അടിയേറ്റ ഇടയനെപ്പോലെ
ചിതറി ഉഴറിയ
ആട്ടിൻപറ്റത്തെപ്പോലെ
കെട്ട കാലത്തിന്റെ
ചാട്ടയേറ്റു നവ മാനവൻ
ചുട്ടു നീറുന്നു
കെടുതിയുടെ വറുതിയിൽ
മനുഷ്യനെ പൊള്ളിക്കാൻ
കലികാലം കാലുഷ്യത്തോടെ
കാത്തിരിക്കുന്നു.
കേട്ടതും കേൾക്കാത്തതും
കേൾക്കാനിരിക്കുന്നതും
കെട്ട കാലത്തിൻ
ശുഷ്ക സ്പന്ദനം മാത്രം
ശപ്ത വിഷാദ മാത്രകൾ
കോർത്തു വെച്ച്
പകൽ രാവുകൾ
ഭയത്തിന്റെ ലാവയിൽ
പൊള്ളിയുരുകുന്നു...
ഓരോ പകലും ഭീതിയുടെ
മുകുളങ്ങളെ അശാന്തിയുടെ
തോരണങ്ങൾ
കൊണ്ടലങ്കരിക്കുന്നു.
ഓരോ രാവും
പേക്കിനാക്കളാൽ
ശ്വാസം മുട്ടിച്ചു
നന്മ മരങ്ങളെ
മരണ വെപ്രാളത്തിൽ
മുക്കിക്കൊല്ലുന്നു..
അപ്പോഴും ജീവിതം
പുതു പകലേറ്റ് വാങ്ങാൻ
രാക്കമ്പളം വലിച്ചു നീക്കി
പ്രത്യാശയുടെ ഊന്നുവടിയിൽ
തിടുക്കപ്പെട്ടു,
തണ്ടൽ നിവർത്തുന്നു...!
കാലം കലിയടങ്ങാതെ
കാലൊച്ച കേൾപ്പിക്കാതെ
പതുങ്ങി പരതി
അവിശുദ്ധ
ചത്വരങ്ങളിലേക്ക്
പരിണാമ ചക്രമുരുട്ടുന്നു...
ഓരോരോ ദിനങ്ങൾക്കായ്
ജീവിതം അടയിരുന്നു
കെട്ട കാലത്തെ ഊട്ടിയുറപ്പിക്കുന്നു...
Content Summary: Malayalam Poem ' Ketta Kaalam ' written by Salomi John Valsan