ADVERTISEMENT

പിരമിഡിലെ മമ്മിക്ക് വിശക്കുന്നു, മക്കളെ, 

പശിയടക്കാനെന്തെങ്കിലും വേണം          

പിരമിഡിലെ മമ്മിക്ക് ദാഹം ശമിക്കണം,  

ഒരു കവിൾ ദാഹനീരെങ്കിലും നൽകണം

ഒരു മാത്ര ശുദ്ധമാം വായു ശ്വസിക്കുവാൻ 

പ്രകൃതിയുടെ ഒരു മൂലയിൽ തുറസ്സായ് കിടത്തണം 

പിരമിഡിലെ മമ്മിക്ക് ഒരു ദീർഘ നിശ്വാസം; 

പൂർവ സ്മൃതികളിൽ ഒരു മിഴി നീർക്കണം..

ഒരു മോഹഭംഗത്തിന് രോദനം, പിന്നെ,  

ഉന്മാദിനിയെ പോൽ പൊട്ടിക്കരയണം..          

ജീവിച്ചു തീരാത്ത ഹൃത്തിൻ കനൽചൂടിൽ 

നിന്നൊരു പുത്തൻ പുലരിപ്പൂവാകണം. 

ബന്ധനത്തിന്റെയീ കല്ലറയിൽ നിന്നും  

മമ്മിക്ക് ഒന്ന് പുറത്തു കടക്കണം.            

ചുക്കി ചുളിഞ്ഞ തൻ ദേഹവസ്ത്രത്തെ,

പോഷകങ്ങൾ നൽകി വാർത്തൊന്നെടുക്കണം.

പിരമിഡിലെ മമ്മിക്ക് അമ്മയെ കാണണം; 

അച്ഛന്റെ കാലിൽ തൊട്ടു വണങ്ങണം.     

ഉറ്റവരോടൊത്തു നാടാകെ ചുറ്റണം 

പൊട്ടി ചിരിക്കണം; പൊട്ടിക്കരയണം

സ്വപ്‌നം മയങ്ങും മിഴികളാൽ കൗമാര 

പ്രേമ ശലഭങ്ങളെ കടാക്ഷിക്കണം.

മഴ നനഞ്ഞൊട്ടിയ വസ്ത്രവുമായി ചെന്ന് 

വീട്ടിലെ അമ്മയുടെ ശകാരം ശ്രവിക്കണം.

ജ്യേഷ്ഠനുമായ് ഗുസ്തി മത്സരം നടത്തണം; 

ചേച്ചിയെ കൊഞ്ഞനം കാട്ടി രസിക്കണം.

സ്നേഹ സമ്പന്നനാം പുരുഷനൊരാളുടെ, 

ഇഷ്ട വധുവായി ജീവിച്ചു തീർക്കണം.

രത്നഖചിതമാം ഈ കല്ലറയിലെ 

ഈ ജഡജീവിതം എന്നോ മടുത്തു ഞാൻ    

വേണ്ട എനിക്കീ പട്ടും വളയും, 

വേണ്ട ഈ മുന്തിയ സുഗന്ധ പരിവേഷം       

എത്രയും പെട്ടെന്ന് മക്കളെ നിങ്ങൾ 

മമ്മിയെ സ്വതന്ത്രയാക്കിയാലും.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com