ADVERTISEMENT

എടോ പട്ടാളക്കാരാ (കഥ)

വെടിയൊച്ച കേട്ടാണ് പതിയെ കണ്ണ് തുറന്നത്. ഓർമ്മ വീണ്ടെടുക്കുമ്പോ പുറത്തു വെടിശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. വലതു തോളിന്റെ കീഴിൽ തുളച്ചു കയറിയ വെടിയുണ്ട വേദന പടർത്തി രക്തം വാർന്നു തുടങ്ങിയിരിക്കുന്നു. മരിക്കാൻ ഭയമില്ല പട്ടാളക്കാരന്. പക്ഷെ ഇപ്പോൾ സമയമായിട്ടില്ല. അവൾക്കു കൊടുത്ത വാക്കു പാലിക്കണം. ആ ഊർജ്ജം കയ്യിലേക്ക് പാഞ്ഞപ്പോ വീണ്ടും തോക്കിൽ പിടി മുറുകി. ശത്രുവിന് നേരെ പിന്നെയും വെടി പായിക്കുന്നതിനിടയിൽ ബോധം മറയുന്നതു പോലെ. 

മുഖത്ത് വീഴുന്ന ചായക്കൂട്ടുകളുടെ പളപളപ്പിൽ വെള്ളിത്തിരയിൽ തെളിയുന്നതാണ് സ്ത്രീ സൗന്ദര്യത്തിന്റെ മകുടോദാഹരണം എന്നൊന്നും വിശ്വസിച്ചിരുന്നില്ല. നാട്ടുവഴികളിലെ പച്ചയായ ജീവിതങ്ങളിൽ ക്ലിയോപാട്രമാരേയും  ഐശ്വര്യ റായിമാരേയും അല്ലെങ്കിൽ അവരെക്കാൾ മുഖശ്രീ ഉള്ളവരെയും കണ്ടിട്ടുണ്ട്. അല്ലെങ്കിലും കറുപ്പിലും വെളുപ്പിലും അല്ലല്ലോ സൗന്ദര്യം കുടികൊള്ളുന്നത്. തെളിഞ്ഞ മനസ്സ് മുഖത്ത് വരുത്തുന്ന പ്രകാശമല്ലേ സൗന്ദര്യം. സങ്കൽപ്പത്തിലെ ആ സൗന്ദര്യം ആണ് അന്ന് ആ മുഖത്ത് കണ്ടത്. 

കഴിഞ്ഞ അവധിക്കാലത്ത് അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ പതിവ് പരിശോധനകൾക്ക് വേണ്ടി ഹോസ്പിറ്റലിൽ പോയതായിരുന്നു. കാത്തിരിപ്പിന്റെ ഇടവേളയിൽ വെറുതെ ആശുപത്രി വരാന്തയിലൂടെ നടക്കുമ്പോഴാണ് ആ മുഖം ആദ്യം കാണുന്നത്. പ്രായമായ ഒരു സ്ത്രീയെ കൈപിടിച്ച് പതിയെ നടത്തുന്ന പെൺകുട്ടിയെ. കാഴ്ച്ചയിൽ പ്രായമായ സ്ത്രീ അവളുടെ അമ്മൂമ്മയാവാനാണ് സാധ്യത. ആശുപത്രി വരാന്തകളിലെ പതിവു കാഴ്ചയെന്നോണം അധികം ഗൗനിക്കാതെ നടന്നു നീങ്ങുമ്പോഴാണ് പിന്നിൽ നിന്നും പെട്ടെന്ന് ആരോ വീഴുന്ന പോലെ തോന്നിയത്. തിരിഞ്ഞു നോക്കുമ്പോൾ ആ അമ്മൂമ്മ നിലത്തു ഭിത്തിയോട് ചേർന്ന് വീണിരിക്കുന്നു. പരിഭ്രമം നിറഞ്ഞ മുഖത്തോടെ അവരെ ഉയർത്താനുള്ള വിഫല ശ്രമം അവൾ നടത്തുന്നുണ്ട്. പെട്ടെന്ന് എന്നിലെ പട്ടാളക്കാരൻ ഉണർന്നു. ഓടിച്ചെന്നു ആ അമ്മൂമ്മയെ രണ്ടു കയ്യിലുമായി കോരി എടുത്തു കാഷ്വാലിറ്റി ലക്ഷ്യമാക്കി ഓടി. പിന്നാലെ അവളും. 

രണ്ടാം ദിവസത്തെ സന്ദര്‍ശനത്തിലാണ് കുഞ്ഞായിരിക്കുമ്പോ അച്ഛൻ മരിച്ച കാര്യവും ഡിഗ്രി പഠനത്തിന്റെ അവസാന നാളുകളിലെ അമ്മയുടെ വേർപാടിനെ കുറിച്ചും പറയുന്നത്. അതും ആരും കൂടെ ഇല്ലാത്തതിന്റെ എന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി. പനി കൂടിയിട്ടും ഡോക്ടറെ കാണാൻ വിസമ്മതിച്ച അമ്മൂമ്മയെ തുണിക്കടയിലെ ജോലിയിൽ നിന്നും അര ദിവസത്തെ ലീവ് എടുത്താണ് അന്ന് ഹോസ്പിറ്റലിൽ കൊണ്ടുവന്നത്. അതിപ്പോ ഇങ്ങനെ ആയി. ഇപ്പൊ പനി കുറവുണ്ട് നാളെയോ മറ്റന്നാളോ വീട്ടിലേക്കു പോകാൻ സാധിക്കും. ഇറങ്ങാൻ നേരം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട എന്ന് പറഞ്ഞു ഫോൺ നമ്പർ അവിടെ ഒരു പേപ്പർ കഷണത്തിൽ എഴുതി വച്ചിട്ട് പൊന്നു. വിളിക്കില്ല എന്ന് അറിയാമെങ്കിലും. 

രണ്ടു ദിവസം കഴിഞ്ഞു രാവിലെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു കാൾ. എടുത്തപ്പോൾ മറുതലയ്ക്കലെ സ്ത്രീ ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞു. ഫോണിൽ ഞാൻ ആണ് എന്ന് മനസ്സിലാക്കിയ ഉടനെ ചോദിച്ചത് "ഒന്ന് ഹോസ്പിറ്റൽ വരെ വരാൻ പറ്റുമോ?". ഞാൻ ഉടനെ എത്താം എന്ന മറുപടി കൊടുത്തു ഫോൺ കട്ട് ചെയ്തു. ഏതാണ്ട് പത്ത് മണിയോടെ അവിടെ എത്തുമ്പോൾ അവൾ എന്നെ കാത്തിരിക്കുകയായിരുന്നു എന്ന് മനസ്സിലായി. എന്നെ കണ്ടതിന്റെ ആശ്വാസം മുഖത്തു നിന്നും വായിച്ചെടുക്കുവാൻ സാധിച്ചു. എന്താ എന്നോട് വരാൻ പറഞ്ഞത്?.

മറുപടിയായി കുറച്ചു മൗനം ആയിരുന്നു പിന്നെ പറഞ്ഞു, അത് ഇന്ന് ഡിസ്ചാർജ് ചെയ്യും അമ്മൂമ്മയെ. എന്റെ കയ്യിലെ പൈസ തികയുമോ എന്നറിയില്ല. അതോർത്തപ്പോ എനിക്ക് വിളിക്കാനും പറയാനും തോന്നിയത് തന്നോടാണ്. ശമ്പളം കിട്ടുമ്പോ ഞാൻ തന്നോളാം അവൾ പറഞ്ഞൊപ്പിച്ചു. കുറച്ചു നിമിഷങ്ങൾ മറുപടി പറയാനാവാതെ തല കുമ്പിട്ട് അവിടെ ഇരുന്നു ഞാൻ.  തല ഉയർത്തി നോക്കിയപ്പോൾ അവളുടെ മുഖത്തു ഞാൻ കണ്ടത് ചോദിച്ചത് വലിയ തെറ്റായിപ്പോയി എന്ന ഭാവം ആയിരുന്നു. എന്റെ അമ്മൂമ്മയ്ക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ ഞാൻ ചെയ്യേണ്ടതാണ് ഇതൊക്കെ എന്ന് മനസ്സ് പറയുന്നത് കേട്ട് അവൾക്ക് ആവശ്യമുള്ള പണം കൊടുക്കുവാൻ തീരുമാനിച്ചുറപ്പിച്ചു  മുഖത്ത് വന്ന ചിരി അടക്കിപ്പിടിച്ചു കൊണ്ട് ഗൗരവ ഭാവത്തിൽ തന്നെ അവളോട് ചോദിച്ചു, ആവശ്യമുള്ള പണം ഞാൻ തരാം പക്ഷെ തിരികെ തരും എന്ന് എന്താ ഉറപ്പ്. 

എന്നെ പോലൊരു പെണ്ണ് ആരോടെങ്കിലും പണം ചോദിച്ചാൽ ചിലപ്പോ സഹായിക്കാൻ ആളുണ്ടായേക്കും. പക്ഷെ അതിനൊക്കെ ഞാൻ ഒരുപക്ഷെ വലിയ വില കൊടുക്കേണ്ടി വരും. കുറച്ചു ദിവസത്തെ പരിചയമേ എനിക്ക് താനുമായിട്ടുള്ളു. പക്ഷെ നിങ്ങളിൽ നല്ലൊരു മനുഷ്യനെ ഞാൻ കണ്ടു. ഒരുപക്ഷെ പട്ടാളക്കാരൻ ആയതുകൊണ്ടാവാം അല്ലെങ്കിൽ നന്നായി വളർത്തിയവരുടെ ഗുണം കൊണ്ടാവാം. പിന്നെ നിങ്ങളുടെ കയ്യിലുള്ള പണം, ഈ രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ, സ്നേഹത്തിന്റെ, ആദരവിന്റെ കരുത്തുണ്ടതിന്. അതെനിക്ക് തിരികെ നല്കാതിരിക്കാനാവില്ല. മാത്രമല്ല പണത്തിന്റെ വില എന്താണെന്ന് ആരും പറയാതെ തന്നെ അറിയുന്നവളാണ് ഞാൻ. ഇതിനപ്പുറം ഉറപ്പു തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ല. 

ആശുപത്രി ബില്ലെല്ലാം കയ്യിൽ നിന്നെടുത്ത് അടച്ചു അവരെ വണ്ടിയിൽ കയറ്റി യാത്രയാക്കിയശേഷം ആണ് ഹോസ്പിറ്റലിൽ നിന്നും പോന്നത്. മനസ്സ് നിറയെ അവൾ പറഞ്ഞ വാക്കുകൾ തന്നെ ആയിരുന്നു. പട്ടാളക്കാരൻ ആയതിൽ വീണ്ടും അഭിമാനം തോന്നിയ നിമിഷങ്ങൾ. കേവലം ഒരു പരിചയത്തിനപ്പുറം ജീവിതത്തിലേക്ക് കൂടെ കൂട്ടാവുന്ന ഒരുവളായി അവളെ കാണാൻ തുടങ്ങിയിരിക്കുന്നു. വണ്ടി ഒതുക്കി വീട്ടിലേക്കു കയറുമ്പോഴേക്കും അവളുടെ ഫോൺ വന്നു. അവർ വീട്ടിൽ എത്തി എന്നു പറയാനാണ് വിളിച്ചത്. പക്ഷെ ഞാൻ പറഞ്ഞത് മറ്റൊന്നായിരുന്നു. "എടോ തനിക്കൊരു പട്ടാളക്കാരന്റെ കൂടെ ജീവിക്കാൻ താല്പര്യമുണ്ടോ.." പെട്ടെന്ന് പറഞ്ഞു പോയെങ്കിലും മറുവശത്തെ മൗനം വല്ലാതെ ഭയപ്പെടുത്തി. ഒപ്പം ഒന്നും പറയാതെ ഉള്ള ഫോൺ കട്ട് ചെയ്യലും. പിന്നെ വിളിച്ചില്ല. വിളിക്കാൻ ശ്രമിച്ചില്ല.

ലീവ് കഴിഞ്ഞു പോരുന്ന ദിവസം രാവിലെ ആണ് പിന്നീട് ആ നമ്പറിൽ നിന്നുമുള്ള കാൾ വന്നത്. ഫോൺ എടുത്തു ഹലോ പറഞ്ഞ ഉടനെ മറുതലയ്ക്കൽ നിന്നും, "എടോ പട്ടാളക്കാരാ, ഇന്നല്ലേ പോകുന്നത്? പോകുന്നതിനു മുൻപ് എനിക്കൊന്നു കാണണം." ആശുപത്രിയിലെ സംസാരത്തിനിടയിൽ എപ്പോഴോ പോകുന്ന തീയതി പറഞ്ഞതായിട്ട് ഓർമ്മ വന്നു. പെണ്ണ് കൊള്ളാം. എല്ലാം ശ്രദ്ധിക്കുന്നുണ്ട്. "ഞാൻ രണ്ടു മണി കഴിയുമ്പോ സ്റ്റേഷനിൽ എത്തും അവിടെ വച്ച് കാണാം" എന്നാൽ ശരി എന്ന മറുപടിയോടെ മറുതലയ്ക്കൽ ഫോൺ കട്ട് ചെയ്തു. 

അവൾ വരുമെന്ന പ്രതീക്ഷ ഇല്ലാതിരുന്നിട്ടും വണ്ടിയുമായി കൂടെ വന്ന സുഹൃത്തിനെ സ്റ്റേഷനിൽ എത്തിയ ഉടനെ പറഞ്ഞു വിട്ടു. അവൻ പോയ ശേഷം പ്ലാറ്റ്ഫോമിലെ ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു. ഫോണിലെ മെസ്സേജുകൾ നോക്കുന്നതിനിടെ ആരോ വന്നു അടുത്തിരുന്നു. എടോ പട്ടാളക്കാരാ എന്ന വിളി കേട്ടാണ് തല ഉയർത്തിയത്. അവളാണ്. ആശുപത്രിയിൽ കണ്ടത് പോലെ അല്ല, അതിലുമേറെ മുഖശ്രീയോടെ എന്റെ മുന്നിൽ. ഹേയ് പട്ടാളക്കാരാ ഒരു രാജ്യം തന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉള്ളപ്പോ എന്നെ പോലെ ഒരു പ്രാരാബ്ദത്തെ കൂടി എടുത്തു തലയിൽ വയ്ക്കണോ? കടം വാങ്ങിയ പണം തിരികെ തരും, എന്നിട്ടൊരു ബൈ പറഞ്ഞു തിരികെ പോകും എന്നാണു കരുതിയത്. പക്ഷെ ഇങ്ങനൊരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചില്ല. കുറച്ചു സമയം എടുത്തു അർഥം മനസ്സിലാവാൻ. അപ്പോഴേക്കും അടുത്ത ചോദ്യം എത്തി. "എന്തേ ഒന്നും മിണ്ടാത്തത്?"  നാടിനു കാവൽ നിൽക്കുന്ന എനിക്ക് ഒരു വീടിനും കൂടി കാവലാളാവാൻ ഒരു മടിയുമില്ല പെണ്ണെ. നിന്നോടുള്ള ദയയോ കരുണയോ അല്ല അന്ന് എന്നെ കൊണ്ട് അങ്ങനെ  ചോദിപ്പിച്ചത്. ഇനിയുള്ള ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ പറ്റിയവളാണെന്നു തോന്നിയത് കൊണ്ടാണ്. അകലേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന അവൾ കുറച്ചു സമയം കഴിഞ്ഞാണ് മുഖത്തേക്ക് നോക്കിയത്. വണ്ടി വരാറായി അല്ലെ? അതെ എന്ന് പറഞ്ഞപ്പോഴേക്കും അവൾ പോകാനായി എഴുന്നേറ്റു. പതിയെ കുറച്ചു നടന്നിട്ടു തിരികെ വന്നു എന്നോട് പറഞ്ഞു, എന്നെ പറ്റിക്കാൻ പറഞ്ഞതല്ല എങ്കിൽ പട്ടാളക്കാരന്റെ അടുത്ത വരവിനു ഞാൻ ഇവിടെ കാത്തിരിപ്പുണ്ടാകും. പക്ഷെ ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ നടന്നു നീങ്ങി. എങ്കിലും ഞാൻ മനസ്സുകൊണ്ടവൾക്കു വാക്കു കൊടുത്തു. ഞാൻ വരും. 

പതിയെ കണ്ണ് തുറക്കുമ്പോ എവിടെയോ ബെഡിലാണ് കിടക്കുന്നത്. മരിച്ചിട്ടില്ല. വലതു തോളിനു നല്ല വേദന ഉണ്ട്. ആദ്യം ദൈവത്തിനു നന്ദി പറഞ്ഞു. കൊടുത്ത വാക്കു പാലിക്കാനാവും എന്നെ കാത്തു വച്ചത്. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും പ്രതീക്ഷയോടെ കാത്തിരിക്കാൻ ആളും ഉള്ളപ്പോ എങ്ങിനെ വിട്ടിട്ടു പോകാൻ ആവും ഒരു പട്ടാളക്കാരന്. 

 

Content Summary: Malayalam Story ' Edo Pattalakkara ' written by Vinod Nellippilli

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com