ADVERTISEMENT

മടക്കയാത്ര (കഥ) 

 

ഫ്ലൈറ്റിനുള്ളിൽ എല്ലാ തവണത്തേയും കാൾ തണുപ്പ് കൂടുതലാണെന്ന് അജ്മലിനു തോന്നി. വിൻഡോ സീറ്റ്‌ ആയിരുന്നെങ്കിൽ കാഴ്ചകൾ ഒക്കെ കണ്ട് ഇരിക്കാരുന്നു. ഇതിപ്പോ പെട്ടെന്നുള്ള യാത്രയായതുകൊണ്ട് ടിക്കറ്റ്  നോക്കിയെടുക്കാൻ പറ്റിയില്ല. എന്തിനേറെ പറയുന്നു കുറച്ചു ഡ്രസ്സ്‌ അല്ലാതെ ഒന്നും കൊണ്ടുവരാനും പറ്റിയില്ല, ഫൈസിക്കു വാങ്ങിയ കളിപ്പാട്ടങ്ങൾ പോലും. ഞാൻ ഗൾഫിലേക്ക് പോരുമ്പോൾ അവനു 6 മാസം പ്രായമാണ്. ഇപ്പോ ഞാൻ ചെല്ലുമ്പോൾ കൊച്ചാപ്പാന്നു വിളിച്ചു ഓടിവരുമായിരിക്കും. ഐഷയുടെ പിണക്കം എങ്ങനെ മാറ്റും എന്നോർക്കുമ്പോഴാണ്. ഞാൻ വരുന്ന കാര്യം മുന്നേ പറഞ്ഞില്ലെന്നു പറഞ്ഞു പിണങ്ങി ഇരിപ്പുണ്ടാവും. അതെങ്ങനാ എല്ലാം ധൃതിയിൽ ആയിരുന്നതുകൊണ്ട് അവളെ വിളിക്കാനുള്ള സാവകാശം ഒന്നും കിട്ടിയില്ല. ചെന്നിട്ട് എങ്ങനെയെങ്കിലും പറഞ്ഞു കൂട്ടാക്കണം. കഴിഞ്ഞ ഓഗസ്റ്റിൽ എന്റെയും  ഐഷയുടെയും  കല്യാണം നടത്താൻ ഇരുന്നതാണ്, പക്ഷേ കൊറോണ കാരണം അതും മാറ്റിവെക്കേണ്ടി വന്നു. കല്യാണം പോയിട്ട് നാട്ടിലേക്ക് പോകാൻ പോലും എനിക്ക് സാധിച്ചില്ല. ഇത്തവണ എന്തായാലും കല്യാണം കാണും. കല്യാണം മാറ്റിവെച്ചതിൽ ഏറ്റവും സങ്കടം ഉമ്മക്കായിരുന്നു. എന്തിന്, എന്നെ ഗൾഫിൽ വിടാൻ പോലും ഉമ്മായ്ക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെ എന്റെ ഇഷ്ടം ഇതാണെന്ന് കണ്ടപ്പോൾ വാപ്പ സപ്പോർട്ട് ചെയ്തതുകൊണ്ടാണ് എനിക്ക് ഗൾഫിൽ  വരാൻ പറ്റിയത്. എന്റെ കൊച്ചിനെ നിങ്ങളാ ഗൾഫിൽ പറഞ്ഞു വിട്ടതെന്ന് പറഞ്ഞു ഉമ്മ ഇടയ്ക്കിടെ വാപ്പയോട് വഴക്കിടാറുണ്ടന്ന് ഇത്ത പറഞ്ഞു കേൾക്കാം. എന്തായാലും ഞാൻ വരുന്നതും നോക്കി ഇരിക്കുകയാകും രണ്ടാളും. 

 

ഇപ്പോൾ ഓർക്കുമ്പോൾ ഗൾഫിൽ വന്ന ആദ്യദിവസം ഇന്നലെ പോലെ തോന്നുന്നു, ഉമ്മ തന്നുവിട്ട അച്ചാറുകുപ്പികളും,  ഐഷ ഉണ്ടാക്കിത്തന്ന പലഹാരത്തിന്റെ പാത്രങ്ങളും, മനസ്സിൽ ഒരു പഴഞ്ചാക്കുനിറയെ ഓർമകളും പിന്നെ ഒരുപിടി സ്വപ്നങ്ങളുമായി ഇവിടെ കാലുകുത്തിയ ആ ദിവസം. രണ്ടു വർഷം ശരവേഗത്തിൽ പാഞ്ഞു. അടുത്തവരവിൽ വലംകൈപിടിച്ച് അയിഷയും ഉണ്ടാകുമല്ലോ എന്നോർത്തപ്പോൾ എന്റെ മുഖത്തുണ്ടായ പുഞ്ചിരി അടുത്തിരിക്കുന്ന ആൾ കണ്ടുവോ  എന്നറിയാൻ ഞാൻ അയാളെ നോക്കി. ഉറക്കമാണ്, കയറിയപ്പോൾ മുതൽ. അയാൾ ഉണർന്നിരുന്നെങ്കിൽ കുറച്ചു സമയം സംസാരിച്ചിരിക്കാമായിരുന്നു എന്ന് കുറെ നേരമായി ഓർക്കുന്നു, എവിടുന്ന്. വീണ്ടും സ്വപ്നങ്ങളെ തന്നെ കൂട്ട് പിടിക്കണം എന്നു തോന്നുന്നു.

 

സ്വപ്നങ്ങളിലൂടെ ഒഴുകി നടന്നു, ഒടുവിൽ കരയെത്തി, എന്റെ നാട്. എന്റെ സ്വന്തം നാട്. അളിയനാണ് എന്നെ കൂട്ടാൻ എയർപോർട്ടിൽ വന്നത്. കണ്ടതേ ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ചു അളിയൻ ഒറ്റ കരച്ചിൽ. രണ്ടു വർഷം കൂടി കണ്ടതിന്റെ സന്തോഷം കൊണ്ടാവും. വാപ്പക്ക് എന്തോ തിരക്കായതുകൊണ്ട് വരാൻ പറ്റിയില്ലത്രേ. എല്ലാരേയും കാണാൻ പോകുന്നതിന്റെ ആകാംഷ എനിക്കൊരല്പം കൂടുതൽ ആണെന്ന് തോന്നുന്നു. വരുന്ന വഴിയിൽ അളിയൻ അധികമൊന്നും സംസാരിച്ചില്ല, ചിലപ്പോൾ രാവിലെ ഇത്തയുമായി വഴക്കിട്ടു പോന്നതാവും. ഇത്ത ചെറുപ്പം മുതലേ വഴക്കാളിയാണ്, പണ്ടൊരിക്കൽ വഴക്കിട്ടപ്പോൾ പേന വെച്ച് കുത്തിയ പാട് ഇപ്പഴും എന്റെ കയ്യിൽ ഉണ്ട്. അത് ഞാൻ അളിയനെ കാണിച്ച്, അവളെ കളിയാക്കുമ്പോൾ അവൾക്ക് എന്ത് ദേഷ്യമാണെന്നോ. 

 

ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഐഷയുടെ വീടെത്തിയത്. അളിയനോട് കാർ നിർത്താൻ പറഞ്ഞാലോ എന്നോർത്തപ്പോളാണ് വീട് പുറത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടത്. എല്ലാരും കൂടെ ഏതേലും കല്യാണത്തിനോ മറ്റോ പോയിട്ടുണ്ടാവുമോ. ചിലപ്പോൾ എന്റെ വീട്ടിൽ കാണും, എന്നെ നോക്കി ഇരിക്കുകയാവും. ആൽത്തറയും, കുരിശുപള്ളിയും വഴിയരികിലെ ഓരോ സ്ഥലങ്ങളും  ഒരു മാറ്റവും ഇല്ലാതെ അതേപോലെ തന്നെ ഉണ്ട്. പണ്ട് ഞാനും ഐഷയും സ്കൂൾ വിട്ടു സൈക്കിളിൽ വരുമ്പോൾ കുരിശുപള്ളിയുടെ മുന്നിൽ നിർത്തി ഞങ്ങൾക്ക് പരസ്പരം കല്യാണം കഴിക്കാൻ പറ്റണേയെന്ന് പ്രാർഥിക്കാറുണ്ടായിരുന്നു. ആ കഥകൾ ഒക്കെ പ്രായമാകുമ്പോൾ ചെറുമക്കൾക്ക് പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞു ഞാനും ഐഷയും ഇടയ്ക്കിടെ ചിരിക്കാറുണ്ട്. 

 

വീടെത്തി. എത്ര പേരാ ഞാൻ വന്നതറിഞ്ഞു എത്തിയിരിക്കുന്നെ. ഉമ്മ വിളിച്ചു വരുത്തിയതാവും എല്ലാരേയും, ഇന്ന് ഞാൻ ഉമ്മയ്ക്ക് കൊടുക്കുന്നുണ്ട്.  ഞാൻ ഓർത്തപോലെ തന്നെ ഐഷ ഇവിടെ ഉണ്ട്, പക്ഷെ അവൾ എന്റെ മുഖത്തേക്ക് നോക്കുന്നില്ല, ഞാൻ പറഞ്ഞില്ലേ, വരുന്ന കാര്യം നേരത്തെ പറയാത്തതിൽ പിണങ്ങി ഇരിക്കുവാ. ഉമ്മയും വാപ്പയും എന്നെ കണ്ടപ്പോഴേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ഞാൻ വിചാരിച്ച പോലെ ഫൈസി കൊച്ചാപ്പാന്നു വിളിച്ചു ഓടിവന്നു. അവൻ എന്നോട് മിഠായി എവിടെയെന്നു ചോദിച്ചു, അപ്പോഴേക്കും ആരോ വന്നു അവനെ എന്റെ അടുത്തുനിന്നു പിടിച്ചു മാറ്റി. പിന്നെ എനിക്ക് പരിചയം ഉള്ളതും ഇല്ലാത്തതുമായ കുറെ ആളുകൾ എന്നെ കാണാൻ എത്തി. ഞാൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. ചിലർ കരയുന്നുണ്ടായിരുന്നു. ചിലർ പരസ്പരം എന്തൊക്കെയോ പിറുപിറുത്തു. ഐഷ അപ്പോഴും എന്റെ മുഖത്തു നോക്കിയില്ല. വെളിയിൽ നിന്ന ചിലർ രഹസ്യമായി പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു “പയ്യന് 25 വയസ്സേ ഒള്ളു. സൈലന്റ് അറ്റാക്ക് ആണന്നാ കേട്ടേ... കൊറോണ ആരുന്നെന്നും ചിലർ പറയുന്നു... ഏതായാലും വീടിന്റെ അകത്തു കയറണ്ട... നമുക്ക് ഇവിടെ നിൽക്കാം "

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com