ADVERTISEMENT

ശരീരം വിൽക്കുന്നവർ (കഥ)

 

"ആ വളവ് കഴിഞ്ഞാൽ വളരെ തിരക്കുള്ള ഒരു തെരുവ് ആണ്..." ലോക്കൽ ഗൈഡ് ഡിസൂസ മാവേലിയോട് നിർത്താതെ വിശേഷങ്ങൾ വിളമ്പുകയാണ്. പതിവുള്ള വാർഷിക സന്ദർശനത്തിന് നാട്ടിലെത്തിയതാണ് മാവേലി തിരുമേനി. 

 

ഡിസൂസ തുടർന്നു "അവരുടെ കാര്യം വളരെ കഷ്ടമാണ്, ഒരു ചാൺ വയറിന് വേണ്ടിയാണല്ലോ അവർ ഇങ്ങിനെ ശരീരം വിറ്റു ജീവിക്കുന്നത്... തിരുമേനിക്ക് അവരെ രക്ഷപെടുത്തി പാതാളത്തിൽ കൊണ്ടുപോയി സ്വർഗ്ഗജീവിതം നൽകിക്കൂടെ?"

 

മാവേലി: "മിഷ്‌ട്ടർ ഡിസൂസ ഈ ഒരു ചാൺ എന്ന് പറഞ്ഞാൽ എത്ര മീറ്റർ ആണ്? നിങ്ങൾ ലോകം ഇത്ര മുന്നോട്ട് പോയിട്ടും ഇപ്പോഴും പഴയ അളവുകളും പറഞ്ഞ് നടക്കുകയാണോ. മെട്രിക് സിസ്റ്റം വന്നിട്ട് എത്ര നാളായി.  അത് പോട്ടെ, ഇവരെ ഞാൻ പാതാളത്ത് കൊണ്ട് പോയിട്ട് എന്ത് ചെയ്യാനാണ്? അത് ജയിൽ അല്ലെ ജയിൽ? അവിടെ സമയാസമയം ഗോതമ്പ് ഉണ്ടയും ഇടിയും കിട്ടുമെന്നല്ലാതെ എന്തുണ്ട്. ഇക്കരെ നിൽക്കുന്നവർക്ക് അക്കരെ പച്ച അത്രയേ ഉള്ളൂ."

 

ഡിസൂസ: "എന്നാലും കാട്ടിലും കടലിലും കഷ്ടപ്പെട്ട് കഴിയുന്ന മനുഷ്യരെ നഗരമാലിന്യത്തിന്റെ സ്വർഗ്ഗത്തിൽ എത്തിക്കുക എന്നതാണല്ലോ ആധുനിക മാനവസ്നേഹികളുടെ ഒരു രീതി."

 

മാവേലി: "എങ്ങിനെയാണ് ഇവർ ഈ തൊഴിലിൽ എത്തിയത്? ഇവർക്ക് എന്ത് കിട്ടും?"

 

ഡിസൂസ വിശദീകരിച്ചു, "ഇവരിൽ ബംഗാളികളും മലയാളികളും ഉണ്ട്, ലോകത്ത് എല്ലായിടത്തും ഇവർ ഉണ്ട്. വൻ നേതാക്കളെ പോലെയോ മുതലാളിമാരെ പോലെയോ സെലിബ്രിറ്റികളെ പോലെയോ ആറും അറുപതും തലമുറയ്ക്ക് വേണ്ടി പണം കൂട്ടിവെയ്ക്കാൻ കഴിയാത്ത ഇവരുടെ മുൻ തലമുറകൾ കാരണം ഇവർക്ക് പണിയെടുത്താൽ മാത്രമേ ജീവിക്കാൻ പറ്റൂ. പിന്നെ കൂലി. അതൊരിക്കലും അവരെ സമ്പാദിക്കാൻ പ്രാപ്തരാക്കാതിരിക്കാൻ തക്കവണ്ണം പണപെരുപ്പം കൊണ്ട് നിയന്ത്രിച്ച് നിർത്തും."

 

ഡിസൂസ ഒന്ന് നിർത്തിയിട്ട് തുടർന്നു. "അവർ ശരീരം വിൽക്കുന്നത് പല രീതിയിലാണ്, ചിലർ വീട്, പറമ്പ് പണികൾക്ക് ശരീരം ഉപയോഗിക്കും, മറ്റ് ചിലർ കൃഷി, കമ്പനി ജോലികൾക്ക് ശരീരം വിൽക്കും. ഇവരെ പൊതുവേ പണിക്കാർ എന്ന് വിളിക്കും. പിന്നെ ഇവരെ കൂടാതെ ഇടത്തരക്കാർ എന്ന് വിളിക്കുന്ന ഒരു കൂട്ടർ ഉണ്ട്, ഇവർ ശരീരം കൂടാതെ മനസ്സും ബുദ്ധിയും വരെ വിറ്റ് ജീവിക്കും. ഇവരിൽ എഞ്ചിനീയർമാരുണ്ട്, ഡോക്ടർമാരുണ്ട്, വക്കീലന്മാരുണ്ട്...."

 

മാവേലി പൂരിപ്പിച്ചു..."ഇവരുടെ അധ്വാനം നികുതികളും പിഴകളും ഒക്കെ ആക്കി കൺവേർട് ചെയ്തിട്ട് വേണം ഉന്നതർക്ക് ആർമാദിക്കാൻ. എന്നിട്ടും തികയാതെ ലോണും എടുക്കണം, ശ്ശി..കഷ്ട്ടം തന്നെയാണേ..."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com