ADVERTISEMENT

മുടി (കഥ)

സനൽ സാറിന്റെ ചൂരലിന്റെ ചൂടിൽ നിന്നാണ് ഞാനെന്റെ നീണ്ട മുടിയെ ആദ്യമായി വെറുത്തത്. മുടി പകുത്ത് പിന്നിക്കെട്ടി റിബൺ കെട്ടണം, നീണ്ട മുടിയുള്ളവർ പിന്നി മടക്കി കെട്ടി വെക്കണം.. അല്ലാത്ത പക്ഷം തടിയൻ ചൂരലിനു മുന്നിൽ കൈ നീട്ടേണ്ടി വരും. ഏഴാം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂളിലെ നിയമമായിരുന്നു. ആ അടി കിട്ടിയതിൽ പിന്നെ എന്നും രാവിലെ കുളിച്ച്, വെള്ളം തോരാത്ത മുടിയെ വരിഞ്ഞു മുറുക്കി മടക്കി കെട്ടി റിബൺ കൊണ്ട് തലയിൽ പൂമ്പാറ്റ പറത്തുന്ന പാവാട കുട്ടിയായി ഞാൻ. എന്നാൽ സ്കൂൾ വിട്ട് വന്ന് ആ കെട്ടഴിക്കുമ്പോഴുള്ള ഒട്ടും സുഖകരമല്ലാത്ത ഗന്ധത്തിലൂടെ മുടിയും അതിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടിരുന്നു. അങ്ങനെ അന്നാദ്യമായാണ് ഞാനെന്റെ നീണ്ട മുടി മുറിക്കുന്നത്. എന്നേക്കാൾ വളർച്ച മുടിക്കുണ്ടായിരുന്നത് കൊണ്ട് അന്നതാരെയും അത്ര പിടിച്ചു കുലുക്കിയില്ല. കുഞ്ഞി കുട്ടിയെ ഇത്തിരി മുടിയോടെ എല്ലാരും സന്തോഷത്തോടെ തന്നെ ഉൾക്കൊണ്ടു. പിന്നീടങ്ങോട്ടും ഞാൻ തുടർന്ന എല്ലാ ക്രൂരതകളും അവഗണനയും പൊറുത്ത് തിരിച്ചെന്നോട് കൂറ് മാത്രം കാണിച്ച്, അത് വീണ്ടും പഴയതിനേക്കാളേറെ വളർന്നു. അങ്ങനെ സ്കൂളിൽ എന്റെ ഐഡന്റിറ്റി ആയി മാറിയ മുടിയെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. സാധ്യമായ സ്റ്റൈൽ ഒക്കെ പരീക്ഷിച്ച്, തുമ്പു പോലും മുറിക്കാൻ കൂട്ടാക്കാതെ 6,7 വർഷം ഞാൻ അതും പറത്തി നടന്നു. 3 വർഷം മുന്നെ, നീളം കുറഞ്ഞ മുടി തരുന്ന സ്വസ്ഥതയും പുതിയ ലുക്കും മനസ്സിൽ കേറിക്കൂടി, അങ്ങനെ നീണ്ട മുടിയുടെ ആരാധകരെ മറന്ന് ഞാൻ പകുതിയിലേറെയും മുറിച്ചു കളഞ്ഞു, തല പോയ കണക്കെ അന്ന് അമ്മ നെഞ്ചത്ത് കൈ വച്ചു, വഴിക്ക് വച്ചു ബ്യൂട്ടി പാർലർ വരെ എനിക്ക് കൂട്ട് വന്ന ചേച്ചിയും, അമ്മയടക്കം സകല ബന്ധുക്കളുടെയും വഴക്ക് കേട്ടു. സ്വാഭാവികമായും പുതിയ തലയുടെ ചിത്രങ്ങൾ ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും പോസ്റ്റ്‌ ചെയ്തു.

ഹാപ്പി ന്യൂയർ, ഹാപ്പി ഓണം മുതലായ ആചാരങ്ങൾക്ക് മാത്രം തിങ്ങി നിറയുന്ന ഇൻബോക്സിൽ, അത് പോലും ഇന്നേ വരെ അയച്ചിട്ടില്ലാത്തവരടക്കം അന്നെന്റെ മുടിക്ക് വേണ്ടി അണി നിരന്നു. എന്തിനു വെട്ടിയെന്ന ചോദ്യങ്ങളും മുടി പോയതോടെ ഞാൻ ഒന്നുമല്ലാതായെന്ന അഭിപ്രായങ്ങളും തമ്മിൽ മത്സരിച്ചു. കൊള്ളാമെന്ന ചുരുക്കം ചില മെസ്സേജുകളിൽ മാത്രം ഞാൻ സന്തോഷിച്ചു. പിന്നെ നാട്ടുകാർക്ക് അധികം തല കൊടുക്കാൻ ഇട വരും മുന്നേ നാടും വിട്ടു. അത് കഴിഞ്ഞ് അധികനാൾ കഴിയും മുന്നെ ഹോസ്റ്റലിൽ വച്ചാണ് വീണ്ടുമൊരു മുടി മുറിക്കൽ ആവേശം പൊട്ടി പുറപ്പെട്ടത്, അന്ന് പക്ഷെ കൗതുകം ലേശം കൂടിപ്പോയിരുന്നു. വെട്ടി വെട്ടി ഒടുക്കം ഡോറയ്ക്കും എനിക്കും ഒരേ തലയായി. കണ്ണാടി നോക്കിയപ്പോൾ ഞെട്ടലും സന്തോഷവും ഒരുമിച്ചു തോന്നിയ നിമിഷം. പിറകെ, എന്റെ തലയിൽ എന്നേക്കാൾ അധികാരം കൽപിക്കുന്ന മുഖങ്ങൾ ഓരോന്നായി മനസ്സിൽ കണ്ണുരുട്ടി നിന്നു. എന്തായാലും അടുത്തൊന്നും നാട്ടിൽ പോണ്ടല്ലോ എന്നോർത്തു സമാധാനിച്ചെങ്കിലും മുടിയില്ലാത്ത തലയും കൊണ്ട് ഒരാഴ്ചക്കുള്ളിൽ തന്നെ വീട്ടിൽ ചെല്ലേണ്ടി വന്നു. പുലർച്ചെ എല്ലാരും ഉറക്കമുണരും മുന്നെ കേറി ചെന്ന്, ഉച്ച വരെ ഞാൻ തല മൂടിയുടങ്ങി. ഒടുവിൽ അമ്മ പുതപ്പിനുള്ളിൽ നിന്നെന്റെ തല പുറത്തെടുത്തു. ചെറിയൊരു മുഖവുരക്കൊടുവിൽ അതിവിദഗ്ധമായൊരു കള്ളത്തിലൂടെ, മനഃപൂർവമല്ലാത്ത നരഹത്യയാക്കി ഞാൻ മുടി മുറിക്കലിനെ അവതരിപ്പിച്ചെങ്കിലും അമ്മയതിനെ ശക്തമായ തന്നെ അപലപിച്ചു. "നാട്ടിൽ തന്നെ നിർത്തിയാ മതിയായിരുന്നു അവിടേക്കൊന്നും പഠിക്കാൻ വിടേണ്ടിയിരുന്നില്ല" എന്ന ഒറ്റവാക്കിൽ ഞാൻ ആരെയോ കൊന്നിട്ട് വന്ന മട്ടിൽ പ്രതിഷേധമിരമ്പിയെങ്കിലും പ്രതീക്ഷിച്ച കോലാഹലങ്ങൾ ഇല്ലാതെ അതാറി തണുത്തതോടെ വീടിനുള്ളിൽ എന്റെ തലയും കുഞ്ഞി മുടിയും സ്വാതന്ത്ര്യരായി. പക്ഷെ അപ്പോഴും മുടി മുറിക്കുമ്പോഴൊക്കെ കൊത്തി പറിക്കുന്ന അയൽപക്കങ്ങളെ ഞാൻ പേടിച്ചിരുന്നു. അങ്ങനെ തലയിൽ വലിയ തുണി ചുറ്റിക്കെട്ടി, കുളി കഴിഞ്ഞ ലുക്കിൽ മാത്രം ഞാൻ വീടിനു പുറത്ത് പ്രത്യക്ഷപ്പെട്ടു. 

പക്ഷെ നാട്ടുകാരെ ഏഴയലത്ത് പോലും അടുപ്പിക്കാത്ത എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി എങ്ങനെയോ ചോർന്നു പോയ ഒരു ഫോട്ടോ സഹിതം അയൽവാസി ചേച്ചി ഒരു ദിവസം എന്നെ കൈയ്യോടെ പിടികൂടി. അങ്ങനെ എന്റെ ഡോറ തല നാട്ടിലും പാട്ടായി. സൂക്ഷിക്കാൻ ഏൽപ്പിച്ച എന്തോ ഞാൻ കൊണ്ട് കളഞ്ഞ മട്ടിൽ ചോദ്യ ശരങ്ങളുയർന്നു, സ്നേഹാന്വേഷണങ്ങൾ, "നിന്റെ മുടിയെവിടെ" എന്ന ഒറ്റ ചോദ്യത്തിൽ ചുരുങ്ങി, ബന്ധുക്കളുടെ തമാശ കലർന്ന പരിഹാസങ്ങളുടെ സ്ഥിരം ഇര ഞാനായി. അങ്ങനെ, എന്റെ മുടിയല്ലേ നിങ്ങൾക്കെന്താണിത്ര പ്രശ്നമെന്ന് ഒടുവിൽ ഞാൻ ചോദിച്ചു തുടങ്ങി. ഇന്നും മുടി മുറിക്കാൻ ഒരുപാട് സമ്മതപത്രങ്ങൾ കിട്ടേണ്ടതായുള്ള, മുറിച്ചു കഴിഞ്ഞാൽ അതിലേറെ ഉത്തരങ്ങൾ കൊടുക്കേണ്ടതായുള്ളവരെ എനിക്കറിയാം.. അഭിപ്രായങ്ങൾ കൊണ്ട് ആക്രമിക്കപ്പെട്ട് മടുത്തു പോയവരെയും. സ്വന്തം തലയിൽ ചുറ്റുമുള്ളവരുടെ ഇഷ്ടങ്ങളെ ചുമക്കേണ്ടി വരുന്നത് അത്ര നിസാരമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം, മറ്റൊരാളുടെ താൽപര്യത്തെ ചോദ്യം ചെയ്യലാവാൻ ചിലപ്പോൾ ഒരു നേരിയ വര വ്യത്യാസമേ ഉണ്ടാവാറുള്ളു. പലപ്പോഴും നമ്മളാ വര ഭേദിച്ചു പോവാറുണ്ട്. മുടിയൊരു സൗന്ദര്യമായിരിക്കാം, പക്ഷെ മുടിയൊരു സ്വാതന്ത്ര്യമാണ്. വർണ്ണനകൾക്കപ്പുറം അതിരിക്കുന്ന തലയ്ക്കുടമയായ വ്യക്തിയിൽ മാത്രമധിഷ്ഠിതമായ സ്വാതന്ത്ര്യം. വളർത്താനായാലും, മുറിക്കാനായാലും, വേറെന്ത് തന്നെ ചെയ്യാനായാലും.

Content Summary: Malayalam Story ' Mudi ' written by Sreeshma Sukumaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com