ADVERTISEMENT

പ്രവാസിയും പെരുന്നാളും (കഥ)

അൻഷാദേ... ഇതൊന്ന് പിടിച്ചേ.. നാട്ടിലേക്കൊന്ന് വിളിക്കണം. അംറാസ് ചിക്കന്റെ കവർ നീട്ടി കൊണ്ട് പറഞ്ഞു. അത് വാങ്ങി വെച്ച് നടക്കുമ്പോൾ നാടിന്റെ ഓർമകൾ ഉള്ളിൽ നിന്ന് കാറ്റ് വീശികൊണ്ടിരുന്നു. "മോനെ.... പള്ളി പോണ്ടേ... എണീച് കുളിച് സുബ്ഹി നിസ്കരിച്ചാളാ... പള്ളി പൊയ്ക്കോ. "ആ മ്മാ... ഇന്ന് ന്താ ഫുഡ്... ന്റെ ഫ്രണ്ട്‌സ് ഒക്കെ വരൂന്ന് പറഞ്ഞിരുന്നു. "ബിരിയാണിം... കോഴിപൊരിച്ചതും, ഇറച്ചി വരട്ടും ആണ് വിജാരിച്ചേ... ഇന്ക് അട്കളേൽ കൊറേ പണിണ്ട്... ഇയ്യൊന്ന് എണീച് കുളിച്ചാ... മനു നേരത്തെ പള്ളി പോയീണ്... മടിച് മടിച്ചു പല്ല് തേപ്പും, കുളിയും "വലിയ പെരുന്നാളിന്റെ സുന്നത്താക്കപ്പെട്ട കുളിയെ ഞാൻ നിർവഹിക്കുന്നു... "മനസ്സിൽ അങ്ങ് കണക്കാക്കി വെള്ളം തലേൽ കൂടെ ഒഴിച്ച്.... ഹൗ.. ന്തൊരു തണുപ്പ്... വേഗം കുളി കഴിഞ്ഞിറങ്ങി. അലമാരയിൽ തേച്ചു വെച്ച ഷർട്ടും പാന്റും എടുത്തിടുമ്പോൾ പള്ളിയിൽ നിന്ന് തക്ബീർ ധ്വനികൾ അലയൊലി പൂണ്ടു. സ്പ്രേ കുപ്പി ഒന്ന് തിരിച്ചു ഞെക്കി തിരികെ വെച്ചു. ടവർ എടുത്തിട്ടു. നിസ്കാരം കഴിഞ്ഞു താഴെക്കിറങ്ങി.

ഉമ്മ ബിരിയാണിക്കുള്ള തയാറെടുപ്പിലാണ് മണം കൊണ്ട് രസമുകുളങ്ങൾ വായ്ക്കുള്ളിൽ കപ്പലോടിച്ചു. അല്ലേലും ഉമ്മാന്റെ എന്ത് ഭക്ഷണത്തിനും വല്ലാത്തൊരു രുചിയാ... പ്രത്യേകിച്ച് ഉമ്മാന്റെ മീൻ ബിരിയാണി... ഉഫ്ഫ്... "അല്ല പത്തിരി തിന്ന് പോവാൻ നിക്കല്ലേ ഇജ്ജ്.. പള്ളീൽ എപ്പളാ നിസ്കാരം...? ഉമ്മാന്റെ ചോദ്യം ചിന്തയിൽ നിന്നുണർന്ന്.. "8 മണിക്ക് ന്നാ ഇന്നലെ മൊയ്‌ല്യാർ പറഞ്ഞെ... ന്തായാലും 8.30ആകും..." "ഇയ്യ് അതൊന്നും നോക്കണ്ട.. പത്തിരി തിന്ന് പോവാൻ നോക്ക്.." തിരക്കിനിടയിൽ ഉമ്മച്ചി ശാസിച്ചു. എടുത്തു വെച്ച പത്തിരിയും, ഇറച്ചിക്കറിയും കണ്ടപ്പോൾ താനേ ഇരുന്നു പോയി. മുറിച്ചിട്ട നൈസ് പത്തിരിയിൽ ഇറച്ചി കറി പാർന്ന് ഒന്നങ് കൂട്ടി കുഴച്ചു വായിലിട്ടതും... പിരിശത്തിന്റെ മുങ്ങി കപ്പൽ കൊണ്ട് വാസ്ഗോഡ ഗാമ കപ്പലും കൊണ്ട് വന്നപോലെ.... ഒന്ന്, രണ്ട്, മൂന്ന്... പത്തിരിയുടെ എണ്ണം കൂടി കൂടി വന്നു. അവസാനത്തെ ഏമ്പക്കം കൊണ്ട് തീറ്റ നിർത്തി ചായ കുടിച് എണീറ്റു. എല്ലാം കഴിഞ്ഞു ഉമ്മാന്റെ തട്ടത്തിൻ കൈയ്യും മുഖവും തുടച് ഒരു ഇളിഞ്ഞ ചിരിയോടെ ഉമ്മാനോട് സലാം പറഞ്ഞു പള്ളിയിലേക്കിറങ്ങി.

"അല്ല... ഇവിടെ ഒരുത്തന് ചിക്കൻ ഫ്രിഡ്ജിൽ വെക്കാൻ കൊടുത്തിട്ട് അവനിവിടെ പിടിച്ചു നിക്കാ... അംറാസ് എന്റെ നിൽപ് കണ്ട് സാദികിനെയും, യാഹ്‌കൂബ്നെയും വിളിച്ചു വരുത്തുന്നുണ്ട്. അപ്പോഴാണ് സ്ഥലം മാറിയത് ഓർമ വന്നത് തന്നെ. താനിപ്പോ ഗൾഫിലാണ്. നാട്ടുകാരെ പത്രാസുള്ള പ്രവാസി. അവന്റെ ഒച്ചപ്പാടിലും അവരുടെ കളിയാക്കലിലും ചിന്തകളെ അട്ടിമറിച്ചു. വേഗം കവറും കൊണ്ട് നടന്നു ഫ്രിഡ്ജിലേക്ക് വെച്ച് തിരിഞ്ഞ് നടക്കുമ്പോൾ... "ഡാ ഇവനൊന്ന് പിടിച്ചാ... ഓൻ ഇപ്പളും നാട്ടിൽ നിന്ന് വിമാനം കേറീലാ... അവരുടെ വാക്കുകളിലും പിടിച്ചു വെച്ച വേദനകൾ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു. പ്രവാസികൾ നാട് ഓർക്കാഞ്ഞിട്ടാണ് ഓർത്താൽ നഷ്ട്ട ഭാണ്ഡം കെട്ടഴിക്കേണ്ടി വരും. നിസാമി പോയി ബ്ലൂട്ടൂത് സ്പീക്കർ ഓണാക്കി. മുട്ടും തട്ടും നിറഞ്ഞ അറബി പാട്ടുകൾ കേട്ടതും എല്ലാവരും താളത്തിൽ തുള്ളിക്കൊണ്ടിരുന്നു. അതിനിടെ ജാബിർ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു "എടോ... ഇവിടൊക്കെ പെരുന്നാളിന് രാവിലെ എണീറ്റ് കുളിച്ചു പള്ളിയിൽ പോകും.. വന്നിട്ട് നമ്മടെ തട്ടിക്കൂട്ട് ഭക്ഷണം.. അത് കഴിക്കൽ പിന്നെ വന്നു ഒരൊറ്റ കിടത്തം... പിന്നെ ഒരു കൂട്ടര് പൊരേൽക്ക് വിളി, നാട്ടിലെ കൂട്ടാരെ വിളിക്കൽ, പെണ്ണിനെ, പ്രേമിക്കുന്നോളെ... അങ്ങനങ്ങു നീളും. അതിനിടയിൽ ചേലോർ കിടന്നുറങ്ങും. രാത്രിയിൽ ഏതേലും ഒരു പാർക്കിലോ.. അല്ലേൽ ഫ്രണ്ട്സിന്റെ അടുത്തോ പോവും. അതാണ്‌ ഓരോ ഗൾഫുകാരന്റെയും പെരുന്നാളും ആഘോഷവും..." "ഇനി നാടും വീടും ഓർത്തു ഇവിടിരുന്നാൽ നോമ്പും, പെരുന്നാളും, ഓണവും, വിഷുവും അങ്ങനങ്‌ പോവും.... ഉള്ളത് പോലെ ഓണം എന്ന പോലെ മ്മക്ക് ഇവിടങ് ഉഷാറാക്കാം ചെങ്ങായി....ഞങ്ങളൊക്ക ഇല്ലേ പ്പോ അനക്ക്..."

വന്നു കുറച്ച് മാസങ്ങളായ പെരുന്നാളിന് നീറ്റൽ ഏറെയാണ്. എങ്കിലും ഇനി ഇവരൊപ്പം ഇങ്ങനെ ഒക്കെ കൂടി നീന്താൻ പഠിക്കണം... ഒപ്പം പ്രവാസിയെന്ന പേരും... കൂട്ടിച്ചേർത്തു വായിക്കാനും....മനസ്സിൽ കുറിച്ചിട്ടു അവരോടൊപ്പം ചേർന്നു. അള്ളാഹു അക്ബർഅള്ളാഹു അക്ബർഅള്ളാഹു അക്ബർ... ലാ ഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ.... ജാബിർ പാട്ട് ഓഫാക്കി തക്ബീർ ഉച്ചത്തിൽ ചൊല്ലി... ഒപ്പം ചേർന്ന് മറ്റുള്ളോരും... ഉരുകുന്ന മനസ്സുമായി ഓണവും, വിഷുവും, പെരുന്നാളും, നോമ്പും കഴിച്ചു കൂട്ടുന്ന പ്രവാസികൾക്ക് ഉള്ള് നിറയെ നാടും നാടിന്റെ ഓർമകളുമാണ്... കുബ്ബൂസും, മാഗിയും,പിന്നെ ഭക്ഷണം ഉണ്ടാക്കാൻ മടിച്ചു ഫ്രൂട്സും കഴിക്കുന്ന പ്രവാസി സഹോദരങ്ങൾ നാടെത്താൻ നാലു കാലായി നെട്ടോട്ടമൊടുമ്പോൾ...!! നാട്ടിലെ സൽകാരങ്ങളും, ദുരിതവും വിളിച്ചു പറയാതിരിക്കുക.. അവരവിടെ നാടും നാട്ടാരും നന്നാക്കി, പെരുന്നാൾ കൂടുമ്പോൾ പടച്ചോനോടുള്ള ദുആയിൽ അഞ്ചു നേരവും നമ്മൾ ചേർക്കാൻ മറക്കരുത്. പറഞ്ഞാലും എഴുതിയാലും തീരാത്ത വാക്കുകളാൽ ഗൾഫ് ആഘോഷ നിമിഷങ്ങളുടെ പറുദീസ ഇവിടെ പറന്നുയരുമ്പോൾ... ഓർക്കുക.... ഓരോ നിമിഷവും.. നമ്മളെക്കാൾ ആഗ്രഹങ്ങളും മോഹങ്ങളും മൂടികെട്ടി ഒരു ജനത കൂടെയുണ്ടെന്ന സത്യം. നാടിനും കുടുംബത്തിനും വേണ്ടി ഉരുകുന്ന "പ്രവാസി."

 Content Summary: Malayalam Short Story ' Pravasiyum Perunnalum ' written by Nabeela Ismail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com