ADVERTISEMENT

മിഴിനീർമഴ (കഥ)

മഴ തിമർത്തു പെയ്തു കൊണ്ടിരിക്കുന്നു. പെരുന്നാളിന്റെ ഒരുക്കത്തിലാണെല്ലാവരും. ഒരുക്കമെന്നു പറയാൻ എന്താണുള്ളത്? അയാളുടെ മനസ്സ് ഭൂതകാലത്തിലേക്ക് ഊളിയിട്ടിറങ്ങി. പടക്കത്തിന്റെ ശബ്ദം അയാളുടെ ഓർമ്മകളിൽ നിറഞ്ഞു. അന്ന് പടക്കമില്ലാത്ത പെരുന്നാളില്ലായിരുന്നു. വീട്ടിൽ നിന്ന് കിട്ടുന്ന കാശുമായി ആദ്യം ഓടുന്നത് പടക്കം മാമയുടെ കടയിലേക്കാണ്. പിന്നെ പെരുന്നാൾപ്പൊടി കിട്ടാനുള്ള കാത്തിരിപ്പാണ്. വിരുന്നു വന്നവർ എത്രയും പെട്ടെന്ന് പോകണേ എന്നായിരുന്നു അന്നൊക്കെയുള്ള പ്രാർഥന. അവർ പോകുമ്പോഴല്ലേ പെരുന്നാൾ പൊടി കിട്ടൂ. അതിനു ശേഷം അടുത്തുള്ള ബന്ധു വീടുകളിലൊക്കെ ഒരു കറക്കം. അവർ കണ്ടില്ലെങ്കിൽ കാണാനുദ്ദേശിച്ച് ഒരു ബഹളം. അവിടൊന്നൊക്കെ പെരുന്നാൾ പൊടിയും മേടിച്ചുള്ള ഓട്ടപ്പാച്ചിൽ. അതിനിടയിൽ ബാപ്പയുടെ ശബ്ദം. "എടാ, പള്ളിയിൽ പോയി പെരുന്നാൾ നിസ്ക്കാരമൊക്കെ കഴിഞ്ഞ് വന്നിട്ട് മതി ഇനി പിരിവൊക്കെ.."

 

പിന്നെ പുത്തനുടുപ്പുമിട്ട് അത്തറും പൂശി പള്ളിയിലേക്ക് ഒരോട്ടം. തിരികെ വരുമ്പോഴുള്ള ബന്ധു വീടുകളിലൊക്കെ കയറി അവിടെ നിന്നൊക്കെ കറി കഴിച്ച്  പെരുന്നാൾ പൊടിയും വാങ്ങിയാണ് മടക്കം. കറിയെന്നത് പത്തിരിയ്ക്കും ഇറച്ചിക്കറിയ്ക്കുമൊപ്പം തന്നെ ഞങ്ങളുടെ നാട്ടിൽ അന്നും ഇന്നുമുള്ള ശർക്കരയും ഏത്തപ്പഴവും ചേർത്തുള്ള വിശേഷപ്പെട്ട ഒരു പായസമാണ്. നാട്ടിൽ നിന്ന് പോന്നിട്ട് ഏറെയായെങ്കിലും പെരുന്നാളിന് കറിയില്ലാത്ത ഒരാഘോഷമില്ല ഞങ്ങൾക്ക്, ഏതൊക്കെ ബിരിയാണി ഉണ്ടെന്ന് പറഞ്ഞിട്ടും..

 

"എടാ,നിനക്ക് അവിടുന്ന് എത്ര രൂപാ കിട്ടി?" പള്ളിയിൽ നിന്ന് തിരികെ വരുമ്പോൾ എല്ലാവരും പെരുന്നാൾ പൊടി എണ്ണിത്തിട്ടപ്പെടുത്താനുള്ള തിടുക്കമാണ്. പിന്നെ നേരെ പോകുന്നത് അങ്ങാടിയിലെ പടക്കക്കടയിലേക്കാണ്. അപ്പോഴേക്കും പെരുന്നാൾ നിസ്ക്കാരവും കഴിഞ്ഞ് പടക്കം മാമയും എത്തിയിട്ടുണ്ടാവും. അന്ന് രാത്രി പൊട്ടിക്കാനുള്ള ഓലപ്പടക്കം, ഏറു പടക്കം, പൂത്തിരി, കമ്പിത്തിരി, മത്താപ്പ്.. അങ്ങനെ പടക്കങ്ങളും ശേഖരിച്ചാണ് വീട്ടിലേക്ക് വരിക. കളിത്തോക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. അതു കഴിഞ്ഞു വരുമ്പോൾ മിക്കവാറും പോക്കറ്റ് കാലിയായിരിക്കും. ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ? പള്ളിയിൽ പോയി വന്ന മക്കൾ മൊബൈലിന്റെ ലോകത്തേക്ക് മടങ്ങി. ആശംസയും ആഘോഷവുമൊക്കെ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലുമാണ്. ചാറ്റിങ്ങിലും ചീറ്റിംഗിലും ലോകം ഒതുങ്ങിപ്പോയിരിക്കുന്നു.

 

മഴ പെയ്തു തോർന്നിട്ടും ഓർമ്മകൾ പെയ്തു തീർന്നിരുന്നില്ല. ബാപ്പ നേരത്തെ പോയി. പിന്നെ ഉമ്മയെ കാണാൻ വരുന്നതും ഉമ്മയ്ക്ക് പെരുന്നാൾപ്പൊടി കൊടുക്കുന്നതും ഉമ്മയുടെ കൈയിൽ നിന്ന് പെരുന്നാൾപ്പൊടി വാങ്ങുന്നതുമായിരുന്നു അയാളുടെ പെരുന്നാൾ. ഉമ്മറത്ത് കാലിയായിക്കിടക്കുന്ന ചാരുകസേരയിലേക്ക് അയാൾ ദുഃഖത്തോടെ നോക്കി. കഴിഞ്ഞ പെരുന്നാൾ വരെ ഉമ്മ ചിരിച്ചു കൊണ്ട് വിശേഷങ്ങൾ പറയുകയും വരുമ്പോൾ ‘"എന്താ മോനേ, നിങ്ങൾ ഇത്ര താമസിച്ചത്?" എന്നും പോകാൻ നേരം "അവന് വന്നപ്പോൾ തന്നെ പോകാനുള്ള വെപ്രാളം തുടങ്ങി. കുറെ കഴിഞ്ഞിട്ട് പോയാൽ മതി.." എന്ന് പറയുകയും ചെയ്തിരുന്ന ഉമ്മയുടെ കാര്യമോർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. 

 

"ഇനി നമുക്കിറങ്ങാം." ഭാര്യ പറഞ്ഞിട്ട് പ്രതികരണത്തിനായി നോക്കി. "എന്താ കണ്ണു നിറഞ്ഞിരിക്കുന്നത്?" അവൾ ചോദിച്ചു. ഒന്നും പറയാതെ അയാൾ ടവ്വലെടുത്ത് മെല്ലെ കണ്ണു തുടച്ചു, അനുജൻമാരോടും സഹോദരിമാരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ ശ്രദ്ധിച്ചു. എല്ലാവരുടെ മുഖങ്ങളും വിവർണ്ണമാണ്. ഉമ്മയില്ലാത്ത ആദ്യത്തെ പെരുന്നാൾ ആർക്കും ഉൾക്കൊള്ളാനായിട്ടില്ല. യാന്ത്രികമായി പുറത്തേക്ക് നടക്കുമ്പോൾ ഉമ്മയുടെ പിൻവിളിക്കായി വെറുതെയെങ്കിലും അയാൾ കാതോർത്തു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com