ADVERTISEMENT

കാലം

"നമ്മളൊക്കെ നല്ല മനുഷ്യരാണ്, പക്ഷെ.." അയാൾ ആലോചിക്കുകയായിരുന്നു. നമ്മൾ അയൽക്കാരാണ് എന്നൊരു ദോഷം മാത്രം. അതുകൊണ്ടല്ലേ, കാണാത്തവരെയൊ, അങ്ങ് ദൂരെ അന്യനാട്ടുകാരെയൊ കുറിച്ച് നമുക്ക് പരാതിയില്ല. ജീവിതം അടുത്തു കിടക്കുമ്പോൾ അങ്ങനെയാണ്. ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ ഉണ്ടാകും. നമ്മൾ എന്നല്ല, ഭൂമിയിൽ എല്ലാ അയൽക്കാർക്കും പരസ്പരം പരാതികൾ ഉണ്ട്. സ്വന്തം വീട്ടിൽ പോലും സംഘർഷങ്ങൾ ആണ് വളർന്നു വരുന്നത്. സ്നേഹമല്ല. മനുഷ്യന് അവനവനെ കടന്നുപോകാൻ വീടും നാടും മാത്രമാണ് വഴി. നല്ല അയൽക്കാരനാകുക. തന്റെ അയൽക്കാരനോട് പറയുവാനുള്ള വാക്കുകൾ അയാൾ മനസ്സിൽ കുറിച്ചു വച്ചു. "ഇവിടെ ആരുമില്ലേ." മുറ്റത്ത് ഉണക്കുവാൻ ഇട്ടിരിക്കുന്ന നെൽവിത്ത് തിന്നുന്ന കാക്കയെ ഓടിച്ചുകൊണ്ട് അയാൾ ചോദിച്ചു. "അച്ഛൻ ഉറക്കത്തിലാണ്. അമ്മ അടുക്കളയിലും." അകത്തുനിന്ന് ഒരു കുട്ടിയുടെ ശബ്ദം മാത്രം പുറത്തേക്ക് വന്നു. "ശരി. പിന്നെ വരാം." അയാൾ തിരിച്ചു നടന്നു. അകത്തു നിന്ന് ശബ്ദിച്ച കുട്ടിയോട് അവന്റെ അച്ഛൻ അടക്കിപ്പിടിച്ച സ്വരത്തിൽ ചോദിച്ചു: "അയാൾ പോയോ.." 

ജലം

അധ്യാപകൻ  പഠിപ്പിക്കുകയായിരുന്നു. ജലത്തിന്  മണമോ, നിറമോ, രുചിയോ ഇല്ല. വ്യക്തമായൊരു രൂപവുമില്ല. അതിനില്ലാത്തതൊക്കെ ക്ലാസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. കുട്ടിയ്ക്ക് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. ഒരു തുള്ളി വെള്ളത്തിനായി അവന്റെ തൊണ്ട പിടഞ്ഞു. ജലത്തിന് മരണമുണ്ടോ സാർ.. ചോദിക്കുവാൻ കഴിയാതെ വറ്റിവരണ്ട നാവിൽ വാക്കുകൾ നിലച്ചു. നനവാണ് ശബ്ദം, നനവാണ് വാക്കുകൾ. അവൻ അവനിൽ തന്നെ ജലത്തെ അറിഞ്ഞു. ഭൂമിയിൽ ഏറ്റവും രുചിയുള്ളത് ദാഹിക്കുമ്പോൾ കുടിക്കുന്ന ജലമാണ് സാർ... അവനെ കേൾക്കാതെ അധ്യാപകൻ തന്റെ  പാഠം തുടർന്നുകൊണ്ടേയിരുന്നു.!
 

പ്രാന്ത്

ഓരോ നിമിഷവും ഞാൻ ആയിരം മുഖമായിരുന്നു. ഇതിൽ ഏതാണ് എന്റെതെന്ന് എനിക്ക് പോലും അറിയുവാൻ കഴിഞ്ഞിരുന്നില്ല. പലരും പല മുഖത്തിലൂടെ എന്നെ കണ്ടു.അവർ കണ്ട മുഖങ്ങൾക്കെല്ലാം വേണ്ടി ഞാൻ തിമിർത്തും അഭിനയിച്ചു. ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം എന്റെ ഓരോ മുഖവും എനിക്ക് കൂട്ടു വന്നു. എപ്പോഴോ ഞാൻ അഭിനയിക്കാൻ മറന്നു. സത്യം പറയുവാൻ തുടങ്ങി. ഞാൻ ഒരൊറ്റ മുഖമായി മാറി. പ്രാന്താണ് എന്നെ പഠിപ്പിച്ചത് - സ്വബോധത്തിന്റെ നിർമ്മിതിയിലെ വ്യാജ മുഖങ്ങൾ ആണ് മനുഷ്യനെന്ന്.!
 

Content Summary: Malayalam Short Story written by Hari Karumadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com