പെണ്ണായ് പിറന്ന് പെണ്ണായ് നിറഞ്ഞ്
പെണ്ണായലിഞ്ഞ് പെണ്ണിന്റെ യാത്ര -
കനൽവഴികളിൽ
കവിതപോൽ നിറവോടെ,
പ്രണയക്കൊടുംചൂടിലുതിരും
ചെറു മഞ്ഞുകണം പോലെ
വാത്സല്യപ്പൂങ്കാവിൽ
ചുരത്തും മാറിടം പോലെ
വേഷങ്ങളെത്ര
ദേശങ്ങളെത്ര?
വിഷക്കാറ്റ് പോലെ
വീശിടും ചില നേരം
വിറകൊണ്ട ജന്മങ്ങൾ
തരിശായിത്തീർന്നിടും
തലോടിയുറക്കാനും
തല്ലിയുണർത്താനും
പെണ്ണിന്റെ കൈയ്യിലെ
കരുത്തേറെയെന്നാലും
പരിഭവത്താൽ തേഞ്ഞ നാവും
അരുതാ കാഴ്ചകളിൽ മങ്ങിയ കണ്ണും
പണിയെടുത്ത് ചുളുങ്ങിയ കൈയ്യും
ബ്യൂട്ടി പാർലറിൽ സമർപ്പിച്ച്
അവൾ പുതിയൊരു മുഖം വാങ്ങി...
Content Summary: Malayalam Poem ' Sthree ' written by Shafeena Saleem