കൈയൊതുക്കമുള്ള കവിത,
നനഞ്ഞ മേഘം പോലെ
ഒരു മഴയെ പിഴിഞ്ഞെടുക്കുന്നു.
പറന്ന് പരന്നുവിതറി പെയ്യാ-
നാശിച്ചവൾ, ആകാശച്ചെരുവിലെ
ഒരു മൂലയ്ക്ക് മൗനമായി ...
മുറിവിന്റെ ചോപ്പടർപ്പുകൾ
ഉള്ളിൽ തിങ്ങിത്തികട്ടിയ
പച്ച മൈലാഞ്ചിയില,യവൾ...
ഒതുക്കമുള്ള കൈവെള്ളയിൽ
ഇലനീരിന്റെ ചിത്ര പെരുമ....
വാസനക്കറയലങ്കാരങ്ങളിൽ
മനോരാജ്യങ്ങൾ മാനസം.
മഴ തോർന്നിട്ടും പവിഴമല്ലി
ചെടി പെയ്യുന്നു പിന്നെയും!
ഒന്നുമുറക്കെ പറയാതെ
ഒതുക്കമുള്ള കവിത
വരികൾ തിരയുന്നു, നെറുക
തുവർത്തി, മുടിത്തുമ്പു കുടയുന്നു..
തിരിയെ നടന്നു പോവുന്നു,
കാതുകളൊരു പിൻവിളിയും
പ്രതീക്ഷിക്കാതെ, മിഴിയുറക്കുന്നു....
Content Summary: Malayalam Poem ' Othukkam ' written by Haritha Panicker