' കടയുടെ ഷട്ടറിൽ സിനിമാനടി ശ്രീവിദ്യയുടെ പടം വരയ്ക്കാൻ ഏൽപ്പിച്ചു; വരച്ച പടം കണ്ട് തോമസിനു കരച്ചിൽ വന്നു..'

malayalam-story-shutterile-sreevidya
Representative image. Photo Credit: gilaxia/istockphoto.com
SHARE

ഷട്ടറിലെ ശ്രീവിദ്യ (കഥ)

1975 കാലഘട്ടം. തോമസിന്റെ കോളേജ് പഠനം ഒക്കെ കഴിഞ്ഞു. കുടുംബ ബിസിനസ് ആയ സ്വർണവ്യാപാരം തന്നെ ചെയ്യാൻ തീരുമാനിച്ചു അദ്ദേഹവും. അക്കാലത്ത് തൃശൂർ ഹൈവേ റോഡ് മുഴുവനും സ്വർണ പീടികകൾ കൊണ്ട് നിറഞ്ഞിരുന്നു. ഏതാണ്ട് പെരുന്നാളിനും ഉത്സവത്തിനും സ്റ്റാളുകൾ വരുന്നതുപോലെ ആയിരുന്നു സ്വർണ പീടികകൾ ഉണ്ടായിരുന്നത്. പുതിയ ഫാഷൻ തേടി മിക്കവാറും ഇതര ജില്ലകളിൽ നിന്ന് പോലും ആൾക്കാർ സ്വർണം വാങ്ങാൻ തൃശ്ശൂർക്ക് വന്നിരുന്നു. ഇത്രയധികം കടകൾ ഒന്നിച്ച് ഉണ്ടെങ്കിൽ പോലും ആർക്കും നഷ്ടമില്ലെന്ന് മാത്രമല്ല എല്ലാവർക്കും അത്യാവശ്യം കച്ചവടവും ലാഭവും ഉണ്ടായിരുന്നു. വരുന്ന കസ്റ്റമേഴ്സിന് തന്റെ കടയിലെ ആഭരണങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്നേഹപൂർവ്വം അടുത്ത കടയിലേക്ക് അവർ തന്നെ പറഞ്ഞു വിടും. ജ്വല്ലറി ഉടമകൾ പരസ്പരം ആരോഗ്യകരമായ മത്സരം നിലനിർത്തി.

തോമസ് ഒരു കടമുറി വാടകക്കെടുത്ത് അതിൽ ഇന്റീരിയർ വർക്ക് ഒക്കെ തുടങ്ങി. അക്കാലത്ത് തട്ടാന്മാർ സ്വർണം കടയിലിരുന്ന് പണിയുന്നതിനു പകരം മെഷീനിൽ അടിച്ചെടുത്ത വളകളും കമ്മലും നെക്ലേസും ഒക്കെ മദ്രാസിൽനിന്ന് ഇറങ്ങി തുടങ്ങിയിരുന്നു. മുഖത്തോട് മുഖം നോക്കി നിൽക്കുന്ന സ്വർണ്ണ കടകളുടെ ഷട്ടറുകളിൽ അന്നത്തെ പ്രമുഖ നടികൾ ആയിരുന്ന ഷീലയും കെ. ആർ. വിജയയും ജയഭാരതിയും വിധുബാലയും ശാരദയും ഒക്കെ സ്വർണ്ണാഭരണ വിഭൂഷിതരായി നിൽക്കുന്ന ചിത്രങ്ങളായിരുന്നു. ഞായറാഴ്ചകളിൽ ഷട്ടറിട്ട കടകളുടെ മുൻപിൽ ആൾക്കാർ കൂട്ടംകൂടി നിന്ന് സിനിമാനടികളുടെ സൗന്ദര്യം ആസ്വദിക്കുന്നത് അക്കാലത്തെ ഒരു പതിവ് കാഴ്ച. ഷട്ടറിന്മേൽ ശ്രീവിദ്യ എന്ന നടിയുടെ ചിത്രം മതിയെന്ന് തോമസ് മനസ്സിലുറപ്പിച്ചു. കൂട്ടത്തിൽ ഏറ്റവും മിടുക്കനായ ആർട്ടിസ്റ്റ് രാഘവനെ തന്നെ തോമസ് കൂട്ടിക്കൊണ്ടുവന്ന് കടയുടെ ഷട്ടർ കാണിച്ചുകൊടുത്തു. 11 അടി ഉയരവും 11അടി വീതിയുമുള്ള ഷട്ടറിൽ ശ്രീവിദ്യയുടെ വലിയ ചിത്രം വരച്ചു തരാം എന്നേറ്റു രാഘവൻ. ആകെ വരുന്ന ചെലവ് കണക്കാക്കി എസ്റ്റിമേറ്റ് തുക പറഞ്ഞുറപ്പിച്ചു. "ആദ്യം ഷട്ടർ പെയിന്റ് അടിക്കണം. രണ്ടുദിവസം കഴിഞ്ഞ് ഉണങ്ങിയതിനു ശേഷം സ്ലൈഡ് പ്രൊജക്ടറിൽ ഫോട്ടോ അവിടെ പ്രോജക്ട് ചെയ്ത് സ്കെച്ച് ഇടാം. അതുകഴിഞ്ഞ് ഇനാമൽ പെയിൻറ് ചെയ്യാം. നാല് ദിവസത്തെ രാത്രി പണി ആയിരിക്കും." രാഘവന്റെ ഡിമാൻഡ് തോമസ് അംഗീകരിച്ചു. തുക അൽപം കൂടുതൽ അല്ലേ എന്നു തോമസ് ഒരു സംശയം ചോദിച്ചു. ഷട്ടറിന്റെ നിരപ്പല്ലാത്ത ഉപരിതലത്തിൽ വരയ്ക്കാൻ വളരെ പ്രയാസം ആണെന്നും എന്റെ റേറ്റ് ഇതാണ് എന്ന് കട്ടായം പറഞ്ഞു രാഘവൻ. ശ്രീവിദ്യയ്ക്ക് അന്നേ അത്യാവശ്യം നല്ല വണ്ണം ഒക്കെ ഉള്ളതുകൊണ്ട് മാലയുടെ പാറ്റേൺ ഒക്കെ നന്നായി വരയ്ക്കാനും പറ്റും. ഞാൻ അടിപൊളിയാക്കി തരാം എന്ന് രാഘവൻ.

ഷട്ടറിനെ കവർ ചെയ്ത് ഒരു ടാർപോളിൻ കെട്ടി ആദ്യം തന്നെ. വരച്ചു തീരുന്നതുവരെ ആരും കാണാതെ ഇരിക്കണമല്ലോ? മാത്രമല്ല ആ വഴിയുടെ അറ്റത്തുള്ള പള്ളിയിലേക്ക് പ്രദക്ഷിണം പോകുന്ന ദിവസം അടുത്തുവരികയാണ്. അന്നേ ദിവസം രാത്രി വിശ്വാസികളൊക്കെ മെഴുകുതിരി കത്തിച്ച് കൈയ്യിൽ പിടിച്ചാണ് പ്രദക്ഷിണം പോകുക. അന്ന് എല്ലാവരും ശ്രീവിദ്യയുടെ ചിത്രം മെഴുകുതിരി വെളിച്ചത്തിൽ കണ്ട് ഞെട്ടണം! അതായിരുന്നു തോമസിന്റെ മനസ്സിലെ പ്ലാൻ. രാഘവനെ എല്ലാം പറഞ്ഞു ഏൽപ്പിച്ച് തോമസ് ഓർഡർ ചെയ്ത സ്വർണ്ണം കൊണ്ടുവരാനായി മദ്രാസിലേക്കു പോയി. കടയുടെ ഇന്റീരിയർ ജോലികളൊക്കെ ആ സമയത്ത് തോമസിന്റെ അപ്പന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. അപ്പോഴാണ് അപ്പന്റെ ഒരു കൂട്ടുകാരൻ പറയുന്നത് ഇത്രയും കാശുമുടക്കി ഷട്ടറിന്മേൽ ശ്രീവിദ്യയുടെ പടം ഒന്നും വരയ്ക്കണ്ട. പിള്ളേർക്ക്‌ കാശിന്റെ വില അറിഞ്ഞുകൂടാ. എന്റെ പരിചയത്തിൽ വേലായുധൻ എന്നൊരു ആർട്ടിസ്റ്റ് ഉണ്ട്. പുള്ളി ഇതെല്ലാം ഇതിന്റെ പകുതി റേറ്റിന് ചെയ്തു തരും, ഞാൻ അവനെ വിളിക്കാം എന്ന്. രണ്ടു പേരും കൂടി ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കി. ജോലിക്ക് തയാറായി വന്ന രാഘവനെ രണ്ടു പേരും കൂടി പറപറപ്പിച്ചു. തോമസ് മദ്രാസിൽനിന്ന് വരുന്നതിനുമുമ്പ് ഇതെല്ലാം ചെയ്തു തീർക്കണം എന്ന ഒറ്റ വാശിയിൽ വേലായുധനെ വിളിച്ചു വരുത്തി.

വേലായുധൻ ആദ്യം ബോർഡ് എഴുത്തു തുടങ്ങി. ബോർഡിൽ വീട്ടുപേരും തോമസിന്റെ പേരും അപ്പന്റെ പേരും അപ്പാപ്പന്റെ പേരും എഴുതി കഴിഞ്ഞപ്പോൾ ഹൈ റോഡ്, തൃശ്ശൂർ. എന്നും ഫോൺനമ്പറും എഴുതാൻ സ്ഥലം ഇല്ലാതായി. പിന്നെ അത് മറ്റൊരു ബോർഡിൽ എഴുതി ചങ്ങലയിൽ തൂക്കിയിട്ട് ആ പ്രശ്നം അങ്ങനെ പരിഹരിച്ചു. പിന്നെ ഷട്ടർ പെയിന്റ് ചെയ്തു ഉണങ്ങിക്കഴിഞ്ഞ് നടി ശ്രീവിദ്യയുടെ ചിത്രം വരയ്ക്കാൻ തുടങ്ങിയപ്പോൾ അതൊന്നും അത്ര വശമില്ല. ഷട്ടറിന്റെ നിരപ്പല്ലാത്ത ഉപരിതലത്തിൽ വരയ്ക്കാനൊന്നും അയാൾക്ക് അറിഞ്ഞുകൂടാ. നല്ല പ്രാവീണ്യമുള്ളവർക്കെ അതൊക്കെ ചെയ്യാൻ സാധിക്കൂ. കുറച്ചു രാഷ്ട്രീയപാർട്ടികൾക്ക് ചുവരെഴുത്ത് നടത്തിയിട്ടുണ്ടെന്നല്ലാതെ ഈ പണിയൊന്നും ഇതിനുമുമ്പ് ചെയ്തിട്ടേയില്ല. 11 അടി വീതിയുള്ള ഷട്ടറിന്റെ ഒരറ്റത്ത് ഒരു സ്ത്രീരൂപം വരച്ചു വച്ചു. അതിനു ശ്രീവിദ്യയുടെ പോയിട്ട് ആരുടെയും ഛായ ഉണ്ടായിരുന്നില്ല. അപ്പന്റെ സമപ്രായക്കാരൻ ആയിരുന്നു അയാൾ. ചിത്രത്തിന്റെ വലുപ്പം കുറഞ്ഞു പോയോ എന്നൊരു സംശയം മാത്രമേ അപ്പന് ഉണ്ടായിരുന്നുള്ളൂ. രാത്രി ഷട്ടർ ഇട്ടാൽ അല്ലേ ഇത് കാണുകയുള്ളൂ. ഇതൊക്കെ ആര് കാണാനാണ്? എല്ലാം നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് അയാൾ കാശും വാങ്ങി സ്ഥലംവിട്ടു. ഓർഡർ ചെയ്ത സ്വർണവുമായി തോമസ് ട്രെയിനിറങ്ങി. അതിരാവിലെ തന്നെ കൂട്ടുകാരനെയും കൂട്ടി ഷട്ടറിന്റെ പണി കാണാൻ പോയി. വരച്ചുവെച്ചിരിക്കുന്ന ചിത്രം കണ്ടു തോമസ് കരഞ്ഞില്ല എന്നേ ഉള്ളൂ. സാക്ഷാൽ നടി ശ്രീവിദ്യ ഇത് കണ്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും? തന്റെ ജ്വല്ലറിയുടെ ഷട്ടറിലെ സുന്ദരിയായ ശ്രീവിദ്യ – ആ സ്വപ്നത്തിന്റെ മേലാണ് വേലായുധൻ കത്തി വച്ചത്. ക്ഷുഭിതനായ തോമസ് അവിടെ ബാക്കി ഇരുന്ന ഇനാമൽ പെയിൻറ് മുഴുവൻ ആ ചിത്രത്തിന്മേൽ കോരിയൊഴിച്ച് മൊത്തം അങ്ങ് തേച്ചുപിടിപ്പിച്ചു.

‘ഒരു അരിശത്തിന് കിണറ്റിൽ ചാടിയാൽ ഏഴരിശത്തിന് തിരിച്ചു കയറാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ?’ ഹതാശനായ തോമസ് സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി. ഇനി എന്ത് ചെയ്യും? പ്രദക്ഷിണ ദിവസമങ്ങടുത്തു തുടങ്ങി. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് ഒരു സുഹൃത്ത് തോമസിന്റെ സഹായത്തിനെത്തിയത്. “ചോദിക്കുന്നവരോടൊക്കെ ഇതൊരു മോഡേൺ ആർട്ട് ആണെന്ന് പറയാം. ഒരു കാഴ്ച അതുപോലെ പകർത്തുന്നതിന് പകരം ആശയങ്ങൾക്ക് പ്രാധാന്യം നൽകുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്ന് നമുക്ക് പറഞ്ഞ് ഒപ്പിക്കാം. ബുദ്ധിയുള്ളവർക്ക് മാത്രമേ ഈ ചിത്രകാരൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ. ഇതു വരയ്ക്കാൻ മദ്രാസിൽ നിന്നാണ് ചിത്രകാരനെ വരുത്തിയത് എന്ന് പബ്ലിസിറ്റി കൊടുക്കാം.” ഏതായാലും സുഹൃത്തുക്കളൊക്കെ കൂടി ഒന്നിച്ചു നിന്ന് ഈ നുണപ്രചാരണം നടത്തി തോമസിനെ രക്ഷിച്ചെടുത്തു. സ്ഥാപനം ഉത്ഘാടനം നടത്തി. വേലായുധൻ പറഞ്ഞതുപോലെ ഷട്ടറിന്റെ ഭംഗി ഒന്നും നോക്കിയല്ല ആൾക്കാർ സ്വർണം വാങ്ങുന്നത്. സ്വർണത്തിന്റെ പരിശുദ്ധിയും തോമസിന്റെ പൂർവികർ എല്ലാം സ്വർണ്ണ കച്ചവടം ചെയ്യുന്നവരായിരുന്നതുകൊണ്ട് അവർ നേടിയെടുത്ത വിശ്വാസ്യത കാരണം ബിസിനസ് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു. തോമസിന്റെ ചുവടുപിടിച്ച് പല ജ്വല്ലറി ഷട്ടറുകളിലും സിനിമാ നടികളെ ഒഴിവാക്കി അധികം ആർക്കും മനസ്സിലാക്കാൻ പറ്റാത്ത ‘അബ്സ്ട്രാക്ട്’ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ആധുനിക കലയിൽ ചിത്രത്തിന്റെ ഭംഗിക്കല്ല മറിച്ച് നൂതനമായ ആശയങ്ങൾക്കാണ് പ്രസക്തി. 

ബിസിനസ് പച്ച പിടിച്ചതോടെ തോമസ് കൂടുതൽ പണം മുടക്കി വിശ്വവിഖ്യാത മോഡേൺ ആർട്ട് ചിത്രങ്ങളുടെ പകർപ്പ് ഷട്ടറിൽ ഭംഗിയായി വരച്ചു ചേർക്കാൻ ഏർപ്പാടാക്കി. കാലചക്രം ഉരുണ്ടു. പിന്നീട് കുറെക്കാലം കൂടി കഴിഞ്ഞപ്പോൾ തോമസിന്റെ മക്കളുടെ കാലം എത്തിയപ്പോൾ ഷട്ടറിൽ മനോഹരമായ ‘ഗ്രാഫിറ്റി’വർക്കുകൾ വരച്ചു ചേർത്തു. ഇന്നും പൂർവാധികം തലയെടുപ്പോടെ പ്രൗഢിയോടെ ആ പീടിക നഗരത്തിൽ നിൽക്കുന്നു. ‘ഷട്ടറിലെ ശ്രീവിദ്യ’ ഇന്ന് കൊച്ചുമക്കളോട് പറഞ്ഞു ചിരിക്കാനുള്ള ഒരു പഴങ്കഥ മാത്രമായി തോമസിന്..
 

Content Summary: Malayalam Short Story ' Shutterile Sreevidhya ' written by Mary Josy Malayil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS