പാണ്ടനാട്ടെ പക്ഷികൾ (കഥ)
വിദേശത്തു നിന്നും അവധിക്കു വരുമ്പോഴൊക്കെ റോജി ജോൺ പാണ്ടനാട്ടെ വലിയ വയലിന്റെ ഓരത്തുള്ള കൈത്തോട്ടിലെ ഒഴുക്കുള്ള വെള്ളത്തിൽ ചൂണ്ടയിടാൻ പോകുമായിരുന്നു. പല നിറത്തിലും വലിപ്പത്തിലുള്ള പുഴമീനുകൾ അയാളുടെ ചൂണ്ടയിൽ കൊരുക്കാറുമുണ്ടായിരുന്നു. പുതുമഴ പെയ്യുന്ന സമയത്തു തൊട്ടപ്പുറത്തുള്ള വലിയ ആറിൽ നിന്നും കൈത്തോട്ടിലേക്ക് ധാരാളം മീനുകൾ കുതിച്ചു കയറി വരും. റോജിയെ സംബന്ധിച്ചിടത്തോളം അങ്ങനെ മീൻ പിടിക്കാൻ പോകുന്നത് ഒരു ഹരമായിരുന്നു. മീൻ പിടിക്കുക എന്നതിലുപരി പല നിറത്തിലും രൂപത്തിലുമുള്ള മീനുകളെ കാണുന്നതായിരുന്നു അയാൾക്കിഷ്ടം. ഒപ്പം, വിശാലമായ വയലിലേക്ക് നോക്കി ഇരിക്കുന്നതും. കണ്ണെത്താ ദൂരത്തോളമുള്ള പാടത്തിൽ നെല്ലിന്റെ വിളവെടുക്കാൻ തയാറാകുമ്പോഴേക്കും എവിടെ നിന്നൊക്കെയോ എത്തപ്പെടുന്ന ധാരാളം പക്ഷികൾ. വിളവെടുത്തു കഴിയുന്നതോടൊപ്പം അവറ്റകൾ എവിടെയോ അപ്രത്യക്ഷമാകുന്നു. റോജി പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതൊക്കെയോ കോണിലുള്ള പക്ഷികളായിരിക്കുമല്ലോ ഇങ്ങനെ വിളവെടുപ്പിന്റെ നേരത്ത് ഒരു ക്ഷണിക്കപ്പെടാത്ത അഥിതികളായി, അവരുടെ അവകാശം പോലെ പറന്നെത്തുന്നത്. എങ്ങനെയായിരിക്കും ഇവറ്റകൾ ഇവിടെ ഇത്രയ്ക്കു കൃത്യമായി നെൽക്കതിരുകൾ പാകമായി എന്ന് അറിയുന്നത് ? എങ്ങനെയായിരിക്കും ആശയ വിനിമയം നടത്തുന്നത്? മനുഷ്യരാണെങ്കിൽ മൊബൈൽ, വാട്സ്ആപ്, ഫേസ്ബുക്ക്, മെസ്സേജസ്.. ഇവറ്റകളെങ്ങനെ....? അയാൾക്ക് ചിരി വന്നു. ഒപ്പം അത്ഭുതവും. റോജിയുടെ ചിന്തകൾ ഇങ്ങനെയൊക്കെയാണ്. അയാളുടെ ചിന്തകളിൽ മീനുകളുടെ സഞ്ചാരവും ദൂരെ ദിക്കുകളിൽ നിന്നുമൊക്കെ ക്ഷണിക്കാതെയെത്തുന്ന അതിഥികളായ പക്ഷികളുമൊക്കെയായിരുന്നു. പാണ്ടനാട്ടെ പക്ഷികൾ ഇടവേളകളിൽ മാത്രമേ അവിടേക്ക് എത്തിച്ചേരാറായിരുന്നുള്ളു എന്ന കാര്യം റോജി ചെറുപ്പം മുതലേ ശ്രദ്ധിച്ചിരുന്നു.
അയാളുടെ മനസിലേക്കപ്പോൾ ഓടിയെത്തിയത് ചെറുപ്പ കാലത്തിലെ വിവാഹ സദ്യകളായിരുന്നു. നഗരത്തിലെ ഏതെങ്കിലും വിശാലഹാളുകളിൽ പലപ്പോഴും ആരുടെയെങ്കിലുമൊക്കെ വിവാഹമുണ്ടായിരിക്കും. ഇതറിയാവുന്ന അവനും ഏതാനും കൂട്ടുകാരും രാവിലെ തന്നെ കുളിച്ചു റെഡിയായി പാണ്ടനാട് ജംഗ്ഷനിലെ ബസ്റ്റോപ്പിൽ നിൽക്കുകയായി. പിന്നെ ടൗണിലേക്ക് പോകുന്ന വഴിയിൽ ആൾക്കൂട്ടം കണ്ടാൽ അവിടെ ഇറങ്ങുകയാണ്. ചെറുക്കൻ കൂട്ടർ വിചാരിക്കും പെണ്ണിന്റെ ആളുകളാണെന്ന്. പെൺകൂട്ടർ ഓർക്കും നേരെ മറിച്ചുമായിരിക്കുമെന്ന്. എത്രയോ നാളുകൾ ആരുടെയെന്നറിയാത്തെ, ക്ഷണിക്കപ്പെടാത്ത അതിഥികളായി പാണ്ടനാട്ടെ വയലുകളിൽ പക്ഷികൾ നിറയെ കലപില കൂട്ടിയെത്തുമ്പോൾ റോജി പഴയ കാലം ഓർക്കും. ഇടയ്ക്കിടെ പാണ്ടനാട്ടെ ബഷീറിന്റെ തട്ടുകടയുടെ മുൻപിൽ നിൽക്കുമ്പോൾ കൂടെയുള്ള മനുവിനോടും സുബൈറിനോടും അവരുടെ ഇഷ്ട്ട പെണ്ണുങ്ങളെക്കുറിച്ചു സംസാരിക്കുമായിരുന്നു. അപ്പോൾ റോജി ഒരു സത്യം പറഞ്ഞു. “നമ്മൾ ആണുങ്ങൾ ഏതെങ്കിലും ഒരു സ്ത്രീയെ നമുക്ക് കൂടുതൽ ഇഷ്ട്ടമുണ്ടെങ്കിൽ അത് ഭാര്യയുടെ മുൻപിൽ വെച്ച് ഒരു കാരണവശാലും അവരെ കുറിച്ച് സംസാരിക്കാറില്ല , പുകഴ്ത്താറുമില്ല ...” “എന്നാൽ പെണ്ണുങ്ങൾ അങ്ങനെയല്ല അവർക്കു ഒരു പുരുഷനോട് ഇഷ്ടം തോന്നിയാൽ, അച്ഛനെന്നല്ല ഭർത്താവെന്നല്ല ആരുടെ മുൻപിൽ വെച്ചും അവർ അയാളെക്കുറിച്ചു ആവേശത്തോടെ സംസാരിക്കും. എന്ന് മാത്രമല്ല അവരെക്കുറിച്ചു ആരെങ്കിലും മോശമായി സംസാരിച്ചു കഴിഞ്ഞാൽ അവർ നഖ ശിഖാന്തം എതിർക്കുകയും ചെയ്യും..” റോജിയുടെ അഭിപ്രായം വളരെ ശരിയാണെന്നവർക്കും തോന്നി.
പാണ്ടനാട്ടെ വയലുകൾക്ക് മറ്റുള്ള വയലുകളെക്കാൾ ഒരുപാട് ഭംഗിയുണ്ടെന്നയാൾക്ക് തോന്നിയിരുന്നു. അവിടേക്ക് ദൂരെ ദിക്കിൽ നിന്നും കടന്നു വരുന്ന കിളികൾക്ക് അമ്മച്ചി വലിയ വീടിന്റെ മുറ്റത്തു സ്ഥിരമായി ഒരു പാത്രത്തിൽ അവറ്റകൾക്കു ദാഹജലവും വെക്കുമായിരുന്നു തൊട്ടടുത്ത് വരണ്ടു കൊണ്ടിരിക്കുന്ന പുഴയും. കുറേക്കാലം മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ വീടിന്റെ ഒന്നാം നിലവരെ മുങ്ങിയതായിരുന്നു. ഇപ്പൊ ഇതാ പുഴയുടെ ജലനിരപ്പ് താണുകൊണ്ടിരിക്കുന്നു. പ്രകൃതിയും പെണ്ണും അങ്ങനെയാണ് എപ്പോ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ കഴിയില്ല. പ്രകൃതിയെ ഒരു പെണ്ണായാണ് റോജി കണക്കാക്കിയിരുന്നത്. പണ്ട് ഈ പാടത്തിന്റെ വരമ്പിലൂടെയാണ് പള്ളിക്കൂടത്തിൽ പോയി കൊണ്ടിരുന്നത്. അന്ന് പാടത്തിന്റെ വരമ്പ് നടപ്പുവഴി മാത്രമായിരുന്നു. ചെമ്മണ്ണ് നിറഞ്ഞ വഴി. പാടത്തു നിറയെ ചെളിവെള്ളമായിരിക്കും. രണ്ടു മൂന്ന് സ്ഥലത്തായി കലപ്പകൊണ്ട് കണ്ടം ഉഴുതുമറിക്കുന്ന കാളകൾ. അതൊരു കാഴ്ച തന്നെയായിരുന്നു. കാളയെ തെളിയിക്കുന്ന നാരായണനും, ശങ്കരനും, മാധവനും. ശങ്കരന്റെ മകൻ മധു കൂടെ പഠിക്കുന്ന കൂട്ടുകാരനും. ഒരു കുറിയാണ്ട് ചുറ്റി ചെളി തെറിപ്പിച്ചു കാളയുടെ പുറകേയോടുന്ന ശങ്കരൻ. അത് കണ്ടു റോജി പലപ്രാവശ്യം മോഹിച്ചിരുന്നു അതുപോലെ കണ്ടത്തിലിറങ്ങി ചേറിലൂടെ ഓടിനടക്കാൻ. അതുപോലെ പാടത്തെ ചേറുമണം അവനു വലിയ ഇഷ്ട്ടമായിരുന്നു. വരമ്പത്തുകൂടി പറവകളെപ്പോലെ ഒരുപാട് കുട്ടികൾ അതുവഴി വരുമായിരുന്നു. തലയിൽ കൊമ്പു പോലെ ചുവന്ന റിബ്ബൺ കെട്ടി പെൺപള്ളിക്കൂടത്തിൽ പഠിക്കുന്ന രേണുക അത് വഴിവരുമ്പോൾ അവന് ശ്വാസഗതി ഉച്ചാവസ്ഥയിലെത്തുമായുന്നു. പാടം കഴിഞ്ഞുള്ള കലുങ്കിൽ കൊതുകുകടിയും കൊണ്ടെത്രയോ പ്രാവശ്യം കൂട്ടുകാരോടൊത്തു അവൾ നടന്നു പോകുന്നതും നോക്കി നിന്നിരുന്നിരിക്കുന്നു. ഇപ്പോൾ അവൾക്കു കല്യാണം കഴിച്ചു കുട്ടികളൊക്കെ ആയിരിക്കും.. തണുവേകുന്ന, മിഴിവേകുന്ന ഓർമ്മകൾ.. ഓർമ്മകൾക്കെന്നും സുഗന്ധം തന്നെ...
പിന്നീട് കോളേജിൽ എത്തിയപ്പോഴും എന്തെല്ലാം.. ക്ലാസ് കട്ട് ചെയ്‌ത് റെയിൽവേ സ്റ്റേഷനിലും, വിളിക്കാത്ത ഏതൊക്കെയോ കല്യാണങ്ങളിലും ചെന്നിരുന്നു സദ്യ കഴിച്ചു കൃത്യമായി നാലരയാകുമ്പോൾ വീട്ടിലെത്തിയിരുന്നത്... സായം സന്ധ്യകളിൽ പമ്പാ നദിയുടെ തീരങ്ങളിലെ മണൽപ്പരപ്പുകളിൽ കാൽ പന്ത് കളിയിൽ സജീവമായി പങ്കെടുത്തിരുന്നത്.. ടൗണിലെ കോളേജിൽ പഠിക്കുമ്പോഴാണ് അടുത്തുള്ള തിയേറ്ററിൽ ഷക്കീല ചേച്ചിയുടെ ഡ്രൈവിംഗ് സ്കൂൾ സിനിമ വരുന്നത്. പോസ്റ്ററിൽ ചേച്ചി നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. കൂട്ടുകാർ എരിവും പുളിയും ചേർത്ത് കണ്ട സിനിമാക്കഥ പറഞ്ഞപ്പോൾ പിന്നെ അതെങ്ങനെ കാണുമെന്നായി.. പടം കാണാൻ പൈസ വേണമല്ലോ..? ഒടുവിൽ വീട്ടിൽ ചെറിയ കള്ളം പറഞ്ഞു പൈസ സംഘടിപ്പിച്ചു. വളരെ കുറഞ്ഞ നിരക്കിൽ ഡ്രൈവിൽ സ്കൂളിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ട്. രജിസ്റ്റർ ചെയ്തിടാനാണെന്നും പറഞ്ഞു വീട്ടിൽ നിന്നും വാങ്ങി അങ്ങനെ ഷക്കീല ചേച്ചിയുടെ ഉച്ചപ്പടത്തിനു കയറിയത്..! താൻ കയറിയത് മറ്റാരും അറിയരുതെന്ന ദുരുദ്ദേശത്തിൽ ഫിലിം തീരുന്നതിനു തൊട്ടുമുമ്പേ പുറത്തിറങ്ങിയ റോജി ഞെട്ടി. ട്യൂഷൻ പഠിപ്പിക്കുന്ന പാരലൽ കോളേജിലെ കണിശക്കാരനായ അധ്യാപകൻ ആ ഫിലിം കണ്ടിട്ട് റോജിയെപ്പോലെ തന്നെ മുൻപേ ഇറങ്ങിയതും മുഖാമുഖം കണ്ടതും വളരെ യാദൃച്ഛികം മാത്രം.. പിന്നീട് അദ്ദേഹം റോജിക്ക് മാത്രം ഇളവുകൾ അനുവദിച്ചു നൽകിയിരുന്നു എന്നതും ഇവിടെ സ്മരണീയം. പാണ്ടനാട്ടെ ഉണ്ണിമിശ്ശിഹാ പള്ളിയിലെ അൾത്താരയിൽ കൊയർ പാടുന്ന മിടുക്കരായ ആൺകുട്ടികളും പെൺകുട്ടികളുമായി അവൻ ചങ്ങാത്തത്തിലായി. അവരോടൊന്നിച്ചു പാടണമെന്ന ആഗ്രഹം മൂത്തപ്പോൾ അവർ തന്നെ ഒരു വഴി കണ്ടു പിടിച്ചു. കൊയർ പാടുമ്പോൾ അവരിൽ ഒരാളായി കൂടെ നിന്ന് ചുണ്ടനക്കുക. ആളുകൾ വിചാരിക്കും പയ്യനും ഒരു ഗായകനാണെന്ന്. അങ്ങനെ അങ്ങനെ എത്രയോ സംഭവങ്ങൾ..
കോളേജിൽ നിന്ന് റോജിയെത്തുന്നത് പാണ്ടനാട്ടെ വിശാലമായ മൈതാനത്തേക്കായിരിക്കും.. അവിടെ ഒരുപാട് ചെറിയ കുട്ടികൾ.. പിന്നെ അവരെ നയിക്കുന്നത് റോജിയാകും... അവരുടെ പന്തുകളിയുടെ കോച്ച് റോജിയായിരുന്നു. പാണ്ടനാട്ടെ ബസ്റ്റോപ്പിൽ ദൂരയാത്ര കഴിഞ്ഞു വന്നു ബസ് ഇറങ്ങുമ്പോൾ റോജിയുടെ മനസിലേക്ക് കൂമൻ കൊല്ലിയും രഘുവും ഒക്കെയായിരുന്നു തെളിയുക. അവൻ വായിച്ചിരുന്ന നല്ല പുസ്തകങ്ങളിലെ കഥാപാത്രങ്ങളുമായി അവന് നല്ല ബന്ധമുള്ളതുപോലെ തോന്നിയിരുന്നു. അടുത്ത വീട്ടിലെ വരാന്തയിലെ പഴയ മെറിറ്റിന്റെ തയ്യൽ മെഷീനിൽ പതിവായി തുണി തയ്ച്ചു കൊണ്ടിരുന്ന ഗീതച്ചേച്ചിയെ കാണുമ്പോൾ ‘ബി ഹാപ്പി’ എന്ന് മാത്രം കൈലേസിൽ തുന്നിക്കൊണ്ടിരിക്കുന്ന ചെറിയമ്മയും കോവിലിനും അവന്റെ മനസിലേക്ക് കടന്നു വരുമായിരുന്നു. പ്ലാവിലും മാവിലും കയറി ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാരെ കണ്ടപ്പോൾ ഭൂമിയുടെ അവകാശികളെഴുതിയ ഒറ്റമുണ്ടുടുത്ത ഷർട്ടിടാത്ത കറുത്ത ഫ്രെയിമുള്ള കണ്ണടവെച്ച സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ അയാളുടെ മുൻപിലെത്തി ചിരിക്കുന്നതുപോലെയും അയാൾക്ക് തോന്നി. വെള്ളപ്പൊക്കത്തെക്കുറിച് കേൾക്കുമ്പോൾ തകഴിയും.. ഡൽഹി നഗരത്തെക്കുറിച്ചു ആരെങ്കിലും പറയുമ്പോൾ മുകുന്ദനും അയാളുടെ മനസിൽ സ്ഥാനം പിടിച്ചു. പക്ഷെ, പാണ്ടനാട്ടെ പക്ഷികളെ കാണുമ്പോൾ ലോകത്തെങ്ങുമില്ലാത്ത പ്രത്യേകതകൾ അവറ്റകളിൽ റോജി കാണുന്നു. അയാൾ ഉറപ്പിച്ചു പറയുന്നു അതെ, ഈ പാണ്ടനാട് പക്ഷികൾക്കുള്ളതാണ്.. അവയെ തീറ്റിപ്പോറ്റുന്ന കർഷകർക്കുള്ളതാണ്... തന്നെപ്പോലുള്ള ശുദ്ധഗതിക്കാർക്കുള്ളതാണ്.. ഒരു പക്ഷെ താനും പാണ്ടനാട്ടെ പക്ഷികളെപ്പോലെ തന്നെ അയാൾക്ക് തോന്നി. അവധി തീരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി... പിന്നെ കടൽ കടന്ന് ആയിരക്കണക്കിന് മൈലുകൾ താണ്ടി മറ്റൊരു ദിക്കിലേക്ക്.. വീണ്ടും മറ്റൊരു കാത്തിരിപ്പ്... തിരിച്ചു വരവിനായി. പാണ്ടനാട്ടെ ക്ഷണിക്കാതെത്തുന്ന പക്ഷികളെപ്പോലെ....
Content Summary: Malayalam Short Story ' Pandanatte Pakshikal ' written by Poonthottathu Vinayakumar