ADVERTISEMENT

തേൻകണി അഥവാ തേൻകെണി (കഥ)

സ്കൂളിന് മുമ്പിൽ  സ്റ്റേഷനറി കട നടത്തുകയാണ് രമേശൻ. അവിചാരിതമായി ജീവിതഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ. ഡിഗ്രി പഠനം കഴിഞ്ഞ് ഉപരി പഠനത്തിനുള്ള പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ അപ്രതീക്ഷിത അപകടമരണം. അമ്മയുടെയും പറക്കമുറ്റാത്ത മൂന്ന് അനിയത്തിമാരുടെയും ചുമതല അതോടെ രമേശന്റെ തലയിലായി. പഠിത്തം മാറ്റിവെച്ചു അച്ഛൻ സ്കൂളിന് മുൻപിൽ നടത്തിക്കൊണ്ടിരുന്ന സ്റ്റേഷനറി കട തുടർന്ന് നടത്താൻ നിർബന്ധിതനായി. ബിസിനസ്‌ ചെയ്ത് പരിചയമില്ലാത്ത 21 കാരനായ രമേശൻ കടയിലിരുന്ന് ബിസിനസ് പാഠങ്ങൾ ഒന്നൊന്നായി പഠിച്ചുതുടങ്ങി. ഇടത്തരം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആ സ്റ്റേഷനറി കട. കൊറോണ വന്ന് സ്കൂൾ അടക്കുകയും കുട്ടികളൊക്കെ പുസ്തകത്തിൽ നിന്ന് ഡിജിറ്റൽ മാധ്യമത്തിലേക്ക് തിരിയുകയും ചെയ്തതോടെ ആ കുടുംബം പട്ടിണിയുടെ രുചി അറിഞ്ഞു തുടങ്ങി. ഒരുവിധം രണ്ടുവർഷം കഴിഞ്ഞ് സ്കൂൾ തുറന്ന് കുട്ടികളും രക്ഷാകർത്താക്കളും ശരവേഗത്തിൽ കടകളിലേക്ക് എത്തിയതോടെ സമാധാനമായി രമേശന്. 

രമേശിന്റെ കടയുടെ പത്തടി മാറിയാൽ അതുപോലെ തന്നെ മറ്റൊരു കടയും ഉണ്ട്. രണ്ട് കടകളിലും അത്യപൂർവ്വമായ തിരക്കാണ് രാവിലെയും വൈകുന്നേരവും. കച്ചവടം പൊടിപൊടിക്കുന്നതിനിടയിലാണ് ഒരു ദിവസം ഉച്ചനേരത്ത് ഒരു അമ്മയും മകളും കൂടി കടയിലേക്ക് എത്തുന്നത്. കുറച്ചു പുസ്തകവും പേനയും വാങ്ങി പൈസ കൊടുത്തതിനുശേഷം തൊഴുകൈയ്യോടെ ആ അമ്മ പറഞ്ഞു. “എന്റെ മകൾ പത്താംക്ലാസിൽ ആണ് പഠിക്കുന്നത്. എന്തെങ്കിലും കുറച്ചു പൈസ.. ഒരു 200 രൂപ തന്നു സഹായിക്കാമോ, പാഠപുസ്തകം വാങ്ങിക്കാനാണ്, രണ്ടു ദിവസത്തിനുള്ളിൽ മടക്കി തരികയും ചെയ്യാമെന്ന്” പറഞ്ഞു. നിഷ്കളങ്കമായ ആ പെൺകുട്ടിയുടെ മുഖം കണ്ടപ്പോൾ രമേശന് തന്റെ അനിയത്തിമാരിൽ ഒരാൾ ആയി തോന്നി, 200 രൂപ എടുത്തു കൊടുത്തു. “തിരികെ വേണ്ട,  നന്നായി പഠിച്ചാൽ മതി എന്ന് പറഞ്ഞ്” യാത്രയാക്കി. തൊഴുകൈയോടെ നിന്ന അമ്മയും മകളും രമേഷിന്റെ  ഫോൺ നമ്പർ ചോദിച്ചു. “എന്തിനാണ് എന്റെ ഫോൺ നമ്പർ, ഇപ്പോൾ തന്നത് തന്നു. ഇനി ഇത് ഒരു പതിവാക്കേണ്ട. ഈ കുട്ടിയെ കണ്ടപ്പോൾ അനുകമ്പ തോന്നി കൊടുത്തതാണ് എന്ന് തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു. "അയ്യോ!, മോനെ ഞങ്ങൾ ഇത് തിരിച്ചു തരും. ഫോൺ നമ്പർ തരാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട" എന്ന് പറഞ്ഞുഅമ്മ. അവരുടെ നിഷ്കളങ്ക ഭാവം കണ്ട് രമേശൻ ഫോൺ നമ്പർ കൊടുത്തു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടി വാട്സാപ്പിൽ എത്തി. "ഹായ്." "ഹായ്." "ഗുഡ്മോർണിംഗ്. എന്നെ മനസ്സിലായോ?" "മനസ്സിലായി." എന്ന് രമേശൻ. ഒരു ചാറ്റിങ്ങിനു അങ്ങനെ അവിടെ ആരംഭം കുറിച്ചു. 21കാരനായ രമേശനും പതിനാലുകാരിയായ പെൺകുട്ടിയും ചാറ്റിങ് തുടങ്ങി. "ബ്രേക്ഫാസ്റ്റ് കഴിച്ചോ? എന്തായിരുന്നു? ചോറുണ്ടോ? കറികൾ എന്തൊക്കെ?" അങ്ങനെ ഒരു മാസം കൊണ്ട് ചാറ്റിങ് പുരോഗമിച്ചു. രമേശൻ കണി കാണുന്നത് പെൺകുട്ടിയുടെ ഗുഡ്മോർണിംഗുകളായി. രാത്രി ശുഭരാത്രി സന്ദേശവും... ഇതിനോടകം പെൺകുട്ടി രമേശേട്ടന്റെ കൈയ്യിൽ നിന്ന് കടം വാങ്ങിയ 200 രൂപ തിരികെ കൊടുത്തിരുന്നു. ദിവസം പോകുന്തോറും കൂടുതൽ രൂപ കടം വാങ്ങുകയും കൃത്യസമയത്ത് തിരികെ കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. രണ്ടു പേരും സുഹൃത്തുക്കൾ ആയികഴിഞ്ഞപ്പോൾ പെൺകുട്ടി കുശലാന്വേഷണം വിട്ട് ഒടിടിയിൽ കണ്ട സിനിമകളെക്കുറിച്ചുള്ള ചർച്ചയായി ചാറ്റിങ്ങിൽ മുഴുവൻ. രമേശൻ അപ്പോഴൊക്കെ കാരണവരെപ്പോലെ പോയി നന്നായി പഠിക്കൂ കുട്ടി എന്ന് ഉപദേശിച്ചു കൊണ്ടിരുന്നു. പഠിക്കാൻ ഇപ്പോൾ തീരെ താൽപര്യമില്ലെന്നും രമേശ് ചേട്ടനെ കാണണം എന്നത് മാത്രമാണ് ആഗ്രഹം എന്ന് പെൺകുട്ടി. കൂടുതൽ മോശപ്പെട്ട കാര്യങ്ങൾ പെൺകുട്ടി പറയാൻ തുടങ്ങി. ആദ്യം എല്ലാം രമേശൻ ഒരു കുട്ടിക്കളിയായി മാത്രമാണ്  എടുത്തിരുന്നത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ മെസ്സേജ് ഒന്നും ഇല്ലാതായി. അപ്പോൾ രമേശനും ആവലാതി ആയി.

രണ്ടാഴ്ച  കഴിഞ്ഞപ്പോൾ ഒരു ദിവസം പെൺകുട്ടി രമേശനെ ഫോണിൽ വിളിച്ച് അമ്മ നമ്മുടെ ചാറ്റിങ് കണ്ടുപിടിച്ചുവെന്നും പൊതിരെ തല്ലു കിട്ടിയെന്നും ഇനി ഞാൻ ചാറ്റിങ്ങിന് വരില്ല എന്ന് കരഞ്ഞു പറഞ്ഞു. രമേശനും വലിയ സങ്കടമായി. പിന്നെ ഒരു ദിവസം പെൺകുട്ടി രമേശനെ ഫോണിൽ വിളിച്ച് ഒരു സമയം പറഞ്ഞു കൊടുത്തു. ആ സമയത്ത് രമേശേട്ടൻ എന്നെ ഫോണിൽ വിളിക്കണം അമ്മ ആ സമയത്ത് അമ്പലത്തിൽ പോകും. എന്തായാലും രമേശൻ ചാറ്റിംഗ് നിർത്തി, പെൺകുട്ടി പറഞ്ഞ സമത്ത് ഫോൺ വിളി തുടങ്ങി. അങ്ങനെ കുറച്ചു നാൾ.. ഒരു പ്രാവശ്യം ഫോൺ വിളിച്ചപ്പോൾ എടുത്തത് അമ്മ. "നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത്. നീയൊരു മര്യാദക്കാരൻ ആണെന്നാണ് ഞാൻ വിചാരിച്ചത്. നിന്റെ വാട്സാപ്പ് മെസ്സേജ് മുഴുവനും ഞാൻ കണ്ടു. നിന്റെ ഫോൺ കോൾ റെക്കോർഡ് ചെയ്തതും, വാട്സ്ആപ്പ് ചാറ്റുകളും എല്ലാം ഞാൻ നിന്റെ അമ്മയ്ക്കും പൊലീസിനും അയച്ചുകൊടുക്കും. മര്യാദയ്ക്ക് ഇന്ന ദിവസം ഒരു ലക്ഷം രൂപ എന്നെ ഏൽപിച്ചില്ല എങ്കിൽ നീ വിവരം അറിയും" എന്ന്. അമ്മയുടെ ആക്രോശം കേട്ട് സ്തബ്ധനായ രമേശന് മനസ്സിലായി താൻ കെണിയിൽ പെട്ടു എന്ന്. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പൂർണ്ണ ബോധ്യമുള്ളതുകൊണ്ട് വാട്സ്ആപ്പ് ചാറ്റുകൾ മുഴുവൻ പ്രിന്റ് എടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊടുത്ത് അമ്മയ്ക്കും മകൾക്കും എതിരെ പരാതി കൊടുത്തു രമേശൻ.  

പോലീസിന്റെ നിർദ്ദേശപ്രകാരം ഒരാഴ്ച കഴിഞ്ഞ് ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞു രമേശൻ പെൺകുട്ടിയുടെ അമ്മയോട്. ഈ ഒരാഴ്ചയിൽ രമേശിനെ കുറിച്ചും രമേശിന്റെ കുടുംബപശ്ചാത്തലവും എല്ലാം വിശദമായി അന്വേഷിച്ച് അറിഞ്ഞു പൊലീസ്. ഈ പെൺകുട്ടി ഇടയ്ക്ക് ഈ കടയിൽ എത്താറുണ്ടെന്ന് അയലത്തെ കടക്കാരൻ പറഞ്ഞത് കേട്ടപ്പോൾ പൊലീസ് രമേശനെ കുറിച്ച് തലങ്ങും വിലങ്ങും അന്വേഷിച്ചു. കഷ്ടപ്പെട്ട് കുടുംബം മുന്നോട്ടു കൊണ്ടു പോകുന്ന രമേശനെകുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. പൊലീസ് അമ്മയെയും മകളെയും ഈ ഒരാഴ്ചയായി അവരറിയാതെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് മനസ്സിലാകുന്നത് അവർ അമ്മയും മകളുമേ അല്ല. രണ്ട് ബിസിനസ് പങ്കാളികൾ മാത്രമാണ്. മാത്രവുമല്ല ഒരു സ്കൂളിലും ആ കുട്ടി പഠിക്കുന്നുമില്ല. ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് രമേശിനെ കൊണ്ട് വിളിപ്പിച്ച് കടയിൽ എത്തിച്ച് രണ്ടിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫോൺ പിടിച്ചെടുത്തപ്പോഴാണ് മനസ്സിലാകുന്നത് വാട്സാപ്പ് ചാറ്റിങ്ങിൽ രണ്ടുപേരുംകൂടി കുടുക്കിയിരിക്കുന്നവർ നഗരത്തിലെ പ്രമുഖർ, പ്രവാസികൾ, വലിയ വ്യാപാരികൾ... അങ്ങനെ പലരും ഉണ്ട്. എല്ലാവരും നാണക്കേട് ഭയന്ന് പുറത്ത് പറയാതിരിക്കുകയായിരുന്നു. ഏതായാലും രണ്ടിനെയും കയ്യോടെ പൊലീസ് പിടിച്ചു ലോക്കപ്പിലാക്കി. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങൾ വച്ച് പൊലീസ് പെൺകുട്ടി കുടുക്കിയവരെ ഒന്നൊന്നായി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത് വ്യത്യസ്ത കഥകളായിരുന്നു. അവർക്കൊന്നും പരാതി ഇല്ലാത്തതുകൊണ്ട് കേസ് എടുക്കാതെ ഒരു വാണിംഗ് കൊടുത്തു വിട്ടു. സഹായഹസ്തം നേടിയ കൈകളിൽ വയ്ക്കാൻ നോക്കിയ രമേശന്റെ കൈവിലങ്ങ് അങ്ങനെ വിദഗ്ധമായി ഒഴിവാക്കി. ബിസിനസ്സിലെ ഒന്നാം പാഠം. "തേപ്പുകാരികൾ ഇറങ്ങിയിട്ടുണ്ട്, ജാഗ്രതൈ"

Content Summary: Malayalam Short Story ' Thenkani Athava Thenkeni ' written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com