ADVERTISEMENT

തിയ്യത്തി കല്യാണി (കഥ)

ഒരുക്കങ്ങൾ ഏറെക്കുറെ പൂർണ്ണമാണ്. നെഞ്ചിൻകൂട് പറിഞ്ഞുപോകുന്ന കുറച്ചു ചുമകളുടെ ഘോഷയാത്ര, അത്രതന്നെ കഷായമണമുള്ള കണ്ണീർ, സമം ചേർത്ത മടുപ്പിക്കുന്ന അടുക്കള ചുമരുകളുടെ ഒരൽപം യൗവ്വന ദീർഘ നെടുവീർപ്പുകൾ. എല്ലാം സമന്വയിപ്പിച്ചൊരു യാത്രയൊരുക്കം ഒരു ഇരുമ്പുപെട്ടിയുടെ രൂപത്തിൽ ചിറകുകൾ മുളയ്ക്കുന്നതും കാത്ത് മൺകട്ടകൊണ്ടു നിർമ്മിച്ച കുമ്മായം അടർന്നുവീഴാൻ തുടങ്ങിയ മുറിയിൽ ഒരു കാലൊടിഞ്ഞൊരു മേശമേൽ കൂനിക്കൂടിയിരിപ്പാണ്. യാത്ര പറച്ചിലും ഏറെക്കുറെ പൂർണ്ണമായിരിക്കുന്നു. പിച്ചവച്ചു നടന്ന മുറ്റത്തിനോടും, ഓടിത്തിമിർത്ത പഞ്ചായത്ത് റോഡിനോടും പഠിച്ച വിദ്യാലയത്തിലെ കാലൊടിഞ്ഞ ബെഞ്ചിനോടും കൈതോല പായ മെടഞ്ഞു തീർത്ത അരമറയോടും എന്റെ കല്ലേറിന്റെ നോവേറ്റിട്ടും പൊറുത്തുതന്ന മുത്തശ്ശിമാവിന്റെ ഓരോ ചില്ലയോടുപോലും യാത്ര പറഞ്ഞുകഴിഞ്ഞു. ഉപ്പയുടെ എലത്തൂരിലുള്ള ഇളയ സഹോദരി സൈന അമ്മായിയോട് യാത്ര പറഞ്ഞപ്പോൾ കുട്ടിക്കൂറ പൗഡറിന്റെ പരിമളം നിറഞ്ഞു നിൽക്കുന്ന ദേഹം കൊണ്ട് സ്നേഹപൂർവ്വം ആശ്ലേഷിച്ചു കൊണ്ടവർ പറഞ്ഞു. ഗൾഫുകാരനായി നിറയെ കാശൊക്കെയായി വല്യ പത്രാസൊക്കെയായി വരുമ്പോ സൈനമ്മായിയെ മറക്കരുത് ട്ടോ... കൂട്ടത്തിൽ സ്വകാര്യമായി ശബ്ദം താഴ്ത്തിയൊരു ഓർമ്മപ്പെടുത്തലും.. നീയ്യ്‌ തിരിച്ചു വരുമ്പോ എനക്ക് കുട്ടിക്കൂറ പൗഡറു മാങ്ങാൻ മറക്കണ്ടാട്ടൊ.. പറക്കാൻ തുടങ്ങുന്നതിനു മുൻപെയാണ് തിരിച്ചു പറക്കുന്നതിനെക്കുറിച്ചു പറയുന്നത്. മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചതേയുള്ളൂ. നിറയെ കാശൊക്കെയാകുമ്പോൾ ആൾക്കാർ ആൾക്കാരെ മറന്നു തുടങ്ങുമോ? അറിയില്ല. ഏതായാലും അമ്മായിയുടെ കുട്ടിക്കൂറ സുഗന്ധം മനസിലുള്ളതുകൊണ്ടു മറക്കാൻ വഴിയില്ല.

പാറക്കടവിലുള്ള സൂപ്പി മാമനോട് യാത്രപറയാൻ ചെന്നപ്പോൾ സ്വതവേ ചിരിക്കാത്ത ഗൗരവമാർന്ന മുഖത്തിന്റെ കോണിലൊരല്പം വെളിച്ചം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിലൊരു ഉപദേശവും... സുബൈറേ കിട്ടുന്ന കാശൊന്നും അനാദിയാക്കിക്കളയരുത്. നിനക്ക് താഴെയും മോളിലുമായി പെങ്കുട്ട്യേള് മൂന്നാണ്. ആ ബിചാരം എപ്പളും ബേണം. എല്ലാം ഓന്റെ പിടിപ്പുകേടാണെന്നു ആരെക്കൊണ്ടും പറയിക്കരുത്. അന്റെ ഉപ്പയെപ്പോലെ. മറുപടിയൊന്നും പറഞ്ഞില്ല. നമ്മൾ നല്ലൊരു ശ്രോതാവുമായിരിക്കണമല്ലോ.. വാല്യക്കോടുള്ള കദീശ ഇളയുമ്മയോടു യാത്ര പറയാൻ ചെന്നപ്പോൾ എന്റെ മനസ് വായിച്ചിട്ടെന്നപോലെ പച്ചനെല്ലിക്കയിട്ടു വരട്ടിയ കുഞ്ഞൻമത്തിയും നല്ലവണ്ണം തേങ്ങയിട്ട ആവിപറക്കുന്ന പുട്ടും തയാറായിരുന്നു.. ഇളയുമ്മ എന്തുണ്ടാക്കിയാലും അസാധ്യ രുചിയാണ്. നല്ല കൈപ്പുണ്യം. മോനെ സുബൈറേ, കുരുമുളകിട്ടു ലേശം മത്തി വരട്ടി തന്നുവിടട്ടേ കൊണ്ടോവാൻ? സ്വകാര്യത്തിൽ ചോദിച്ചത് സ്നേഹപൂർവ്വം നിരസിച്ചുകൊണ്ടു പറഞ്ഞു.. കേടായിപ്പോകും എളോ മ്മാ.. പിന്നീട് യാത്ര പറയാനുണ്ടായിരുന്നത് പാവണ്ടൂരിലുള്ള അബൂക്കയോടും ഉമ്മാമയോടുമായിരുന്നു.. ഉമ്മാമയ്ക്കൊരു പ്രത്യേകതയുണ്ട്, അത് ഉമ്മാമയുടെ ശരീരത്തിന്റെ ഭാഗം പോലെ കൊണ്ട് നടക്കുന്ന തുണിപ്പോഞ്ചിയാണ്.. ഓർമ്മവച്ച നാളുകൾ മുതൽ കാണുന്നതാണ് ഉമ്മാമയുടെ നീല ബോർഡറിൽ ചിത്രപ്പണികളുള്ള വെളുത്ത മുണ്ടിന്റെ കോന്തലക്കൽ ഒരു കുഞ്ഞു തുണിപ്പോഞ്ചി.. ചെറുതാണെങ്കിലും ഇടയ്ക്കു ഉമ്മാമയെ സന്ദർശിക്കാൻ വരുന്ന ബന്ധുക്കൾ സമ്മാനിക്കുന്നതും പെൻഷൻ കാശുമുൾപ്പടെ അത്യാവശ്യം സമ്പാദ്യമൊക്കെ ആ തുണിപ്പോഞ്ചിയിലുണ്ടാകും.. ഭൂതത്തന്മാർ നിധി കാക്കുന്നതിനേക്കാൾ സൂക്ഷ്മതയിലും ജാഗ്രതയിലുമാണ് ഉമ്മാമ ആ തുണിപ്പോഞ്ചി സൂക്ഷിക്കുന്നത്.. മഹാ പിശുക്കിയാണ് ഉമ്മാമ.. അറ്റകൈക്ക്‌ ഉപ്പുതേക്കാത്തവർ എന്നൊക്കെ അബുക്കയൊക്കെ ഉമ്മാമയെ രഹസ്യമായി വിശേഷിപ്പിക്കുന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട്.. ചെറുപ്പത്തിൽ ചിലപ്പോഴൊക്കെ അബൂക്കയുടെ വീട്ടിൽ പാർക്കാൻ പോയാൽ ഉമ്മാമയോടൊപ്പമാണ് ഉറങ്ങുക. വായു സഞ്ചാരം നന്നേ കുറഞ്ഞ മൺകട്ടകൾ കുത്തനെ ഇടവിട്ടു വച്ച് ഉണ്ടാക്കിയ ജാലകവിടവിലൂടെ നിലാവിന്റെ തുണ്ടു മുറിയിലേക്ക് എത്തിനോക്കുന്ന രാത്രികളിൽ പനാമ സോപ്പിട്ടു കുത്തിത്തിരുമ്മിയുണക്കിയ കാച്ചയുടെ ഗന്ധത്തിൽ ഉമ്മാമയെ കെട്ടിപ്പിടിച്ചു കിടന്നു മങ്ങാട്ടച്ചന്റെയും കുഞ്ഞായൻമുസ്ലിയാരുടെയും കഥകൾ പറഞ്ഞു തന്നെന്നെ രസിപ്പിച്ചു ഒടുവിൽ വാർദ്ധക്യത്തിന്റെ തഴക്കം വീണ ആ പരുപരുത്ത വിരലുകൾ എന്റെ മൂർദ്ധാവിലൂടെ അലക്ഷ്യമായ് സഞ്ചരിച്ചു നിദ്രയെ ആവാഹിച്ചു എന്റെ കണ്ണിൽ നിക്ഷേപിക്കുമ്പോൾ അർദ്ധ രാത്രി പിന്നിട്ടിട്ടുണ്ടാകും...

പിറ്റേന്ന് രാവിലെ മദ്രസ്സയിൽ (മതപഠന ശാല )പോകാൻവേണ്ടി ഉമ്മാമ രാവിലെ വിളിച്ചുണർത്തി കുളിപ്പിച്ച് ആവിപറക്കുന്ന പുട്ടും തേങ്ങാ വറുത്തരച്ച കടലക്കറിയും വിളമ്പിത്തന്നു അടുത്തിരുന്നു കഴിപ്പിക്കും. പുട്ടു കടലക്കറിയിൽ നനച്ചു ആസ്വാദ്യതയോടെ കഴിച്ചു തുടങ്ങുമ്പോൾ ഉമ്മാമ പറഞ്ഞുതുടങ്ങും.. ന്റെ മോനാകെ കോലം കെട്ടുപോയി.. അതെങ്ങനെയാ നേരത്തിനും കാലത്തിനും വല്ലതും പള്ളേലോട്ടു ചെല്ലണ്ടേ? ആട നല്ല നേരം നോക്കിയാണല്ലോ അടുപ്പു കത്തിക്കുന്നത്.. മൂന്നാം ക്ലാസുകാരനാണെങ്കിലും പറയുന്നത് എന്റെ വീടിനെ കുറിച്ചാണെന്നു അറിയാമെങ്കിലും എല്ലാം മനസിലായെങ്കിലും ഒന്നും മനസിലാകാത്തമട്ടിൽ വിഴുങ്ങാതെ വായിൽ അവശേഷിച്ച പുട്ടു അങ്ങനെതന്നെ നിലനിർത്തികൊണ്ടു വായ് പൊളിച്ചു ഉമ്മാമയുടെ ചുളിവ് വീണ മുഖത്തേക്കു നോക്കിക്കൊണ്ടിരിക്കുമ്പോൾ കേൾക്കാം മോൻ കഴിക്കി പള്ള നെറച്ചും കയ്ക്കി... വയറു നിറയെ കഴിച്ചു കൈകഴുകി മദ്രസ്സയിലെ കിതാബും എടുത്തു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് രസം.. ഉമ്മാമ അബുക്കയോ മാമിയോ മറ്റാരെങ്കിലുമോ പരിസരത്തൊന്നും ഇല്ലെന്നു ഉറപ്പു വരുത്തി പതുക്കെ കോന്തലയഴിക്കും.. എന്നിട്ടു അതിൽ ഭദ്രമായി കെട്ടിവച്ച തുണിപ്പോഞ്ചിയഴിക്കും.. അതിനിടയ്ക്ക് കുറഞ്ഞത് നാലഞ്ച് തവണ മഞ്ഞൾ കണ്ടത്തിൽ നിന്നും കീരി നോക്കുന്നതുപോലെ തല വെട്ടിച്ചു ചുറ്റും നോക്കുന്നുണ്ടാകും.. പിന്നെ ആ തുണിസഞ്ചിയിൽ നിന്ന് അതി സൂക്ഷ്മതയോടെ ഒരു രൂപയുടെ ഒരു നാണയമെടുത്തു വെള്ളകെട്ടിയ കണ്ണിനു അഭിമുഖമായി അടുത്തുപിടിച്ചു പലയാവർത്തി സംശയ നിവാരണം നടത്തി കീശയിലിട്ടുതരും കൂടെ ചെറിയൊരു ഉപദേശവും ആരെയും കാണിക്കരുത്. ഉസ്മാന്റെ പീട്യെന്നു പള്ള നെറച്ചും എറച്ചിയും പത്തിരിയും തിന്നോ... (ഒരു രൂപയ്ക്കു എത്ര ഇറച്ചിയും പത്തിരിയും കിട്ടുമെന്ന് ഉമ്മാമക്കേ അറിയൂ) പെട്ടെന്ന് തന്നെ ആ തുണിപ്പോഞ്ചി പൂർവ്വ സ്ഥാനത്ത് കുടിയിരുത്തപ്പെടും.. കാലം എത്രവേഗമാണ് സഞ്ചരിക്കുന്നത് അന്നത്തെ ആ ചെറുബാലൻ ഇന്ന് കടലും കടന്നു പറക്കാൻ പ്രാപ്തനായിരിക്കുന്നു ഉമ്മാമ ...

പക്ഷെ ഇതൊന്നുമല്ലല്ലോ ഈ രക്ത ബന്ധങ്ങളുടെ അദൃശ്യ ദൃഢനൂലുകളുടെ ബന്ധനവുമല്ല മണലാരണ്യത്തിലേക്കുള്ള എന്റെ മാനസിക കുടിയേറ്റത്തിന്റെ വേഗം കുറയ്ക്കുക.. അത് രക്ത ബന്ധങ്ങൾക്കും സാഹോദര്യ ബന്ധങ്ങൾക്കും അതീതമായൊരു ഊഷ്മള സ്നേഹബന്ധത്തിന്റെ തീവ്രതയിൽ ജനിക്കുന്ന അസ്വസ്ഥതയാകാം എന്റെ മനസിനെ അത്രമേൽ ദുർബലമാക്കുക... കല്യാണിയേടത്തിയോടും ശ്രീജയോടും അവരോട് യാത്ര പറയുമ്പോഴാണ് സത്യത്തിൽ എന്റെ ഉള്ളം പൊള്ളുക. പത്താം തരം വരെ പഠിച്ച വിദ്യാലയം വീട്ടിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരത്തായിരുന്നു. അതിൽ രണ്ടുമൂന്നു കിലോമീറ്റർ കാടുമായിരുന്നു. ഉമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി കല്ല്യാണിയേടത്തിയുടെ വീടും കടന്നു വേണം വിദ്യാലയത്തിലേക്ക് പോകാൻ. ചെറുപ്പത്തിൽ മാതാപിതാക്കൾ കാണാതെ ഒരു പാത്രത്തിൽ നിന്നും ഒന്നിച്ചു വാരിക്കഴിച്ചവർ, ഒന്നിച്ചു സ്വപ്‌നങ്ങൾ കണ്ടവർ, സന്തോഷവും ദുഃഖവും ഒന്നിച്ചു പങ്കിടാൻ ശീലിച്ചവർ, പിന്നീട് മുതിർന്നപ്പോൾ തെങ്ങുകയറ്റക്കാരനായ ഹരിജനായ രവിയെ പ്രണയിച്ചപ്പോൾ കല്യാണിയേടത്തിയുടെ വീട്ടുകാർ ശക്തമായി എതിർത്തതിനെ തുടർന്ന് ഒളിച്ചോടിപ്പോയി വിവാഹിതരായവർ. പിന്നീട് കുറെ കാലത്തിനു ശേഷം രവി ഒരു മഴക്കാലത്ത് പുന്നശ്ശേരി മാധവൻ നായരുടെ തെങ്ങിൽ കയറിയപ്പോൾ വീണു മരണപ്പെടുകയായിരുന്നു.. രണ്ടു അതിഥികൾ വന്നപ്പോൾ അവർക്കു കുടിക്കാൻ കരിക്കിടുന്നതിനു വേണ്ടി മാധവൻ നായർ നിർബന്ധിച്ചു കയറ്റിയതാണെന്നും അല്ലെന്നും പലരും ചെറുപ്പത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് കല്യാണിയേടത്തി പണിക്കുപോയി വളരെ കഷ്ടപ്പെട്ടാണ് ആ കുടുംബം പുലർത്തിയിരുന്നത്. കല്യാണിയേടത്തിക്കൊരു മോളുണ്ട്. ശ്രീജ ഞങ്ങൾ സഹപാഠികളായതും മറ്റൊരു യാദൃശ്ചികതയാവാം. മിക്കദിവസങ്ങളിലും ഒന്നിച്ചായിരുന്നു വിദ്യാലയത്തിലേക്കുള്ള ഞങ്ങളുടെ പോക്കും വരവും. നാലു കിലോമീറ്റർ നടന്നു താണ്ടാനുള്ള ഊർജം ഞങ്ങൾക്ക് ലഭിക്കുന്നത് ഈ ഒന്നിച്ചുള്ള നടത്തിലൂടെയായിരുന്നു. അപ്പോൾ നാല് കിലോമീറ്റർ താണ്ടുന്നത് നാനൂറു മീറ്റർ താണ്ടുന്നതുപോലെ ലാഘവത്വം അനുഭവപ്പെടും. 

ഇടയ്ക്കു കല്യാണിയേടത്തി പറയും മോനെ സുബൈറേ നീയുണ്ടല്ലോ എന്ന ഒരൊറ്റ ധൈര്യത്തിലാണ് പ്രായം തെകഞ്ഞ ന്റെ മോളെ ഞാൻ ഈ കാട്ടിലൂടെ പഠിക്കാൻ വിടുന്നത്. അച്ഛനില്ലാത്ത കുട്ടിയാണ്. നോക്കിക്കൊള്ളണേടാ.. മറുപടിയായി തല ഉയർത്തിപ്പിടിച്ചാണ് പുഞ്ചിരിക്കുക. പതിനാറാം വയസിൽ ആണൊരുത്തനായതിന്റെ തോന്നലാണ് കല്യാണിയേടത്തിയയുടെ ആ സംസാരം എന്നിലുണ്ടാക്കുക. ചില ദിവസങ്ങളിലൊന്നും ഞാൻ ഉച്ചഭക്ഷണമെടുക്കാറില്ല. എടുക്കാൻ ഒന്നുമുണ്ടാവാറില്ല എന്നതാണ് സത്യം. ഉമ്മ വല്യ അഭിമാനിയായതുകൊണ്ടും ക്ഷയിച്ചുപോയ തറവാടിന്റെ മാഹാത്മ്യം ആരുമറിയരുതെന്നു ഉപ്പക്കു നിർബന്ധമുള്ളതു കൊണ്ടും ഇതൊന്നും ആർക്കുമറിയില്ലായിരുന്നു. അങ്ങനെ ഞാൻ പുസ്തകക്കെട്ടും ഇടതു നെഞ്ചിൽ താങ്ങി വീട്ടിൽ നിന്നിറങ്ങുന്നതും കാത്തു ശ്രീജ അവളുടെ വീടിന്റെ മുറ്റത്ത് തയാറായി നിൽക്കുന്നുണ്ടാകും. മുട്ടിനു താഴെ എത്തുന്ന അലക്കിതിരുമ്മി വൃത്തിയാക്കിയ നിറം മങ്ങിയ നീലപ്പാവാടയും വെളുത്ത കുപ്പായവുമിട്ടു സമൃദ്ധമായ ചുരുളാത്ത മുടി രണ്ടായി പകുത്തിട്ടു വലിയ വട്ടപൊട്ടും തൊട്ടു വലിയ കണ്ണുകളിൽ കുസൃതിയൊളിപ്പിച്ചു ഞാൻ വരുന്നതും നോക്കി അവളങ്ങനെ നിൽക്കും. അങ്ങനെ പുസ്തകങ്ങളും നെഞ്ചോടടുക്കി ഞാൻ നടന്നു വരുന്നത് കാണുമ്പൊൾ ചില ദിവസങ്ങളിൽ അവൾക്കു അവളുടെ അടുക്കളയിലേക്കു നോക്കിയൊരു പ്രഖ്യാപനമുണ്ട്.. അമ്മേ ചോറ് രണ്ടെണ്ണം വേണം എനിക്ക് നന്നായി വിശന്നാലോ !! ആ സൂചന കല്യാണിയേടത്തിക്കു നന്നായി അറിയാം. ഇന്നും സുബൈർ ചോറെടുത്തിട്ടില്ല അവനു വേണ്ടിയാണ് അവൾ പറയുന്നതെന്ന്. പക്ഷെ എനിക്കെത്ര ആലോചിച്ചിട്ടും മനസിലാകാതിരുന്നൊരു കാര്യം ഇവൾക്ക് എങ്ങനെയാണത് മനസിലാകുന്നത് എന്നായിരുന്നു. വലിയ പുസ്തകങ്ങളായതുകൊണ്ടും ഞാനത് സമർഥമായി മാറത്തടുക്കിപ്പിടിച്ചാൽ ഒരു നാളികേരം പോലും അതിനുള്ളിൽ സുഖമായി ഒളിപ്പിക്കാമെന്നു അവൾ കളി പറയാറുണ്ട്. എന്നിട്ടുപോലും ഞാൻ ചോറെടുത്തില്ലെങ്കിൽ അവളത് വേഗം കണ്ടുപിടിക്കുന്നു. ഒരു ദിവസം അവൾതന്നെയാണതിനു ഉത്തരവും പറഞ്ഞത്.

സുബൈറേ നീ ചോറെടുക്കാത്ത ദിവസങ്ങളിൽ എനിക്കത് ഒറ്റ നോട്ടത്തിലറിയാം എങ്ങനെയാണെന്ന് പറയാമോ? പറഞ്ഞാൽ ഇന്ന് ഒരു കടല മിട്ടായി വാങ്ങിത്തരാം. ഇല്ലെങ്കിൽ എനിക്ക് വാങ്ങിത്തരുമോ? ഉം. ഞാൻ ദുർബലമായി തലയാട്ടി. അല്ലെങ്കിൽ വേണ്ട നീ വാങ്ങിത്തരേണ്ട ഞാൻ പറയാം... നീ ചോറെടുക്കാത്ത ദിവസങ്ങളിൽ നീയെത്ര ഒളിപ്പിച്ചാലും നിന്റെ നടത്തത്തിനും ചലനങ്ങൾക്കും ചിരിക്കുപോലും ആത്മവിശ്വാസമില്ലാത്ത ഒരാളുടെ കൃത്രിമത്വമുണ്ട്... അത് കണ്ടുപിടിച്ചതും കല്യാണിയേടത്തിയെ അറിയിച്ചതും അവളായിരുന്നത്രെ.. അങ്ങനെ രണ്ടു പൊതിച്ചോറുമായി ഒന്നിച്ചു നീങ്ങുന്നതിനിടയിൽ ഒരെണ്ണം ശ്രീജ ആരും കാണാതെ വളരെ നിർബന്ധിച്ചു എന്റെ പുസ്തകക്കെട്ടിനു മുകളിൽ വെക്കും.. ഇനിയുള്ള രണ്ടു മൂന്നു കിലോമീറ്റർ കാനനപാതയാണ്. പുഴയ്ക്കക്കരെ തെഴിൽതേടിപോകുന്ന ഗ്രാമവാസികൾ തീർത്ത കാനനപാത. ആകാശം മുട്ടെ വളർന്ന തേക്കിൻമരങ്ങൾക്കിടയിലൂടെയുള്ള കാനനപാതയിലൂടെ ഒറ്റക്കും പെട്ടയ്ക്കും കൂട്ടം കൂടിയും ഉറക്കെ സംസാരിച്ചും പാട്ടുപാടിയും തൊഴിലാളികളും സ്കൂൾ കുട്ടികളും നടന്നു നീങ്ങുന്നതിനിടയിൽ ആ വഴിയിലെവിടെയെങ്കിലും ഞാനും ശ്രീജയുമുണ്ടാകും.. ചിലപ്പോൾ ഞങ്ങൾ തങ്കമണി ടീച്ചറെ അന്ന് ചൊല്ലിക്കേൾപ്പിക്കേണ്ട മലയാള പദ്യഭാഗത്തിന്റെ മറന്നുപോയ വരികൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാവും. അല്ലെങ്കിൽ ഇന്നലെ കണക്കു പഠിപ്പിക്കുന്ന ബാലൻമാഷ് തന്ന ഹോം വർക്ക്‌ ചെയ്തത് ശരിയാണോ എന്ന് കൂട്ടി നോക്കുകയാവും. ഇങ്ങനെയൊക്കെ ആണെങ്കിലും ഞാനെന്റെ ആൺകൂട്ടുകാരെ അവഗണിക്കുന്നു എന്നവർക്ക് തോന്നിയതുകൊണ്ടാവാം അവർക്കുണ്ടാകുന്ന ഈർഷ്യയും പരാതിയും ഏതാണ്ട് അതേ രീതിയിൽ ശ്രീജയുടെ കൂട്ടുകാർക്കുമുണ്ടായിരുന്നു. അതുകൊണ്ടാവണം ഞങ്ങളെ രണ്ടുപേരെയും ചേർത്ത് കഥകൾ വളരെ പെട്ടെന്ന് പ്രചരിച്ചത്. അതിന്റെ ഒരു തുണ്ടു ഉമ്മയുടെ ചെവിയിലും മറ്റൊരു തുണ്ടു കല്യാണിയേടത്തിയുടെ ചെവിയിലും പുഴയ്ക്കക്കരെ ഗ്രാമത്തിൽ പണിക്കു പൊയ്‌വരുന്ന പണിയപ്പെണ്ണുങ്ങൾ ഇത്തിരി പുകയിലയ്ക്കും ഇത്തിരി ഉണക്കമീനിനും വേണ്ടി ഇറ്റിച്ചിട്ടുണ്ടാകാം.. പക്ഷെ ഇക്കാര്യത്തിൽ ഉമ്മയ്ക്കും കല്യാണിയേടത്തിക്കും ഒരേ നിലപാടായിരുന്നു. ഓല് ഞാളെ കുട്ട്യേളാണ് ഓല് തെറ്റൊന്നും ചെയ്യൂല. നാട്ടുകാര് ഇതില് ഇടപെടണ്ടാ.. അങ്ങനെ സദാചാര വാദികളായ ചില നാട്ടുകാർ കൊളുത്തിയ അപവാദത്തിന്റെ കുത്തിത്തിരിപ്പുകളുടെ തിരി കത്താൻ തുടങ്ങിയപ്പോഴേക്കും ഉമ്മയും കല്യാണിയേടത്തിയും കൂടി അത് ഊതിക്കെടുത്തി. പക്ഷെ  സ്കൂൾ  കാലം  കഴിയുന്നതുവരെ ആരൊക്കെ അപവാദം പറഞ്ഞു നടന്നിട്ടും ഞങ്ങൾ ഒന്നിച്ചു തന്നെയായിരുന്നു പോക്കുവരവുകൾ.

പള്ളിയിലെ മുസ്ല്യാർ ചില ദിവസങ്ങളിൽ ഏതെങ്കിലും വിശ്വാസിയുടെ വീട്ടിലേക്കു ഉച്ചഭക്ഷണത്തിനു പോകുമ്പോൾ രണ്ടു മൂന്നു തവണ യാദൃശ്ചികമായി കല്യാണിയേടത്തിയുടെ കോലായിൽ ഞാനിരിക്കുന്നത് കണ്ടിട്ടാകണം ഒരിക്കൽ നേരിട്ട് തന്നെ ചോദിച്ചു.. (ബാക്കി ഉമ്മയുടെ അടുത്ത് എത്തിച്ചിട്ടുണ്ടാകണം എന്ന് ഞാനൂഹിച്ചു). അനക്കെന്താടോ ആ തിയ്യത്തിക്കല്ല്യാണീന്റെ കുടീല് കാര്യം? ചെറുമ്യാന്നും പറേന്നുണ്ട് ചേലൊരു... പൊറുതി ചെറുമനൊപ്പമായിരുന്നല്ലോ!! ഇതൊന്നും ഞമ്മടെ ദീനിനും സമുദായത്തിനും തറവാടിനും അന്തസ്സിനും നെരക്കുന്നതല്ല.. മനസിലാകുന്നുണ്ടോ അനക്കു? മറുപടി പറയാനറിയാഞ്ഞിട്ടല്ല. എന്തിനാണൊരു വൃദ്ധന്റെ ശാപ വചനങ്ങൾ കൂടി പേറുന്നത്? ഒന്നും മിണ്ടാതെ തലയാട്ടി നടന്നു... അനാവശ്യമായ ഈ ശകാരത്തിനു പിന്നിലും ഒരു കഥയുണ്ട്. ഞാൻ ഓത്തു പള്ളീല് നാലിൽ പഠിക്കുന്ന കാലം. ഒരു ദിവസം പനിയായിരുന്നത് കൊണ്ട് ക്ലാസിൽ പോകാൻ കഴിഞ്ഞില്ല. പിറ്റേന്ന് ചെന്നപ്പോൾ മുസ്ല്യാരുടെ ഒരു അറിയിപ്പ്. ഇന്നലെ വരാത്തവര് ഉണ്ടെങ്കില് എണീച്ചു നിക്ക്.. ആൺ ബെഞ്ചുകളിൽ നിന്ന് ഞാനും പെൺ ബെഞ്ചുകളിൽ നിന്ന് സുബൈദയും സങ്കോചത്തോടെ എഴുന്നേറ്റു. ആൺ ഭാഗത്തു നിന്ന് ഒരു തലകൂടി ഉയരുന്നുണ്ടൊ എന്ന പ്രതീക്ഷയിൽ ഞാൻ ചുറ്റും നോക്കുന്നുണ്ട്.. നിരാശയായിരുന്നു ഫലം. രണ്ടാളും ഇവിടെ വാ ..മുസ്ല്യാർ പറഞ്ഞു. എന്താണ് ഇന്നലെ വരാഞ്ഞത്? എന്നോടാണ്. പനിയായിരുന്നു ഉസ്താതെ.. നിനക്കോ? സുബൈദയോട്. പനിയായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. രണ്ടാൾക്കും ഒരേ ദിവസം പനിക്കുക. തരക്കേടില്ലാലോ. അപ്പനി മേലിൽ നിങ്ങള്ക്ക് വരരുത്. അതിനുള്ള പണിയാണ് ഞമ്മള് ചെയ്യുന്നത്. ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി. രണ്ടാളും ബെഞ്ചിൽ കയറി മുഖാമുഖം നിക്ക്.. ഞങ്ങൾ മടിച്ചു മടിച്ചു ബെഞ്ചിൽ കയറി.. ഞാൻ ആദ്യശ്രമത്തിൽ വിജയിച്ചെങ്കിലും സുബൈദ രണ്ടാമത്തെ ശ്രമത്തിലാണ് വിജയിച്ചത്.. ക്ലാസ് ആർത്തട്ടഹസിക്കുകയാണ്.. ഇനി രണ്ടാളും പരസ്പരം ചെവി പിടിക്ക്.. പകച്ചു നിൽക്കെ ഉസ്താദിന്റെ കൈയ്യിലെ പാണൽ വടി അന്തരീക്ഷത്തിൽ ഒന്ന് ഉയർന്നു താണു.. എന്റെ പുറത്തൊരു മിന്നലുണ്ടായി.. സഹപാഠികളുടെ പരിഹാസവും ഉസ്താദിന്റെ അപമാനവും അപകർഷതാ ബോധവും എല്ലാം ഞാൻ വെട്ടാത്ത നഖത്തിന്റെ കൂർപ്പും എല്ലാം ഞാൻ തീർത്തത് സുബൈദയുടെ വെളുത്ത മനോഹരമായ കാതിലായിരുന്നു. അവളുടെ കാതിലുള്ള എന്റെ കൈനഖം അമർന്നുകൊണ്ടിരുന്നു.. സുബൈദയുടെ കാറിക്കരച്ചിലിനും മീതെയായിരുന്നു ഞാൻ അനുഭവിച്ച അടിയുടെ വേദനയും അപമാനവും നിസ്സഹായതയും. ഒരൽപം കഴിഞ്ഞപ്പോൾ അവളുടെ രണ്ടു കാതിനും ഞാന്നു ഒഴുകാൻ തുടങ്ങിയ ഓരോ രുധിരാഭരണം അണിയിച്ചേ എന്റെ കൈ പിൻവാങ്ങിയുള്ളൂ. അതിനു ഉസ്താദിന്റെ പാണൽ വടി പലവട്ടം എന്റെ ഉടലിൽ ഉയർന്നു താണു. ഒരിറ്റ് കണ്ണീർ വാർക്കാതെ ഞാൻ നിന്ന്.. ഇനി ഉപ്പയെ കൂട്ടി കൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതി.. ഉസ്താദിന്റെ അന്ത്യശാസനം.. ദൂരദേശത്തു ജോലിക്കു  പോയ  ഉപ്പയെ  എങ്ങനെ  എത്തിക്കാൻ..? അന്ന് ആ പടിയിറങ്ങിയതാണ്. അതിന്റെ ഒരു ഈർഷ്യ പലയിടത്തും വച്ച് പല രൂപത്തിൽ ഈ വൃദ്ധൻ തീർക്കാൻ ശ്രമിക്കുന്നുണ്ട്.. ഇതും അതിന്റെ ഒരു ഭാഗം..

പ്രീഡിഗ്രിക്കു ശേഷമാണ് ഭാവിയെക്കുറിച്ചു ഗൗരവതരമായി ചിന്തിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും ഉപ്പ വിസക്കുവേണ്ടി പലരെയും സമീപിക്കാൻ തുടങ്ങിയിരുന്നു. നാട്ടിലൊരു ജോലി കിട്ടി സായാഹ്നങ്ങളിൽ പാടവരമ്പത്തുകൂടി നടന്നു ദിവസവും വായനശാലയിൽ പോയിരുന്നു ഇഷ്ടപെട്ട പുസ്തകങ്ങൾ എടുത്തുവായിച്ചു ഉത്സവപ്പറമ്പുകളിൽ കറങ്ങിനടന്നു തിറയും വരവും തെയ്യാട്ടവും കൺനിറയെ കണ്ടു തികഞ്ഞ ഒരു ഗ്രാമവാസിയായി കൂടാനുള്ള എന്റെ ആഗ്രഹത്തിന്റെ കടക്കലിൽ ആദ്യം കോടാലി താഴ്ത്തിയത് പ്രതാപം നഷ്ടപ്പെട്ടു നിത്യ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയൊരു തറവാടിന്റെ മഹത്വം വേണ്ടിടത്തും വേണ്ടാത്തിടത്തും വീരസ്യം പറഞ്ഞുകൊണ്ടിരുന്ന വീട്ടുകാർ തന്നെയായിരുന്നു. നിന്ന് കൊടുക്കാതെ തരമില്ല. വലിയൊരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിപ്പോയില്ലേ? ഇനി ഏതാനും മണിക്കൂറുകൾ.. പത്തൊൻപതു വയസുവരെ ഓടിത്തീർത്ത പാതയോരങ്ങളെ, മരങ്ങളുടെ നിഴലുകൾ അജ്ഞാത രാജ്യങ്ങളുടെ ഭൂപടആകൃതി തീർക്കുന്ന കനത്ത തണൽ വിരിക്കുന്ന ഇടവഴിയോരങ്ങളെ, പുഞ്ചിരിപൊഴിക്കുന്ന നമ്പ്യാർവട്ട പൂക്കളെ, കമ്മ്യൂണിസ്റ്റ് പച്ചക്കാടുകളെ, തൊട്ടാവാടി മലരുകളെ, വല്ലികളെ, മുത്തശ്ശിമാവുകളെ, വൃശ്ചിക മാസത്തിലെ സൂര്യകാന്തിപൂക്കളുടെ സുഗന്ധങ്ങളെ ആവാഹിച്ചെത്തുന്ന മന്ദമാരുതന്റെ ചിറകിൽ തൂങ്ങിയാടുന്ന കുഞ്ഞിക്കുരുവികളെ, 

ആലവട്ടങ്ങളെ, വെഞ്ചാമരങ്ങളെ, കുപ്പി വളകളെ, പ്രിയപ്പെട്ട സൗഹൃദങ്ങളെ എല്ലാമെല്ലാം ഞാനിവിടെ ഉപേക്ഷിക്കുന്നു.. ഏതോ ഓളപ്പരപ്പുകൾക്കും മീതെ ഏതോ ഊഷര ഭൂമികയിൽ തളർന്ന ചിറകുകൾക്ക് അഭയവും ഊർജ്ജവും കണ്ടെത്തേണ്ടതുണ്ട്. ഇതും അതിജീവനത്തിന്റെ ഭാഗം. സ്വയം ആശ്വസിപ്പിക്കാതെ തരമില്ല. മനുഷ്യനേക്കാൾ ശ്രേഷ്ഠ ജന്മം ചില വന്യജീവികൾക്കാണെന്നു തോന്നുക ഇത്തരം അപൂർവ്വ സന്ദർഭങ്ങളിലാണ്.. കാരണം ആരെയും ഭയക്കാതെ ആർക്കും വിധേയപ്പെടാതെ യഥേഷ്ടം സഞ്ചരിച്ചു ഇഷ്ടമുള്ള ആഹാരം തേടിപ്പിടിച്ചു ഇഷ്ടംപോലെ ഭക്ഷിച്ചു തോന്നുന്ന ഇണയോടൊപ്പം തോന്നുമ്പോൾ ഇണചേർന്ന് തോന്നുന്നിടത്തു കിടന്നുറങ്ങി തനിക്കു കിട്ടിയ ഒരേയൊരു ജീവിതം എങ്ങനെ ജീവിച്ചു തീർക്കണമെന്ന് അവറ്റകളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.. ഒറ്റക്കും തെറ്റക്കും ആൾക്കാർ എത്തിത്തുടങ്ങുന്നു. മുറ്റത്തെ താൽകാലിക പന്തലിൽ മങ്ങിക്കത്തുന്ന പെട്രോ മാക്സുകളിൽ ഒരെണ്ണം തീരെ ഒളി മങ്ങാൻ തുടങ്ങിയതോടെ ഉസ്മാനിക്ക അതെടുത്തു നിലത്തുവച്ചു കുന്തിച്ചിരുന്നു കാറ്റടിക്കാൻ തുടങ്ങി. ഉസ്മാനിക്കയ്ക്കും പെട്രോമാക്സിനും വാർദ്ധക്യം ബാധിച്ചു തുടങ്ങിയെന്നു ചലനങ്ങൾ പറയാതെ പറയുന്നുണ്ട്. മകന്റെ ഗൾഫ് യാത്ര പ്രമാണിച്ചു നീയിന്നു പീട്യ തുറക്കേണ്ട നിന്നെയും നിന്റെ പെട്രോമാക്‌സും ഇന്ന് മുയുവൻ ഇബടെ ബേണം ഉസ്മാനെ എന്ന് ശട്ടം കെട്ടിയിട്ടുണ്ടാകും ഉപ്പാ.. വമ്പത്തരം കുറച്ചൊരു പരിപാടിയുമില്ലല്ലോ മൂപ്പർക്ക്...

പെട്ടെന്നാണ് എനിക്കൊരു കാര്യം ഓർമവന്നത്. എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേരോട് യാത്ര പറയാൻ മറന്നിരിക്കുന്നു. കല്യാണിയേടത്തിയോടും ശ്രീജയോടും. ഒരിക്കലും മറക്കാൻ പാടില്ലാത്ത രണ്ടുപേരെ മറന്നിരിക്കുന്നു. അവരോടു യാത്ര പറഞ്ഞില്ലെങ്കിൽ യാത്രപറച്ചിലിനു എന്തിനു യാത്രക്കുപോലും എന്ത് പൂർണ്ണത? വിശന്നു വലഞ്ഞപ്പോൾ സ്വന്തം ചോറ്റുപാത്രം നീട്ടി നിർബന്ധിച്ചു കഴിപ്പിച്ചവൾ ഉരുണ്ട ഭാവിയെനോക്കി നിസ്സഹായതയോടെ പകച്ചു നിന്നപ്പോൾ ആത്മാവിശ്വാസത്തോടെ പുതിയ പ്രതീക്ഷകൾക്ക് വഴിചൂട്ടു കൈയ്യിൽ പിടിപ്പിച്ചവർ അവരോട് യാത്ര പറയാതെ എനിക്കെന്തു യാത്ര. പെട്ടെന്ന് തന്നെ കുപ്പായവുമെടുത്തിട്ടു പുറത്തേക്കിറങ്ങിയപ്പോൾ അബൂക്കയുടെ വക ക്രോസിംഗ്.. ഉം നീയെങ്ങോട്ടാ സന്ധ്യക്ക്‌? ഒന്ന് പുറത്തേക്കു ഒന്നുരണ്ടാളെ കാണാനുണ്ട്.. ഉം.. ഇതൊക്കെ കുറെ നേരത്തെ ആയിക്കൂടെ? അവിടെയും ഇവിടെയും കറങ്ങി നടക്കാണ്ട് പെട്ടെന്നിങ്ങു പോരാൻ നോക്ക്. നാളെ പിറ്റേന്ന് കടല് കടക്കാനുള്ളോനാണു അതും സൗദിക്ക്.. ആ ബിചാരം ബേണം. മറുപടിയൊന്നും പറയാതെ ഇറങ്ങിനടന്നു.. കല്യാണിയേടത്തിയുടെ വീടിന്റെ മുറ്റത്തേക്ക് കയറിയപ്പോഴേ കണ്ടു വാതിൽ പടിയിൽ ഉടലിന്റെ പാതിചാരി ശ്രീജ.. കണ്ണുകളിൽ വിഷാദത്തിളക്കം.. അവൾ ചുവന്ന പ്ലാസ്റ്റിക് കണ്ണികൾകൊണ്ട് സ്വാഗതം എന്ന് മെടഞ്ഞ കസേര നീക്കിയിട്ടുകൊണ്ടു പറഞ്ഞു ഇരിക്കൂ. അമ്മയെവിടെ? ഇരുന്നുകൊണ്ട് ചോദിച്ചു. അമ്മ മാമന് സുഖമില്ലെന്നറിഞ്ഞു ഒന്നവിടം വരെ പോയതാണ് ഇപ്പോൾ വരും.. എന്തിനാണ് വന്നതെന്ന് എനിക്കും അവൾക്കും അറിയാവുന്നതുകൊണ്ടും ഒരുപാട് പറയാനുണ്ടെങ്കിലും ഒന്നുമൊന്നും പറയാതെ കനത്ത മൗനം കുടിച്ചു മൺചുവരിൽ തൂക്കിയിട്ട ഇ എം എസിന്റെ ഫോട്ടോ നോക്കിക്കൊണ്ടിരുന്നു ഞാൻ.. അപ്പോൾ ശ്രീജ അകത്തുപോയി എന്റെ വരവ് പ്രതീക്ഷിച്ചിരുന്നെന്ന മട്ടിൽ തയാറാക്കി വച്ച ആട്ടിൻ പാലൊഴിച്ച ചായയും അരിയുണ്ടയുമായി വന്നു പുഞ്ചിരിച്ചുകൊണ്ട് മൺകട്ടകൊണ്ടുണ്ടാക്കിയ അര ഭിത്തിയിൽ വച്ച് വീണ്ടും ഉടൽ വാതിലിൽ ചാരിക്കൊണ്ടു പറഞ്ഞു കഴിക്കൂ... ഞാൻ ചായയെടുത്തു ഒന്ന് ഒരിറക്ക് കുടിച്ചു അരിയുണ്ടയുടെ ഒരു കഷ്ണം വായിട്ടുകൊണ്ടു പറഞ്ഞു. ശ്രീജെ ഞാൻ പുലർച്ചെ വീട്ടിൽ നിന്നിറങ്ങും. ബോംബെയ്ക്കാണ് പോകുന്നത് തീവണ്ടിയിൽ. ബോംബെ എത്താൻ രണ്ടു മൂന്നു ദിവസമെടുക്കും. അവിടെ എത്തി പിറ്റേ ദിവസമാണ് സൗദിക്ക് പോവുക. അമ്മയെക്കൂടി കാണണമെന്നുണ്ടായിരുന്നു. നാളെ കാണാൻ പറ്റിയെന്നു വരില്ല. 'അമ്മ വരുമ്പോൾ പറഞ്ഞേക്കൂ. നിങ്ങൾ രണ്ടുപേരും എന്നും എന്റെ മനസിലുണ്ടാകും. മറക്കില്ല. എനിക്കുവേണ്ടി പ്രാർഥിക്കണം. ഞാൻ ഇടയ്ക്കൊക്കെ എഴുതാം. ഇറങ്ങട്ടെ. അവൾ കണ്ണ് പറിക്കാതെ നോക്കിക്കൊണ്ടു ശിരസ്സാട്ടി. മെല്ലെ ഇറങ്ങി നടന്നു.. പിന്നിൽ നിന്നുമൊരു തേങ്ങൽ ഗദ്ഗദമായി പണിപ്പെട്ടു അടക്കുന്നുണ്ടെന്നു അറിയാമായിരുന്നു.. 

മോയിലൂദും ദുആയും ഏകദേശം കഴിയാറായപ്പോഴാണ് കോയാമുസ്ല്യാർ ചുറ്റും കൂടിയിരിക്കുന്നവരോട് അൽപം ആശങ്കയോടെ ആ ചോദ്യം ചോദിച്ചത്.. അല്ല കൂട്ടരേ ടിക്കറ്റ് കുട്ട്യസ്സൻ തന്നെയല്ലേ ന്നിട്ട് ഓനെവിടെ? അതെന്തൊരു ചോദ്യമാണ് മൊയ്‌ല്യാരെ ഇന്നാട്ടില് ആര് കടല് കടന്നാലും അതിന്റെ കടലാസെല്ലാം ശരിയാക്കുന്നത് കുട്ട്യസ്സൻ ഒരാളല്ലേ? സെയ്തലവിക്കയാണ് ഏറ്റുപിടിച്ചത്. ന്നിട്ട് ഓനെവിടെ? പറഞ്ഞു തീരുന്നതിനു മുൻപേ ബാഗും കക്ഷത്തിൽ തിരുകി കുപ്പായത്തിന്റെ രണ്ടുമൂന്നു കുടുക്കുകൾ തുറന്നിട്ട് നെഞ്ചിലേക്ക് കൈയ്യിലിരുന്ന പേപ്പർ കൊണ്ട് വീശി ചൂടകറ്റി കുട്ട്യസ്സൻ ഇക്ക കടന്നു വന്നു.. ഹോ ! എന്തൊരു ചൂട്. പിന്നെ എല്ലാവരും കുട്ട്യസ്സൻക്കയ്ക്കു ചുറ്റുമായി ബോംബെയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന്റെയും ഇവിടെ നിന്ന് ട്രെയിൻ അവിടെ എത്തുന്നതിന്റെയുമൊക്കെ ചർച്ചയിൽ വ്യാപൃതരായി. സുബൈറേ നീ ലേശം കണ്ണ് ചായ്‌ച്ചോ. സുബ്ഹിക്ക് എണീക്കാനുള്ളതല്ലേ? ഇളയുമ്മയാണ് പറഞ്ഞത്.. കേട്ടപാതി പോയിക്കിടന്നു അത്രയ്ക്കുണ്ട് ക്ഷീണവും മാനസിക സംഘർഷവും.. ഉറക്കം വരില്ല എങ്കിലും ഒരു ശ്രമം.. പായയിൽ ചെരിഞ്ഞു കിടന്നു കണ്ണീർകൊണ്ട് തലയിണ നനയ്ക്കുന്ന ഒരാളെ ഓർമ്മയിൽ കണ്ടു.. ഓർക്കരുത് സുബൈർ നീയൊരു മഹത്തായ യാത്രയുടെ തുടക്കത്തിലാണ് അതൊക്കെ ഓർത്തു കണ്ണീർ വാർക്കാൻ നിനക്കിനിയും ഇഷ്ടംപോലെ സമയം ബാക്കിയാണ്.. ഒന്ന് മയങ്ങിപ്പോയെന്നു തോന്നുന്നു. സൈനമ്മായിയാണ് വിളിച്ചുണർത്തിയത് സുബൈറേ എണീക്കി. സുബ്ഹി ബാങ്ക് ഇപ്പൊ കൊടുക്കും.. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. പെട്ടെന്ന് കുളിച്ചു റെഡിയായി വന്നു. കുടുംബക്കാർക്കും കൂട്ടുകാർക്കും പള്ളിപ്രമാണികൾക്കുമൊപ്പം വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം. ആകെപ്പാടെ എനിക്കൊരു വീര പരിവേഷം. ഇന്നലെ വരെയും ഞാനിവിടെ ഉണ്ടായിരുന്നു ആരാലും ശ്രദ്ധിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ.. ഭക്ഷണം കഴിഞ്ഞപ്പോൾ മുസ്ല്യാരാണ് പറഞ്ഞത്. കൂട്ടരേ ഞമ്മടെ സുബൈർ ഓൻ കടല് കടന്നു പോവുകയാണ്.. കടല് കടന്നു പോകുന്നവന്റെ മയ്യത് നിസ്കാരം നിസ്കരിക്കണമെന്നാണ് കിതാബിലുള്ളത്.. എല്ലാരും വുളു (ദേഹശുദ്ധി) എടുത്തുവരൂ.. എല്ലാവരും ദേഹശുദ്ധി വരുത്തി മയ്യത്ത് നിസ്കാരം കൂടി കഴിഞ്ഞതോടെ ഏകദേശം ഇറങ്ങാനുള്ള സമയമായി. പെട്ടെന്നാണ് ഞാൻ ആ കാഴ്ച കാണുന്നത് കിണറ്റിൻ കരയിൽ കല്യാണിയേടത്തി! കൈയ്യിലൊരു പൊതിയുമായി സങ്കോചത്തോടെ ഇങ്ങോട്ടു തന്നെ നോക്കി നിൽക്കുന്നു.. മുറ്റത്തു കുറേയാളുകളെ കണ്ടതുകൊണ്ടാവണം ഇങ്ങോട്ടു കയറിവരാനൊരു വിമുഖത. എനിക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.. ഞാൻ വേഗത്തിൽ അവർക്കടുത്തേക്കു നടന്നു.. നിറഞ്ഞ കണ്ണും നിറഞ്ഞ ചിരിയുമായി കല്യാണിയേടത്തി പറഞ്ഞു.. മോനെ സുബൈറേ.. ഇതുവച്ചോ ഞാനുണ്ടാക്കിയ അരിയുണ്ടയാണ്‌. വേറൊന്നും മോന് തരാൻ ഏടത്തിയുടെ കൈയ്യിലില്ല. രണ്ടു കൈയ്യും ചേർത്ത് അത് വാങ്ങിയപ്പോൾ അവർ ചേർത്ത് നിർത്തി മൂർദ്ധാവിൽ കൈവച്ചുകൊണ്ടു കണ്ണടച്ചുകൊണ്ടു മന്ത്രിച്ചു ന്റെ കുട്ടിക്ക് നല്ലതേ വരൂ..

സുബൈറേ ?!! ഒരു സിംഹഗർജ്ജനമാണ് ഉണർത്തിയത്.. നടുങ്ങിപ്പോയി.. പത്തു മുപ്പത് ജോഡി കണ്ണുകൾ ഞങ്ങളിലാണ്.. പെട്ടെന്ന് തിരിഞ്ഞു നടന്നു മുറ്റം കയറുമ്പോൾ മുസ്ല്യാരാണ് ആദ്യം ആക്രോശിച്ചത്.. നിൽക്കവിടെ മയ്യത്ത് നിസ്കാരവും കയ്ഞ്ഞു കണ്ട തിയ്യത്തി പെണ്ണുങ്ങളെയും ചെറുമി പെണ്ണുങ്ങളെയും കെട്ടിപ്പിടിച്ചിട്ടാണോ ഹിമാറെ അള്ളാന്റെ പരിശുദ്ധ മക്ക സ്ഥിതിചെയ്യുന്ന രാജ്യത്തേക്ക് പോകുന്നത്? മറ്റെന്തും ഞമ്മള് സഹിക്കും... ദീനിനെ തൊട്ടു കളിയ്ക്കാൻ ഞാനീ മഹലിന്റെ ഖത്തീബായിരിക്കുന്ന കാലത്തോളം സമ്മതിക്കൂലാ.. കൊറച്ചു പരിസ്‌കാരികള് എറങ്ങിയിരിക്കുന്നു ബാലാലുകള് !!ത്ഫൂ..!! മുസ്ല്യാർ തിളയ്ക്കുകയാണ്. പിന്നീട് ഓരോരുത്തരായി അതേറ്റെടുത്തു നാലു ഭാഗത്തു നിന്നും അഭിപ്രായങ്ങൾ ഉയരാൻ തുടങ്ങി. എനിക്കനുകൂലമായി പറയാൻ ഒരാളുപോലുമുണ്ടായില്ല എന്നതാണ് സത്യം. എന്തിനു മതത്തിന്റെ സമുദായത്തിന്റെ കാര്യം വന്നപ്പോൾ ഉമ്മപോലും എന്നെ കുറ്റപ്പെടുത്തി. പിന്നീട് ഉപ്പയുടെ വകയായിരുന്നു ചുമയുടെ ഘോഷയാത്രയുടെ അകമ്പടിയോടെ കിടന്ന കിടപ്പിലും.. അനക്കെങ്ങനെ തോന്നി സുബൈറേ ഈ കടല് കടക്കണ സമയം തന്നെ നോക്കി ബേണായിരുന്നോ കണ്ട തിയ്യത്തി പെണ്ണുങ്ങളുടെയും ചെറുമിപ്പെണ്ണുങ്ങളുടെയും ചാള കേറി നെരങ്ങാൻ? വന്നു വന്നു പടച്ചോനെയും ദീനിനെയും പേടിയില്ലാതായോ നെനക്കു. എനിക്കത്ഭുതം തോന്നി. മറവി ഒരനുഗ്രഹം തന്നെ മനുഷ്യന്.. കാരണം കല്യാണിയേടത്തി ആട്ടിന്പാല് വിറ്റതും പണിക്കുപോയി സ്വരുക്കൂട്ടി വച്ചതുമായി അൻപതു ഉറുപ്പിക എന്നെക്കൊണ്ടാണ് കഴിഞ്ഞ മാസം ഉപ്പ കല്യാണിയേടത്തിയോട് വായ്പ വാങ്ങിച്ചത്.. ഇതുവരെ അത് തിരിച്ചു കൊടുത്തിട്ടുമില്ല. ഇതിനു എന്താണ് മൊല്യരെ ഒരു പരിഹാരം.. ക്രോധമൊന്നടങ്ങിയപ്പോൾ തന്റെ സമൃദ്ധമായ വെളുത്ത താടിയുഴിഞ്ഞു ആലോചനയോടെ മുസ്ല്യാർ പറഞ്ഞു. ബല്യ ഹറാമായ പണിയാണ് ഒൻ കാട്ടിയത് അള്ളാഹു പൊറുത്തു തരട്ടെ.. പരിഹാരമൊക്കെയുണ്ട് ഇമ്മിണി കായും ചെലവാകും.. പരിഹാര ക്രിയ ചെയ്യണം. അത് ഞമ്മള് വയിയെ പറയാം.. ഇന്നിനി യാത്ര പറ്റൂല.. നാരിയത്ത് സ്വലാത്ത് ഒരു അറുനൂറ്റി അറുപത്താറു പ്രാവശ്യം ചൊല്ലട്ടെ.. ഒരു നാല്പതിനാല് റെകയാത്ത് നിസ്കാരവും.. മമ്പറം പള്ളീല് ഒന്ന് ജാറവും മൂടട്ടെ.. ന്നിട്ട് മറ്റൊരു ദിവസം പോകാം. സുബ്ഹിക്ക് മുൻപ് പൊരെന്നു എറങ്ങണം.. ദെവസം ഞമ്മള് അറിയിക്കാം.. ഈ ഹിമാറിന് മനസിലാവുന്നുണ്ടോന്നു ചോയ്ക്കി? അപ്പൊ ബീമാനടിക്കറ്റു? അബൂക്കയാണ് ചോദിച്ചത്.. അതിനി നോക്കണ്ട അതുപോയി.. കുട്ടിയസ്സൻക്ക വളരെ നിസ്സാരമായി പറഞ്ഞു.. ന്റെ റബ്ബേ ...!!ഉപ്പയാണ്. ബരിൻ കൂട്ടരേ ഇനി ഞമ്മക്ക് ഇവിടെന്തു കാര്യം.. മുസ്ല്യാർ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. അങ്ങനെ നിമിഷങ്ങൾക്കകം ഞാനൊരു മരണവീട്ടിൽ അകപ്പെട്ടതുപോലെ തോന്നി. കുറച്ചകലെ നിന്ന് വാതിലിൽ ഉടൽ പാതി ചാരി നിറഞ്ഞു തൂകിയ രണ്ടു ജോഡി കണ്ണുകൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നു എനിക്കറിയാമായിരുന്നു.

Content Summary: Malayalam Short Story ' Thiyyathi Kalyani ' written by Nazar Muthukaad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com