ADVERTISEMENT

ആർക്കു വേണ്ടി ഞാനെന്തെഴുതണം ഇന്നിനി?

ആർത്തട്ടഹാസം മുഴക്കുന്നവർക്കായോ.?

നിഴലിന്റെ മറവിലും നിഴലായി നിൽക്കുന്ന

നിഷ്ഠൂര രാഷ്ട്രീയ കോമരങ്ങൾക്കോ.?

നിരർഥമായ് നൃത്തം ചവിട്ടി നിന്നീടുന്ന

നിസ്തുലമാം നവ യൗവനങ്ങൾക്കോ.?

സംസ്കാരമെല്ലാം സംസ്കരിച്ചാനന്ദ

തുന്തിലമാടുന്ന ഭരണാധിപർക്കോ.?

ചൊല്ലൂ പ്രിയ മിത്രമേ എന്റെയീ കാതിലായ്

ആർക്കു വേണ്ടീയെഴുതണം ഇന്നിനി.?
 

നാട്ടിലെ കാട്ടാളർ കൈയ്യേറി കൊന്നൊരു

കാടിനെ പറ്റിയെഴുതുക ഇല്ലിനി.!

വറ്റീ വരണ്ടുണങ്ങിക്കിടക്കുന്ന

നദികളെ പറ്റീയെഴുതുകയില്ലിനി.!

കളകളം പാടീയൊഴുകിയാനന്ദിച്ച

കാട്ടാറും, കാടിനു കൈമോശം വന്നതും

കാട്ടുകള്ളന്മാർ വിരാചിക്കും കാട്ടിലെ

കഞ്ചാവു തോട്ടം ഞാൻ കണ്ണാലെ കണ്ടതും,

കള്ളവാറ്റും, കരിഞ്ചന്തയും വാഴുന്ന

ആസുരമായെന്റെ നാടിനെ പറ്റിയും,
 

ആസന്നമായ ദുരന്തത്തെ കാത്തിരി-

ക്കുന്നയെൻ ഭൂമിതൻ ഭാവിയെ പറ്റിയും

എന്തെഴുതാനിനി ഞാനെന്തെഴുതാൻ.?

ശൈശവ, ബാല്യ, കൗമാരങ്ങൾ നോക്കാതെ

ശുക്ല സുഖംതീർക്കാൻ നെട്ടോട്ടമോടുന്ന

ചിത്തഭ്രമക്കാരെ സംരക്ഷിച്ചീടുന്ന

നീതിപീഠത്തിന്റെ തിമിരം പിടിച്ചയാ -

കണ്ണിനെ പറ്റിയും ഇല്ലെഴുതില്ല ഞാൻ.!

സ്വന്തം നഗരം എരിയുന്ന നേരത്ത്

വീണമീട്ടിപ്പാടി പൊട്ടിച്ചിരിച്ചൊരു

ചക്രവർത്തിക്കു ഞാൻ സാഷ്ടാംഗം ചെയ്യുന്നു.!
 

തെണ്ടിത്തിരിഞ്ഞു തെരുവാകെയോടുന്ന

തെമ്മാടിയാമെന്റെ ചിന്തകൾക്കിന്ന് 

കൈയ്യാമം വെച്ച ഭരണകൂടങ്ങളെ

കൈയ്യടിച്ചൊന്നിനി പ്രോത്സാഹിപ്പിക്കുക.!

പിന്നെ മധുരിക്കും എന്നു കരുതുവാൻ

നാമെല്ലാം തിന്നത് നെല്ലിക്കയല്ലല്ലോ.!

വെന്തുരുകുന്നെയെൻ ചിന്തതൻ മേലിതാ

അന്തകാരം പടരുന്നെന്റെ കൂട്ടരെ.!

കൊന്നൂ കൊലവിളിച്ചോടുന്ന മർത്യനെ

നോക്കിച്ചിരിക്കയാണിന്നു ഞാനിപ്പോളും.

ആയതിനാലെന്റെ കൂട്ടരെ ചൊല്ലുക

ആർക്കുവേണ്ടീ ഞാനെഴുതണം ഇന്നിനി.?!
 

Content Summary: Malayalam Poem ' Njanenthezhuthanam ' written by Asees Arakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com