ADVERTISEMENT

വിധിയാം  കോമാളി നീ തൊടുത്തു വിട്ട

കൂരമ്പ് കൊണ്ടെൻ ഹൃദയം മുറിഞ്ഞു

ശരശയ്യയിൽ ഒടുങ്ങുമാറെൻ  ജീവിതം

തകർത്തുകളഞ്ഞു നീ മറഞ്ഞുവല്ലോ

 

കലിപൂണ്ട പേമാരി കൈകളാൽ നീയെന്നെ

ഇറുക്കിപ്പിടിച്ചു തിമിർത്താടിയില്ലേ

മുടിയഴിച്ചാടും കൊടും കാറ്റിലെന്നെ നീ

നൂലില്ലാ പട്ടമായ് പറത്തിക്കളിച്ചില്ലേ

 

വീശിയെറിഞ്ഞു മദിച്ചു രസിച്ചില്ലേ  

മദം പൊട്ടിപ്പായുന്ന കൊമ്പനെപ്പോലെ നീ

മിന്നൽപ്പിണരാം കൊടുവാളുകൊണ്ടു നീ

വെട്ടിയറിഞ്ഞെന്റെ കൈകാലുകൾ

 

ചിരിക്കുവാൻ മറന്നുവോ നിലാവേ നീ

കരിനിഴൽ നൃത്തമാടുമീ രാവിൽ

കരിമ്പടം പുതപ്പിച്ചു മറച്ചു നീ പിടിച്ച

എൻ കാന്തനെ കണ്ടു ഞാൻ കനവിൽ ഇന്ന്

 

ശരശയ്യ ഞാനെൻ പൂമെത്തയാക്കും

കലിപൂണ്ട പേമാരി പനിനീരുമാക്കും

കൊടുംകാറ്റിൽ ഉലയാതെ വിലസി പറക്കുന്ന

കാന്തൻ പറത്തുന്ന പാട്ടമായ് മാറും ഞാൻ

 

മദം പൊട്ടിപ്പായുന്ന കൊമ്പനെ ഞാനെൻ

കാൽക്കീഴിൽ ഇഴയുന്ന കുഴിയാനയാക്കും

മിന്നൽപിണരാം കൊടുവാള് ഞാനെൻ

കഴുത്തിലണിയുന്ന ഹാരമായ്  മാറ്റും

 

ഓടണമെനിക്കിനി ഒരുപാടുകാലം

തടയല്ലേ നീയെന്നെ തച്ചുതകർക്കല്ലേ

ആഴിയാൽ നീയെന്നെ മൂടിക്കളയല്ലേ

വിജനമാണ് പാതയിൽ ഗർത്തങ്ങൾ ആകല്ലേ

 

കരിന്തിരി കത്തുന്ന മൺചിരാതിൽ ഞാൻ

പൊൻതിരി തെളിയിക്കും എൻ പ്രീയനായ്

ആകില്ല ഒരിക്കലും ഊതിക്കെടുത്തുവാൻ

കോമാളീ... നീ കണ്ട വിധവയാം പെണ്ണല്ല ഞാനിന്ന് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com