ADVERTISEMENT

മുരിക്കുമരം പൂക്കുമ്പോൾ (കഥ)

കല്ലറയിലെ മാർബിൾ ഫലകത്തിൽ വീണു കിടന്നിരുന്ന ചുമന്ന മേപ്പിൾ ഇലകളെ, മെർലിൻ കൈകൾ കൊണ്ട് വകഞ്ഞു മാറ്റി. സ്വർണ്ണലിപികളിൽ ആലേഖനം ചെയ്ത ആ പേര് ഇളംവെയിലിൽ തിളങ്ങി നിന്നു

'ആഞ്ചലോ കൊളംബോ

Born- 15-03-1945

Died- 12-10-2022 '

ശരത്കാലമാണ്.. വിശാലമായ സെമിത്തേരിയിൽ മേപ്പിൾമരങ്ങൾ തീജ്വാലകൾ പോലെ ജ്വലിച്ചുനിൽക്കുന്നു. എവിടെനിന്നോ ഒരു കാറ്റ് വീശി. ആകാശത്തുനിന്ന്  കുങ്കുമം വാരി വിതറും പോലെ അസ്തമയവർണ്ണങ്ങൾ ചാലിച്ച ഇലകൾ അവളുടെ ചുറ്റിലും വീണ്ടും പൊഴിഞ്ഞുവീണു.

"മെർലിൻ, താഴത്തെ അന്നാമ്മച്ചിയുടെ വീട്ടിൽ, മുരിക്ക് പൂത്തിട്ടുണ്ട്. എന്ത് രസമാണെന്നോ കാണാൻ! ദൂരെ നിന്നും കുന്നിൻചെരിവിലേക്ക് നോക്കിയാൽ തീ കത്തുന്ന പോലെ തോന്നും. മുയലിന്, മുരിക്കില പറിക്കാൻ പോവുകയാണെന്ന് പറഞ്ഞാൽ മതി അമ്മച്ചിയോട്. നീ കൂടെ വാ." കയ്യാലയ്ക്കപ്പുറത്തുനിന്ന് പ്രകാശൻ അവളോട് ഉറക്കെ വിളിച്ചു പറഞ്ഞു. "നിനക്കറിയില്ലേ, അമ്മച്ചി അത്ര ദൂരത്തോട്ടൊന്നും എന്നെ ഒറ്റയ്ക്ക് വിടത്തില്ലെന്ന്. പ്രകാശാ, നീ പോയി കണ്ടിട്ട്, തിരികെ വരുമ്പോൾ മുരുക്കിൻപൂവ് കൊണ്ടുവരണേ. നീ പറഞ്ഞത് സത്യമാണോന്ന് അറിയണമല്ലോ." 

"മോളേ, നീ പോകാമെന്നു സമ്മതിച്ചാൽ ഈ കുടുംബം രക്ഷപ്പെടും. നോക്ക്, പറക്കമുറ്റാത്ത നിന്റെ സഹോദരങ്ങളെയും തളർന്നുകിടക്കുന്ന വല്യമ്മച്ചിയേയും കൊണ്ട്, ഞാൻ ഒറ്റയ്ക്ക് എന്നാ ചെയ്യും? നിന്റെ ചാച്ചനെ ദൈവം ഇത്ര പെട്ടെന്ന് തിരിച്ചു വിളിക്കുമെന്ന് ആരറിഞ്ഞു!" അതുകേട്ട്, ചുവന്ന കലങ്ങിയ മിഴികളോടെയുള്ള മെർലിന്റെ നോട്ടം, മൗനസമ്മതമായി അവളുടെ അമ്മ ലിസമ്മ കണക്കാക്കി.

ഒക്ടോബർ മാസത്തിലെ ഉച്ചതിരിഞ്ഞ നേരം. വിമാനത്തിൽ നിന്നുള്ള മനോഹരമായ ആകാശകാഴ്ചകൾ അവളുടെ ഉള്ളിലുള്ള പരിഭ്രമത്തിന് അൽപം ആശ്വാസമേകി. ഇതാണോ പ്രകാശൻ പറഞ്ഞ കുന്നിൻ ചെരിവിലെ മുരിക്കിൻപൂക്കൾ! ചുവന്ന തീപ്പന്തങ്ങൾ പോലുള്ള മരങ്ങൾ! പ്രകാശന് കത്തെഴുതണം, ഇവിടെയും ഉണ്ട് അന്നമ്മച്ചിയുടെ വീടിനടുത്തുള്ള പോലെ കുന്നിൻചെരുവുകളും മുരുക്കിൻ പൂക്കളും. "ഗബ്രിയേലയെ നിന്റെ സ്വന്തം വല്യമ്മച്ചിയെ പോലെ നോക്കണം. ഭക്ഷണവും മരുന്നുകളും കൊടുത്ത് കുളിപ്പിച്ച് നടക്കാൻ കൊണ്ടുപോകണം. ചുരുക്കിപ്പറഞ്ഞാൽ നിന്റെ കൈയ്യിൽ ഭദ്രമായിരിക്കണം ഗബ്രിയേലയുടെ ഇനിയുള്ള കാലം." കാനഡയിലെ പിയേഴ്സൺ എയർപോർട്ടിൽ സ്വീകരിക്കാനായി വന്ന സിസ്റ്ററാന്റിയുടെ വാക്കുകൾ കേട്ട് മെർലിൻ, മരപ്പാവയെപ്പോലെ തലയാട്ടി. ഇറ്റലിയിൽ നിന്ന് വർഷങ്ങൾക്കു മുൻപേ കാനഡയിലേക്ക് കുടിയേറിയ എൺപത്തഞ്ചുകാരിയായിരുന്നു ഗബ്രിയേല. സ്നേഹത്തിനും പരിചരണത്തിനും ഭാഷ പ്രശ്നമാവില്ലെന്ന് മെർലിൻ - ഗബ്രിയേല ബന്ധം തെളിയിച്ചു. പ്രസവിച്ചു വളർത്തിയ മക്കളെക്കാൾ പ്രിയപ്പെട്ടവളായി ഗബ്രിയേലയുടെ മനസ്സിൽ അവൾ ചിരപ്രതിഷ്ഠ നേടി. സ്നേഹത്തോടെയവൾ അവരെ 'നോന'  എന്ന് വിളിച്ചു. തിരിച്ചവളെയവർ  'ബെല്ല'  എന്നും.. ആ സ്നേഹത്തിനേറെ വില നൽകേണ്ടി വരുമെന്ന് അറിയാനവൾക്ക് ഗബ്രിയേലയുടെ മരണം വരെ കാത്തിരിക്കേണ്ടി വന്നു.

"I'm keeping a surprise for you dear.. but you have to wait for it."

അവസാനനാളുകളിൽ, ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് നെറ്റിയിൽ മുത്തം നൽകി നോന അവളെ ഓർമ്മിപ്പിച്ച് കൊണ്ടിരുന്ന വലിയ രഹസ്യം! അന്ന് ഉറക്കത്തിൽ മെർലിനൊരു സ്വപ്നം കണ്ടു. ചിറകുകൾ വീശി തന്റെ അടുത്തേക്ക് പറന്നു വരുന്ന ഒരു മാലാഖ. ആ മാലാഖയ്ക്ക് ഗബ്രിയേലയുടെ മുഖവും പുഞ്ചിരിയുമായിരുന്നു! വിജനമായ ഒരു തോട്ടത്തിൽ ചിന്തയിലായിരുന്ന അവളുടെ ശിരസ്സിൽ, വെട്ടി തിളങ്ങുന്ന ഒരു വജ്രകിരീടമണിയിച്ച് അനുഗ്രഹിച്ചു മേഘപാളികളികൾക്കുള്ളിലേയ്ക്ക് പറന്നു മായുന്ന മാലാഖ! ഇളക്കി മാറ്റാനാവാത്തതും അനുനിമിഷം വർധിച്ചുവരുന്നതുമായ ഒരു ഭാരം ശിരസ്സിൽ. എങ്കിലും അതിന്റെ പ്രഭയാൽ ചുറ്റിനും ആളുകൾ വന്നു കൂടുകയും അസൂയ കലർന്ന ആശ്ചര്യത്തോടേയും ഒരു രാജ്ഞിയോടെന്ന പോലെ ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്നു!

ഗബ്രിയേല മരിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമുള്ള ശനിയാഴ്ചയായിരുന്നു കുടുംബാംഗങ്ങൾ നിശ്ചയിച്ച പ്രകാരം ഫ്യൂണറൽ നടത്തിയത്. നോനയുടെ വയ്യായ്കകൾ കാരണം നീട്ടിവയ്ക്കുകയും നടക്കാതെ പോകുകയും ചെയ്തിരുന്നു, മെർലിന്റെ നാട്ടിലേക്കുള്ള യാത്രകൾ. കാനഡ എന്ന വലിയ രാജ്യത്തെത്തിയിട്ട് പത്ത് വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോയത്! നാട്ടിലെ ഒറ്റമുറി വീട്ടിൽ നിന്നും ടൗണിൽ പണിത രണ്ടുനില വീട്ടിൽ സന്തോഷമായി കഴിയുന്ന മമ്മിയും വല്യമ്മച്ചിയും. മെഡിസിനും എൻജിനീയറിങ്ങിനും പഠിക്കുന്ന സഹോദരങ്ങൾ. ഇനി തനിക്ക് നാട്ടിൽ പോയി സന്തോഷമായി ജീവിക്കാം. ഞായറാഴ്ചയുള്ള കുടുംബ മീറ്റിങ്ങിന് ശേഷം, ഉച്ചയോടെ മെർലിനെ എയർപോർട്ടിൽ കൊണ്ടുവിടാം എന്നതായിരുന്നു നോനയുടെ മകൻ ആഞ്ചലോയുടെ തീരുമാനം. വർഷങ്ങളായി വാങ്ങി കൂട്ടിവെച്ചിരുന്ന കൗതുകവസ്തുക്കളും സമ്മാനങ്ങളും ഉടുപ്പുകളും പെട്ടിയിൽ ഒതുക്കി വയ്ക്കുന്നതിന്റെയും തനിക്കായി ആ വലിയ വീട്ടിൽ അനുവദിച്ചു തന്നിരുന്ന കൊച്ചുമുറി വൃത്തിയാക്കുന്നതിന്റെയും തിരക്കിലുമായിരുന്നു മെർലിൻ.

"മെർലിൻ…" കോപത്തോടെയുള്ള വിളി ഫാമിലി റൂമിൽ നിന്നും ഉയർന്നുകേട്ടപ്പോൾ പെട്ടിയിലേക്ക് വയ്ക്കാനായി ശ്രദ്ധയോടെ എടുത്ത യവനസുന്ദരിയുടെ പളുങ്ക്ശില്പം മെർലിന്റെ കൈയ്യിൽ നിന്നും താഴെ വീണു ചിതറി. ആഞ്ചലോയുടെ അത്യുച്ചത്തിലുള്ള രണ്ടാമത്തെ വിളി കൊട്ടാരം പോലെയുള്ള ആ വീടിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. തീരുമാനമെടുക്കാനായി, അവർ അവൾക്ക് ഒരു ദിവസം കൊടുത്തു. ഗബ്രിയേല, സ്നേഹപൂർവ്വം കൊടുത്ത കോടിക്കണക്കിന് വിലയുള്ള സ്വത്തുക്കൾ അവരുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന് ഡൊണേറ്റ് ചെയ്ത് രാജ്യം വിട്ടുപോവുക, അല്ലെങ്കിൽ വിഭാര്യനായ ആഞ്ചലോയുടെ രണ്ടാം ഭാര്യയായി തുടർന്നു ജീവിക്കുക. പഠനം പൂർത്തിയാക്കാത്ത സഹോദരങ്ങളേയും അസുഖക്കാരിയായ വല്യമ്മച്ചിയേയും അഡ്വാൻസ് കൊടുത്ത് പറഞ്ഞു വെച്ചിരിക്കുന്ന പുരയിടങ്ങളേയും കുറിച്ചുള്ള ആകുലതയും വ്യാധിയും പങ്കുവെച്ച് ലിസമ്മ ഫോൺ വല്യമ്മച്ചിയ്ക്ക് കൈമാറി. വന്നുചേർന്നിരിക്കുന്നത് രാജ്ഞി പദവിയാണെന്നും വന്നു കയറിയ ഐശ്വര്യത്തെ പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞ്, മലമുകളിൽ എന്ത് ചെയ്യാനാണ് തിരികെ വരുന്നതെന്ന് വല്യമ്മച്ചിയുടെ ചോദ്യവും പഠനശേഷം കാനഡയിലേക്ക് കുടിയേറാനുള്ള സഹോദരങ്ങളുടെ വലിയ സ്വപ്നവും… ഗബ്രിയേല തന്ന ഭാരമേറിയ വജ്രകിരീടം തന്റെ ശിരസ്സിൽ ഉറച്ചു പോയതായി മെർലിൻ തിരിച്ചറിഞ്ഞു.

നീണ്ട പതിനഞ്ച് വർഷങ്ങൾ. ഋതുക്കൾ മാറിമറഞ്ഞു. വർണ്ണശബളമായ പുഷ്പങ്ങൾക്ക് ചുറ്റും മൂളി പറക്കുന്ന ചെറുവണ്ടുകൾ. സുന്ദരമായ വസന്തകാലം! മൗനത്തിന്റെ, വിഷാദത്തിന്റെ നരച്ച മഞ്ഞുവീണ ശൈത്യകാലം. ചെറിയ ചാറ്റൽ മഴ. പച്ചപ്പിന്റെ പൊടിപ്പുകൾ നാമ്പിടുന്ന ഹേമന്തം. അഗ്നിപോലെ ആളിപ്പടർന്ന അസ്തമയവർണ്ണങ്ങൾ! എങ്ങും ചാലിച്ച ആരെയും മോഹിപ്പിക്കുന്ന പ്രണയത്തിന്റെ വിരഹത്തിന്റെ ഇലപൊഴിയും ശരത് കാലം. അപ്പോഴൊക്കെയും കുന്നിനപ്പുറത്ത്, പൂത്തു നിൽക്കുന്ന മുരിക്കുമരം കാണാൻ പോകാൻ വിളിച്ച പ്രകാശനെ വെറുതെ ഓർക്കും. അപ്പോഴെല്ലാം അത്ര ദൂരേക്ക് തന്നെ ഒറ്റയ്ക്ക് വിടില്ലെന്ന് പറയുന്ന മമ്മിയേയും.

പൂച്ച കണ്ണുകളും ചെമ്പിച്ച ചുരുൾ മുടികളുമുള്ള ചെറുപ്പക്കാരിയായ മെർലിനെ ഭാര്യയായി കിട്ടിയത് അറുപത്തിരണ്ട് വയസ്സുകാരനായ ആഞ്ചലോയ്ക്ക് ലോട്ടറി അടിച്ച പോലെ ആയിരുന്നു. അവൾ ഒരു യൂറോപ്യൻ ആണെന്ന് കാണുന്നവരെല്ലാം തെറ്റിദ്ധരിച്ചു! അപ്പോഴൊക്കെയും ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന ചരിത്രവും നിർബന്ധപൂർവ്വം സൈനിക സേവനത്തിന് ഇന്ത്യയിലേക്ക് അയക്കപ്പെട്ട സായിപ്പുമാർക്ക് മലയാളി പെൺകുട്ടികളിൽ ഉണ്ടായ അഭിനിവേശവും ഒക്കെ ആഞ്ചലോ തമാശയായി പറയും. എങ്കിലും ഗബ്രിയേല അണിയിച്ച കിരീടം അവൾക്കെന്നുമൊരു സംരക്ഷണം ആയിരുന്നു. വിദേശയാത്രകൾ, വർണ്ണശബളമായ നിശാപാർട്ടികൾ, ആഡംബരം, പരിചാരകർ! ജീവിതം, അതിന്റെ മറ്റൊരുതലം അവൾക്കായൊരുക്കിയ കാലം! എന്തുകൊണ്ടോ ഒരു വാശി പോലെ അവൾ നാട്ടിലേക്ക് മാത്രം യാത്രകൾ ചെയ്തില്ല. തന്നെ കാണേണ്ടവർ ഇവിടെ വന്ന് കാണട്ടെ എന്നായിരുന്നു ചിന്ത.

വേനൽക്കാലത്ത് ലിസമ്മ മകളുടെ ആഡംബരജീവിതത്തിൽ പങ്കുചേരാൻ വന്നും പോയുമിരുന്നു. സഹോദരങ്ങൾ കാനഡയിലേക്ക് കുടിയേറി ജീവിത സ്വപ്നങ്ങൾ യാഥാർഥ്യമാക്കി. ഒരു നിശാപാർട്ടിക്കിടയിൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതിനിടയിൽ ആയിരുന്നു ആഞ്ചലോ ഇടനെഞ്ചിൽ കൈകൾ ചേർത്ത് കുഴഞ്ഞുവീണത്. അങ്ങനെ മെർലിൻ, വൈഫ് ഓഫ് ലേറ്റ് മിസ്റ്റർ ആഞ്ചലോ ആയി തീർന്നു. വല്യമ്മച്ചി ഗബ്രിയേലയുമായി സ്വർഗ്ഗത്തിൽ സൊറ പറയാൻ തുടങ്ങിയിട്ട് വർഷം പത്തായി. ജീവിതം സ്വസ്ഥമാക്കിയ സഹോദരങ്ങൾ, കൊച്ചുമക്കളെ പരിചരിക്കാനായി കാനഡയിൽ സ്ഥിരതാമസമാക്കിയ ലിസമ്മ. "നാട്ടിൽ ഒരാൾ ഉള്ളത് നല്ലതാ. നമ്മുടെ സ്വത്തുവകകളൊക്കെ ചുറ്റുമുള്ളവർ വളച്ചുകെട്ടി എടുക്കുന്നുണ്ട്." ഒരിക്കൽ വിളിച്ചപ്പോൾ പ്രകാശൻ ഓർമിപ്പിച്ചു. "ഇവിടെ ആർക്കാ അവിടെ പോയി നോക്കാൻ നേരം? അല്ലേ തന്നെ അവർക്ക് ഇതൊന്നും വലിയ കാര്യമല്ലല്ലോ." അതായിരുന്നു ലിസമ്മയുടെ മറുപടി. 

സ്വത്തുക്കൾ മുഴുവൻ, ഗബ്രിയേല ചാരിറ്റബിൾ ട്രസ്റ്റിന് എഴുതിയ ഡോക്യുമെന്റ്സിൽ ഒപ്പിടാനായി മിസ്റ്റർ ഫ്രാൻസിസ്കോ സെമിത്തേരിയുടെ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ചുവന്ന ഇലകൾ വീണ് മൂടിയ ഗബ്രിയേലയുടെ കുഴിമാടത്തിലെ മാർബിൾ ഫലകത്തിൽ വച്ച് രേഖകളിൽ അവൾ മെർളിൻ കൊളംബോ എന്ന് ഒപ്പുചാർത്തി, പകരം കൈമാറിയ നാട്ടിലേയ്ക്കുള്ള യാത്രാടിക്കറ്റ്, മെർലിൻ ഒരു പതിനെട്ടുവയസ്സുകാരിയുടെ ഉത്സാഹത്തോടെ ഭദ്രമായി ഹാൻഡ് ബാഗിലേക്ക് എടുത്തുവെച്ച് കണ്ണുകൾ തുടച്ചു. ഒരു ചിറകടി സ്വരം. ശിരസ്സിൽ നിന്നും ഭാരം ഒഴിഞ്ഞ പോലെ ശൂന്യത. കവിളുകളിൽ മുത്തമിട്ട് ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച്  കൈയ്യിൽ തിളങ്ങുന്ന വജ്രകിരീടവുമായി മേഘപാളികൾക്കുള്ളിലേക്ക് മാഞ്ഞുപോകുന്ന ഗബ്രിയേല. അന്നാമ്മച്ചിയുടെ വീടിനടുത്തുള്ള കുന്നിൻ ചരിവിൽ, നിറയെ പൂത്തുനിൽക്കുന്ന മുരിക്കുമരങ്ങൾ. അതിനിടയിൽ കാത്തുനിൽക്കുന്ന ആ നിഴൽ രൂപത്തിനടുത്തേയ്ക്ക് പ്രതീക്ഷയോടെ തുള്ളിച്ചാടിയോടുന്ന ഒരു പാവാടക്കാരി. അവളുടെ ശിരസ്സിൽ ചുവന്ന മുരിക്കിൻ പൂക്കളെ അനുസ്മരിപ്പിക്കുന്ന മൃദുലമായ തൂവൽ കിരീടം!

Content Summary: Malayalam Short Story ' Murikkumaram Pookkumbol ' written by Lini Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com