ADVERTISEMENT

എന്റെ മഴക്കാഴ്ച്ചകൾ (കഥ)

 

കോടമഞ്ഞ് ഇറങ്ങിത്തുടങ്ങുന്നതേ ഉള്ളൂ. ഇടത്തോട്ടുള്ള തിരിവ് വരെ ഇപ്പോഴും വ്യക്തമായി തന്നെ കാണാം. തേയിലത്തോട്ടത്തിനിടയിൽ ചെരിഞ്ഞു വീണ് കിടക്കുന്ന മരവും. ഇടക്ക് ചില വണ്ടികൾ വളവു തിരിഞ്ഞ് കയറ്റം കയറി വരുന്നുണ്ട്. കൂടുതലും സഞ്ചാരികളാണ്. തോട്ടത്തിലേക്കുള്ള തൊഴിലാളികളെയും കൊണ്ട് ഒരു ട്രാക്ടർ കിതച്ചു വലിഞ്ഞ് കയറി പോയതേയുള്ളൂ. അധികം ദൂരെയല്ലാതെ കേൾക്കുന്ന മനോഹരമായ ഹിന്ദുസ്ഥാനി സംഗീതം. മെല്ലെ പെയ്തു തുടങ്ങുന്ന നനുനനുത്ത മഴ. മഴത്തുള്ളികളോടൊപ്പം ഒന്ന് രണ്ടു വാകപ്പൂക്കൾ പൊഴിഞ്ഞ് വീണത് അവളുടെ മുടികളിൽ കുടുങ്ങിക്കിടന്നിരുന്നു. പൂക്കളിൽ കുഞ്ഞു മഴത്തുള്ളികളും... 

 

ഇവിടെ..?!! ചോദ്യഭാവത്തിൽ ഞാൻ നോക്കി. ഒരു കസിന്റെ "ബ്രൈഡ് ടു ബീ" ഫോട്ടോഷൂട്ട്  ഉണ്ടായിരുന്നു... ഞാനാ പറഞ്ഞത് ഇവിടെ ചെയ്യാമെന്ന്. എന്നിട്ട് അവരെവിടെ...? കൂടെ ആരെയും കാണാതിരുന്നത് കൊണ്ട് ഞാൻ ചോദിച്ചു. അവർ ദേ താഴെ ഫോട്ടോസ് എടുക്കുന്നുണ്ട്. ഞാൻ ഒന്ന് നടന്നിട്ട് വരാമെന്ന് പറഞ്ഞ് പോന്നതാ... കുറച്ച് ദൂരെ, പുല്ല് വിരിച്ച കുന്നിന് താഴെയുള്ള അരുവിയോട് ചേർന്ന് കൂട്ടം കൂടി നിൽക്കുന്ന പെൺകുട്ടികളെ നോക്കി അവൾ പറഞ്ഞു. ഞങ്ങൾ നോക്കുന്നത് കണ്ട്, കൂട്ടത്തിൽ നിന്നൊരാൾ ഞങ്ങൾക്ക് നേരെ കൈവീശിക്കാണിച്ചു. ചിരിച്ച് കൊണ്ട് അവളും കൈ ഉയർത്തിക്കാണിച്ചു. ഇവിടെ വെച്ചാണ് രണ്ടു വർഷങ്ങൾക്ക് മുൻപ് ഞാനെന്റെ ഇഷ്ടം അവളോട് തുറന്നു പറയുന്നത്. കാലത്തിന്റെ കണക്കുകൾക്കിടയിൽ പക്ഷെ എല്ലാം വൈകിപ്പോയിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അന്നവൾ നടന്നു നീങ്ങുന്നതായിരുന്നു ഒടുവിലെ കാഴ്ച്ച. തിരിച്ചുപോകുമ്പോൾ, മഴ പെയ്തു തോർന്ന്, മരം പെയ്‌തു കൊണ്ടിരുന്ന ഈ വാകമരത്തിനോട് ഞാനൊരു സ്വകാര്യം പറഞ്ഞിരുന്നു. എന്നെങ്കിലുമൊരിക്കൽ മഴക്കാഴ്ചകളിൽ തനിച്ചിരിക്കാനെത്തുന്ന അവളോട് പറയാൻ. വീണ്ടും കണ്ടു മുട്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ഇവിടെ തന്നെയാകും എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു... 

 

വണ്ടിയിൽ ചാരിനിന്ന്, കല്യാണത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും.. അവധിക്ക് പോയ യാത്രകളെ കുറിച്ചും മറ്റും അവൾ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു... ഞങ്ങൾ മുൻപ് സംസാരിച്ചിട്ടുള്ള പല കാര്യങ്ങളും സംസാരത്തിനിടയിൽ കടന്നു വരുമ്പോളൊക്കെ പെട്ടെന്ന് തന്നെ മറ്റു വിഷയത്തിലേക്ക് മാറാൻ അവൾ തിടുക്കപ്പെടുന്ന പോലെ... അവളുടെ സംസാരവും ചിരിയും നോക്കി നിന്ന് ഞാൻ നല്ലൊരു കേൾവിക്കാരനായി. വെള്ളയിൽ നീലപ്പൂക്കളുള്ള ഉടുപ്പിൽ അവൾ കൂടുതൽ സുന്ദരിയായത് പോലെ തോന്നി.

 

"എപ്പോഴെങ്കിലും ഞാൻ നിന്റെ കൂടെയുണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടോ" എന്ന ചോദ്യം പലവട്ടം മനസ്സിൽ വന്ന് മടങ്ങി... നിനക്കൊന്നും പറയാനില്ലെ..?? പെട്ടെന്നവൾ ചോദിച്ചു.. മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയിഴകൾ കൊണ്ട് അവളുടെ കവിളുകളെ തഴുകി ഇക്കിളികൂട്ടുന്ന ഇളം കാറ്റിന്റെ കുസൃതി കണ്ടിരിക്കുകയായിരുന്നു ഞാൻ. ഒരു സ്വപ്നത്തിൽ നിന്നുണർന്ന പോലെ ഞാൻ പറഞ്ഞു. "പറയാനും... പങ്കു വെക്കുവാനുമൊക്കെ...ഒരു പാടുണ്ട്... അതെല്ലാം പക്ഷെ നിന്നെക്കുറിച്ചുള്ള ചിന്തകൾ മാത്രമാണ്... നീ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് മോഹിച്ച നിമിഷങ്ങളെക്കുറിച്ചാണ്. മനസ്സിലുള്ളത് മുഴുവൻ പറയുവാൻ സാധിക്കുമോയെന്നും എനിക്കറിയില്ല. അതെല്ലാം കുറിച്ച് വെച്ച് എന്നെങ്കിലും കാണുമ്പോൾ നിനക്ക് തരണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷെ... ഇനിയും ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന തോന്നലിൽ എല്ലാമൊതുക്കുകയായിരുന്നു. ഒന്നുണ്ട്.. ഓരോ ശ്വാസത്തിലും നിന്നെക്കുറിച്ചുള്ള ഓർമ്മകൾ നിറയുന്നുണ്ടെന്ന സത്യം... എന്നെന്നേക്കും അതങ്ങിനെയായിരിക്കുമെന്നതും... ഒരു ഫോൺ വിളിക്കപ്പുറത്തെങ്കിലും എപ്പോഴും നീയുണ്ടായിരുന്നെങ്കിലെന്നും..." അവളെന്റെ കണ്ണുകളിലേക്ക് നിസ്സഹായതയോടെ നോക്കി... നമ്മുടെ ആ കാലമൊക്കെ കഴിഞ്ഞില്ലെ... കാലങ്ങൾക്കപ്പുറത്ത് നിന്ന് കേട്ട അതേ വാക്കുകൾ. 

 

സജലങ്ങളായി നിൽക്കുന്ന അവളുടെ കണ്ണുകളിൽ നോക്കി എന്തോ തീരുമാനിച്ച പോലെ പെട്ടെന്ന് ഞാൻ ചോദിച്ചു. നിന്നോടൊരിക്കൽ കൂടി ഞാനെന്റെ ഇഷ്ടം പറഞ്ഞോട്ടെ..?! ഈ  മഴയും മഞ്ഞും സാക്ഷിയായി... പൂത്തു നിൽക്കുന്ന ഈ വാകമരം സാക്ഷിയായി...?!! എന്നിട്ട്...., അത് കേട്ട് തുടുത്ത് നിൽക്കുന്ന നിന്റെയീ മുഖം എന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത് ആ തിരുനെറ്റിയിൽ ഞാനൊന്നു ചുംബിച്ചോട്ടെ... ഈ പ്രപഞ്ചത്തിലെ മുഴുവൻ സ്നേഹവും നിറഞ്ഞ ഒരു നിറ ചുംബനം... കനം വെച്ച് തുടങ്ങിയ മഴത്തുള്ളികൾ ഞങ്ങൾക്ക് ചുറ്റുമൊരു മഴക്കാട് തീർത്തു... ചാലിട്ടൊഴുകിത്തുടങ്ങിയ  മഴവെള്ളത്തിലൂടെ വീണുകിടന്ന വാകപ്പൂക്കൾ ഓരോന്നായി ഒഴുകിപ്പോയി... മഴയും മഞ്ഞും പെയ്തു കൊണ്ടേയിരുന്നു...! എന്റെ പ്രണയവും...!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com