ADVERTISEMENT

കീർത്തിനഗറിലെ പാതിര (കഥ)

തുലാമഴയുടെ നനുത്തതും പതിഞ്ഞതുമായ സംഗീതം ആസ്വദിച്ചാസ്വദിച്ചുറങ്ങിപ്പോയ സമാന തുടരെത്തുടരെ കോളിങ് ബെൽ ശബ്ദിക്കുന്നത് കേട്ടാണ് ഉണർന്നത്. സുഖകരവും ആഴമേറിയതുമായ നിദ്രയിൽ നിന്നുള്ള നിരാശാജനകവും അസ്വസ്ഥഭരിതവുമായ ഒരു ഞെട്ടിയുണരലായിരുന്നു അവളെ സംബന്ധിച്ചു അത്. ആ ഉണർച്ച ശരിക്കുമൊരു ഭയത്തിന്റെ ഇടനാഴിയിലേക്ക് കൂടിയായിരുന്നു. ഏറെ നേരമായിരുന്നില്ല അവൾ നിദ്ര പുൽകിയിട്ട്. രണ്ടു മണിക്കൂർ കഷ്ടിച്ചായതേ ഉണ്ടായിരുന്നുള്ളൂ കിടന്നിട്ട്. ഒരു ലാറ്റിനമേരിക്കൻ എഴുത്തുകാരിയുടെ സ്പാനിഷിലുള്ള നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക എന്ന സാഹസികവും ശ്രമകരവുമായ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു അവൾ. പ്രസാധകർ വാഗ്ദാനം ചെയ്ത കനത്ത പ്രതിഫലം മാത്രം കാംക്ഷിച്ചു കൊണ്ട് ആ ജോലി സമയബന്ധിതമായും ഭംഗിയായും പൂർത്തീകരിക്കാൻ അവൾ പ്രയത്നിക്കുകയാണ്. സമാന ടേബിൾ ലാംബ് തെളിച്ചു. അവളതിന്റെ മഞ്ഞ വെട്ടത്തിൽ ക്ലോക്കിലെ സമയം കണ്ടു. പന്ത്രണ്ടു മണി! നട്ടപ്പാതിര !! ശുദ്ധ അസമയം !!! പകപ്പോടെ അവൾ മെത്തയിൽ പിടഞ്ഞെഴുന്നേറ്റിരുന്നു. അവൾ ആ വില്ലയിൽ ഒറ്റക്കാണ്. ക്രിമിനലിസം കൊടികുത്തി വാഴുന്ന നാടും സമകാലികവുമാണ്. ഭയത്തിന്റെ പഴുതാരകൾ അവളുടെ മനസ്സിലൂടെ ഇഴഞ്ഞു. അതിന്റെ തരിപ്പോടെ, വിറയലോടെ, കിതപ്പോടെ, എന്തുചെയ്യണമെന്നറിയാതെ നിശ്ചേഷ്ടയായി അവൾ ഇരുന്നു പോയി. പൊടുന്നനെ വീണ്ടും കോളിങ് ബെൽ ശബ്ദിക്കാൻ തുടങ്ങി. ഇത്തവണ വാതിലിൽ തട്ടലുമുണ്ട്. അവൾക്ക് തല കറങ്ങി. അവളുടെ തൊണ്ട വരണ്ടു. മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും മറ്റും കോളിങ് ബെല്ലടിച്ചു ആളെ ഉണർത്തി വീടിനകത്തു കയറില്ലല്ലോ എന്നവൾ ആലോചിക്കാതിരുന്നില്ല. എന്നാലും ഒരു ഭയം. കാലഘട്ടം മാറിയപ്പോൾ സകല കാര്യങ്ങളുടെയും രീതിശാസ്ത്രങ്ങളും മാറിയല്ലോ. ഇരുട്ടിന്റെ ശക്തികളുടെ നൂതന സമ്പ്രദായങ്ങളാണെങ്കിലോ ഈ ബെല്ലടി? അവൾ തന്റെ മൊബൈലെടുത്തു അയൽക്കാരെ വിളിച്ചുണർത്താനുള്ള ശ്രമത്തിൽ വ്യാപൃതയായി. അതിലവൾക്കു തെല്ലു ജാള്യം തോന്നി എന്നതാണ് നേര്. എന്ത് ധൈര്യത്തിലാണ് ഒറ്റയ്ക്ക് താമസിക്കുന്നതെന്ന് അവരിൽ പലരും ചോദിച്ചതാണ്; കീർത്തിനഗർ എന്ന വരേണ്യവർഗം തിങ്ങിപ്പാർക്കുന്ന ആ കോളനിയിൽ വില്ല വാങ്ങി താമസമാരംഭിച്ച സമയത്ത്. അന്നേരം ഫെമിനിസ്റ്റ് ദാർശനീകതയുടെ അച്ചടി ഭാഷയിൽ അവൾ എന്തൊക്കെയോ പുലമ്പി. തന്റെ മറുപടികൾ ചോദ്യകർത്താക്കൾക്ക് ദഹിച്ചില്ല എന്നവൾക്ക് മനസ്സിലായിരുന്നു. അതവരെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്നറിഞ്ഞുകൊണ്ടു തന്നെ അവൾ അവർക്കു മുന്നിലൂടെ ഞെളിഞ്ഞു നടന്നു. എന്നാലിപ്പോൾ ഈ നിമിഷം അവളതിൽ ഖേദിക്കുന്നു. അത്രത്തോളം ഭീതിദമായ ഒരവസ്ഥയുടെ വാൾമുനയിലായിരിക്കുന്നു അവൾ. നിങ്ങളൊക്കെ ചുറ്റുമുണ്ടെന്ന ധൈര്യത്തിലാണ് ഞാനിവിടെ ഒറ്റക്ക് കഴിയാൻ പോകുന്നതെന്നോ മറ്റോ അന്ന് പറഞ്ഞാൽ മതിയായിരുന്നു എന്നവൾ ചിന്തിച്ചു. നഷ്ടപ്പെടാനൊരുപാടുള്ളവർക്ക് വിപ്ലവം മനസ്സിൽ വെക്കുന്നതാണുത്തമമെന്ന തിരിച്ചറിവിലേക്കവൾ എത്തുകയായിരുന്നു. അല്ലാത്തവർക്ക് അതിന്റെ അഗ്നി വാക്കുകളിലേക്കും പ്രവർത്തികളിലേക്കും പകർത്താം. കത്തിയെരിക്കുകയും കത്തിയെരിയപ്പെടുകയും ചെയ്യാം.

ആധുനികതയുടെയും സമ്പന്നതയുടെയും പ്രതീകമായി ഉയർന്നു വന്ന വാണിജ്യത്തിന്റെ തലസ്ഥാന നഗരിയായി വർത്തിക്കുന്ന ഒരു നഗരത്തിൽ, സമൂഹം വണങ്ങുന്ന പൗരപ്രമുഖർ അന്തിയുറങ്ങുന്ന ഒരു കോളനിയിൽ ഭയം എന്ന പദത്തിന് അർഥമോ പ്രസക്തിയോ ഇല്ലെന്നു ചിന്തിച്ച താനൊരു വിഡ്ഢിയാണെന്നവൾ പിറുപിറുത്തു. സ്ത്രീ എന്നും അപകടത്തിലാണ് എന്ന പുരാതനവും പരമ്പരാഗതവുമായ സങ്കൽപമാണ് ശരി എന്നവൾക്കു തോന്നി. സ്ത്രീക്ക് ചുറ്റും അവളറിയാത്തതും കാണാത്തതുമായ ചതിക്കുഴികളുണ്ട്. അറ്റമില്ലാത്തതും പരിഹാരമില്ലാത്തതുമായ സങ്കീർണ പ്രശ്നങ്ങളുണ്ട്. ഈയൊരു ബോധ്യത്തിലേക്കാണല്ലോ താൻ കണ്ണ് തുറന്നതെന്നോർത്തവൾ സങ്കടപ്പെട്ടു. തനിക്ക് ചരിത്രത്തിൽ ബിരുദമുണ്ട്. മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും അനുഭവ സമ്പത്തും ഉണ്ട്. താൻ പ്രമുഖ ദിനപത്രങ്ങളിലെ കോളമിസ്റ്റാണ്. വിഖ്യാത സാഹിത്യകാരൻ ഇസാഖ് മസീഹിയുടെ സ്വന്തം ആളായി അറിയപ്പെടുന്നവളാണ്. സ്പാനിഷടക്കം അഞ്ചു ഭാഷകൾ അനായാസം സംസാരിക്കും. നിരവധി വിവർത്തന ഗ്രന്ഥങ്ങളുടെ അമരക്കാരിയാണ്. പുസ്തകങ്ങളെഴുതി ധാരാളം പണം സമ്പാദിച്ചു. വീടും കാറും ഭൂമിയും സ്വന്തമാക്കി. എന്നാലിതൊന്നും പിച്ചിച്ചീന്തപ്പെടാതിരിക്കാനുള്ള കാരണങ്ങളല്ല. ഭേദ്യം ചെയ്യാനെത്തുന്ന ദുര മൂത്ത ചെന്നായ്ക്കൂട്ടത്തിനു തന്റേത് കേവലമൊരു സ്ത്രീ ശരീരം മാത്രം. അവരെയൊക്കെ സംബന്ധിച്ചു അതിനപ്പുറത്തേക്ക് മറ്റൊന്നുമില്ലല്ലോ. ആരും ഫോണെടുക്കുന്നുണ്ടായിരുന്നില്ല. അതിനവളാരെയും കുറ്റപ്പെടുത്താനൊരുക്കമായിരുന്നില്ല. തുലാമാസമാണ്. മഴയുള്ള രാത്രിയാണ്. സുഖകരമായ തണുപ്പുണ്ട്. ഇണയെ ചേർത്തണച്ചു പുതപ്പിനുള്ളിൽ കിടന്നുറങ്ങുന്നതിന്റെ ജൈവികമായ രസവും ലഹരിയും ഒന്ന് വേറെത്തന്നെയാണ്. ആ നിദ്ര ഞെട്ടാൻ ഒരു മൊബൈലിന്റെ ശബ്ദം മതിയാകുമോ എന്ന് സംശയമാണ്. ഉറക്കത്തിനു ഭംഗം വരാതിരിക്കാൻ ആളുകൾ ഫോൺ നിശബ്ദമാക്കി വെച്ചിരിക്കാനും മതി. വലിയൊരു സൗഹൃദ വലയത്തിനുടമയായിരുന്നു അവൾ. നഗരത്തിന്റെ പലയിടങ്ങളിലും അവൾക്കു സുഹൃത്തുക്കളുണ്ട്. അവരെ ആരെയെങ്കിലും വിളിക്കാം എന്ന ചിന്തയോടെ തിടുക്കത്തിലവൾ മൊബൈലിലെ കോൺടാക്ട് ലിസ്റ്റ് സ്ക്രോൽ ചെയ്തു. മഴ നിലച്ചിരുന്നു. കൊടിയ നിശബ്ദതയിൽ പൊടുന്നനെ വീണ്ടും കോളിങ് ബെൽ ശബ്ദിച്ചു. ഞെട്ടലോടെ അവൾ പുറത്തേക്കുള്ള വാതിൽക്കലേക്കു നോക്കി. ദയനീയമായിരുന്നു ആ നോട്ടം. ആ വാതിലിനപ്പുറം തന്നെ കാത്തിരിക്കുന്നതെന്താണെന്നു അവൾ തലപ്പെരുപ്പോടെ ആലോചിച്ചു.

"സമാനാ...." പുറത്തുനിന്നും ഒരു പുരുഷ ശബ്ദം. "വാതിൽ തുറക്കൂ" മുഴക്കമുള്ളതും സുന്ദരവുമായ ശബ്ദം. അത് കേട്ടതും അവളുടെ മുഖം വിടർന്നു. അവളിൽ നിന്നും ആശ്വാസത്തിന്റെ നിശ്വാസം പുറത്തുവന്നു. ഭയത്തിന്റെ വാവലുകൾ അവളുടെ മനസ്സിന്റെ ശിബിരങ്ങളിൽ നിന്നും അകലേക്ക് പറന്നു പോയി. നിമിഷ നേരം കൊണ്ടവൾ ഉല്ലാസവതിയായി. അതെ, ആ ശബ്ദം അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. ആ ശബ്ദത്തിനുടമയാരെന്നു അവൾക്കറിയാം. എത്ര വിദൂരത്തു നിന്ന് കേട്ടാലും അവളാ ശബ്ദം തിരിച്ചറിയും. അത്രമേൽ മാനസികവും വൈകാരികവുമായ അടുപ്പമുണ്ട് അവൾക്ക് ആ ശബ്ദത്തോടും, ആ ശബ്ദത്തിനുടമയോടും. ഭയപ്പെട്ടതുപോലൊന്നും സംഭവിച്ചില്ലല്ലോ എന്ന സന്തോഷത്തിലായിരുന്നു അവൾ. അപ്രതീക്ഷിതമായിട്ടാണെങ്കിലും, അസമയത്താണെങ്കിലും ഒടുവിൽ തന്റെ ആരാധ്യ പുരുഷൻ തന്നെത്തേടിയെത്തിയതിൽ അവൾക്കു സന്തോഷവും അഭിമാനവും തോന്നി. ആ വലിയ മനുഷ്യനെ വരവേൽക്കാനുള്ള സന്ദർഭം ഒത്തുവന്നതിന്റെ വിസ്മയത്തോടെയും ആവേശത്തോടെയും അവൾ മുഖം കഴുകിത്തുടച്ചു. നൈറ്റി മാറ്റി ചുരിദാറെടുത്തണിഞ്ഞു. പിന്നെ പുറത്തെ ലൈറ്റ് തെളിച്ചു. ശേഷം നിറഞ്ഞ ചിരിയോടെ തന്റെ വില്ലയുടെ വാതിൽ അവൾ മലർക്കെ തുറന്നു. ബഹുമാനാദരവുകളോടെ വൈരക്കല്ലുകൾ തിളങ്ങുന്ന വിടർന്ന മിഴികളോടെ അവളയാളെ നോക്കി. ശുഭ്ര വസ്ത്രധാരിയും, വയോധികനുമായ ആഗതൻ അവളെ അഭിവാദ്യം ചെയ്തു. അവളുടെ പ്രത്യഭിവാദ്യം ഒരു പുണരലായിരുന്നു. ഒരു തേങ്ങലോടെ അവളാ വിരിഞ്ഞ മാറിൽ മുഖം ചേർത്തു. ഒരു ഗുരുനാഥന്റെ അല്ലെങ്കിൽ ഒരു പിതാവിന്റെ വാത്സല്യത്തോടെ അയാളവളെ തഴുകുകയും ആ മൂർദ്ധാവിൽ ചുംബിക്കുകയും ചെയ്തു. അവളയാളെ അകത്തേക്കാനയിച്ചു. ലിവിങ് റൂമിലെ സോഫയിൽ അയാൾ ആസനസ്ഥനായി. വില്ലയുടെ ഇന്റീരിയറിനെ അവൾ പ്രശംസിച്ചു. അവളയാൾക്കു കടുപ്പത്തിലൊരു ചായയിട്ടു കൊടുത്തു. താൻ കടന്നു പോകുന്നത് ഒരു സ്വപ്നത്തിലൂടെയായിരിക്കരുതേ എന്ന പ്രാർഥനയായിരുന്നു അവളുടെ മനസ്സ് നിറയെ. മഴ പതിയെ അതിന്റെ താളം വീണ്ടെടുക്കാൻ തുടങ്ങിയിരുന്നു. ഒരു ഇടിക്കു പിന്നാലെ വൈദ്യുതി നിലച്ചു. അവൾ കർട്ടനുകൾ രണ്ടു വശത്തേക്കും നീക്കി ജാലകങ്ങൾ തുറന്നിട്ടു. ആർദ്രമായ തണുപ്പ് അകത്തേക്കരിച്ചു കയറി. എമർജൻസി ലാമ്പിന്റെ വെട്ടത്തിൽ ഇരുവരും മുഖാമുഖമിരുന്നു. "അപ്പോൾ ഇതാണ് സമാന എന്ന മിടുക്കിയുടെ കൊട്ടാരം. അല്ലെ..?"-അവളെ നഖശിഖാന്തം ഒന്ന് നോക്കിക്കൊണ്ടയാൾ. അവൾ മന്ദസ്മിതത്തോടെ പഴവർഗങ്ങൾ നിറഞ്ഞ തളിക അയാൾക്ക്‌ മുന്നിലേക്ക് നീക്കി വെച്ചു. "നമ്മൾ തമ്മിൽ നേരിൽ കാണുന്നത് ഇതാദ്യമാണ്." അയാൾ പറഞ്ഞു. "അതെ സർ. എത്രയോ നാളുകളായി ഇത്തരമൊരു കൂടിക്കാഴ്ച്ചക്കായി ഞാൻ കാത്തിരിക്കുന്നു. എവിടെയും ഞാൻ അങ്ങയെ പ്രതീക്ഷിച്ചു. എന്തായാലും എന്റെ ഒരുപാടു കാലത്തെ അഭിലാഷമാണ് ഈ വരവിലൂടെ അങ്ങ് സാധൂകരിച്ചത്." "ഒരിക്കൽ ഒന്ന് വന്നു കാണണമെന്ന് ഞാൻ നേരത്തെ നിശ്ചയിച്ചതാണ്. ഇപ്പോഴാണത് നടന്നതെന്ന് മാത്രം." അയാൾ ചെറിപ്പഴങ്ങൾ സ്വാദോടെ നുണഞ്ഞു. ശേഷം തുടർന്നു: "ആദ്യമൊക്കെ എനിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു. പെട്ടന്നൊന്നും എനിക്കൊന്നും ഉൾക്കൊള്ളാൻ സാധിച്ചില്ല. വെറുപ്പ് തോന്നിയിരുന്നു കാർലൈലിനോടും അയാളുടെ വാരികയോടും കുട്ടിയോടുമൊക്കെ. നിങ്ങളെ രണ്ടാളെയും വധിക്കാൻ വരെ ഞാൻ പദ്ധതിയിട്ടു. പിന്നെ ചിന്തിച്ചു എല്ലാം വിധിയാണ്. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാണ്. എന്തെങ്കിലുമായിക്കോട്ടെ എന്ന് കരുതി ഒന്നും ശ്രദ്ധിക്കാതായി. ഗുണം കിട്ടിത്തുടങ്ങിയപ്പോൾ ഒരു രസമൊക്കെ തോന്നിത്തുടങ്ങി. അപ്പോഴും കുട്ടിയെന്തിനിങ്ങനെ എന്ന് ചിന്തിച്ചു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്."    

"ആരാധന. അതുകൊണ്ടു മാത്രമാണ് സർ. ആദ്യം വെറുതെ ഒരു കുസൃതി ഒപ്പിച്ചതാണ്. ഒരു ചെറുപ്പക്കാരിയുടെ തലതെറിച്ച വികൃതി. എന്നാൽ കാർലൈൽ സർ അത് കാര്യമായെടുത്തതോടെ എന്റെ പ്രവർത്തനങ്ങൾക്കും ഗൗരവ സ്വഭാവം കൈവന്നു. പിന്നെ പൊടുന്നനെയെന്നോണം എല്ലാം ഒരു ഉത്തരവാദിത്വമായി മാറുകയായിരുന്നു." "എന്നാലും കുട്ടീ... നീ എങ്ങനെ എന്റെ മനസ്സ് വായിക്കുന്നു. നീ അക്ഷരാർഥത്തിൽ ഒരു മാലാഖയാണോ? എന്റെ ചിന്താധാരകളിലൂടെ, സങ്കൽപങ്ങളിലൂടെ, കാഴ്ചപ്പാടുകളിലൂടെ നീ തൂലിക ചലിപ്പിക്കുന്നു. എന്റെ മനസ്സിൽ രൂഡമൂലമാവുന്ന കഥാസന്ദർഭങ്ങൾ നീ ആവിഷ്കരിക്കുന്നു." "അങ്ങയെ ആഴത്തിൽ പഠിച്ചതുകൊണ്ടായിരിക്കാമത്. ബാല്യം മുതലേ ഞാൻ അങ്ങയെ അറിയുന്നു. അങ്ങയുടെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും. എഴുതിയതും പറഞ്ഞതുമെല്ലാം എന്നിൽ ആരാധന നിറച്ചിട്ടേ ഉള്ളൂ. എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അങ്ങേയ്ക്ക് വരമായി ലഭിച്ച സിദ്ധികൾ കണ്ട് അമ്പരന്നു പോയിട്ടുണ്ട്. പിന്നീട് ഇങ്ങനെയൊക്കെ ആയിത്തീർന്നതിനെ നിയോഗം എന്നല്ലാതെ എന്ത് വിളിക്കാൻ." "ശരിയാണ് കുട്ടീ... നിന്റെ നിയോഗമാണത്. എന്നെ പൂരിപ്പിക്കുക എന്നത്. എന്റെ തുടർച്ചയാവുക എന്നത്. എനിക്കിപ്പോൾ തോന്നുന്നു എന്റെ ഭാഗ്യമാണത്. ലോകത്തെ മറ്റൊരു എഴുത്തുകാരനും ലഭിച്ചിട്ടില്ലാത്ത ഇനി ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലാത്ത അപാരമായ സൗഭാഗ്യം. സാധ്യത." "അങ്ങ് ഇത്രയും കാലം എവിടെയായിരുന്നു എന്ന് ഞാൻ ചോദിക്കുന്നില്ല. ഒടുവിൽ ഏറ്റവുമൊടുവിൽ എനിക്കരികിൽ വന്നല്ലോ..." "ഞാൻ എവിടെയായിരുന്നു എന്നതിനെക്കുറിച്ചു എനിക്കുതന്നെ വ്യക്തത പോരാ. ബോധത്തിലാണെങ്കിലും അബോധത്തിന്റേതായ ഒരു തലത്തിലൂടെയായിരുന്നു അലച്ചിലേറെയും. ഒരുപാട് വർഷങ്ങൾക്കു ശേഷം ബൗദ്ധീകവും മാനസികവും ധൈഷണീകവും ചിന്താപരവുമൊക്കെയായ ഒരു സ്ഥിരത അനുഭവപ്പെടുന്നത് കുട്ടിക്കഭിമുഖമായി ഇതാ ഇവിടെയിങ്ങനെ ഇരുന്നപ്പോഴാണ്." അയാൾ പെട്ടെന്ന് നിശബ്ദനായി. മാറിടം വരെ നീണ്ടതും, ഇടതൂർന്നതും, നരബാധിച്ചതുമായ താടിയിലൂടെ അയാളുടെ വിരലുകൾ ഭ്രാന്തമായി സഞ്ചരിക്കാൻ തുടങ്ങി. ചുളിവുകൾ വീണ നെറ്റിത്തടത്തിൽ വിയർപ്പു തുള്ളികൾ രൂപപ്പെട്ടു. ഒരു പരേതന്റെ എന്നപോലെ നിർജീവമായി ആ കണ്ണുകൾ. ഓർക്കാനിഷ്ടപ്പെടാത്ത ഭൂതകാലത്തിന്റെ ഇരുണ്ട വൻകരയിലേക്കുള്ള തുറമുഖത്താണാ മനസ്സെന്നവൾ തിരിച്ചറിഞ്ഞു. മോശം ഓർമകളുടെ തുരങ്കങ്ങളും, തുറങ്കുകളും എന്നും മനുഷ്യ മനസ്സിനെ വേട്ടയാടുകയും മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. മറ്റെന്തെങ്കിലും പറഞ്ഞയാളെ ഭീകരവും ഭീതിതവുമായ ആ മൗനത്തിൽ നിന്നുണർത്താൻ അവൾ ആഗ്രഹിച്ചു. എന്ത് പറയണമെന്നതിനെക്കുറിച്ചു ആലോചിച്ചു. എന്നാൽ അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ അയാൾ എഴുന്നേറ്റു. തുറന്നു കിടക്കുന്ന ജനാലക്കരികിലേക്കു നീങ്ങി. കറന്റ് വന്നു. മേല്‍ത്തരം ബൾബുകളുടെ പ്രഭ അവിടമാകെ നൃത്തം വെച്ചു. സീലിംഗ് ഫാനുകളും വോൾ ഫാനുകളും കുളിർ വിതറി ചലിക്കാൻ തുടങ്ങി. മഴ എങ്ങും പോയിരുന്നില്ല.

"ലോകം മുഴുവൻ എന്നെ വാഴ്ത്തിപ്പാടി..." അയാൾ പറഞ്ഞു. "മാധ്യമങ്ങൾ എന്നെ ആഘോഷിച്ചു. നിരൂപകരും അവാർഡ് കമ്മറ്റികളും സാംസ്കാരിക സംഘടനകളുടെ നേതാക്കന്മാരും എന്റെ സാഹിത്യത്തെ ആഘോഷിച്ചു. ജീവിത വിജയത്തിന് പിന്നിലെ രഹസ്യങ്ങൾ അന്വേഷിച്ചു ഓറിയന്റേഷൻ ക്ലാസ്സുകളുടെയും, കരിയർ ഗൈഡൻസുകാരുടെയും സാരഥികൾ എന്റെ പിന്നാലെ കൂടി. എന്നാൽ എന്തായിരുന്നു യാഥാർഥ്യം? ജീവിതത്തിന്റെ ദൈവീകമായ ചൈതന്യം നഷ്ടപ്പെട്ട ഒരാൾ മാത്രമായിരുന്നു ഞാൻ. ഒരാൾ ജീവിതവിജയത്തിലേക്കെത്തുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന ഘടകങ്ങൾ പേരും പ്രശസ്തിയും പണവും പദവിയും അവാർഡുകളുമൊന്നുമല്ലല്ലോ. ഇതൊന്നുമില്ലാത്തവരും വിജയരഥത്തിലേറുന്നുണ്ട്. സംതൃപ്തിയോടെ ജീവിതം ജീവിച്ചു തീർക്കുന്നുണ്ട്. വിശുദ്ധിയിലാണ് കാര്യം. എന്നെ സംബന്ധിച്ചു എന്റെ ജീവിതത്തിൽ ഇല്ലാതെ പോയതും അതുതന്നെയാണ്. ലഹരിയും അരാജകത്വവും പ്രകൃതി വിരുദ്ധതയുമൊക്കെയായിരുന്നു എന്റെ വിഖ്യാത രചനകൾക്ക് പ്രചോദനമായി വർത്തിച്ചതെന്നു എത്രപേർക്കറിയാം? ഒടുക്കം ആശയങ്ങൾ വറ്റി. വാക്കുകളും വാചകങ്ങളും ആത്മാവിന്റെ ആഴങ്ങളിൽ നിന്നും ഇറങ്ങി വരാതായി. വരമായി തന്ന സിദ്ധികൾക്കു നന്ദി പ്രകടിപ്പിക്കാതിരുന്നതിനു സൃഷ്ടാവ് കൽപിച്ച ശിക്ഷയായിരിക്കാം. എന്നെ വായിച്ചും കേട്ടും എന്നിൽ അനുരക്തരായി എന്റെ കിടപ്പറയിലെത്തിയ പെൺകുട്ടികളുടെ അമ്മമാരുടെ ശാപമായിരിക്കാം. ഒരു വരിപോലുമെഴുതാനാകാതെ കാലമെത്ര ഞാനിരുന്നിട്ടുണ്ടെന്നറിയാമോ? ഒന്നും നടക്കില്ല എന്നു പൂർണബോധ്യം വന്നതോടെ ഒളിച്ചോടുകയായിരുന്നു എല്ലാത്തിൽനിന്നും. എല്ലാവരിൽ നിന്നും." "കഴിഞ്ഞതെല്ലാം മറന്നു...." "പുതിയൊരു തുടക്കത്തിന് ശ്രമിച്ചുകൂടേ എന്ന്. അല്ലേ..?" അയാൾ വലിയൊരു തമാശ കേട്ടതുപോലെ കുലുങ്ങിചിരിച്ചു. "ഇനിയൊരു മടക്കമോ തുടക്കമോ ഇല്ല കുഞ്ഞേ എന്റെ കർമ്മ കാണ്ഡം കഴിഞ്ഞിരിക്കുന്നു. ശ്വസനം നടക്കുന്നു എന്നതുകൊണ്ട് ജീവിക്കുന്നു എന്നർഥമില്ല. തീർച്ചയായും ഞാൻ മരണത്തിലാണ്." അയാൾ പതിയെ പുറത്തേക്കുള്ള വാതിൽക്കലേക്കു നീങ്ങി. "എന്റെയീ ദാരുണവും നിന്ദ്യവുമായ അവസ്ഥ മാലോകർക്കറിയില്ല. മോളുള്ളിടത്തോളം അതങ്ങനെത്തന്നെയായിരിക്കുമെന്നും എനിക്കറിയാം. ഇപ്പോൾ ഞാനെന്തുകൊണ്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നു ഒരു ചോദ്യം മാത്രമേ എല്ലാവരിലുമുണ്ടാവൂ. അത് സാരമില്ല. എന്നാൽ ഞാൻ മരിച്ചു എന്നറിഞ്ഞാലുടൻ മോളെല്ലാം സമൂഹത്തോട് തുറന്നുപറഞ്ഞേക്കണം കേട്ടോ. എല്ലാം നശിച്ചവന്റെ ഒടുവിലത്തെ അപേക്ഷയാണ്. തള്ളിക്കളയരുത്." അയാൾ വാതിൽ തുറന്നു പുറത്തിറങ്ങി. "അല്ല... പോവുകയാണോ?" അവൾ വല്ലായ്മയോടെ ചോദിച്ചു. "പോട്ടെ മോളെ.. പ്രകാശത്തെ ഭയമാണ്. മനുഷ്യനെ അഭിമുഖീകരിക്കാൻ പ്രയാസമാണ്. അങ്ങനെയുള്ളവന് രാത്രിയാണ് സഞ്ചാരയോഗ്യം. കുറെ ദൂരമെത്താനുണ്ട്. സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല. മോളെ വന്നു കാണുക എന്നത് എന്റെ നിയോഗമായിരുന്നു. അത് നടന്നു. ഇനി പോകണം. നിനക്ക് നല്ലത് മാത്രം വരും."

അയാൾ 'സംസം 'എന്ന നാമപ്പലക തൂങ്ങുന്ന ആ വില്ലയുടെ മാർബിൾ പടികളിറങ്ങി. പിന്നെ പതിയെ പതിയെ മുറ്റത്തൂടെ നടന്നു, ഗേറ്റ് കടന്നു, തെരുവിലിറങ്ങി വളവു തിരിഞ്ഞു മറഞ്ഞു. മഴയും കൊണ്ടുള്ള ആ പോക്കവൾ വേദനയോടെ നോക്കി നിന്നു. ഒരു കുടയെടുത്തു കൊടുക്കാൻ മറന്നതിൽ അവൾ ഖേദിച്ചു. അവൾ വാതിലടച്ചു. മുൻവശത്തെ ലൈറ്റുകൾ അണച്ചു. ജാലകങ്ങൾ അടച്ചു. കർട്ടനുകൾ ശരിപ്പെടുത്തി. ഒരു സ്വപ്നത്തിൽ നിന്നുണർന്നെന്ന പോലെ അവൾ കണ്ണ് തിരുമ്മി. വല്ലാത്തൊരു തളർച്ച അവളെ ബാധിച്ചിരുന്നു. കോട്ടുവാ ഇട്ടുകൊണ്ടവൾ കിടക്കയിലേക്ക് മറിഞ്ഞു. അവളുടെ അകത്തൊരു സമുദ്രമിരമ്പി. പൊട്ടിവന്ന കരച്ചിൽ തടുത്തുനിർത്താൻ അവൾക്കായില്ല. തലയിണയിലേക്കവൾ മുഖം പൂഴ്ത്തി. പോയ നിമിഷങ്ങൾ അവളെ സംബന്ധിച്ചു ദൈവീകമായിരുന്നു. വന്നു പോയവൻ അവളെ സംബന്ധിച്ചു ദൈവമല്ലാതെ മറ്റാരുമായിരുന്നില്ല. അയാളാവുന്ന ബ്രാൻഡിനെ ഏറ്റവും സാഹസീകവും സമർഥവുമായി കച്ചവടം ചെയ്ത ഒരുവളാണവൾ. അതിലൂടെ സമ്പന്നതയുടെ ഏദൻ തോട്ടം കരസ്ഥമാക്കിയവൾ. എല്ലാം കാർലൈൽ എന്ന പത്രാധിപ രംഗത്തെ അതികായന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു. അയാളുടെ കുശാഗ്ര ബുദ്ധിയും ചങ്കൂറ്റവും അവളെ മുന്നോട്ടു നയിക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപത്തെ ഒരു മേട മാസ സന്ധ്യ അവളുടെ മനസ്സിലേക്കരിച്ചു കയറി. "എന്ത് തോന്ന്യാസാ ഇത്...?" കാർലൈൽ ആക്രോശിച്ചു. "എന്റെ വാരികയിൽ ഒരു നോവൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനും അതെഴുതുന്ന നോവലിസ്റ്റും ചേർന്നാണ്. 'ജോൺ:ദി ബാപ്റ്റിസ്റ്റ് ' എന്ന നോവൽ പതിനൊന്നാമധ്യായത്തോടെ നിർത്താനാ ഞങ്ങടെ തീരുമാനം. ആ തീരുമാനത്തെ ചോദ്യം ചെയ്യാൻ നീയാരാ? അതിൽ പ്രതിഷേധിച്ചു പന്ത്രണ്ടാം അധ്യായം എഴുതി അയക്കാൻ നിന്നോടാരാ പറഞ്ഞെ? എന്ത് ധൈര്യത്തിലാ നീയത് ചെയ്തേ?" ബൈപാസ് ജംഗ്ഷനിലെ പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് ടവറിലെ ഒൻപതാമത്തെ നിലയിലെ 'സാഹിതീയം' വാരികയുടെ ഓഫീസിൽ കാർലൈലിന്റെ തീപിടിച്ച വാക്കുകൾക്കു മുന്നിൽ അവൾ സ്തബ്ധയായി നിന്നു. അവളയച്ച കൊറിയർ ലഭിച്ചയുടൻ അയാളവളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. "ഇസാഖ് എന്ന മഹാപ്രതിഭയോട്, ആ വലിയ എഴുത്തുകാരനോട് കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരതയും അനാദരവുമാണിത്. ഇത് ചെയ്തതിലൂടെ നീ അദ്ദേഹത്തെ പരിഹസിച്ചിരുന്നു. ഇത് സമാനതകളില്ലാത്ത തെമ്മാടിത്തം. സാംസ്കാരികമായ അപചയം. സർഗാത്മക പാപരത്തം. അറപ്പുളവാക്കുന്ന അൽപത്തം. മറ്റാരെങ്കിലുമാണിത് ചെയ്തിരുന്നതെങ്കിൽ അർഹിക്കുന്ന ലാഘവത്തോടെ ഞാൻ അവഗണിച്ചേനെ. എന്നാൽ നീ... നീയിതൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. കാരണം നീ ഒരു മാധ്യമപ്രവർത്തകയാണ്. എഴുത്തുകാരിയാണ്. ഇസാഖിന്റെ കൃതികളിൽ ഗവേഷണം നടത്തുന്നവളാണ്." അയാൾ നിന്നു കത്തി. അവൾ നിന്നു പരുങ്ങി. തലതാഴ്ത്തി നിന്നവൾ നിശബ്ദയായി തേങ്ങി.

അത്ഭുതത്തോടെയും കൗതുകത്തോടെയും ഖണ്ഡശ്ശ; വായിച്ചു വന്ന നോവൽ പൊടുന്നനെ നിലച്ചപ്പോൾ അവളെ നിരാശ ബാധിച്ചു. മറ്റനേകം പേരെ പോലെ അവളും നോവലിന്റെ അടുത്ത അധ്യായത്തിനായി കാത്തിരുന്നു. എന്നാൽ 'ജോൺ:ദി ബാപ്റ്റിസ്റ്റ് ' എന്ന നോവലിന്റെ തുടർച്ചയില്ലാതെ  'സാഹിതീയ'ത്തിന്റെ ലക്കങ്ങളോരോന്നും പുറത്തു വന്നുകൊണ്ടിരുന്നു. അവൾ പത്രാധിപർക്ക് ഇമൈലുകളയച്ചു. വാട്സാപ്പ് സന്ദേശങ്ങളയച്ചു. പ്രതികരണമൊന്നുമുണ്ടായില്ല. നാളുകൾക്കു ശേഷം ആ നോവൽ സാങ്കേതിക കാരണങ്ങളാൽ തുടർന്നു പ്രസിദ്ധീകരിക്കുന്നതല്ല എന്ന ഒരു കുറിപ്പോടെ പത്രാധിപർ എല്ലാം അവസാനിപ്പിച്ചു. ആ വിഷയത്തിന് വിരാമം കുറിച്ചു. എന്ത് കാരണം കൊണ്ടായാലും നോവൽ നിർത്തിയത് ശരിയായില്ല എന്ന പക്ഷമായിരുന്നു അവളുടേത്. ആ നടപടി അനുവാചകരോട് കാണിക്കുന്ന അനീതിയും വഞ്ചനയുമാണെന്നവൾ ചിന്തിച്ചു. അവളിൽ പ്രതിഷേധ ജ്വാല ഉയർന്നു. വിപ്ലവം തുടലു പൊട്ടിച്ചു. അവൾ നോവലിന്റെ പന്ത്രണ്ടാം അധ്യായമെഴുതി! പൊടുന്നനെയാണ് കാർലൈൽ ശാന്തനായത്. അവളെ അമ്പരപ്പിച്ചു കൊണ്ട് അയാളുടെ വദനത്തിൽ, അധരത്തിൽ ഒരു മന്ദഹാസം പ്രത്യക്ഷപ്പെട്ടു. അവളെ സാകൂതം നോക്കിക്കൊണ്ടയാൾ അവളുടെ അരികിലെത്തി. പിന്നെ കസേരയിൽ പിടിച്ചിരുത്തി. ശേഷം തന്റെ ഇരിപ്പിടത്തിലേക്കു അമർന്നിരുന്നു കൊണ്ട് അയാൾ പറഞ്ഞു: "എന്നാലും നീയെന്നെ വിസ്മയിപ്പിച്ചു കളഞ്ഞു. എങ്ങനെ നീയീ അധ്യായം എഴുതി? ഞാനാദ്യം കരുതിയത് ഇസാഖ് എഴുതി അയച്ചതാണെന്നാണ്. അത്ര സാമ്യം തോന്നുന്നു.അദ്ദേഹത്തിന്റെ ശൈലി, പ്രയോഗങ്ങൾ, പദവിന്യാസങ്ങൾ, വിരുദ്ധോക്തികൾ, അർധോക്തികൾ, രചനാസങ്കേതങ്ങൾ... എല്ലാം സൂക്ഷ്മമായി നീ ആവാഹിക്കുകയും അനുധാവനം ചെയ്യുകയും ചെയ്തിരിക്കുന്നു. എന്നെപ്പോലൊരു പത്രാധിപരെ കുറച്ചു നേരത്തേക്കെങ്കിലും അതെഴുതിയത് കാർലൈൽ തന്നെയാണെന്ന് തോന്നിപ്പിക്കാൻ നിന്റെ എഴുത്തിനു സാധിച്ചു. അപ്പോൾ പിന്നെ സാധാരണ ആളുകളുടെ കാര്യം പറയണോ...! തീർച്ചയായും സമൂഹത്തെ നിനക്ക് കൺവിൻസ്‌ ചെയ്യാൻ കഴിയും..." എന്താണയാൾ പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ അവളയാളെ ഉറ്റു നോക്കി. അയാൾ തുടർന്നു: "തികച്ചും അപ്രതീക്ഷിതമായ ഒരു തുടർച്ചയാണ് നീ 'ജോൺ:ദി ബാപ്റ്റിസ്റ്റ് 'നുവേണ്ടി എഴുതിയിരിക്കുന്നത്. ആവേശമുണ്ടാക്കുന്ന വളർച്ചയും, ബോറടിപ്പിക്കാത്ത വേഗവും, ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒടുക്കവും നീയെഴുതിയ പന്ത്രണ്ടാം അധ്യായത്തിനുണ്ട്. ഖണ്ഡശ്ശ; യുടെ ഒരു രസക്കൂട്ടാണല്ലോ ഇപ്പറഞ്ഞതെല്ലാം. കുട്ടീ... ഞാൻ ചോദിക്കുന്നത് നിന്റെ ഭാവനക്കനുസരിച്ചു, നിന്റെ അറിവും അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉപയോഗപ്പെടുത്തി എന്തുകൊണ്ട് നിനക്കാ നോവൽ പൂർത്തീകരിച്ചുകൂടാ?" അവൾ സ്തംഭിച്ചിരുന്നു പോയി! അരുതാത്തതെന്തോ കേട്ടത് പോലെ അവൾ തല വെട്ടിച്ചു. വിഹ്വലതയോടെയും അസ്വസ്ഥതയോടെയും അവൾ എഴുന്നേറ്റു. കാബിനു പുറത്തേക്കോടി. അയാളവളുടെ പിന്നാലെ ചെന്നു. ലിഫ്റ്റിൽ കയറാനൊരുങ്ങിയ അവളെ തടഞ്ഞു. "സമാന... എന്തുപറ്റി? ഇങ്ങനെ പൊയ്ക്കളഞ്ഞാലോ? ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ." അയാൾ സൗമ്യമായി പറഞ്ഞു. എന്നാൽ അവൾ അലറി: "വേണ്ടാ... എനിക്കൊന്നും കേൾക്കേണ്ട. നിങ്ങളൊരു ക്രൂരനാണ്. എന്നെ പോലൊരു പെണ്ണിനോട് ഇത്ര ദയാരഹിതമായി പെരുമാറാൻ നിങ്ങൾക്ക് കഴിയുന്നത് അതുകൊണ്ടാണ്. നിങ്ങൾക്ക് പെണ്ണിനെ ബഹുമാനിക്കാനറിയില്ല. ശരിയാണ്.... ഞാൻ തെറ്റുചെയ്തവളാണ്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തിൽ ഞാൻ ചെയ്തുപോയതു കൊടിയ തെറ്റാണ്. ഞാനതിനെന്റെ മനസ്സിൽ ഒരു നൂറുവട്ടം ആ മനുഷ്യനോട് ക്ഷമാപണം നടത്തിക്കഴിഞ്ഞു. നിങ്ങളോടും മാപ്പു ചോദിക്കുന്നു. ഞാനൊരിക്കലും നിങ്ങൾക്ക് അത് അയക്കാൻ പാടില്ലായിരുന്നു. ഇനിയെന്നെ വെറുതെ വിടൂ.. പരിഹസിച്ചു കൊല്ലാക്കൊല ചെയ്യാതെ എന്നെ പോകാനനുവദിക്കൂ. ഇവിടെ നിന്നു ചാടി മരിക്കാനെങ്കിലും..." അയാൾ അവളുടെ വാ പൊത്തി. 

'സാഹിതീയ 'ത്തിന്റെ സ്റ്റാഫുകൾ ഓടിക്കൂടിയിരുന്നു. അവർക്ക് മുന്നിലൂടെ അവളെയും കോരിയെടുത്തു അയാൾ തന്റെ കാബിനിലേക്കു നടന്നു. അവിടെ ജാലകത്തിന്നരികിലുള്ള ദിവാൻ കോട്ടിലേക്ക് അവളെയിരുത്തി. ആ കണ്ണുകൾ തുടച്ചു. വാത്സല്യത്തോടെ അവളെ തഴുകി. അവൾക്ക് കുടിക്കാൻ വെള്ളം നൽകി. മധുര വാക്കുകൾ പറഞ്ഞവളെ ആശ്വസിപ്പിച്ചു. നേരമേറെയെടുത്തു അവളുടെ ഏങ്ങലടി മാറാൻ. അവൾ സാധാരണ നിലയിലേക്കെത്താൻ. അയാൾ പറഞ്ഞു: മോളെ സമാന, തീർച്ചയായും ഞാൻ നിന്നെ അധിക്ഷേപിച്ചതല്ല. നീ എഴുതിയ അധ്യായം കണ്ടപ്പോൾ എന്റെ മനസ്സിൽ രൂപപ്പെട്ട ഒരാശയം പങ്കുവെച്ചെന്നേയുള്ളൂ. നിനക്കതിനു സമ്മതമാണെങ്കിൽ, നീ സഹകരിക്കുകയാണെങ്കിൽ ഞാനാ ആലോചനയുമായി മുന്നോട്ടു പോകും. നീ തയ്യാറല്ലെങ്കിൽ ഞാൻ ഇതാ ഈ നിമിഷം ആ ചിന്തയോട് ഗുഡ്ബൈ പറയും." "അദ്ദേഹം എവിടെ ?അദ്ദേഹം എന്താ എഴുതാത്തത് ?" അവൾ വിങ്ങലോടെ ചോദിച്ചു. "ഞാൻ പ്രതിഷേധിക്കാൻ കണ്ടെത്തിയ ഒരു മാർഗം, അദ്ദേഹത്തിന് ബദൽ എന്ന ആശയത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിച്ചെങ്കിൽ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് വിശദീകരിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. കുറഞ്ഞ പക്ഷം എന്നോടെങ്കിലും." "തീർച്ചയായും. ഞാൻ മനസിലാക്കുന്നു. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചു ഞാൻ നിന്നോട് പറയാം. എന്നാൽ ആദ്യം ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത് എന്റെ ആശയത്തെക്കുറിച്ചാണ്. നിന്റെ ഉള്ളിലെ വിപ്ലവ ചിന്തയെ, കുട്ടിത്തത്തെ ഒക്കെ തൃപ്തിപ്പെടുത്തുന്നതിനായി നീ പന്ത്രണ്ടാമത്തെ അധ്യായം എഴുതിയത് ഒരു നിമിത്തമായിരിക്കാം. അദ്ദേഹം എഴുതി നിർത്തിയേടത്തു നിന്നും എഴുതിത്തുടങ്ങുക എന്നത് നിന്റെ നിയോഗമായിരിക്കാം. അതിനാൽ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക. അദ്ദേഹത്തിന്റെ കൃതികൾ ആഴത്തിൽ പഠിച്ചതിലൂടെ അദ്ദേഹത്തെ പോലെ ചിന്തിക്കാനും എഴുതാനുമുള്ള കഴിവും മികവും നീ സ്വായത്തമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ പേരിനു പിന്നിൽ മറഞ്ഞിരുന്നു പേന ചലിപ്പിക്കാൻ നിനക്കാകും. നീ എഴുതി നീട്ടുന്നത് അദ്ദേഹത്തിന്റെ പേരിൽ ഞാൻ പ്രസിദ്ധീകരിക്കും. മറ്റു ആനുകാലികങ്ങളിലും വെളിച്ചം കാണിക്കും. പുസ്തകങ്ങൾ പുറത്തിറക്കും. ലഭിക്കുന്ന വരുമാനത്തിന്റെ പകുതി നിനക്കുള്ളതാണ്. അത് റോയൽറ്റിയാണെങ്കിലും അവാർഡ് തുകയാണെങ്കിലും. അദ്ദേഹം കുത്തഴിഞ്ഞ ജീവിതം കൊണ്ട് വരുത്തി വെച്ച ബാധ്യതകൾ തീർന്നു കഴിഞ്ഞാൽ വരുമാനം മുഴുവനും നിനക്കെടുക്കാം. നിനക്ക് സമ്പന്നയാകാം. സ്വസ്ഥമായി ജീവിക്കാം. അദ്ദേഹത്തിന്റെ പേർസണൽ എഡിറ്ററും സ്റ്റെനോഗ്രാഫറുമായി സാംസ്കാരിക സമൂഹത്തിനു മുന്നിൽ നിനക്ക് തിളങ്ങി നിൽക്കാം." 

"ഇതിലെവിടെയാണ് സർ ധാർമീകത? ഇത് വഞ്ചനയല്ലേ? അദ്ദേഹത്തിന്റെ വിപണിമൂല്യത്തെ ദുരുപയോഗം ചെയ്യലല്ലേ? ബ്രാൻഡ് നെയിം എഴുതിയൊട്ടിച്ചു വ്യാജൻ വിൽക്കുന്ന ഏർപ്പാടല്ലേ ഇത്? ഇതിലൂടെ പറ്റിക്കപ്പെടുക അദ്ദേഹത്തിന്റെ ലക്ഷോപലക്ഷം അനുവാചകാരല്ലേ..?" ചോദ്യങ്ങൾ..   എടുത്തടിച്ചതുപോലെയുള്ള ചോദ്യശരങ്ങൾ. അയാൾ അൽപനേരം മൗനിയായിരുന്നു. ശേഷം ഒരു ചെറു ചിരിയോടെ പറഞ്ഞു: "നോക്കൂ... അദ്ദേഹത്തിന്റെ യഥാർഥ മുഖം അനാവൃതമായാൽ ഈ സമൂഹം അദ്ദേഹത്തെ എറിഞ്ഞു കൊല്ലും. എന്നിട്ട് ശവശരീരം ശ്മാശാനത്തിലെ കൊടിച്ചിപ്പട്ടികൾക്കിട്ടു കൊടുക്കും. കുറച്ചു മുൻപ് നീ ചോദിച്ചല്ലോ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന്. കുറച്ചു നാൾ കഴിഞ്ഞാൽ എല്ലാവരും ഇത് തന്നെ ചോദിയ്ക്കാൻ തുടങ്ങും. അദ്ദേഹത്തിന്റെ നോവലുകൾ ആദ്യം പ്രസിദ്ധപ്പെടുത്തുന്ന വാരികയുടെ പത്രാധിപരെന്ന നിലയിലും അദ്ദേഹത്തിന്റെ ആത്മമിത്രം എന്ന നിലയിലും ആ ചോദ്യത്തിന് മറുപടി പറയൽ എന്റെ ബാധ്യതയാകും. ഞാൻ എല്ലാം തുറന്നു പറയാൻ നിർബന്ധിതനാകും. ഞെട്ടിക്കുന്ന പലതും എനിക്ക് പറയേണ്ടി വരും. അതിലൂടെ തകർന്നു വീഴുക അദ്ദേഹത്തെക്കുറിച്ചുള്ള ധാരണകളുടെ വിഗ്രഹങ്ങളായിരിക്കും. അതിനേക്കാളൊക്കെ എത്രയോ ഭേദമാണ് ഞാൻ പറഞ്ഞ വഴി. കുറുക്കുവഴിയാണ് സഞ്ചാരയോഗ്യമെങ്കിൽ അതുതന്നെ തിരഞ്ഞെടുക്കണമെന്ന യുക്തിയിലാണ് എനിക്ക് വിശ്വാസം." ഇടിവെട്ടി. അവൾ തന്റെ ഗതകാല സ്മരണകളിൽ നിന്നുണർന്നു. കാത്തിരിപ്പ് ഒരു തപസ്സാണ്. അവൾ ചിന്തിച്ചു. തപസ്സിനൊടുവിൽ തന്റെ അടിമയിൽ സംപ്രീതനായി ദൈവം പ്രത്യക്ഷപ്പെടുന്നു. തന്റെ കാത്തിരിപ്പിനൊടുവിലും സംഭവിച്ചത് ഇതുതന്നെയല്ലേ. അവൾ നിശ്വാസമുതിർത്തു. തനിക്കിനി ഉറങ്ങാനാവില്ല എന്നവൾ തിരിച്ചറിഞ്ഞു. കീർത്തി നഗറിലെ ഈ പാതിരാ നിദ്രാ വിഹീനമായി കടന്നുപോകും. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. അവൾ എഴുന്നേറ്റു. ടേബിൾ ലാംബ് തെളിച്ചു. പേന തുറന്നു....

Content Summary: Malayalam Short Story ' Keerthinagarile Paathira ' written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com