ADVERTISEMENT

രണ്ടു കള്ളന്മാർ (കഥ)

 

"പാവം കള്ളൻ", അനിയൻ ആത്മഗതം പറഞ്ഞു. കുഞ്ഞു പ്രായത്തിൽ അത് അവൻ ആത്മാർഥമായി തന്നെയായിരുന്നു പറഞ്ഞത്. അന്ന് ഞാൻ പത്താംക്ലാസിൽ പഠിക്കുന്നു, അനിയൻ അഞ്ചിലും. ഒരു ദിവസം അമ്മയും അനിയനും കൂടി ചങ്ങനാശേരി കവലയ്ക്കു പോയി. സാധനങ്ങൾ വാങ്ങണം, പിന്നെ അനിയന് ടൗൺ ബേക്കറിയിൽ നിന്നും ഐസ്ക്രീം കഴിക്കണം. സന്ധ്യ കഴിഞ്ഞു നേരം മങ്ങി തുടങ്ങിയിരുന്നു. യൂണിഫോമിന് ഇസ്തിരി ഇടാൻ തേപ്പുപെട്ടിയിൽ ചിരട്ട കനൽ നിറയ്ക്കുകയായിരുന്നു ഞാൻ. ''ജയശങ്കറെ... ജയശങ്കറെ... വേഗം വാ..'', ബഷീറിക്കയുടെ നിലവിളി ശബ്ദം കേട്ട് ഞാൻ അമ്പരന്നു. ഞാൻ വേഗം തിണ്ണയിൽ വന്നു നിന്നു നോക്കി. വഴിയിൽ ബഷീറിക്ക സൈക്കിളിൽ നിന്നിറങ്ങാതെ എത്തികുത്തി നിൽക്കുകയാണ്. ഹിദായത് ജംഗ്ഷനിലെ നാസർ അണ്ണന്റെ പലചരക്കു കടയിൽ എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളാണ് ബഷീറിക്ക. പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകനെ പോലിരിക്കും ബഷീറിക്കയെ കണ്ടാൽ. ''ദേ.. വേഗം വാ.. നിങ്ങടമ്മേടെ മാല കള്ളൻ പൊട്ടിച്ചു. വാ.. പൊലിറ്റേഷനിൽ പോകാം " അണച്ചുകൊണ്ടു ബഷീറിക്ക പറഞ്ഞു. അയൽക്കാർ ഓടി കൂടി. ബഷീറിക്ക വിവരങ്ങൾ വിശദീകരിച്ചു. മാല പറിച്ചോടിയ കള്ളൻ ചിത്രകുളത്തിന്റെ വഴിയിലേക്കാണ് ഓടിയത്. അവിടെ പുറമ്പോക്കിലുള്ള ചതുപ്പിൽ കള്ളൻ തെന്നി വീണു. പുറമ്പോക്കിലെ വീട്ടുകാരും കള്ളന്റെ പുറകെ ഓടിയ നാട്ടുകാരും കള്ളനെ പിടിച്ചു പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 

 

ഗേറ്റിൽ പാറാവു നിന്ന പൊലീസുകാരനോട് ബഷീറിക്ക പറഞ്ഞു. ''ദേ.. ആ മാല പോയ സ്ത്രീയുടെ മോനാണ്." പൊലീസുകാരൻ എന്നോട് അകത്തോട്ടു പോയിക്കൊള്ളാൻ പറഞ്ഞു. ബഷീറിക്ക പോയി. സ്റ്റേഷനുള്ളിൽ അമ്മയും അനിയനും വിഷമിച്ചു നിൽക്കുന്നു. വഴിയിൽ സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളു. സി ഐ ടി യു ഓഫീസിന് അടുത്ത് നിന്ന കള്ളൻ ഞൊടിയിടയിൽ അമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചുകൊണ്ട് ഓടി. അമ്മ വീഴാൻ പോയെങ്കിലും വീണില്ല. പേടിച്ചുപോയ അമ്മ ''കള്ളൻ ... കള്ളൻ" എന്ന് വ്യക്തമല്ലാതെ വിളിച്ചു കൂവി. ടൗൺ ഹാളിലേക്കുള്ള വഴി മുറിച്ചു ചിത്രകുളത്തിന്റെ വശത്തേക്കു ഇറങ്ങി ഓടിയ കള്ളന്റെ പിറകെ ഓടി ചിലർ. കള്ളന്റെ കഷ്ടകാലം! അയാൾ ചതുപ്പിൽ തെന്നി വീണു! 

 

ആദ്യമായിട്ടാണ് ഒരു പൊലീസ് സ്റ്റേഷന്റെ അകം കാണുന്നത്. പൊലീസുകാർ അവരുടെ ജോലികളിൽ വ്യാപൃതരാണ്. നിരന്തരമായി ചിലച്ചു കൊണ്ട് “വാകീടാകീ” സന്ദേശങ്ങൾ. അകത്തു മുറിയിൽ സബ്ഇൻസ്പെക്ടർ ആരോടോ ദേഷ്യപ്പെട്ടു സംസാരിക്കുന്നു. മാല പൊട്ടിയ ആഘാതത്തിൽ അമ്മയുടെ കഴുത്തിൽ നേരിയ മുറിവുണ്ടായിരുന്നു. ഒരു വനിതാ പൊലീസ് മുറിവിൽ പുരട്ടാൻ മരുന്ന് കൊണ്ടുതന്നു. ആ മുറിയുടെ മൂലയ്ക്ക് ഒരു മെലിഞ്ഞ മധ്യവയസ്കൻ നിൽപുണ്ടായിരുന്നു. "മോനെ .. അവനാ ..കള്ളൻ". അമ്മ എന്നോട് ചുണ്ടനക്കാതെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. കള്ളൻ വിഷമത്തോടെ എന്നെ നോക്കി. പൊലീസുകാർ കള്ളനെ അകത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി. ആ മുറിയുടെ ഒരു ജനൽപ്പാളി അടയാതെ അൽപം തുറന്നിരുന്നു. ഞാൻ നിന്നടത്തുനിന്ന് ചരിഞ്ഞു നോക്കിയാൽ അകത്തു കള്ളൻ തറയിൽ കുത്തി ഇരിക്കുന്നത് കാണാം. കള്ളൻ അണ്ടർവെയർ മാത്രമെ ഇട്ടിരുന്നുള്ളു. രണ്ടു പൊലീസുകാർ കള്ളനെ കുനിച്ചു പിടിച്ചു. മൂന്നാമതൊരു പൊലീസുകാരൻ കൈമടക്കി കൈമുട്ട് കള്ളന്റെ നട്ടെല്ലിൽ താളാത്മകമായി അമർത്തി. 

 

"അയ്യോ... എന്റെ പൊന്നുസാറന്മാരെ... എനിക്കറിയില്ലേ... എന്റെ പൊന്നേമാന്മാരെ.. മാല എന്റെ കൈയിൽനിന്നും പോയി സാറെ... എന്നെ കൊല്ലല്ലേ..." കള്ളൻ കേണു പറഞ്ഞു. കരൾ അലിയിപ്പിക്കുന്നതായിരുന്നു കള്ളന്റെ ദീനരോദനം. രണ്ടു പൊലീസുകാർ കള്ളന്റെ തോളിൽ അമർത്തി പിടിച്ചു. കള്ളൻ തറയിൽ കാലുകൾ നീട്ടി ഇരുന്നു. വേറെ രണ്ടു പൊലീസുകാർ ഒരു ലാത്തി കൊണ്ടുവന്നു കള്ളന്റെ തുടകളിൽ കുറുകെ വച്ചു. രണ്ടു വശത്തുനിന്നും കൊണ്ട് ലാത്തി ചവിട്ടി കള്ളന്റെ തുടകളിലൂടെ കാൽമുട്ടിലൂടെ താഴോട്ട് ഉരുട്ടി. "എന്റെ പൊന്നു സാറന്മാരെ.. അയ്യോ.. ഞാനിനി കക്കത്തില്ലേ... ഞാൻ കള്ളനല്ലേ", അയാൾ വേദന കൊണ്ട് പുളഞ്ഞു കരഞ്ഞു. പിറ്റേന്നു കള്ളനെ കോടതിയിൽ ഹാജരാക്കുമ്പോൾ അമ്മയും അനിയനും അവിടെ എത്തണമെന്നു പൊലീസുകാർ പറഞ്ഞു. പാതിരാത്രി കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ. അഞ്ചു പവന്റെ സ്വർണമാല ആയിരുന്നു നഷ്ടപ്പെട്ടത്. ഒരുപാടു കാലം കഷ്ടപ്പെട്ടു മിച്ചം പിടിച്ചു സൂക്ഷിച്ച പൈസകൊണ്ട് അമ്മ വാങ്ങിയ മാല. ആകെ ഉണ്ടായിരുന്ന സ്വർണത്തിന്റെ പണ്ടം! വീട്ടിൽ എത്തി അമ്മ വസ്ത്രങ്ങൾ മാറുമ്പോൾ ബ്ലൗസിനുള്ളിൽ കുടുങ്ങി കിടന്നു തിളങ്ങുന്ന സ്വർണ താലി.

 

എന്നും ജോലിക്ക് പോകുമ്പോൾ പുറമ്പോക്കിലെ ചതുപ്പിലേക്ക് അമ്മ അറിയാതെ നോക്കും. മാല നഷ്ടപ്പെട്ട ദിവസത്തിലെ സംഭവങ്ങൾ അമ്മയ്ക്കു മറക്കാൻ സാധിച്ചില്ല. ആ മാലയും! പുറമ്പോക്കിലെ സ്ത്രീകൾ അമ്മയെ കാണുമ്പോൾ സഹതാപത്തോടെ നോക്കി നിൽക്കും. കുറച്ചുനാൾ കഴിഞ്ഞു. പുറമ്പോക്കിലെ വീടുകളിൽ എന്തോ വഴക്കു നടക്കുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് പ്രാകി പറയുന്നു. അത് അമ്മ കേൾക്കണമെന്ന് അവർക്ക് നിർബന്ധമുള്ളതുപോലെ! "എടീ... നീ ഒരുകാലത്തും കൊണം പിടിക്കില്ലാടി... ആ ചേച്ചിടെ മാല കിട്ടിയേപ്പിന്നെ അല്ലേടി... നിനക്കു ബ്രിഡ്ജും... ടീവിയും... ഒണ്ടായത്... നീ മുടിഞ്ഞു പോകുമെടീ..." അന്ന് ഞങ്ങളെല്ലാവരും ആ കള്ളനെ ഓർത്തു വിഷമിച്ചു. "പാവം കള്ളൻ", അനിയൻ പറഞ്ഞു.

 

അന്ന് വാടകവീടുകളിൽ ആയിരുന്നു താമസം. വീട്ടുവാടക, ഞങ്ങൾ കുട്ടികളുടെ പഠിപ്പ്, ആഹാരം, വസ്ത്രം, അടിസ്ഥാന സൗകര്യങ്ങൾ തട്ടികൂട്ടുമ്പോൾ പേഴ്സ് കാലി. അന്ന് ഞാൻ കോളജിലും അനിയനും പെങ്ങളും സ്കൂളിലും പഠിക്കുന്നു. ഒരു പഴയ വീട്ടിലായിരുന്നു താമസം. ഒരു അടച്ചുറപ്പില്ലാത്ത ചെറിയ വീട്. അന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം അവസാനിക്കുന്ന രാത്രിയായിരുന്നു. കഥകളി കാണാൻ അച്ഛൻ അമ്പലത്തിൽ പോയിരുന്നു. പാതിരാത്രി കഴിഞ്ഞു അച്ഛൻ വീട്ടിൽ വന്നപ്പോൾ. അച്ഛൻ വീടിനു മുറ്റത്തെത്തി. ജനലിനരുകിൽ ഇരുട്ടിൽ ആരോ മറഞ്ഞു നിൽക്കുന്നു. തലയിൽ ഒരു തുണി ചുറ്റിയിട്ടുണ്ട്. മുഖം മറച്ചിരുന്നു. കള്ളൻ! അച്ഛൻ കള്ളനെ കടന്നു പിടിച്ചു. കള്ളനും അച്ഛനും മൽപിടുത്തമായി. ശബ്ദം കേട്ട് ഞങ്ങൾ ഉണർന്നു. കള്ളൻ അച്ഛനെ തൊഴിച്ചു താഴെയിട്ടു. അച്ഛൻ പറമ്പിൽ വാഴേടെ ചോട്ടിൽ മറിഞ്ഞു വീണു. അച്ഛന്റെ പിടിയിൽ നിന്നും വിട്ട കള്ളൻ കക്കൂസിന്റെ പിന്നിലൂടെ ഓടി മുള്ളുവേലി ചാടി. കള്ളന്റെ മുണ്ട് മുള്ളുവേലിയിൽ കുടുങ്ങി. അയാൾ മുഖമടിച്ചു അടുത്ത വീടിന്റെ കാർപോർച്ചിൽ കമഴ്ന്നു വീണു. അവിടുന്ന് എഴുന്നേറ്റ് കള്ളൻ ഓടി. ഇരുട്ടിൽ മറഞ്ഞു. 

 

എല്ലാവരും ഭയന്നു. അന്ന് അമ്മയ്ക്ക് ശമ്പളം കിട്ടിയ ദിവസമായിരുന്നു. അമ്മ ഹാൻഡ് ബാഗ് പരിശോധിച്ചു. ഭാഗ്യം! പണം അതിലുണ്ടായിരുന്നു. കള്ളനൊന്നും മോഷ്ടിക്കാൻ സാധിച്ചില്ല എന്ന ആശ്വാസത്തിൽ എല്ലാവരും ബാക്കി രാത്രി ഉറങ്ങി. രാവിലെ ഉണർന്ന അമ്മ അടുക്കളയുടെ കതക് തുറന്നു കിടക്കുന്നത് കണ്ടു. അമ്മയ്ക്ക് സംശയമായി. കള്ളൻ വീടിനുള്ളിൽ കടന്നിരുന്നോ? പുറത്തു ഇറങ്ങിയ കള്ളനെയാണോ അച്ഛൻ കണ്ടത്? ഹാൻഡ് ബാഗ് ഏതായാലും കള്ളന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. കഴുത്തിൽ തപ്പിയപ്പോൾ ഒരു ‍ഞെട്ടലോടെ അമ്മയ്ക്ക് മനസിലായി അമ്മയുടെ താലിമാല നഷ്ടപ്പെട്ടിരിക്കുന്നു. കള്ളനുമായിട്ടുള്ള "സ്റ്റൻഡ്" കഴിഞ്ഞു അച്ഛന് നല്ല ശരീര വേദന ഉണ്ടായിരുന്നു. മാല നഷ്ടപ്പെട്ടത് കഷ്ടമായിപ്പോയി! ചായയുമായി വന്ന അമ്മ എല്ലാവരോടുമായി പറഞ്ഞു."സാരമില്ല. മാല സ്വർണമല്ല. അത് മുക്കാണ്!" താലി നഷ്ടപ്പെട്ടതിൽ അമ്മയ്ക്ക് വിഷമമുണ്ടായിരുന്നു. അത് സ്വർണമായിരുന്നത് കൊണ്ടല്ല! 

 

അമ്മ അന്ന് ഓഫീസിൽ പോയില്ല. പോകാൻ അമ്മയ്ക്ക് അന്നൊരു മനസ്സില്ലായിരുന്നു. ഉച്ച കഴിഞ്ഞ നേരം. കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ അരമതിലിൽ എന്തോ മിന്നി തിളങ്ങുന്നത് അമ്മ കണ്ടു. താലി! സ്വർണ്ണത്തിന്റെ താലി! കള്ളൻ വച്ചിട്ട് പോയതാണ്. "നല്ല കള്ളൻ", അനിയൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com