ADVERTISEMENT

വെറും 69 ദിവസം (കഥ)

ചെക്കൻ എന്തിയേ ഭവാനി? എണീറ്റില്ലേ?  ഓഹ് ഇല്ലന്നെ അവൻ എണീക്കാൻ പത്തുമണി കഴിയും. ഒരു കുടം വെള്ളം കൊണ്ട് തലയിൽ ഒഴിച്ചാലും അവൻ എണീക്കില്ല. ''നീയാണ് അവനെ ഇങ്ങനെ ചീത്തയാകുന്നത്. അവന്റെ താളത്തിനു നിന്നുകൊടുത്തോ. അവന്റെ സമപ്രായക്കാരെല്ലാം നല്ലൊരു ജോലിയും വാങ്ങി പെണ്ണും കെട്ടി സുഖായി  ജീവിക്കുന്നു. എങ്കിൽ ഞാൻ ഇറങ്ങുവാ ഭവാനി'', നാണിത്തള്ള വീടിന്റെ പിറകിലൂടെ വടക്കേ വീട്ടിലേക്കു നീങ്ങി. എടാ സുകു..എടാ സുകു .. നീ ഇത്രേം പ്രായായി പോത്തുപോലെ വളർന്നിട്ടു നട്ടുച്ചവരെ കിടന്നുറങ്ങീട്ടു നാട്ടുകാരുമൊത്തം എന്നെയാ കുറ്റം പറയുന്നത്. എടാ എണീറ്റ് വല്ല പണിക്കും പോടാ..ഓഹ് ..ഈ അമ്മയെക്കൊണ്ട് തോറ്റു ഒന്നുറങ്ങാനും സമ്മതിക്കില്ല .. പിറുപിറുത്തുകൊണ്ട് സുകു പുതപ്പു ഒന്നുകൂടി മൂടിപ്പുതച്ചു കിടന്നു .

അവന്റെ മനസു നിറയെ ജാനകി മാത്രം. പട്ടാളക്കാരൻ കൃഷ്ണേട്ടന്റെ ഇളയമകൾ. മൂത്തമകൻ വിദേശത്തു ജോലി ചെയ്യുന്നു. ബിരുദപഠനം കഴിഞ്ഞു നിൽക്കുന്ന ജാനകിക്കു കല്യാണം നോക്കി തുടങ്ങിയെന്നു അമ്മയോടു അയൽവീട്ടിലെ അക്കച്ചി പറയുന്നത്  കേട്ടത് മുതൽ സങ്കടപ്പെട്ടു നടക്കുകയാണ് സുകു. എങ്ങനെയും ജാനകിയെ സ്വന്തമാക്കണം, പക്ഷെ അതവളോട് തുറന്നു പറയാനും പേടി. ഇനി അവൾ തന്നെ ഇഷ്ടമല്ലെന്നും പറഞ്ഞാൽ നാട് മുഴുവൻ അറിയുകയും ചെയ്യും പുറത്തിറങ്ങാൻ പറ്റാതെയും വരും. അതുകൊണ്ടു ഇഷ്ട്ടം ഉള്ളിൽ കൊണ്ട് നടക്കുകയാണ് .

കോളിംഗ് ബെൽ. എടാ സുകു എണീറ്റ് ചെന്ന് നോക്കിക്കേ ആരാ എന്ന്.  മനസില്ല മനസോടെ സുകു ചെന്ന് വാതിൽ തുറന്നു, അമ്മേ ദിവാകരേട്ടൻ വിളിക്കുന്നു.

അല്ല സുകു എന്താ പരിപാടി, ജോലിക്കു ഉടനെ കയറുമല്ലോ അല്ലെ..

വിളി വന്നില്ല ചേട്ടാ അതിനായി വെയിറ്റ് ചെയ്യുന്നു .. 

ആരിതു ദിവാകരേട്ടനോ എന്താ പതിവില്ലാതെ ഈ വഴിയൊക്കെ. മോന് ഉടനെ ജോലി ആകില്ലേ, നല്ലൊരു പെണ്ണുണ്ട് സുകുവിനു വേണ്ടി ആലോചിച്ചാലോ എന്ന് കരുതി വന്നതാ ...

ഹഹ. അതിനു ജോലീം കൂലീം  ഇല്ലാത്ത ഇവന് ആര് പെണ്ണ് കൊടുക്കാൻ. ഇനി പെണ്ണ് കൊടുത്താൽ തന്നെ അവൾക്കുടെ ഞാൻ വേണ്ടേ ചിലവിനു കൊടുക്കാൻ. ആദ്യം  അവൻ ഒരു ജോലി വാങ്ങി നേരെ നിൽക്കട്ടെ. എന്നിട്ടു ആലോചിക്കാം. ഇപ്പൊ ചേട്ടൻ ചെല്ല് എനിക്ക് നൂറുകൂട്ടം ജോലി ഉണ്ട് അടുക്കളയിൽ ..

ഇനി ദിവാകരേട്ടൻ എങ്ങാനും ജാനകിക്കു ചെക്കനെ ഒപ്പിച്ചു കൊടുത്തു അവളെ കെട്ടിച്ചു വിടുമോ. എങ്ങനെയും അവളുടെ മനസ് അറിയണം. അവൾക്കു എന്നെ ഇഷ്ടമാണോ അതോ മറ്റാരെങ്കിലും അവളുടെ മനസ്സിൽ ഉണ്ടോ എന്നറിയാൻ എന്താ ഒരു മാർഗം? സുനീഷിനോട് ചോദിക്കാം. സുകുവിന് നാട്ടിൽ ആകെ ഉള്ള ഒരു ചങ്ങാതിയാണ് സുനീഷ്. പുള്ളിക്കാരൻ ഒരു സ്കൂളിൽ ശിപായി ആയി ജോലി ചെയ്യുന്നു.

എടാ സുകു നീ എങ്ങോട്ടാ .. വല്ലോം കഴിച്ചിട്ട് പോടാ .. 

കഴിക്കാൻ ഒന്നും ഇപ്പൊ സമയം ഇല്ലമ്മേ വേഗം വരാം.. സുകു ചീറിപ്പാഞ്ഞു സുനീഷിന്റെ അടുക്കൽ വന്നു ..

എടാ അളിയാ നീ ഇന്നാൾക്കു പറഞ്ഞില്ലേ അങ്ങാടിക്കൽ ഒരു മന്ത്രവാദി ഉണ്ട്. നമ്മുടെ ഏത് ആഗ്രഹവും സാധിക്കും എന്ന്. എനിക്ക് അയാളെ ഒന്ന് കാണണം എന്തേലും വഴി ഉണ്ടോ? 

വഴിക്കു എന്താ, നീ അയാൾക്കു കൊടുക്കാൻ ഉള്ള ദക്ഷിണയും ഒപ്പിച്ചോണ്ടു വാ നമുക്കു ഇന്ന് തന്നെ പോയി കണ്ടുകളയാം.

സുകു പോകേണ്ട വഴി ഒക്കെ ചോദിച്ചു മനസിലാക്കി ഒറ്റയ്ക്ക് മന്ത്രവാദിയെ കാണാൻ പോയി. അവനെ കൂടെ കൊണ്ട് പോയാൽ തന്റെ ആഗ്രഹം അവനും അറിയില്ലേ..

മന്ത്രവാദിയുടെ വീടിനുമുന്പിൽ നിന്ന ആളോട്: മന്ത്രവാദി ഇല്ലേ ? ഇവൻ ആരാടാ എന്ന മട്ടിൽ അയാൾ ഒരു നോട്ടം നോക്കീട്ടു. മോനെ മന്ത്രവാദി എന്നൊന്നും വിളിക്കരുത്, സ്വാമി എന്നെ വിളിക്കാവൂ. അകത്തുണ്ട് കയറിച്ചെന്നോളൂ.

സ്വാമി ഞാൻ കുറച്ചു ദൂരെ നിന്നാണ് വരുന്നത്. സ്വാമിയെക്കുറിച്ചു ഒരുപാടു കേട്ടിരിക്കുന്നു. എന്റെ ആഗ്രഹം സാധിക്കാൻ എന്നെ സഹായിക്കണം ..

ആട്ടെ എന്താണ് ആഗ്രഹം ? ദക്ഷിണ വച്ചിട്ട് ആഗ്രഹം പ്രാർത്ഥന പോലെ പറഞ്ഞോളൂ ..

എനിക്ക് കുറച്ചു ദിവസത്തേക്ക് പാറ്റ ആകണം. എന്ത് മന്ത്രവാദം ചെയ്തിട്ട് ആണെങ്കിലും വേണ്ടീല എനിക്ക് പാറ്റ ആകണം. എന്നെ സഹായിച്ചേ പറ്റു. ഒഴിഞ്ഞു മാറരുത്. സഹായിക്കണം, തൊഴുതുകൊണ്ടു സുകു ആഗ്രഹം അറിയിച്ചു.

അതെന്താ മനുഷ്യ ജന്മം മടുത്തോ? അയ്യോ അങ്ങനെ അല്ല സ്വാമി എനിക്ക് ഒരാളുടെ മനസ് അറിയാൻ വേണ്ടി പാറ്റ ആയി കൂടെ കഴിയാൻ വേണ്ടി ആണ്.

വല്ലാത്തൊരു ആഗ്രഹം ആയിപോയല്ലോ ഇത്. ശെരി നിന്റെ ആഗ്രഹം നടക്കാൻ വേണ്ടി ഞാൻ എഴുതി തരുന്ന പോലെ ഉള്ള പൂജാകർമ്മങ്ങൾ ചെയ്തു 7 ദിവസം പ്രാർത്ഥന മാത്രം ആയി ജീവിക്കണം , ഈ ഏഴു ദിവസം പ്രാർത്ഥന മുറിയാൻ പാടില്ല. പ്രാർത്ഥന തീരുന്ന ഏഴു ദിവസം കഴിഞ്ഞുള്ള ദിവസം മുതൽ 69 ദിവസം തീരുന്ന വേളയിൽ നിന്റെ ആഗ്രഹം നടക്കും. വീണ്ടും തിരികെ പഴയ രൂപത്തിൽ ആകാൻ ഇതേ പൂജകൾ ഇതേ രീതിയിൽ ചെയ്തു പഴയ രൂപം ആകണമേ എന്ന് പ്രാർത്ഥിച്ചു 69  ദിവസം കഴിയുമ്പോൾ  പഴയ രൂപം കൈവരും. ഏത് ജീവി ആയി ജീവിക്കുന്നോ അപ്പോൾ അതായിരിക്കും ജീവിതം .പാറ്റ ആയിരിക്കുമ്പോൾ മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയില്ല. വല്ല പ്രാണികളും വന്നു പാറ്റയെ പിടിച്ചു തിന്നാൽ മരണം പാറ്റയായിട്ടു ആയിരിക്കും ..അതുകൊണ്ടു സൂക്ഷിച്ചു ചെയ്യുക.

എന്തായാലും ജാനകിയുടെ മനസ് അറിയുക, അവളുടെ കൂടെ അവളുടെ വീട്ടിൽ താമസിക്കാൻ ഇതിനേക്കാൾ വേറെ മാർഗം ഇല്ല. അത് മാത്രം മനസ്സിൽ ചിന്തിച്ചു സുകു പൂജകൾ തുടങ്ങി ..

പറഞ്ഞപോലെ ഏഴു ദിവസം ഉറച്ച മനസോടെ പൂജകൾ എല്ലാം പൂർത്തിയാക്കി.  ഇനി വരുന്ന 69 ദിവസം കഴിയുമ്പോൾ സുകു പാറ്റ ആയി മാറും.  ജാനകിയുടെ മനസ് അറിയാം, അവളുടെ കൂടെ കഴിയാം എന്ന് ഓർത്തു സുകു ഓരോ ദിവസവും തള്ളി നീക്കാൻ തുടങ്ങി. ഒരു ആഴ്ച കഴിഞ്ഞപ്പോൾ സുകുവിന് വീടിനു അടുത്തുള്ള പഞ്ചായത്തു ഓഫീസിൽ ക്ലർക്ക് ആയി ജോലി കിട്ടി. ജോലിക്കു പോകുമ്പോഴും മനസ് നിറയെ ജാനകിയുടെ കൂടെ കഴിയാം എന്നുള്ള ഓർമ്മകൾ മാത്രം .

ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിൽ തിരികെ എത്തിയപ്പോൾ, ദിവാകരേട്ടൻ വീട്ടിൽ സുകുവിനെ കാത്തു നില്കുന്നു. സുകു ഞാനും നിന്റെ അമ്മയും കൂടി കല്യാണം അങ്ങ് ഉറപ്പിച്ചു , 'അമ്മ പറഞ്ഞു അമ്മയുടെ ഇഷ്ടം ആണ് നിന്റെ ഇഷ്ടം. പെണ്ണിനെ നീ ചിലപ്പോൾ അറിയും. നമ്മുടെ കൃഷ്ണേട്ടന്റെ മകൾ ജാനകി ..

അത് കേട്ടതും സന്തോഷം കൊണ്ട് സുകു ലോകം തന്നെ മറന്നു, കൂട്ടത്തിൽ ചെയ്തു വച്ച പൂജകളും.  കല്യാണം ആയി എല്ലാവരെയും വിളിച്ചു. തീയതി നോക്കിയാൽ പൂജ ചെയ്ത 69 ദിവസം കഴിയുമ്പോൾ വരുന്ന ദിവസം. സുകു സന്തോഷത്താൽ ചെയ്തുവച്ച മറ്റുള്ളകാര്യങ്ങൾ ഒക്കെ മറന്നു .

നാളെ കല്യാണം ആണ്. കുഞ്ഞുന്നാൾ മുതൽ മനസ്സിൽ ആഗ്രഹിച്ചത് നാളെ നേടാൻ പോവുകയാണ്. സുകു ഉറങ്ങി....

നേരം പുലർന്നു. ബന്ധുക്കൾ എല്ലാം വന്നു ചേർന്നു. എടാ സുകു.. എടാ സുകു..ഇന്നെങ്കിലും നീ ഒന്ന് നേരത്തെ എഴുന്നേൽക്കുമോ, ഇത്ര നേരം ആയിട്ടും അവൻ എണീറ്റില്ല..

അല്ലെ.. എന്താ..ഇങ്ങനെ ഇവൻ ഇതെന്തു ഉറക്കമാ... എടാ സുനീഷേ നീ അവനെ ഒന്ന് വിളിച്ചേ .. 

അവൻ കതകു തുറക്കുന്നില്ല ഭവാനിയമ്മേ..ഇന്നലെ അവൻ കള്ളു വല്ലോം കുടിച്ചിട്ടാണോ കിടന്നുറങ്ങിയേ  ..

നീ എന്താടാ സുനീഷേ അങ്ങനെ പറയുന്നേ.. അവനു ആകെ ഉള്ള കൂട്ട് നീ അല്ലെ ..നിനക്ക് അറിയില്ലേ എന്റെ മകൻ കള്ളൊന്നും കുടിക്കില്ല എന്ന് ..

സുനീഷ് അവസാനം വാതിൽ തള്ളി തുറന്നു.. സുകുവിനെ കാണാൻ ഇല്ല..

ഭവാനിയമ്മേ സുകു മുറിയിൽ ഇല്ല... അവൻ ഇതെവിടെ പോയി, വാതിൽ പൂട്ടി ഇട്ടിട്ടു ഇവൻ എങ്ങനെ പുറത്തു പോയി.. ഓടിളക്കി പോയോ എന്നും ചിന്തിച്ചു വന്ന ബന്ധുക്കൾ മുകളിലോട്ടു നോക്കി നിന്ന്..

എടാ സുനീഷേ ഞാൻ നിന്റെ മുന്നിൽ ഉണ്ടെടാ.. ദൈവമേ ഞാൻ പാറ്റയായ കാര്യം  ഇവരെ എങ്ങനെ അറിയിക്കാനാ. നാട് മുഴുവൻ വാർത്ത പരന്നു സുകു വേറെ ഏതോ പെണ്ണിന്റെ കൂടെ ഒളിച്ചോടി..

സുകുവിനെ കാണാൻ ഇല്ല..

അപ്പോഴാണ് സുകു ഓർത്തത് പൂജകൾ വീണ്ടും പഴയപോലെ ചെയ്തു വീണ്ടും 69 ദിവസം കഴിഞ്ഞാൽ മാത്രമേ പഴയ രൂപം തിരികെ കിട്ടു. ഈ പൂജകൾ ചെയ്യുന്ന സമയം മറ്റു പ്രാണികൾ വന്നു പിടിക്കാനും പാടില്ല അങ്ങനെ എങ്കിൽ മരണവും സംഭവിക്കും. സുകുപാറ്റ  പതിയെ മുറികൾ എല്ലാം കയറി ഇറങ്ങി സുരക്ഷിതമായി ഇരിക്കാൻ പറ്റിയ ഇടം നോക്കി.. അപ്പോഴാണ് ഒരു പുതിയ ബാഗ് ഇരിക്കുന്നത് കണ്ടത്. ഈ ബാഗ് മുൻപ് കണ്ടിട്ടില്ലാലോ. എന്തായാലും ഇതിനുള്ളിൽ കയറി ഇരുന്നു 7 ദിവസം പൂജ ചെയ്യാം. അപ്പോൾ മറ്റു പ്രാണികൾ ഉപദ്രവിക്കില്ലലോ. സുകുപാറ്റ പൂജകൾ തുടങ്ങി .

സുകുവിന്റെ കല്യാണത്തിനായി ഗൾഫിൽ നിന്നും വന്ന രാമു മാമന്റെ ബാഗിൽ ആണ് സുകു കയറി ഇരുന്നത് , വന്ന അവധി തീർന്നു , മാമൻ ബാഗും എടുത്തു ഗൾഫിലേക്ക് പോയി. 69 ദിവസം രാവിലെ ജോലിക്കു പോകാൻ കുളിച്ചു വന്ന രാമു മാമനും കൂട്ടരും കാണുന്നത് മുറിയിലെ കട്ടിലിൽ ഇരിക്കുന്ന സുകുവിനെ. സുകുവിനെ കണ്ടു ഞെട്ടിയ മാമൻ നീ എങ്ങനെ ഇവിടെ ? വിസയും ഇല്ല പാസ്സ്പോര്ട്ടും ഇല്ല...

കഥ മുഴുവൻ കേട്ട രാമു മാമൻ പറഞ്ഞു ശെരി തിരികെ നാട്ടിലേക്കു പോകണമെങ്കിൽ വീണ്ടും പാറ്റ ആകാൻ ഉള്ള പൂജ തുടങ്ങിക്കോ. അല്ലെങ്കിൽ ഇവിടുത്തെ ജയിലിൽ കിടക്കാം. അങ്ങനെ സുകുവിന്റെ പൂജകൾ തുടങ്ങി..

Content Summary: Malayalam Story ' Verum 69 Divasam ' written by Ratheesh Kulakkada

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com