ഒരു നിമിഷം അവൾ സംശയിച്ചു .. ആശിച്ചു…. വർഷങ്ങളായി അവൾ ഒരു അലർച്ച മാത്രമായിരുന്നു എന്നോ ..  കാലിലെ തഴമ്പിന് താഴെ നിന്ന് ഇപ്പോളും രക്തം ഇറ്റു വീഴുന്നെന്നോ അവൾ അറിഞ്ഞതേ ഇല്ല ..ലോകത്തിനി ആരുമില്ലാത്ത അവളെ കൈപിടിക്കാൻ ദൈവത്തിന്റെ മാലാഖമാർ അവിടെയും ഉണ്ടായിരുന്നു ..അതിലൊരു മാലാഖയാണ് അവളുടെ കയ്യിൽ ആ കടലാസ് തുണ്ട് കൊടുത്തത് ...”നീ ഓർമകളിലേക്ക് കണ്ണ് തുറക്കുന്ന ആ ദിവസത്തിനായി കാത്തിരിക്കുന്ന ഒരാൾ ഇന്നുമുണ്ട് .. എന്റെ അമ്മുകുട്ടിയെ അവളെക്കാൾ അറിഞ്ഞ ഞാൻ  ..ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റഫോമിലെ ആ മഞ്ഞ പൂമരത്തിന് താഴെ ഡിസംബർ പതിനഞ്ചിന് നീ വരുമോ  ”

 

ആ വർഷങ്ങൾക്കിടയിൽ അന്നാദ്യമായിട്ട് അവളുടെ കണ്ണുകളിൽ കണ്ണീരിന്റെ നനവ് പടർന്നു .. അവൾ അമ്മുവാണ് അമ്മുകുട്ടിയാണ് അവൾ തിരിച്ചറിഞ്ഞു ..

 

തുമ്പപ്പൂ പൂത്തുനിൽക്കണ പാടവരമ്പിനക്കരെക്ക് അവളുടെ ഓർമ്മകൾ വേഗത്തിൽ പാഞ്ഞു .. അവളുടെ കുഞ്ഞു വിരലുകൾ അച്ഛന്റെ കൊമ്പൻ മീശയിൽ തടഞ്ഞു നിന്നു .. എല്ലാരുടെയും കുഞ്ഞോപ്പ ആയിരുന്ന അവളുടെ അമ്മയുടെ മുളകൂഷ്യത്തിന്റെ രുചി നാവിൽ എവിടെയോ തളംകെട്ടി ..മൂന്നര വയസ്സിൽ തന്റെ കയ്യിലേക്ക് വെച്ച് തന്ന പഞ്ഞികെട്ടുപോലത്തെ കൊച്ചു കളിപ്പാട്ടത്തെ കുഞ്ഞിപ്പെണ്ണേ എന്ന് വിളിച്ചത്‌ ഓർമകളിലേക്ക് തേട്ടി വന്നു …..പെട്ടന്ന് ശരീരത്തിൽ ആകെ ഒരു തണുപ്പ് ബാധിച്ച പോലെ അവൾ ഇളം നീല നിറമുള്ള ആ കിടക്കമേൽ തളർന്ന് വീണു ..

 

“യാത്രക്കാരുടെ ശ്രെദ്ധക്ക് ട്രെയിൻ നമ്പർ 16327 കോർബയിൽ നിന്ന് തിരുവനന്തപുരം വരെ പോകുന്ന കോർബ തിരുവനന്തപുരം എക്സ്പ്രസ്സ് ഒറ്റപ്പാലം സ്റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റഫോമിലേക്ക് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ് “ഓർമകളിൽ നിന്ന് റെയിൽവേ അന്നൗൺസ്‌മെന്റിന്റെ സ്ത്രീശബ്ദം അവളെ തട്ടി ഉണർത്തി ..മഞ്ഞ പൂ മരത്തിന് താഴെ ആ ഡിസംബർ പതിനഞ്ചിന് അമ്മു കാത്തിരിക്കുന്നു ..കിതച്ചോടി വന്ന ആ ദീർഘദൂരവണ്ടിയിൽ നിന്ന് “അജയ് ഭാസ്കർ ,സെർജന്റ് ,ഇന്ത്യൻ ആർമി ” എന്നെഴുതിയ നീളൻ പെട്ടിയുമായി അവളുടെ കണ്ണേട്ടൻ  ചിരിച്ചുകൊണ്ട് അവളുടെ മുന്നിൽ നിന്നു ..അവൾക്ക് പരിചയമുള്ള ആ പൊടിമീശക്കാരൻ ഏറെ മാറിയിരിക്കുന്നു .. നെറ്റിയിൽ തൊടാറുള്ള ചന്ദനകുറിയില്ല ..കയ്യിൽ അവൾക്കെന്നും കൊടുക്കാറുള്ള ചെമ്പകപൂവില്ല ..കറുത്ത കരയുള്ള മുണ്ടുടുത്ത്,തനിക്കേറെ പ്രിയപ്പെട്ട കറുത്ത നീളൻ കയ്യൻ ഷർട്ടിട്ട പൊടിമീശക്കാരന്റെ സ്ഥാനത്ത് കട്ടിമീശയും പട്ടാള യൂണിഫോമും ഇട്ട കണ്ണേട്ടൻ… പക്ഷെ ആ കണ്ണിലെ പ്രണയത്തിന് മാത്രം ഒട്ടും കുറവുള്ളതായി അവൾക്ക് തോന്നിയില്ല ..അതിന്റെ നീലനിറം ..അതിന്റെ ആഴം  എല്ലാം കൂടിയിട്ടേ ഉള്ളൂ  ..കണ്ണീർകൊണ്ട് മങ്ങിയ കാഴ്ച്ചയിൽ അവളുടെ നെറുകയിൽ വീണ മഞ്ഞപ്പൂ എടുത്തു മാറ്റി അവൻ അവളുടെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു ...ഏതോ ത്രികാർത്തികയുടെ അന്ന് കൊടുക്കാൻ കരുതിയ അതെ പ്രണയത്തോടെ തന്നെ  ..

 

അവൻ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി പതിഞ്ഞ സ്വരത്തിൽ വിളിച്ചു .. “അമ്മുക്കുട്ടി” .. എത്ര വർഷങ്ങളായി താൻ അന്വേഷിച്ചുകൊണ്ടിരുന്ന തന്റെ അസ്തിത്വത്തെ ആണ് താൻ ആ നിമിഷം കണ്ടെത്തിയിരിക്കുന്നത് എന്നോർത്തപ്പോൾ അവളുടെ ഹൃദയം വീണ്ടും വീണ്ടും ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു... ‘അമ്മുക്കുട്ടി ന്താ ഒന്നും മിണ്ടാത്തെ’ കണ്ണന്റെ ചോദ്യം കേട്ട് അവൾ കണ്ണുകൾ പതുക്കെ ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി .. തൊണ്ടയിൽ വാക്കുകൾ കുടുങ്ങി കിടക്കുന്നത് പോലെ അവൾക്ക് തോന്നി ..വൃശ്ചിക കാറ്റ് അവളുടെ വിയർപ്പുകണികകൾ തുടച്ച് കൊണ്ട് കടന്ന് പോയി …. ‘കണ്ണേട്ടാ’ വ്യക്തമല്ലാത്ത വാക്കിന്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് അവളുടെ തൊണ്ട പിന്നെയും ഇടറി .. പരിഷ്കാരത്തിന്റെ ലോകത്ത് ,താളംതെറ്റലുകളുടെ കാലത്ത് ,ചിത്തഭ്രമത്തിന്റെ പാരമ്യത്തിൽ, ശിരാധമനികളിൽ വൈദ്യുദപ്രവാഹം തീർത്ത വേദനയിൽ ഒക്കെ ഹൃദയത്തിൽ കാത്ത് സൂക്ഷിച്ച പ്രണയം അവൻ മാത്രം ആയിരുന്നു എന്ന് പറയാൻ കഴിയാതെ അവൾ പിന്നെയും പിന്നെയും ഏങ്ങി കരഞ്ഞു .. 

 

അപ്പോഴും ഒറ്റപ്പാലത്തിന് പണ്ടത്തെ ക്ലാര ജയകൃഷ്ണൻ പ്രണയകാലത്തിന്റെ , എൺപതുകളിലെ  അതേ നിറവും രൂപവും ആയിരുന്നു  …

 

അമ്മു അവൾ ഒരു ഉദാഹരണം മാത്രമാണ് ..നമുക്ക് ചുറ്റും ഇതുപോലെ ഒരായിരം അമ്മുമാർ ഉണ്ട് ..ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവർ,സമൂഹം അടിച്ചേൽപ്പിക്കുന്ന കുറ്റത്തിന്റെ ഭാരം ജീവിതകാലം മുഴുവൻ ചുമക്കുന്നവർ ,പ്രിയപെട്ടവർക്കെല്ലാം വെറുക്കപെട്ടവർ ആയി മാറുന്നവർ ..ഒറ്റരാത്രികൊണ്ട് തലേവര തന്നെ മാറി മറയുന്നവർ ..എല്ലാവരെയും ജീവിതത്തിലോട്ട് കൈപിടിച്ച് കയറ്റാൻ ഇതുപോലെ കണ്ണേട്ടന്മാർ ഉണ്ടായെന്ന് വരില്ല ..ഒരു മൊബൈൽ ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ എന്തുമാവാം എന്ന് കരുതുന്ന യുവതലമുറ ഇടയ്ക്കെങ്കിലും ചിന്തിക്കണം ..തന്റെ അനിയത്തിയോ,ചേച്ചിയോ,ഭാര്യയോ,മകളോ ഒക്കെ ചിന്താശേഷി കുറവുകൊണ്ടും വീണ്ടുവിചാരമില്ലായ്മകൊണ്ടും നാളത്തെ അമ്മുമാർ ആവാം എന്ന് ...

 

English Summary : Platform no 2 Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com