'മച്ചാനേ ചെലവുണ്ട് കേട്ടോ, ലോട്ടറിക്കാരൻ പറഞ്ഞതു കേട്ടപ്പോൾ ലോട്ടറി അടിച്ചെന്ന് ഉറപ്പായി, എത്ര ലക്ഷം ആണോ ആവോ..'

malayalam-story-kanalppetti
Representative image. Photo Credit: pixelfusion3d/istockphoto.com
SHARE

കനൽപ്പെട്ടി (കഥ)

ആകെ കൈയിൽ ഉള്ളത് പന്ത്രണ്ടു രൂപ! എന്റെ ദൈവമേ ഇന്നിനി ആരോട് കടം ചോദിക്കും. സ്വയം ജ്യാള്യതയോടെ കട്ടിലിൽ എണീറ്റിരുന്നു. ഇന്നലത്തെ ആഘോഷത്തിന്റെ ആലസ്യം എന്നെ ഒന്നുകൂടി കട്ടിലിലേക്ക് വീഴ്ത്തി. ഒരു കൈ കുത്തി വീണ്ടും ഒന്നെണീറ്റു. കീറി തുടങ്ങിയ ട്രൗസറിന്റെ അറ്റം വലിച്ചു കേറ്റി താഴെ മുണ്ടു പരതി കണ്ടെത്തുന്നതിൽ ഏതായാലും വിജയിച്ചു. വരണ്ടുണങ്ങിയ തൊണ്ട നനക്കാൻ ഒരു തുള്ളി വെള്ളം പോലുമില്ല. താഴത്തെ കടയിലെ ഭാസ്കരേട്ടൻ തെറി പറയുമെങ്കിലും കടമായി ഭക്ഷണം തരും. ഭാസ്കരേട്ടൻ തന്നെ തന്ന പഴയ ഷർട്ടും ഇട്ടു നേരെ താഴേക്ക് ഇറങ്ങി. "ഭാസ്കരേട്ടാ ഒരു ചായേം ന്തേലും ഒരു കടീം" പറഞ്ഞത് കേട്ടപ്പോ തന്നെ ചേട്ടന്റെ മുഖം വാടി. എടാ നിന്നെയൊക്കെ ഇങ്ങനെ കടം തന്നു ശീലിപ്പിച്ചത് ഞാൻ തന്നെയാ... ഇന്നത്തേക്കും കൂടി ഇതിപ്പോ 112 ആയിട്ട.. "ആള്ക്കാര് പണിക്ക്പോയ് തുടങ്ങുവല്ലേ ഭാസ്കരേട്ട ഇനീപ്പോ തേപ്പു കടേം തപ്പി ആളു വന്നു തുടങ്ങും. പിന്നെ ഈ നൂറ്റിപന്ത്രണ്ടു രൂപക്കൊക്കെ എന്നോട് കണക്കു പറയാണോ? സവാള ബോണ്ട കടിച്ചോണ്ട് ഒരു കാച്ചങ് കാച്ചി. എന്റെ ഊറി ചിരി കണ്ടു ദയനീയ ഭാവത്തിൽ കുറെ കേട്ടിട്ടുണ്ട് എന്ന ഭാവത്തിൽ ചേട്ടൻ തലയാട്ടി. പുറത്തേക് ഇറങ്ങി എങ്ങോട്ടെന്നില്ലാതെ ഒന്ന് നിന്നപ്പോഴാണ് പിന്നിൽ നിന്ന് ഭാഗ്യക്കുറിക്കാരന്റെ വിളി. "ഒരു ടിക്കറ്റ് എടുക്കട്ടേ.." ഇന്നലത്തെ ദിവസത്തിന്റെ തനിയാവർത്തനം പോലെ ആയല്ലോ ഇതെന്ന് ഓർത്തപ്പോഴാണ് ഇന്നലെ എടുത്ത ടിക്കറ്റിനെ പറ്റി ഓർമ വന്നത്. "എടാ നീ ഒന്ന് നിക്ക് ഞാനിപ്പോ വരാ.."

ഇടുങ്ങിയ ഗോവണി പടി ഓടി കയറി ചെന്ന് നാലായി മടക്കിയ പേപ്പർ പഴ്സിനുള്ളിൽ മുഷിഞ്ഞ തുണ്ടു പേപ്പറുകൾക്കിടയിൽ നിന്നും ആ ലോട്ടറി ടിക്കറ്റ് എടുത്ത് താഴെക്ക് ഓടി. "നോക്കിയെടാ, വല്ലതും ഉണ്ടോന്ന്" വിയർപ്പും ആകാംഷയും നിറഞ്ഞ കണ്ണോടെ റിസൾട്ട് പേപ്പറിലും ലോട്ടറിക്കാരന്റെ മുഖത്തേക്കും മാറി മാറി നോക്കി. "മച്ചമ്പിയെ! ചെലവുണ്ട് കേട്ടാ!!!  എന്റെ ദൈവമേ എനിക്ക് ലോട്ടറി അടിച്ചോ!!! എത്രയാകും? എന്ത് ചെയ്യും പണം കൊണ്ട്? നല്ലൊരു വീട് വെക്കണം.. എത്രയാ അടിച്ചതെന്നു അവൻ പറയുന്ന ഇടവേളയിൽ ഇങ്ങനെ ഒരായിരം കിനാക്കൾ എന്റെ മനസ്സിൽ വിരിഞ്ഞു. "അളിയോ… എന്നാ പറ്റി? നൂറിന്റെ  അടിയുണ്ട്! ഒരു ടിക്കറ്റ് എടുത്താൽ ബാക്കി 60 രൂപ ഞാൻ തരാം..വേണോ? ഒരു നിമിഷം കൊണ്ട് എന്തെല്ലാം സ്വപ്നം കണ്ടു. അഹ് ഉള്ളതാകട്ടെ നീ ഒരു ലോട്ടറിയും ബാക്കി കാശും എടുക്ക്. പകരം കിട്ടിയ ലോട്ടറിയും പണവും പേപ്പർ മടക്കിൽ തിരുകി നടന്നു. കുറച്ചു മുന്നോട്ടു നടന്നപ്പോൾ ഒരു ആൾകൂട്ടം. തെരുവ് സർക്കസാണ്.. ഭാഗ്യ പരീക്ഷണത്തിനായി കുലുക്കികുത്തു മത്സരവും ഉണ്ട്. "ഇന്ന് ലോട്ടറി അടിച്ചതല്ലേ... ഭാഗ്യ ദേവത മുഴുവനായും വിട്ടു പോയിട്ടുണ്ടാവില്ല... ഒന്ന് നോക്കെന്നേ." ഈ മനസ് ഒരു ജിന്നാണ് അത് നമ്മളെ കൊണ്ട് പലതും ചെയ്യിക്കും.  

“എത്രയാണ് കളിക്ക്" എന്ന എന്റെ ചോദ്യം അയാൾ കേട്ടോ ആവൊ? കുലുക്കി കുത്ത് പകിട എടുത്ത് കറക്കുന്ന തിരക്കിൽ "അഹ് ഇരുപത്" എന്ന അലസമായ ഭാഷയിൽ അയാൾ പറഞ്ഞു. തെല്ലു നേരം ആകാശത്തു നോക്കി ഒരു കൂട്ടി കിഴിക്കൽ. 12 കൈയിൽ ഉണ്ടായിരുന്നതും 60 ലോട്ടറി അടിച്ചതും ചേർന്നു 82 ! അല്ല 72.. ഉച്ചയൂണിനു അമ്പലത്തിലെ അന്നദാനം തന്നെ ശരണം, അതിനു കാശുചെലവില്ലല്ലോ? അപ്പോ ഇരുപത് പോയാൽ ബാക്കി 52. ശെരി നോക്കിക്കളയാം എന്ന് ഉറപ്പിച്ചു ഇരുപത് വെച്ച് കളിച്ചു... പണ്ടേതോ സിനിമയിൽ സമാന സന്ദർഭത്തിൽ നായകന് സംഭവിച്ച പോലെ!! അടിച്ചത് കമ്പനിക്ക്!!!..." എന്റെ ദൈവമേ ഉള്ളതും കൂടി പോയല്ലോ." മനസില്ലാമനസോടെ നിന്ന എന്നോട് ചിരിയോടെ വീണ്ടും കുലുക്കി കുത്തുകാരന്റെ വശീകരണം "ഇരുപതല്ലെ പോയൊള്ളൂ അടുത്തത് വെച്ചു അമ്പത് വാരെന്നെ." "ഏതായാലും നനഞ്ഞു... ഇനീപ്പോ കുളിച്ചു കേറാം.." ബാക്കി ഉള്ള പൈസയിൽ നിന്ന് ഇരുപത് കൂടി വെച്ചു. വീണ്ടും തഥൈവ: "എന്റെ ദൈവമേ അതും പോയല്ലോ" അൽപനേരം വേണ്ടി വന്നു ആ തലകറക്കമൊന്നു മാറാൻ. "ശോ! ഒരു കാര്യോം ഇല്ലാരുന്നു. ഇനി എന്ത് ചെയ്യാനാണ് സർക്കസിലെ കോമാളിയെ പോലെ എന്റെ മനസ് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. ഉച്ചയായി.. ഇനി ഇപ്പോ എന്തെങ്കിലും കഴിച്ചിട്ടാകാം ബാക്കി പരിപാടികൾ. നേരെ അമ്പലത്തിലെ ആൽത്തറയെ ലക്ഷ്യമാക്കി നടന്നു. അല്‍പനേരം കൂടി ഉണ്ട് അന്നദാനം കാലമാകുവാൻ.. ആൽത്തറ അന്തേവാസികൾ ഒക്കെ നീങ്ങി തുടങ്ങുമ്പോൾ അങ്ങൊട് പോകാം അത് വരെ ഒരു ഉറക്കം പാസാക്കാമെന്നു കരുതി ആൽത്തറയിൽ കിടന്നു.

കുലുക്കികുത്ത് തോൽവിയുടെ ഭാരംകൊണ്ടാണോ എന്തോ പെട്ടെന്ന് തന്നെ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. നിറംകെട്ട കുട്ടിക്കാലത്തിന്റെയും യൗവ്വനത്തിലെ കഷ്ടപാടുകളുടെയും മണമുള്ള എന്തോക്കെയോ സ്വപ്‌നങ്ങൾ മനസ്സിൽ മാറിമറിഞ്ഞു. ഇടയ്ക്കെപ്പോഴോ അമ്പലമണി മുഴങ്ങുന്നത് കേട്ടാണ് ഉണർന്നത്. ആളുകൾ  അന്നദാന സ്ഥലത്തേക്കു നീങ്ങി തുടങ്ങി. കൂടുതലും അഗതികളും വൃദ്ധരും ആണ്. പതിവുകാരന്റെ ഗൗരവത്തിലും അധികാരത്തിലും മുന്നോട്ട് നടന്നു. വിശപ്പുകൊണ്ട് കഴിക്കാൻ കിട്ടിയത് വേഗം അകത്താക്കി. അന്നദാനം കഴിഞ്ഞതോടെ വീണ്ടും ആൽത്തറയിലേക്ക്.. നേരത്തെ കണ്ട സ്വപ്നത്തിന്റെ ബാക്കി ആകരുതേ എന്ന് പ്രാർഥിച്ചു കിടന്നു. എത്ര നേരം ഉറങ്ങി എന്നറിയില്ല, ആരോ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. നീട്ടി വളർത്തിയ മുടി ഭംഗിയിൽ കെട്ടിവെച്ചിരിക്കുന്നു, കുറ്റികാടിനെ അനുസ്മരിക്കും വിധമുള്ള താടി, നീണ്ട മൂക്ക്. ഇല്ല.. അങ്ങൊട് മനസിലാകുന്നില്ല... ആരാണെന്ന്. ഇളം പച്ച റെയ്ബാൻ ഗ്ലാസ്സിലൂടെ ആ നീല കണ്ണുകൾ കണ്ടപ്പോ ആ പഴയ ചങ്ങാതിയെ ഓർമവന്നു. കണ്ണൻ! അല്ല എന്റെ കണ്ണപ്പൻ... നീ ഇവിടെ? എപ്പോ വന്നു? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? അവനെ കണ്ടപാടെ നൂറു ചോദ്യങ്ങൾ. പകർച്ച പനിയുടെ പ്രോട്ടോകോൾ പാലിച്ചു കൈ ചുരുട്ടി അവനെന്റെ നേർക്ക് കാലത്തിന്റെ ഷേക്ക് ഹാൻഡ് നീട്ടി. അവന്റെ തടിയൻ ബ്രേസ്‌ലെറ്റ് ഉരസി ഞാൻ പതിയെ എന്റെ വാസനമുറുക്കാൻ പുരണ്ട കൈ ഒന്ന് മുട്ടിക്കാതെ മുട്ടിച്ചു.

എന്തൊക്കെ ഉണ്ടെടാ വിശേഷം, നീയൊക്കെ ഭാഗ്യവാനാ, ഇങ്ങനെ ഉച്ചക്ക് ഫ്രീ ആയി ചുമ്മാ കാറ്റും കൊണ്ട് നാട്ടിൽ കിടക്കാനും ഒരു യോഗം വേണമെന്നുള്ള അവന്റെ ഭാഷ്യംകേട്ട് ഉള്ളിൽ നിന്നും എന്റെ ഭാഗ്യമോർത്തു ചിരിപൊട്ടിയെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ ചോദിച്ചു "നീ ഇപ്പോ ഗൾഫിൽ അല്ലെ, കണ്ണപ്പ. എനിക്കൊക്കെ എന്തെങ്കിലും ജോലി അവിടെ കിട്ടുമോടാ." "അവിടെ ഒക്കെ എല്ലാം ഓട്ടോമാറ്റിക് ആണെടാ നിന്റെ ചിരട്ട കരികൊണ്ടുള്ള തേപ്പും കൊണ്ട് അവിടെ എന്ത് ജോലി കിട്ടാനാ?" മുഖം വാടിയത് പുറത്തു കാണിക്കാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. അഹ്! നീ ഇവിടെ കുറച്ചു നാള് ഉണ്ടാകുമല്ലോ അല്ലെ? ജ്യാള്യത മറച്ചു കൊണ്ട് ഞാൻ വിഷയം മാറ്റി. അവനു താമസിക്കാൻ പറ്റിയ ഒരു വലിയ വീട് കുറച്ചു നാളത്തേക്ക് വാടകയ്ക്കു കിട്ടുമോ എന്നറിയാനുള്ള വരവാണ് എന്റെ അടുത്ത് എത്തിച്ചതെന്ന് പിന്നീടുള്ള സംഭാഷണത്തിൽ മനസ്സിലായി. എന്റെ കഷ്ടപ്പാടുകൾ ഇനിയും അവനോട് പറയുന്നതിൽ അർഥമുണ്ടെന്നു തോന്നിയില്ല. അല്ലെങ്കിലും ഇപ്പോ ആരാണ് മറ്റുള്ളവരെ സഹായിക്കാൻ മിനക്കെടുന്നത്, സ്വന്തമായി കാര്യങ്ങൾ നോക്കാൻ തന്നെ പാടാണ്. 

തുണി തേക്കാൻ പോകുന്ന വീട്ടിലെ സൈമൺ മുതലാളിയുടെ പൂട്ടി കിടക്കുന്ന മൂന്ന് നില വീട് അധികം വാടകയില്ലാതെ ഒപ്പിച്ചു കൊടുത്തപ്പോ അവനു എന്തെന്നില്ലാത്ത സന്തോഷം. പോകാൻ നേരം പ്രോട്ടോകോൾ ഒക്കെ മറന്നത് പോലെ കൈയിൽ പിടിച്ചു നന്ദി പറഞ്ഞു പോകുമ്പോ ഒരു വാക്കു മാത്രമാണ് ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞത് "അളിയാ ഞാൻ എങ്ങനാടാ നിനക്കു കമ്മീഷൻ തരുന്നേ." കീറിയ പോക്കറ്റ് പൊത്തിപിടിച്ചു ഞാൻ ഇല്ലായ്മക്കാരന്റെ ചിരി ചിരിച്ചു. നേരം വൈകുന്നു... ഒരു ചായ പോലും വാങ്ങി തന്നില്ല അവൻ. ആകെ കിട്ടിയത് പതുപതുത്ത കാർസീറ്റിൽ ഇരുന്നുള്ള യാത്ര. മുന്നിലും പിറകിലും നാലു വെള്ളി വളയങ്ങൾ വെച്ച ആ വണ്ടി ഇതിനു മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ല. ഏതായാലും സുഖമുള്ള ഒരു യാത്ര തന്നെ!. കാലം എത്ര വേഗം പോയി, പഠിക്കുന്ന കാലത്തു 'അമ്മ ഉണ്ടാക്കിയ എത്ര തേൻ മിട്ടായി ഞാൻ കൊടുത്തതാണ് അവനു. അവനു പോലും എന്നെ ഒരു കൈ സഹായിക്കാൻ തോന്നിയില്ലലോ. അഹ് പോട്ടെ സാരമില്ല..' നെടുവീർപ്പുകൊണ്ട് ഞാൻ വിഷമത്തെ ഒതുക്കി. സായാഹ്ന സൂര്യൻ മുൻപൊക്കെ ഒരു ആശ്വാസമായിരുന്നെങ്കിലും ഉള്ളിലെ ചൂടുകൊണ്ടാണോ എന്തോ നാലു മണി കഴിഞ്ഞിട്ടും ചൂടിന് കുറവില്ല. ഭാസ്കരേട്ടന്റെ കട വരെ നടക്കാനുള്ള മടികൊണ്ടാവണം ബാക്കി ഉള്ള മുപ്പത്തിരണ്ട് രൂപയിൽ നിന്നും ഇരുപത് കൊടുത്തു ബംഗാളിയുടെ കടയിൽ നിന്നും ചായേം ഒരു പൊറോട്ടയും കഴിച്ചത്. ഈ കടയാകുമ്പോ ഒരു ഗുണം കൂടി ഉണ്ട്. പൊറോട്ടക്ക് കൂട്ടായ് ഒരു തവി സാമ്പാർ ഫ്രീ ഉണ്ടിവിടെ. ഭാസ്കരേട്ടന്റെ കടയിൽ ഇല്ലാത്ത ഒരു ഓഫർ!!! പൊറോട്ട ആക്കിയതിനും രണ്ടുണ്ട് കാര്യം "ചായക്ക് കടീം ആകും.. രാത്രി ഇനീപ്പോ ഒന്നും വേണ്ടതാനും.."

നേരം വൈകാറായി, അമ്പലക്കുളത്തിൽ ഒന്ന് കുളിച്ചു കേറിയപ്പോ കണ്ടത് എന്നെ കൂട്ടികൊണ്ട് പോകാൻ നിൽക്കുന്ന സൈമൺ മുതലാളിയെ ആണ്.. "എടാ നല്ല കമ്മീഷൻ ഒത്തുകാണുമല്ലോ, നല്ല കാശുകാരൻ ആണല്ലോ നിന്റെ കൂട്ടുകാരൻ". ചോദ്യം കേട്ട് നിസ്സംഗ ഭാവത്തിൽ ഞാൻ നിന്നു. "എടാ ന്റെ കുഞ്ഞിപ്പെണ്ണ് വിദേശത്തേക്ക് പോകുവാ... കുറച്ചു തുണി തേക്കാൻ ഉണ്ട്. നീ വാ" സൈമൺ മുതലാളി നല്ലവനാ.. കുറച്ചു പൈസ കിട്ടുമല്ലോ എന്നു ഞാൻ ആശ്വസിച്ചു. ഒരുപാട് തുണി ഉണ്ട്. എല്ലാം വേഗം തേച്ചു വെടിപ്പാക്കി. കരി ഇട്ടു തേക്കുന്ന എന്റെ തേപ്പുപെട്ടിയുടെ വേഗം ഇലക്ട്രിക് തേപ്പുപെട്ടിക്ക് ഇല്ലെന്ന് അവർക്ക് മനസിലായി. ഏതായാലും പണി കഴിഞ്ഞതോടെ നേരം ഇരുട്ടി. മുതലാളി തന്ന ഇരുനൂറു രൂപയും പഴയ രണ്ടു ഷർട്ടും പാന്റും മടക്കി നടക്കുമ്പോ കുലുക്കികുത്തിൽ ബമ്പർ അടിച്ച ലാഘവമായിരുന്നു മനസ്സിൽ. ജോലി ചെയ്തതിന്റെ ക്ഷീണത്തിൽ വീണ്ടും മുറിയിൽ കേറാൻ തുടങ്ങുമ്പോ ഒരു വിളി "എടാ ചെക്കാ.. ഒന്ന് നിൽക്ക!" തുണിതേക്കാൻ വാങ്ങിയ ഉണ്ടുവണ്ടിക്ക് പണം തന്ന പലിശപൊന്നപ്പൻ ചേട്ടനാണ്. "അയ്യോ പൊന്നപ്പൻ ചേട്ടനോ? ദൈവമേ കിട്ടിയ പൈസ പോയ്" എന്ന് മനസ്സിൽ ഉറപ്പിച്ചു. "എന്താടാ മേടിച്ച പണം തരാതെ മുങ്ങി നടക്കുന്നെ? ഇന്ന് പലിശയേലും മേടിച്ചിട്ടേ ഞാൻ പോകു" ഇത്രയും പറഞ്ഞു കീറിയ പോക്കറ്റിൽ നിന്നു രണ്ടു നൂറും ഒരു പത്തും നോട്ട് എടുത്തു. "ഇന്നാ എനിക്ക് ഇരുന്നൂറു മതി ഇപ്പോ, പത്തു നീ വെച്ചോ" 

ആറുമാസം മുടങ്ങിയ അവധിപറച്ചിൽ ഓർമവന്നത് കൊണ്ട് പിന്നെ ഒന്നും പറയാൻ നിന്നില്ല. എല്ലാം നഷ്ടപെട്ടവനെ പോലെ വീണ്ടും ഇടുങ്ങിയ ഗോവണി പടി കേറുമ്പോ ഭിത്തിയിലെ കരി മനസ്സിലേക്കും പടർന്നു തുടങ്ങുന്നു. കാറ്റിനേക്കാൾ ശബ്ദത്തിനുവേണ്ടി കറങ്ങുന്നു എന്ന്  തോന്നിപ്പിക്കുന്ന ഫാൻ ഓൺ ചെയ്തു വീഞ്ഞപ്പെട്ടികൾ അടുക്കിയ കട്ടിലിക്ക് ചായുമ്പോ... മനസ്സിൽ ഓർത്തു. ആകെ കൈയിൽ ഉള്ളത് 12 രൂപ!!.. ഇന്നത്തെ ദിവസത്തിന്റെ തനിയാവർത്തനമാകുമോ നാളെയും? ഉള്ള ഒരു ലോട്ടറി ടിക്കറ്റ് നാളെ അടിച്ചില്ലെങ്കിൽ... സൈമൺ മുതലാളി തന്ന പോലെ ഒരു ജോലി നാളെ കിട്ടിയില്ലെങ്കിൽ? നാളെ എന്ത്? നാളെ ആരോട് കടം ചോദിക്കും..? ഇതാണോ ജീവിത ചക്രം?.. അതോ ഞാൻ തന്നെ ആണോ അലഞ്ഞു തിരിയുന്ന ആ ചക്രം??
 

Content Summary: Malayalam Short Story ' Kanalppetty ' written by Harikrishnan G.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS