ADVERTISEMENT

പരദേശിയുടെ ജീവിത പരിണയം (കഥ)

എന്നും വൈകിയുണർന്നെണീക്കാറുള്ള വൈശാഖൻ അന്ന് എന്തോ കണ്ടുള്ള  ഉന്മാദാവസ്ഥയിലാണ് ഉണർന്നത്. കിടക്കയിൽ ആരും ഉണ്ടായിരുന്നില്ല, ആരെയോ പ്രതീക്ഷിച്ചിരുന്നു. കാണാത്തതിനാൽ മുഖത്തൊരു വൈക്ലബ്യം. പെട്ടെന്ന് ഭാര്യ 'ചിത്ര' കാപ്പിയുമായി കടന്നുവന്നു. എന്നും ബെഡ് കോഫി കുടിപ്പിക്കാൻ പുതപ്പ് വലിച്ച് എണീപ്പിക്കാറുള്ള ഭർത്താവിനെ കസേരയിൽ കണ്ടപ്പോൾ തെല്ലതിശയം തോന്നാതിരുന്നില്ല. ചായകൊടുത്ത് തിരിഞ്ഞതും അവൻ അവളെ കടന്നു പിടിച്ചു ചുണ്ടിലൊരുമ്മ നൽകി, കാലങ്ങൾക്കുശേഷമുള്ള അവന്റെ ആവേശം അവളെ ഒന്ന് അമ്പരപ്പിച്ചെങ്കിലും സ്നേഹത്തോടെ സ്വീകരിച്ചു. മൃദു മന്ദഹാസമോടെ അവൾ അടുക്കളയിലേക്ക് നടന്നു. അത്ര മതി അവൾക്ക് എന്ന് അവന് അറിയാമായിരുന്നു അല്ലെങ്കിൽ അത്ര മതിയെന്ന് അവൻ വിധിയെഴുതി. എന്തോ വൈശാഖന്റെ ഉള്ളിൽ തെല്ലൊരു കുണ്ഠിതം തോന്നി.'ഇത്രനാളും സ്നേഹിച്ചിരുന്നില്ലേ ചിത്രയെ?, എന്തെ ഇപ്പൊ ഇങ്ങനെ?' സ്വന്തം മനസ്സ് തന്നോട് എന്തൊക്കെയോ മന്ത്രിക്കുന്നത് പോലെ അവന് തോന്നി. തന്നോടൊപ്പം പറന്ന് നടക്കാൻ കൊതിച്ചിരുന്ന അവളുടെ സ്വപ്നങ്ങൾക്ക് താൻ എപ്പോഴാണ് വിലങ്ങു തടിയായത്. എത്ര ചിന്തിച്ചിട്ടും അവന്  എത്തുംപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. എന്നാലും ഇന്നലത്തെ സ്വപ്നത്തിലെ ആ സ്ത്രീ ആരായിരുന്നു. 'ചിത്രയല്ല, അവൾ പിന്നെ ആരായിരുന്നു?' ആ ചോദ്യം അവനെ മുൾമുനയിൽ നിർത്തുകയായിരുന്നു.

വരണ്ട ദിനരാത്രങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവന്നപ്പോൾ മൃതപ്രായനായി ജീവിത ഭാണ്ഡത്തെ തലച്ചുമടാക്കി സ്‌നേഹിക്കപ്പെടേണ്ടവളെ സ്നേഹിക്കാൻ കഴിയാതെ ഏകാന്തനായി എങ്ങാണ്ടെല്ലാമോ കറങ്ങിത്തിരിഞ്ഞ് അവസാനം പരദേശിയായി. അക്കാലമെല്ലാം പരാതികളും പരിഭവങ്ങളും ആരോടും അവൾ പറഞ്ഞതുമില്ല. അവൻ സമീപസ്ഥനായില്ലെങ്കിലും അവനെ ഓർത്ത് കണ്ണീർ വാർത്ത് അവളെ അവൾ വീട്ടിൽ തളച്ചിട്ടു. അവനെ തളച്ചിടാൻ അവൾ ശ്രമിച്ചതുമില്ല. അവൻ ചുറ്റാത്ത ഇടങ്ങളില്ല, കയറാത്ത വേശ്യാലയങ്ങളില്ല, കാണാത്ത ആളുകളും ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. ഒന്നിൽ നിന്നും സന്തോഷം ലഭിക്കുവാനായിരുന്നില്ല പകരം അപരന് സന്തോഷം നൽകാനായിരുന്നു. കാരണങ്ങൾ ആരെയും ബോധിപ്പിക്കാൻ അവനിൽ ഒന്നുമില്ല വെറും ഒരു പരദേശി. എല്ലാം പ്രകൃതിയുടെ വികൃതികൾ. 'കലി കാല വൈഭവം'!. 'മറ്റെന്ത് പറയും. എന്നാലും വേശ്യാലയങ്ങൾ കയറിയിറങ്ങി സന്തോഷം നൽകുന്നത് എങ്ങനെ? ആരെ ന്യായീകരിക്കാൻ. മനസാക്ഷി പോലും കൂടെയില്ലാതെ ഇങ്ങനെയൊരു വിചിത്ര സഞ്ചാരം.'

തലേന്ന് രാത്രിയിൽ തന്റെ നിദ്രയ്ക്ക് ഭംഗം വരുത്തുവാൻ ഇടയായ സ്വപ്നത്തിലെ കഥാപാത്രം ആരായിരുന്നു എന്നുള്ള അന്വേഷണം അവനെ എത്തിച്ചത് പിക്കാസോ ക്ലബിലേക്കാണ്. വിചിത്ര നഗരത്തിലെ പിക്കാസോ ക്ലബ്. സമ്പന്നന്റെ പറുദീസ. അവസാനമായി അവൻ സന്ദർശിച്ച ആ ക്ലബ്ബിലെ ഇന്ദു എന്ന പെൺകുട്ടിയാണ് കഥാപാത്രമെന്ന് ഓർത്തെടുക്കാൻ ഒട്ടും താമസം ഉണ്ടായില്ല. ജീവിത സ്വപ്നങ്ങൾക്ക് മങ്ങലേറ്റപ്പോൾ അധമ രാഷ്ട്രീയവും, കൈയ്യിൽ ഉണ്ടായിരുന്ന സ്പായും പൂട്ടിക്കെട്ടി നാട് വിട്ടു വന്നവൾ തിരെഞ്ഞെടുത്ത തൊഴിൽ 'ക്ലബ് ഡാൻസർ'. അങ്ങനെ വേണം ആ തൊഴിലിനെ ഔദ്യോഗികമായി വിളിക്കാൻ. പെട്ടെന്ന് പണം ഉണ്ടാക്കാൻ അവർക്ക് മറ്റെന്ത് മാർഗ്ഗമാണുള്ളത്. സത്യത്തിൽ ഇവരെ ആരോ ഉപയോഗിക്കുകയല്ലേ? ലോകത്തെ സമ്പന്ന രാജ്യങ്ങളിലെല്ലാം ഭരണ ചക്രം വരെ തിരിക്കാവുന്ന തരത്തിൽ മാഫിയ ഇതിന്റെ പുറകിൽ ഉണ്ടെന്നുള്ള മാധ്യമ വാർത്ത അവന്റെ ഓർമ്മയിലേക്ക് കടന്നു വന്നു. 'അല്ല ഇവിടെ വന്ന് ഇവരെ ഒക്കെ നന്നാക്കാനുള്ള പുറപ്പാടാണല്ലോ.' ഉള്ളിൽ ചിരിയോടൊപ്പം ചെറു ചിന്തയും ഉരുത്തിരിയാതിരുന്നില്ല.

ആ ക്ലബ്ബിൽ എല്ലാം സുലഭം. സ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടാത്ത ഒരേ ഒരിടം. ആവശ്യമുണ്ടേൽ എല്ലാം അവിടെ കിട്ടും. അന്ന് അവൾ ചാക്കിട്ടത് അവനെ ആയിരുന്നു. തിരിച്ചു പറയുന്നതാവാം ശരി. അവൻ തിരഞ്ഞെടുത്തത് അവളെ ആയിരുന്നു. അവിടെ എത്തിപ്പെടാനുള്ള ആയിരം കാരണങ്ങൾ അവൾക്ക് നിരത്താൻ ഉണ്ടായിരുന്നു. ബാർ കൗണ്ടറിൽ നിന്നും അവളുടെ മുറിയിലേക്കെത്തിയത് അവൻ പോലും അറിയാതെയായിരുന്നു. അല്ലെങ്കിൽ ഒരു മദാലസയുടെ മാദക ഭംഗിയിൽ അവൻ മത്ത് പിടിച്ചു മയങ്ങി പോയതുമാവാം. പക്ഷെ അവളോട് ഒന്നിനും അവന് താൽപര്യം തോന്നിയില്ല എന്നത് സത്യം. അനുവദിക്കപ്പെട്ട സമയത്ത് അവളെ സ്നേഹത്തോടെ പുണരാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞതുമില്ല. ഒത്തിരി തുറന്നു സംസാരിച്ചും വിങ്ങി കരഞ്ഞും അവളുടെ ദുഃഖത്തിൽ അവനും പങ്ക് ചേർന്നു. ഒന്നും നൽകാൻ കൈയ്യിൽ ഇല്ലാത്ത പരദേശി എന്ത് നൽകാൻ, ജീവിതത്തിൽ മുന്നോട്ട് വരാനുള്ള പ്രചോദനവും അവൾക്ക് വേണ്ടി എണ്ണി നിജപ്പെടുത്തി കൈയ്യിൽ കരുതിയ ചില്ലറകളും സമ്മാനിച്ച്  ഇറങ്ങുമ്പോൾ കൂടെ ചുടു ചുംബനവും നൽകാൻ മറന്നില്ല. ജീവിത സ്വപ്നങ്ങൾ തല്ലിത്തകർക്കുമായിരുന്ന ആ യാത്ര പാതി വഴിയിൽ ഉപേക്ഷിച്ചതാണ്. എങ്കിലും ആ സ്വപ്നം എന്തിനായിരുന്നു. 'ഇന്ദു ഇന്ന് എവിടെ?' അന്വേഷണം ഇവിടെ അവസാനിക്കുന്നു.

Content Summary: Malayalam Short Story ' Paradesiyude Jeevitha Parinayam ' written by Hariharan Pangarappilli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com