ADVERTISEMENT

നാൻസി - ചുവന്ന മൂക്കുത്തിയണിഞ്ഞ ആത്മാവ് (കഥ)

 

ചുരം കടന്നു ഇനിയും ഒരു മണിക്കൂറോളം യാത്ര ചെയ്താലേ കാക്കകുന്നിലേക്ക് എത്തിച്ചേരാൻ കഴിയൂ. തണുത്ത ചാറ്റൽ മഴയുള്ള പ്രഭാതങ്ങളിൽ യാത്രകൾ എനിക്കെന്നും ഹരമായിരുന്നു. സ്വന്തമായി ഒരു പഴഞ്ചൻ സ്‌കൂട്ടർ ഉണ്ടെങ്കിലും എന്റെ യാത്രകൾ അധികവും ബസ്സിലായിരുന്നു. ബസ്സിന്റെ സൈഡ് സീറ്റിൽ നേരിയ മഴ ചാറ്റൽ കൊണ്ടിരിക്കണം. പാഞ്ഞറിയിക്കാനാകാത്ത ഒരു തണുപ്പും കുളിരും, എവിടെ നിന്നെന്നറിയാത്ത പനിനീർ പൂവിന്റെ സുഗന്ധവും നമുക്ക് തരിക വല്ലാത്ത  ഒരു അനുഭൂതി തന്നെ ആകും ,

 

ബസ്സിലെ യാത്ര ആയാൽ മറ്റു പലഗുണങ്ങളും ഉണ്ട്, ഇഷ്ടപ്പെട്ട പാട്ടും കേട്ട് ചെറുതായി മയങ്ങാം,  മതിലുകളാൽ മറച്ച കലാഭംഗിയിൽ പണിത വീടുകൾ ബസ്സിൽ പോയാൽ മാത്രമേ കാണാൻ കഴിയൂ. വഴിയോരക്കാഴ്ചകൾ ആസ്വദിച്ചു എത്ര നേരം വേണമെങ്കിലും സഞ്ചരിക്കാം. 

 

ഭ്രാന്ത് പിടിച്ചതാണെന്റെ യാത്രകൾ, പോകണം എന്ന് തോന്നിയാൽ പിന്നെ വീട്ടിൽ  നില്ക്കാൻ കഴിയാറില്ല. രണ്ടു ജോഡി ഡ്രസ്സ് എടുത്തു ബാഗിൽ കുത്തി കയറ്റി ആദ്യം കാണുന്ന ബസ്സിൽ കയറി ഇരിക്കും. എന്റേത് എന്ന് പറയാൻ ഒരു ചെറിയ ഓടിട്ട പഴയ വീട് മാത്രമേ ഉള്ളൂ എന്നത് കൊണ്ടും ഞാനെവിടെ എന്ന് അന്വേഷിക്കാൻ അടുത്ത ബന്ധുക്കൾ ഇല്ലാത്തതു കൊണ്ടും ചിന്തകൾക്ക് പുറകെ പായാൻ എടുത്തുപറയത്തക്ക ഒരു ബുദ്ധിമുട്ടും എനിക്കില്ല. കൂലിപ്പണി, പ്ലമ്പിങ്, ഇലക്ട്രിക് തുടങ്ങി എന്ത് പണിയും എനിക്കറിയാം എന്നുള്ളത് കൊണ്ട് എവിടെ ചെന്നാലും പണത്തിനു ബുദ്ധിമുട്ട് ഉണ്ടാകാറില്ല .

 

പക്ഷെ എന്റെ ഈ യാത്ര ഇതുവരെ ഉള്ള യാത്രകളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. മരിച്ചുപോയ ഒരാളെ തിരഞ്ഞുള്ള യാത്ര. അതും എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളെ. മരിച്ചു പോയ അവൾ തന്നെ ആണ് ഇന്ന് കാണാം എന്ന് പറഞ്ഞു എന്നെ കാക്കകുന്നിലേക്കു ക്ഷണിച്ചത്. വിചിത്രമായ ചിലതൊക്കെ ഇല്ലെങ്കിൽ ജീവിതം വിരസമാകും ,

 

രാവിലെ എഴുന്നേറ്റാൽ പത്രം വായിച്ചു കൊണ്ട് ഒരു കട്ടൻ ചായ, എന്റെ ഉറപ്പുള്ള ദിനചര്യ അത് മാത്രമാണ്, അതും വീട്ടിൽ ഉണ്ടെങ്കിൽ മാത്രം. പത്രത്തിൽ ഞാൻ ആദ്യം നോക്കുക ചരമ വാർത്തകളുടെ പേജ് ആണ്. എന്നെ പോലെ മറ്റു പലരും ഉണ്ട് ചരമ വാർത്തകൾ വായിക്കുന്നത് എന്ന അറിവ് എനിക്ക് യാത്രകൾ പകർന്നു തന്നതാണ്.വേണ്ടപ്പെട്ട ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നാണവർ നോക്കുക. അങ്ങനെ വേണ്ടപ്പെട്ട ആരും എനിക്കില്ലെങ്കിലും മരണങ്ങളിലൂടെ പരതി നടക്കുക എന്റെ ശീലമായി 

 

മരിച്ച ഒരുവൾ എന്നോട് ആദ്യം സംസാരിച്ചത് സ്വപ്നത്തിലൂടെ ആയിരുന്നു. രണ്ടാഴ്ച മുൻപായിരുന്നു അത്. അന്ന് അല്പം അധികം മദ്യപിച്ചിരുന്നു. കുപ്പിയിൽ ബാക്കി വന്ന മദ്യം തീർക്കാൻ വേണ്ടി ശ്രമിച്ചതാണ്. അത്താഴം പോലും കഴിക്കാതെയാണ് കിടന്നുറങ്ങിയത്, ബോധം കെട്ടു ഉറക്കമായിരുന്നു . 

 

ഉറക്കത്തിൽ ആണോ, ഉണർന്നിരിക്കുമ്പോൾ ആണോ എന്നറിയാത്ത പോലെ ഒരു സമയം. ഏതോ ഒരു സ്ത്രീ അടുത്തിരുന്നു കരയുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. കഴിച്ച മദ്യത്തിന്റെ കെട്ടു വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല എന്നത് സത്യം. പക്ഷെ ആ സ്ത്രീയുടെ മുഖം ഞാൻ വ്യക്തമായി കണ്ടു. ഇരു നിറം, ചുവന്ന കല്ലുള്ള ഒരു മൂക്കുത്തി അവൾ അണിഞ്ഞിരുന്നു. അവൾ എന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു , എന്റെ മുഖത്തേക്ക് അവളുടെ കണ്ണുനീർ പടർന്നു, ഉറക്കത്തിലല്ല, ഉണർന്നിരിക്കുമ്പോഴോ അല്ല എന്ന അവസ്ഥ ..

 ആരാ ..നിങ്ങൾ എങ്ങിനെ അകത്തു വന്നു ,,എന്തിനാ കരയുന്നതു..

ഞെട്ടിപിടഞ്ഞെണീറ്റ ഞാൻ ചോദിച്ചു. മറുപടി ഒന്നും പറയാതെ അവൾ കരയുക തന്നെ ആയിരുന്നു. എന്റെ നോട്ടം പോയത് കതകിനു നേരെ ആയിരുന്നു, അകത്തു നിന്ന് കുറ്റിയിട്ട കതകുകൾ കണ്ടപ്പോൾ ഇവൾ ഏതു വഴിയേ ആണ് അകത്തു വന്നത് എന്നാണു എന്റെ മനസ്സിൽ തോന്നിയത്. ഇനി ഓടെങ്ങാനും പൊളിച്ചാണോ എന്നറിയാൻ ഞാൻ മുകളിലേക്ക് നോക്കി . 

 നീ എന്തിനാണ് കരയുന്നത്? ആരാ നീ? എങ്ങിനെ അകത്തു കയറി? കരയാറായ ശബ്ദത്തോടെ ഞാൻ അവളോട് ചോദിക്കുകയും അവളുടെ രണ്ടു തോളിലും പിടിച്ചുലക്കുകയും ചെയ്തു .അത്ഭുതം തോന്നുന്ന പോലെ അവൾ അപ്പോൾ വായുവിൽ അലിഞ്ഞു പോയി. ഭയം കൊണ്ട് കണ്ണുകൾ തുറക്കാൻ കഴിയാതെ ഞാൻ തറയിൽ വിരിച്ചിട്ട പായയിൽ മലർന്നു കിടന്നു. മൂത്രമൊഴിക്കാൻ തോന്നിയെങ്കിലും  ഭയം കൊണ്ട് അനങ്ങാതെ ഞാൻ അവിടെ തന്നെ കിടന്നു , രാവിലെ ഉണർന്നെഴുന്നേറ്റ എനിയ്ക്കു തലേന്ന് സംഭവിച്ചതൊന്നും സ്വപ്നമായി കാണാൻ കഴിഞ്ഞില്ല. അടയാളങ്ങൾ ഒന്നും അവശേഷിപ്പിച്ചില്ലെങ്കിലും അവൾ തലേന്ന് രാത്രി എന്റെ  അടുത്ത് വന്നു എന്നെന്റെ മനസ്സ് ഉറപ്പിച്ചിരുന്നു , അവളുടെ മുഖം എന്റെ  മനസ്സിൽ മായാതെ കിടന്നിരുന്നു, ആ കരച്ചിൽ എന്റെ  മനസ്സിൽ ആഴങ്ങളിലേക്കിറങ്ങി കിടന്നു, ഒരു വേദന ആയി അവൾ എന്നിൽ അവശേഷിച്ചു 

 

പിന്നെയും രണ്ടു ദിവസം കൂടി കഴിഞ്ഞാണ് ഞാൻ പത്രത്തിൽ ചരമ വാർത്തകൾക്കിടയിൽ അവളുടെ മുഖം കണ്ടത്. അവളുടെ പേര് നാൻസി എന്നാണ് എന്ന് അടിയിലെ വാർത്തയിൽ നിന്നറിയാൻ കഴിഞ്ഞു. പുഴയിൽ മുങ്ങി മരിച്ച വീട്ടമ്മ. വിഷാദം കലർന്ന മനോഹരമായ അവളുടെ കണ്ണുകൾ എന്നോട് എന്തോ പറയുന്നത് പോലെ. അവൾ, നാൻസി, എനിക്കു തീർത്തും അപരിചിത , സ്വപ്നത്തിൽ എന്റെ അടുത്ത് വന്നവൾ, ഒരു നിലവിളി എന്റെ തൊണ്ടക്കിഴിയിൽ തങ്ങി നിന്നു, എന്റെ ആരുമില്ലാത്ത ഒരുവൾക്കു വേണ്ടി. അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും എന്റെ മനസ്സിൽ അവളുടെ കരയാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ ആയിരുന്നു, അവൾ വീണ്ടും എന്റെ അടുത്ത് വന്നിരുന്നു എങ്കിൽ എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നു. ചിലപ്പോൾ അവൾക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന തോന്നലാകാം അതിനു എന്റെ ആ ആഗ്രഹത്തിന് പിറകിൽ. 

 

ശാന്തമായ രണ്ടു രാത്രികൾ കടന്നു പോയി. അവൾ എന്റെ അടുത്ത് അന്ന് രാത്രിയിൽ വന്നത് സ്വപ്നമായി എന്റെ മനസ്സിൽ അവശേഷിച്ചു ,എന്നെങ്കിലും ഒരിക്കൽ അവൾ താമസിച്ച ഗ്രാമത്തിൽ പോകണം എന്നും അവളെ കുറിച്ച് അന്വോഷിക്കണം എന്നും എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു ,കാക്കക്കുന്നു എന്ന അവളുടെ ഗ്രാമത്തിന്റെ പേര് എന്റെ മനസ്സിൽ മായാതെ പതിഞ്ഞിരുന്നു ,

 

അതിനു ശേഷം മൂന്നാത്തെ രാത്രിയിൽ ആണ് അവൾ വീണ്ടും എന്റെ അരികിൽ വന്നത്. അന്ന് ഞാൻ പതിവിലും കുറച്ചേ മദ്യപിച്ചിരുന്നുള്ളൂ. കൈയ്യിലെ സ്റ്റോക്ക് കുറവായിരുന്നു. മടി കൊണ്ട് പുറത്തിറങ്ങിയതും ഇല്ല. എന്റെ ഒരുറക്കം കഴിഞ്ഞപ്പോഴാണ് അവൾ അടുത്ത് വന്നിരുന്നതായി തോന്നിയത്. ഞാൻ കണ്ണുകൾ തുറന്നപ്പോഴും അവൾ അവിടെത്തന്നെ ഉണ്ടായിരുന്നു. എന്റെ കട്ടിൽ എന്റെ  അരികിൽ തന്നെ. ഇത്തവണ ഞാൻ ഭയന്നില്ല. കണ്ണുകൾ തുറന്നു അവളെ തന്നെ നോക്കി കിടന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു , 

 

"നിങ്ങൾക്കെന്നെ കേൾക്കാമോ" പതിഞ്ഞ ശബ്ദത്തോടെ അവൾ എന്നോട് ചോദിച്ചു ,

"പിന്നെന്താ,എനിക്ക് നിന്നെ കേൾക്കുകയും കാണുകയും ചെയ്യാം. നിന്റെ പേര് നാൻസി എന്നല്ലേ "

 "അത് നിങ്ങൾക്കെങ്ങനെ അറിയാം "

 ഞാൻ പാത്രത്തിൽ വായിച്ചിരുന്നു ,,നിന്റെ മരണ വാർത്ത "

രണ്ടു കൈ കൊണ്ടും തലയിണ പോലെ വച്ച് അതിൽ തല വച്ച് കിടന്നു ഞാൻ അവളോട് പറഞ്ഞു 

"നിങ്ങള്‍ക്കു ഭയം തോന്നുന്നില്ലേ, ഞാൻ മരിച്ചു പോയ ഒരാളാണ് എന്നറിഞ്ഞിട്ടും " അവളുടെ കണ്ണുകളിൽ അദ്‌ഭുതം നിറഞ്ഞതു ഞാൻ കണ്ടു. എനിക്കറിയില്ല. കഴിഞ്ഞ ദിവസം നീ അടുത്ത് വന്നപ്പോൾ എനിക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു. എന്നാലിപ്പോൾ എനിക്കത്ര ഭയമൊന്നും തോന്നുന്നില്ല. പിന്നെ നീ എങ്ങനെ മരിച്ചു എന്നറിയാണ് ഒരു ആകാംക്ഷയും ഉണ്ട്, പുഴയിൽ മുങ്ങിമരിച്ചു എന്നാണ് ഞാൻ വായിച്ചത് എങ്കിലും അതിനു പുറകിൽ ഒരു കഥയുണ്ട് എന്ന തോന്നൽ ,

 "നിങ്ങൾ കഥ എഴുതാറുണ്ടോ ?"

എനിക്കരികിൽ കട്ടിലിൽ ചുമരിനോട് ചേർന്നിരുന്നു അവൾ ചോദിച്ചു , സാധാരണ പ്രേത സിനിമകളിൽ കാണാറുള്ള പോലെ വെളുത്ത സാരിയും ബ്ലൗസും അല്ലായിരുന്നു അവളുടെ വേഷം. ചുരിദാറിട്ട ഒരു സാധാരണ പെൺകുട്ടി. അവൾ മരിച്ചുപോയവളാണ് എന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസം തോന്നി ,

 "മലയാളത്തിൽ നാലക്ഷരം മര്യാദയ്ക്ക് എഴുതാനറിയാത്ത ഞാൻ കഥ എഴുതുകയോ ". അവളുടെ ചോദ്യം കേട്ടെനിക്ക് ചിരി അടക്കാനായില്ല ,

 "അല്ല, എന്റെ മരണത്തിനു പിറകിലെ കഥ ചോദിച്ചത് കൊണ്ട് ചോദിച്ചതാണ്. എഴുത്തുകാർക്കാണല്ലോ ഇതിലൊക്കെ താല്പര്യം ഉണ്ടാകുക. നിങ്ങള്‍ക്ക് എന്നെക്കുറിച്ച് അറിയണം എന്ന് അത്ര നിർബന്ധമാണോ, എന്നാൽ കാക്കകുന്നിലേക്കു വരണം, ഇപ്പോഴല്ല രണ്ടാഴ്ച കഴിഞ്ഞു, പകൽ വരരുത് രാത്രി വരണം. ഞാൻ അവിടെ നിങ്ങളെ കാത്തിരിക്കും "

 "എന്തിനു " ഞാനും പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു ,,

 മരിച്ചു പോയ എന്നെ കേൾക്കാൻ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ, എന്റെ ശബ്ദം, എന്റെ ഗന്ധം, എന്നെ കാണാനും നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. നിങ്ങൾ വരണം. അവൾ എന്നെ നോക്കി പറഞ്ഞു കൊണ്ടേയിരുന്നു. ഞാനാകട്ടെ അവളുടെ വശ്യമായ സൗന്ദര്യത്തിൽ മുഴുകിയ നിലയിലും, അവളുടെ ചുവന്ന മൂക്കുത്തി ഇരുട്ടിൽ തിളങ്ങുന്നു. അവൾ ചിരിക്കുമ്പോൾ ചന്ദ്രൻ ഉദിക്കുന്ന പോലെ. ഇതുപോലെ ഒരു ഭാര്യയെ കിട്ടിയ അവളുടെ ഭർത്താവു എത്ര ഭാഗ്യവാൻ ആയിരിക്കും, അവളുടെ ചുവന്നു തുടുത്ത ആ അധരങ്ങളാൽ ഒരു ചുംബനം കിട്ടുന്നവർ എത്ര ഭാഗ്യവാൻ ആയിരിക്കും..പറഞ്ഞു കൊണ്ടിരുന്ന അവൾ അത് നിറുത്തി എന്റെ കണ്ണിലേക്കു നോക്കി അൽപനേരം ഇരുന്നു. "നിങ്ങൾ കരുതുന്ന പോലെ എന്നെ വിവാഹം കഴിച്ച ഭർത്താവു ഒരിക്കലും കരുതിക്കാണില്ല എന്നെ കിട്ടിയത് ഭാഗ്യമാണെന്ന്. പിന്നെ മരണത്തിനു തണുപ്പാണ്, മരിച്ചവർക്കും. അവരുടെ ചുംബനത്തിനു ചൂടുണ്ടാകില്ല ,അതിനും മരണത്തിന്റെ തണുപ്പായിരിക്കും ,"എന്റെ മനസ്സ് വായിച്ച പോലെ അവൾ പറഞ്ഞു ,

അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ലജ്ജതോന്നി. തീർത്തും അപരിചിത ആയ ഒരു സ്ത്രീ. അവളുടെ ചുംബനം ഞാൻ ആഗ്രഹിച്ചു പോയിരുന്നോ? 

 "പുരുഷന്മാർ ഇങ്ങനെ ആണ്. അവൾ സ്ത്രീയിൽ ആദ്യം കാണുക പലപ്പോഴും കാമം ആയിരിക്കും. കാമത്തിലൂടെ അവർ പ്രണയത്തിൽ എത്തിചേരുക , സ്ത്രീക്ക് പ്രണയത്തിലൂടെ കാമത്തിലേക്കെത്താനെ കഴിയൂ. അവൾ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. കട്ടിലിൽ അൽപനേരം കൂടെ അവളെ നോക്കി ഞാൻ അതെ ഇരുപ്പിരുന്നു. എന്റെ വിവരത്തിനും വിദ്യാഭ്യാസത്തിനും അപ്പുറത്തുള്ള എന്തൊക്കെയോ നീ പറയുന്നു, ഞാൻ അവളോട് പറഞ്ഞു. നീ പറഞ്ഞതൊന്നും മനസിസിലായില്ലെങ്കിലും ഞാൻ വരാം നിന്റെ കാക്കക്കുന്നിലേക്കു. നീ പറഞ്ഞ പോലെ രണ്ടാഴ്ച കഴിഞ്ഞിട്ട് .

 

എന്റെ ഈ  യാത്രയുടെ തുടക്കം അന്നത്തെ ആ സംഭവമായിരുന്നു. സ്വപ്നമാണോ സത്യമാണോ എന്ന് അറിയില്ലെങ്കിലും കാക്കകുന്നിലേക്കു പോകാൻ എന്റെ മനസ്സ് എന്നെ നിർബന്ധിച്ചു. യാത്ര എനിക്കിഷ്ടമായതുകൊണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാനെന്റെ തോളിൽ തൂക്കിയിടുന്ന ചെറിയ നീല ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും, മറ്റു അത്യാവശ്യ സാധനങ്ങളും ചുരുട്ടി വച്ച് ഇറങ്ങിയതാണ്.

 ഇരുട്ട് വീണു കഴിഞ്ഞപ്പോഴാണ് ഞാൻ കാക്കകുന്നിൽ എത്തി ചേർന്നത്. ചെറിയ ഒരു കവല. കടകൾ ഒക്കെ അടച്ചു കഴിഞ്ഞു. ഒരു കട്ടൻ ചായ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു ഞാൻ ചുറ്റിനും നോക്കി എങ്കിലും വഴിയോരങ്ങൾ ശൂന്യമായിരുന്നു. സത്യത്തിൽ അപ്പോഴാണ് ഞാൻ ഇനി എന്ത് ചെയ്യും എന്നതിനെ കുറിച്ച് ചിന്തിച്ചത്. ഒന്ന് കയറി ഇരിയ്ക്കാൻ ഒരു ബസ് ഷെൽട്ടർ പോലും ഇവിടില്ല , നാൻസിയെ ഞാൻ എവിടെ പോയി തിരക്കും. അല്പം നേരത്തെ ആയിരുന്നു എങ്കിൽ ആരോടെങ്കിലും ചോദിച്ചു അവളുടെ വീട്ടിൽ എത്തി ചേരാമായിരുന്നു. മരിച്ചവരെ എവിടെ പോയാണ് തിരയേണ്ടത് എന്ന് നിങ്ങൾക്കറിയില്ലേ, മരിച്ചവർ താമസിക്കുന്ന സ്ഥലം. എന്റെ കാതിനോട് ചേർന്ന് മന്ത്രിക്കുന്നത് പോലെ നാൻസിയുടെ സ്വരം തണുത്ത ഒരു കാറ്റെന്നെ തഴുകുന്നത് പോലെ. എന്റെ കണ്ണുകൾക്ക് മുൻപിൽ ആ ചുവന്ന കല്ലുള്ള മൂക്കുത്തി മാത്രം തെളിഞ്ഞു നിൽക്കുന്നു. മരിച്ചവർ താമസിയ്ക്കുന്ന സ്ഥലം. അതേതാ..ഞാൻ എന്നോടു തന്നെ എന്നവണ്ണം ചോദിച്ചു ,,

 

ഇടതു വശത്തേക്ക് നടക്കൂ. കുന്നു കയറിയാൽ നിങ്ങൾക്കു പള്ളിയോടു ചേർന്ന ശവക്കോട്ട കാണാം. അവിടെയാണ് ഞങ്ങൾ മരിച്ചവർ താമസിയ്ക്കുന്നതു .

 സത്യത്തിൽ നീ മരിച്ചവൻ തന്നെ ആണോ നാൻസി?

 മരണം, അത് മാത്രമാണ് സത്യം, ജനനത്തിനു ശേഷം. ഇടതു വശത്തേക്ക് നടക്കൂ. കുന്നു കയറാൻ പടിക്കെട്ടുകൾ ഉണ്ട്, വഴി കാണിക്കാൻ പള്ളിയിലെ ഉയരം കൂടിയ വെളിച്ചമുണ്ട്. അവൾ എന്റെ കൈയ്യിൽ പിടിക്കുന്നത് പോലെ. പടികൾ കയറി പള്ളിയുടെ പുറകിലുള്ള സെമിത്തേരിയിലേക്കു ഞാൻ നടന്നു. അതിന്റെ ഗേറ്റ് ആരോ തുറന്നിട്ടിരുന്നു, മനോഹരമായ മാർബിൾ ഇട്ട ഒരുപാട് ശവക്കല്ലറകൾ, കറുത്ത കുരിശുകൾ ഓരോ ശവക്കല്ലറയ്ക്കു മേലും നാട്ടിയിരിക്കുന്നു. ഇതിൽ നാൻസിയുടേത് എവിടെ ആകും.

 എന്റേത് മനോഹരമായ കല്ലറ ഒന്നുമല്ല.നിങ്ങൾ വലത്തോട്ട് തിരിഞ്ഞു നേരെ നടക്കൂ. അപ്പോൾ മതിലിനോടു ചേർന്ന് ചെറിയൊരു മൺകൂമ്പാരം കാണാം. അതാണെന്റെ കൊട്ടാരം. അരണ്ട വെളിച്ചത്തിൽ ഞാൻ മുന്നോട്ടു നടന്നു. സെമിത്തേരി വളരെ വൃത്തിയായി സൂക്ഷിച്ചിരുന്നു. ഒരു കല്ല് പോലും നടവഴികളിൽ കാണുന്നില്ല. എറിഞ്ഞു തീരാറായ മെഴുതിരികൾ അവിടിവിടെ ആയി അടർന്നു വീഴാൻ കാത്തു നിൽക്കുന്നു. മതിലിനോടു ചേര്‍ന്നുള്ള നാൻസിയുടെ സാമ്രാജ്യത്തിനു മുന്നിൽ ഞാൻ നിന്നു. ആരോ ദിവസങ്ങൾക്കു മുൻപേ വച്ച ഉണങ്ങിയ പനിനീർപ്പൂക്കൾ ചിതറി കിടക്കുന്ന മൺകൂന ,

 

എന്നോട് നീ എന്തിനാണ് ഇങ്ങോട്ടു വരാൻ പറഞ്ഞത് നാൻസി. ഇവിടെ വന്നപ്പോൾ നീ വെറും ശബ്ദം മാത്രം. അതിഥിയെ വീട്ടിലേക്കല്ലേ ക്ഷണിക്കേണ്ടത്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ ഇങ്ങോട്ടു ക്ഷണിച്ചത്. 

ഇനിയും എനിക്കു ഒരുകാര്യം മനസ്സിലായില്ല. നീ എങ്ങിനെ ആണ് എന്റെ അടുത്ത് വന്നത്..ഞാൻ ഇതിനു മുൻപ് നിന്നെ കണ്ടിട്ടേ ഇല്ല. ദിവസങ്ങളായുള്ള എന്റെ സംശയം ഞാൻ അവളോട് ചോദിച്ചു. ഞാനും നിങ്ങളെ ആദ്യമായി കാണുന്നത് അന്ന് രാത്രി ആണ്. മരിച്ചു പോയവരെ എല്ലാവര്ക്കും കേൾക്കാനും കാണാനും കഴിയില്ല, ആത്മാക്കൾ അങ്ങിനെ ഉള്ളവരെ അന്വേഷിച്ചു നടക്കും, കണ്ടെത്തിയാൽ പൂർത്തിയാകാത്ത ആഗ്രഹങ്ങൾ നേടാൻ ശ്രമിക്കാം. മറ്റാർക്കും ആത്മാവിനെ കാണാൻ കഴിയില്ല. മൺകൂനക്ക് മുകളിൽ അലസമായി അവൾ കാട്ടിലൂടെ ഒഴുകി വന്നിരുന്നു , അന്ന് കണ്ട അതെ വേഷം, ചുരിദാർ ആണവൾ ധരിച്ചിരുന്നത് ,

നിന്റെ പൂർത്തിയാകാത്ത ഏതു ആഗ്രഹമാണ് എനിക്ക് നടത്തി തരാൻ കഴിയുക. ഇരിക്കാൻ ഒരു സ്ഥലം തേടി ഞാൻ ചുറ്റിനും നോക്കി ,

അവിടെ ഇരുന്നോളൂ. മടിക്കേണ്ട. ഭയക്കുകയും വേണ്ട. എന്റെ പുറകിലെ മാർബിലിട്ട ശവക്കല്ലറ ചൂണ്ടി അവൾ പറഞ്ഞു. അവിടെ ജഡം മാത്രമേ ഉള്ളൂ, ആത്മാവ് പുതിയ കൂടു നേടി കഴിഞ്ഞു. പിന്നെ ആഗ്രഹങ്ങൾ, അതിനു അവസാനം ഉണ്ടോ? ജീവിതത്തിൽ എനിക്കും ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, ഒന്ന് പോലും പൂർത്തിയായില്ല ,

 

നാൻസി അൽപനേരം ഒന്നും മിണ്ടാതിരുന്നു. അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുന്ന മേഘം പോലെ തോന്നിച്ചു. നല്ല ഭക്ഷണം, പുതിയ ഉടുപ്പ്, ഒരു സൈക്കിൾ, ഇതൊക്കെ ആയിരുന്നു കുട്ടിയായിരിക്കുമ്പോൾ എന്റെ ആഗ്രഹങ്ങൾ, പിന്നെ അത് ഒരു പുരുഷനെ പ്രണയിക്കണം എന്നായി  ഞാൻ പണ്ട് അത് ഒരുപാടു ആഗ്രഹിച്ചിരുന്നു ,പ്രണയം സത്യമുള്ളതായിരിക്കണം എന്നും ,

 അതിനെന്താ നീ എന്നെ  പ്രണയിച്ചോളൂ , ഞാനൊരു ഒറ്റത്തടിയാണ്. അവൾ പറഞ്ഞു തീരും മുൻപേ ഞാൻ പറഞ്ഞു. കണ്ണിമയ്ക്കാതെ അവൾ അൽപനേരം എന്നെ നോക്കിയിരുന്നു 

 ''പാവപ്പെട്ടവൻ ആയതു കൊണ്ടോ എന്തോ എന്റെ  അടുത്ത് പ്രണയവുമായി വന്നവരുടെ കണ്ണിൽ എന്റെ ശരീരത്തോടുള്ള മോഹമാണ് ഞാൻ കണ്ടത്.

അപ്പോൾ നിന്റെ ഭർത്താവോ'' ,

'' ഭർത്താവ്..''പുച്ഛത്തോടെ അവൾ ഒന്ന് ചിരിച്ചു. എന്റെ മനസ്സ് കാണാത്ത എന്റെ ഭർത്താവ്. രാത്രികളിൽ ഭോഗിക്കുവാൻ മാത്രം വരുന്നവൻ, അതും മദ്യപിച്ചു മാത്രം. 

 മാർബിൾ ഇട്ട ശവക്കല്ലറയിലെ തണുപ്പ് എന്റെ മനസ്സിൽ വീണോ ,ഒരുപാട് മൃഗങ്ങളാൽ വേട്ടയാടപ്പെട്ട ഒരു മാൻകിടാവിനെ പോലെ അവൾ എന്നിൽ തോന്നിച്ചു. 

 നിങ്ങൾക്കെന്നെ പ്രണയിക്കാമോ , ഒരു പ്രേതത്തെ  പ്രണയിക്കുവാൻ ഭയമില്ലെങ്കിൽ, എങ്കിൽ മാത്രം. ഞാൻ ഒട്ടും വിചാരിക്കാത്ത സമയത്തു നാൻസി എന്നോട് ചോദിച്ചു, അത് ചോദിക്കുമ്പോൾ അവളുടെ കണ്ണിൽ രണ്ടു നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നത് ഞാൻ കണ്ടു ,

 

മാർബിൾ ഇട്ട ശവക്കല്ലറയിൽ നിന്നും എഴുന്നേറ്റു ഞാൻ അവളുടെ അരികിലേക്ക് നടന്നു. ഞാൻ നീട്ടിയ എന്റെ കൈകളിൽ അവൾ പിടിച്ചു. അവളെ മുഖം രണ്ടു കൈകൾ കൊണ്ടും കോരിയെടുത്തു മൂർദ്ധാവിൽ ഞാൻ മെല്ലെ ചുംബിച്ചു..നാൻസി, നിന്നെ ഞാൻ പ്രണയിക്കുന്നു..ഒന്നിനും വേണ്ടിയല്ലാതെ. എന്റെ അധരങ്ങൾ അവളുടെ നെറ്റിയിലും, കവിളിലും മുദ്രകൾ തീർത്തു. അവൾക്കു തണുപ്പായിരുന്നു. ഞാൻ എവിടെയും അത്തരം തണുപ്പറിഞ്ഞിട്ടില്ലായിരുന്നു. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു സ്ത്രീയെ പ്രണയത്തോടെ സ്പർശിക്കുന്നത് നിന്നെ ആണ് ,

 അവൾ എന്നെ കെട്ടിപിടിച്ചു എന്റെ മാറിൽ തല ചായ്ച്ചു നിന്നു. രാത്രിയുടെ നിശബ്ദതയും ഇരുട്ടും ഞങ്ങളെ  വലയം ചെയ്തു. എത്ര നേരം അങ്ങിനെ നിന്നെന്നു ഞങ്ങൾക്കറിയില്ല. ചന്ദ്രൻ തലയ്ക്കു മേലെ എത്തി ചേർന്ന ഏതോ ഒരുനിമിഷമാണ് അവൾ എന്നിൽ നിന്നും അടർന്നു മാറിയത്.

 

''നിങ്ങളിൽ ഞാനിന്നൊരു പുരുഷനെ കണ്ടു. ഞാൻ നിങ്ങളിലേക്കമര്‍ന്നപ്പോൾ നിങ്ങളുടെ ഹൃദയം തുടിച്ചതു സ്നേഹം കൊണ്ട് മാത്രമായിരുന്നു. എന്നെ ഒരു ഭോഗവസ്തു ആയി നിങ്ങൾ കണ്ടില്ല , ജീവിച്ചിരുന്നപ്പോൾ നിങ്ങളെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു''. ഞങ്ങൾ ആരുടെയോ ശരീരത്തിന് മേലെ പണിത മാർബിൾ തട്ടിൽ ഇരുന്നു , 

 

''എനിയ്ക്കു മറ്റൊരു ആഗ്രഹം കൂടെ ഉണ്ട് '',എന്റെ കൈകളിൽ കൈകൾ കോർത്തു എന്നിലേക്ക്‌ ചാഞ്ഞിരുന്നവൾ പറഞ്ഞു ,

''എന്റെ മോളെ ഒന്നൂടെ ഒന്നെടുക്കണം, ഒരു ഉമ്മ നൽകണം, വെറും ആത്മാവ് മാത്രമായ എനിക്കതു കഴിയണം എങ്കിൽ നിങ്ങൾ സഹായിക്കണം. ഒരമ്മയുടെ സ്വാർത്ഥത, അതിനാണ് അതിനു വേണ്ടി മാത്രമാണ് ഞാൻ എന്റെ സ്വരം കേൾക്കുന്ന ഒരാളെ അന്വേഷിച്ചിറങ്ങിയത്''.

 

എനിക്കതിനു എന്ത് ചെയ്യാൻ കഴിയും നാൻസി. ഒരമ്മയുടെ ആഗ്രഹം ഒരിക്കലും സ്വാർത്ഥത അല്ല. അത് സ്നേഹമാണ്. അതറിയാൻ കഴിയുക എന്നത് ഭാഗ്യമാണ് ,

 എനിക്ക് നിങ്ങളിൽ പ്രവേശിക്കണം ,നിങ്ങൾ മനസ്സ് കൊണ്ട് അറിഞ്ഞു എന്നെ അനുവദിക്കണം ,നിങ്ങളിലൂടെ എനിക്ക് എന്റെ മകളെ എടുക്കാം. അൽപനേരം ഓമനിക്കാം,

 നിനക്ക് വേണ്ടി പൂർണ്ണ മനസ്സോടെ ഞാൻ സമ്മതിക്കാം നാൻസി , നിനക്കെന്നല്ല ഏതൊരമ്മയ്ക്കു വേണ്ടിയും ഞാനിതെല്ലാം സമ്മതിയ്ക്കും.. .

 ഞാൻ നിന്നെ ഒന്ന് ചുംബിച്ചോട്ടെ..അങ്ങിനെ നിന്നിൽ അലിഞ്ഞു ചേർന്നോട്ടെ . പേടിക്കേണ്ട,അത് നിന്റെ സുരക്ഷക്ക് വേണ്ടി കൂടെ ആണ് ,എന്റെ  മോളെ കൊതി തീരുവോളം ഓമനിച്ചു ഞാൻ തിരിച്ചു പൊയ്ക്കൊള്ളാം.

 നിന്റെ ഇഷ്ടം പോലെ നാൻസി..ഞാൻ അവളുടെ തണുത്ത വിരലുകൾ എന്റെ വിരലുകളാൽ കോർത്ത് വലിച്ചു..

 

അവൾ എന്റെ നേരെ തിരിഞ്ഞിരുന്നു, തണുത്തു മരവിച്ച  അവളുടെ അധരങ്ങൾ എന്റെ അധരങ്ങളിലേക്കു അമർന്നു ,എന്റെ കണ്ണുകൾ അടഞ്ഞു പോയി ,ഒരു ചുംബനത്തിനു ഇത്ര മനോഹാരിത ഉണ്ടാകും എന്ന് എനിക്ക് അറിയില്ലായിരുന്നു,അവളിൽ ഞാൻ അലിഞ്ഞു പോകുന്ന പോലെ. അൽപ സമയത്തിനകം അവൾ ആ ചുംബനത്തോടെ എന്നിൽ ലയിച്ചു. എനിക്കവളെ എന്നിൽ തന്നെ അനുഭവപ്പെടാൻ തുടങ്ങി. ഞങ്ങൾ രണ്ടല്ല ഇനി ഒന്നാണ് എന്ന തോന്നൽ. ശവക്കോട്ടയ്ക്കു പുറത്തിറങ്ങി നേരെ മുന്നിലേക്ക് അര കിലോമീറ്റർ നടന്നാൽ എന്റെ വീടായി. നാൻസി എന്റെ മനസ്സിലിരുന്നു മന്ത്രിക്കുന്നു. ഞാൻ അവൾ പറഞ്ഞു തന്ന വഴിയിലൂടെ നടന്നു. റബ്ബർ മരങ്ങൾക്കിടയിലൂടെ മണ്ണ് വെട്ടിയെടുത്ത ഒരു നടപ്പാത. ഇരുട്ടിൽ തണുപ്പിൽ ഞങ്ങൾ ഒരുമിച്ചു നടന്നു. 

 ഇനി ഇടത്തോട്ടുള്ള ചെറിയ നടവഴി. അവൾ മനസ്സിലിരുന്നു വീണ്ടും പറഞ്ഞു. ഇരുൾ വിഴുങ്ങി നിൽക്കുന്ന ചെറിയ ഓടിട്ട ഒരു വീട്. ഉമ്മറത്തിണ്ണയിൽ തന്നെ ആരോ കിടന്നുറങ്ങുന്നു. സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ. അടുത്ത് തന്നെ ഒഴിഞ്ഞു കിടക്കുന്ന ഒരു കുപ്പിയും ഗ്ലാസും. ഞാൻ അയാളെ കടന്നു അകത്തേക്ക് കയറി. എന്നിലുള്ള നാൻസി അകത്തേക്ക് ഓടുകയായിരുന്നു എന്നതാണ് ശരി. സിമന്റ് തേക്കാത്ത ചുമരുകൾ ഉള്ള ചെറിയ രണ്ടു മുറികൾ ആണ് ആ വീടിനു ഉണ്ടായിരുന്നത്. നേരെ കടന്നു ചെല്ലുന്ന മുറിയിൽ തന്നെ രണ്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി തളർന്നു കിടന്നുറങ്ങുന്നു അവളുടെ തള്ള വിരൽ ചപ്പി കുടിക്കുകയും ഇടയ്ക്കിടെ അമ്മെ എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട് , ഞാൻ മെല്ലെ അവൽക്കരികിൽ ഇരുന്നു , അവളെ കോരിയെടുത്തു ഹൃദയത്തോട് ചേർത്തു പിടിച്ചു. എന്റെ മോളെ..എന്നിലുള്ള നാൻസിയുടെ കരച്ചിൽ എനിക്കു കേൾക്കാമായിരുന്നു. നോക്കൂ എന്റെ മോൾ ഒന്നും കഴിച്ചിട്ടില്ല , വിശന്നു തളർന്നാണ് അവൾ ഉറങ്ങിയിട്ടുണ്ടാകുക ,അവൾ ഇപ്പോൾ ഉണരും, നിങ്ങൾ അറിയില്ല നിങ്ങൾക്കിപ്പോൾ എന്റെ രൂപമാണ്, അവൾ കാണുക എന്നെ തന്നെ ആയിരിക്കും , നിങ്ങൾ എന്നോട് ക്ഷമിക്കണം ,

 ഞാൻ നേരെ അടുക്കളയിലേക്കു നടന്നു. കൈയ്യിലിരുന്ന കുഞ്ഞു ചിണുങ്ങാൻ തുടങ്ങിയിരുന്നു. അമ്മെ ഉണ്ണിമോൾക്കു വിശപ്പാ..,അവൾ എന്റെ മാറിൽ മുഖം അമർത്തി കരഞ്ഞു. എന്നിലെ നാൻസി അടുക്കള മുഴുവനും തപ്പി. കുഞ്ഞിന് കൊടുക്കാൻ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

 ഞാൻ ഒരു പാപി തന്നെ ആണ് ,,എന്റെ കുഞ്ഞിന്റെ വിശപ്പ് മാറ്റാൻ കഴിയണില്ലല്ലോ  എനിയ്ക്കു. നീ ആത്മാവല്ലേ...ഇത്രയും ശക്തിയുള്ള ആത്മാവ്, വായുവിൽ നിന്നും നീ ഭക്ഷണം ഒക്കെ ഉണ്ടാക്കില്ലേ. കൈ നീട്ടിയാൽ പൊരിച്ച ചിക്കനും, ചപ്പാത്തിയും വരുത്താൻ നിനക്ക് പറ്റില്ലേ..ഞാൻ അവളോട് ചോദിച്ചു ,

 

ഇതൊക്കെ ഏതെങ്കിലും ആത്മാവ് ചെയ്യുമോ എന്നെനിക്കറിയില്ല ,,പക്ഷെ എനിയ്ക്കു കഴിയില്ല ,,അവൾ വല്ലാതെ തളർന്നു പോയിരുന്നു ,ഒരു ഗ്ലാസിൽ അല്പം വെള്ളം എടുത്തു ഞാൻ മിൽക്ക് കൊടുത്തു. വിശപ്പിന്റെ കാഠിന്യം അവൾ അത് മുഴുവനും കുടിച്ചു ,

 നാൻസി ഞാൻ ഇവളെ കൂടെ കൊണ്ട് പൊയ്ക്കോട്ടേ, എന്റെ മകളായി വളർത്താം, നിനക്ക് ഇപ്പോഴും കൂടെ ഉണ്ടാകുകയും ചെയ്യാം. ഞാൻ അവളോട് ചോദിച്ചു. 

അതൊന്നും ശരിയാവില്ല. എനിയ്ക്കു നിങ്ങളിൽ അധികനേരം ഇങ്ങനെ താങ്ങാൻ കഴിയില്ല. പിന്നെ അയാൾ.. അയാൾ നിങ്ങളെ വെറുതെ വിടില്ല. ദ്രോഹിക്കാൻ മാത്രം അവൾ മോളെ തിരിച്ചു കൊണ്ട് വരും.

 പിന്നെ എന്താണ് ഒരു വഴി ,മോളെ ഇവിടെ ആക്കിയിട്ടു പോകാൻ കഴിയില്ല നാൻസി ,

 

എനിക്കറിയാം ഒരു സ്ഥലം. എന്റെ മോളെ അവർ നോക്കി വളർത്തും. ഒരു കുറവുമില്ലാതെ. നമ്മൾ കണ്ട പള്ളി ഇല്ലേ അതിനോട് ചേർന്നൊരു കോൺവെന്റ് ഉണ്ട്. അവർ നോക്കി വളർത്തും എന്റെ മോളെ. എനിക്ക് വിശ്വാസമാണ്. നാൻസിയിൽ പെട്ടന്ന് തന്നെ സന്തോഷം നിറഞ്ഞതു കണ്ടു ഞാൻ അദ്‌ഭുതപ്പെട്ടു പോയി. മോളെ ചേർത്തുപിടിച്ചു ഞാൻ കതകിനു പുറത്തിറങ്ങിയപ്പോൾ കണ്ടു കതകു മറഞ്ഞു എന്നെ തന്നെ നോക്കി നിൽക്കുന്ന അയാളെ ,,

നീ ചത്തില്ലേടീ ,അന്ന് പൊഴേല് നീ ഒഴുകി പോയതല്ലേ ,

 

അപ്പോഴാണ് അയാൾ കാണുന്നത് എന്നെ അല്ല നാൻസിയെ ആണ് എന്ന് ഞാൻ ഓർത്തത്, ഭയം കൊണ്ട് നാൻസി വിറക്കുന്നതു എനിക്ക് മനസ്സിലായി. അയാൾ മുന്നോട്ടു വന്നു മകളെ എന്റെ കൈയ്യിൽ നിന്ന് ബലമായി പിടിച്ചു വാങ്ങാൻ ശ്രമിച്ചു. എന്റെ മോളെ കൊടുക്കല്ലേ..നാൻസിയുടെ കണ്ണുനീർ എന്നെ നെഞ്ചു നനച്ചു. അയാളെ കണ്ട കുഞ്ഞു ഉച്ചത്തിൽ കരയാൻ തുടങ്ങി ,

 എനിയ്ക്കു പ്രേതത്തെ പേടിയില്ലെടീ , ഇനി നീ ചത്തില്ലെങ്കിൽ നിന്നെ ഞാൻ ഇപ്പോൾ കൊന്നു തരാം. അയാൾ മുന്നിലേക്ക് വന്നു എന്റെ  കഴുത്തിൽ കുത്തി പിടിച്ചു , ചാരായതിന്റെയും അയാളുടെ ശർദ്ദിയുടെയും നാറ്റം അവിടെ പരന്നു

 

എന്റെ കഴുത്തിൽ അയാളുടെ കൈകൾ അമര്ന്നപ്പോള് ഞാൻ കുഞ്ഞിനെ ഒന്നൂടെ ചേർത്ത് പിടിച്ചു , വലംകൈ ചുരുട്ടി പിടിച്ചു ഞാൻ അയാളുടെ മൂക്കിനിട്ട് ഒരിടി കൊടുത്തു. അത് മതി അയാൾ വീഴാൻ എന്ന് എനിക്കറിയാമായിരുന്നു . കുനിഞ്ഞു മൂക്ക് പൊത്തി നിന്ന അയാളുടെ മര്മഭാഗത്തു എന്റെ കാൽമുട്ടുകൾ അമർന്നു , ഒന്ന് തിരിഞ്ഞ അയാൾ മിണ്ടാൻ പോലും കഴിയാതെ കണ്ണുകൾ തുറിച്ചു താഴെ വീണു. അടുത്തിരുന്ന ഒരു കട്ടിലിന്റെ കാലെടുത്തു ഞാൻ അയാളുടെ മുട്ട് ചിരട്ടയിൽ വച്ച് ഒന്നമർത്തി , ഒരേല്ലെടിയുന്ന ശബ്ദം, കണ്ണുകൾ മിഴിഞ്ഞു ബോധം പോയി അയാൾ അവിടെ കിടന്നു.

 

നാൻസി പറഞ്ഞ ആ കോൺവെന്റ് എവിടെ ആണ്. പേടിക്കേണ്ട ഇനി അയാൾ എഴുന്നേറ്റു നടക്കാൻ മാസം കുറെ എടുക്കും. പള്ളിക്കു നേരെ മുൻപിൽ. അവൾ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. ഞാൻ വീണു കിടക്കുന്ന അയാളെ കടന്നു ഇരുട്ടിലേക്ക് നടന്നു , എന്റെ നെഞ്ചോരം ചേർന്ന് നാൻസിയുടെ മോളും. കോൺവെന്റിനു മുൻപിലെ തിണ്ണയിൽ ഞാൻ മോളെ കിടത്തി ,തണുപ്പടിച്ചപ്പോൾ അവൾ കണ്ണുകൾ തുറന്നു കരയാൻ തുടങ്ങി.. മുകളിൽ തൂക്കിയിട്ട മണിച്ചരടിൽ പിടിച്ചു ഞാൻ രണ്ടു വട്ടം വലിച്ചു. ഇരുട്ടിന്റെ നിശബ്ദത തകർത്ത് മണിയടി ശബ്ദം അവിടെ മുഴങ്ങി , ആരൊക്കെയോ കതകുകൾ തുറന്നു വരുന്ന ശബ്ദം. എന്റെ മോൾക്ക് എനിക്ക് അവസാനമായി ഒരുമ്മ കൂടെ. നാൻസി എന്നിലിരുന്നു തേങ്ങി. ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു . ആ കുഞ്ഞി കൈകളിൽ ഒരു ചുംബനം ചേർത്തു. മുൻപിലെ കതകുകൾ തുറന്നു കന്യാസ്ത്രികൾ പുറത്തു വന്നപ്പോൾ ഞാൻ ഗേറ്റിനു അരികിൽ എത്തി ചേർന്നിരുന്നു. അവർ വരുന്നതും കുഞ്ഞിനെ എടുക്കുന്നതും ചുറ്റും നോക്കുന്നതും ഞാൻ കണ്ടു. ഗേറ്റ് കടന്നു ഞാൻ വീണ്ടും ശവക്കോട്ടയിലേക്ക് നടന്നു.

 

നന്ദി.. നിങ്ങളോടു എനിക്കിനി മറ്റൊന്നും പറയാനില്ല. എന്റെ മോളെ ഒന്ന് കണ്ടു. ഉമ്മ വച്ച് അവളെ സുരക്ഷിതയാക്കി. ഇനി എനിക്കുറങ്ങാം സമാധാനത്തോടെ. എന്നിലിരുന്നു നാൻസി പറഞ്ഞു ഞാൻ മാർബിൾ തിണ്ണയിൽ ഇരുന്നപ്പോൾ അവൾ എന്നിൽ നിന്നു പുറത്തു വന്നു എന്റെ  ചാരെ തന്നെ ഇരുന്നു. എന്റെ  കൈകളിൽ അവൾ മുറുക്കെ പിടിച്ചിരുന്നു. മേലെ ആകാശത്തു വെള്ളിമേഘങ്ങൾ ഒഴുകി നടക്കുന്നു. ചന്ദ്രൻ കിഴക്കുദിക്കിലേക്ക് അടുക്കുന്നു. രാത്രി അവസാനിക്കാതിരുന്നെങ്കിൽ..

 പുലർച്ചെ വണ്ടിക്കു നിങ്ങൾ തിരിച്ചു പോകണം. ഇവിടെ നടന്നതെല്ലാം മറക്കണം. എന്നെയും, മരിച്ചവരെ ഓർമ്മിച്ചിരുന്നത് കൊണ്ട് എന്ത് പ്രയോജനം. ശാന്തമായ മനസ്സോടെ ഞാൻ എന്റെ യാത്ര  തുടങ്ങും . എന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തന്നതിനു ഞാൻ നന്ദി പറയില്ല. കാരണം ഞാൻ നിങ്ങളെ പ്രണയിക്കുന്നുണ്ട്. ഈ പ്രണയത്തിന്റെ ഓർമ്മകളിൽ അതാണെന്റെ സന്തോഷം..

 

ശവക്കോട്ടയുടെ കവാടം കടന്നു ബസ് നിർത്തുന്നിടം വരെ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു. കവലയിൽ ആൾ സഞ്ചാരം തുടങ്ങി . ആദ്യ ബസ്സിന്‌ പോകേണ്ടവർ വന്നു നിൽക്കുന്നു. സൈക്കിളിൽ ഒരാൾ ചായ കൊണ്ട് വന്നു വിൽക്കുന്നു. അകലെ നിന്നും പുകതുപ്പി ബസ് വരുന്നു. ഞാൻ നനഞ്ഞ കണ്ണുകളോടെ നാൻസിയെ നോക്കി. പോട്ടെ..പോണം . ഞാനൊരു ആത്മാവല്ലേ,യാത്ര പറയുന്നില്ല, ഒന്നും തരാനില്ല.. ഈ ചുംബനമല്ലാതെ. നിങ്ങളെക്കാൾ നല്ല ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല എന്നെ ഒരിക്കൽ കൂടെ പുണർന്നു ചുംബിച്ചു അവൾ പറഞ്ഞു. അവളുടെ ആ തണുത്ത  സ്പർശം എനിക്ക് കുളിർ മഴ പോലെ തോന്നിച്ചു.

 

ബസ്സിൽ സൈഡ് സീറ്റിലിരുന്ന എന്റെ മുഖത്തേക്ക് മഴത്തുള്ളികൾ ചുംബിച്ചിറങ്ങി. ഒരു പനിനീർപ്പൂവിന്റെ സുഗന്ധം ,ഒരു സ്വപ്നം പോലെ വന്നു നാൻസി സ്വപ്നം പോലെ എന്നിൽ നിന്നും അടർന്നു പോയിരിക്കുന്നു. പക്ഷെ ഈ  മഴത്തുള്ളികൾ പോലെ അവളുടെ പ്രണയം എന്നും എന്നെ നനച്ചു കൊണ്ടിരിക്കും. കാക്കകുന്നു പുറകിലേക്കോടി മാറി, കാലവും..

 

Content Summary: Malayalam Story ' Nancy - Chuvanna Mookkuthi aninja aathmaav ' written by Vijay Koloth

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com