ADVERTISEMENT

 

 

ഒടുവിലെക്കാട്ടിലെ

ഒടുവിലെ മരത്തിലെ

ഒടുവിലെക്കൊമ്പിലെച്ചില്ലയിൽ 

ഒടുവിലെ കരിയിലത്തണലില്‍ നിന്നും

പേടിച്ചരണ്ടു പറന്നുപോയ് പക്ഷികള്‍.

 

പ്രാവുകള്‍

കുയിലുകള്‍

തത്തകള്‍

കാക്കകള്‍

കോഴികള്‍

പുള്ളുകള്‍

ചെമ്പോത്ത്

ഒടുവിലെല്ലാം ജയിച്ചെന്ന് ചിരിച്ച കഴുകന്‍.

 

കാടുകള്‍ തേടിപ്പറന്നു നടന്നു

നാടുകള്‍ തോറും പറന്നു

ഒടുവിലെക്കരിയില മണ്ണില്‍ വീണപ്പോൾ 

ഒടുവിലെത്തൂവല്‍ കൊഴിച്ച്

പ്രാണന്‍ അതീന്ദ്രിയസ്പന്ദങ്ങളാക്കി

പറന്നുപോയ്‌ പക്ഷികൾ. 

 

ഒക്കെയുണങ്ങിയൊടുങ്ങി, വെണ്ണീറായ

ഭൂമിയില്‍ മെല്ലെക്കുരുത്തു തെഴുത്ത്

ശിഖരങ്ങള്‍ നീര്‍ത്തിപ്പടര്‍ന്നു കേറുന്ന

കോണ്‍ക്രീറ്റ് കാടിന്റെ നിത്യവസന്തം

ടവര്‍ച്ചില്ല തോറും തുടുക്കുന്ന

അഗ്നിപുഷ്പങ്ങള്‍.

 

തിരികെപ്പറന്നു വരുന്നുണ്ട് പക്ഷികള്‍

അതീന്ദ്രിയപ്പക്ഷികള്‍

പ്രണയം തുളുമ്പുന്ന പ്രാവിന്റെ കുറുകലിൽ 

മധുരമായ്‌ നീളുന്ന കുയിൽമൊഴിയിൽ 

പച്ചപ്പനന്തത്തക്കൊഞ്ചലില്‍

കാക്കയുടെ  കൌശലക്കാറലിൽ 

കാലന്‍ കോഴിയുടെ കൂവലിൽ 

പുള്ളിന്റെ പേച്ചില്‍

ചെമ്പോത്തു മൂളലില്‍

ഒടുവിലെല്ലാം ജയിക്കുന്ന കഴുകൻ ചിരിയില്‍.

 

വാക്കിന്റെ പ്രാണൻ 

അതീന്ദ്രിയ സ്പന്ദങ്ങളാക്കിപ്പറത്തുന്ന 

ഫോണ്‍മൊഴിപ്പക്ഷികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com