ADVERTISEMENT

ചുമർചിത്രങ്ങൾ (കഥ)

മഞ്ഞ് പെയ്ത്, മരം കോച്ചി നിൽക്കുന്ന രാവിനൊടുവിൽ കടന്നെത്താറുള്ള ചില സന്ദേശങ്ങൾ മനസ്സിനെ കണ്ണീര് വീണ കടലാസ്സെന്നത് പോലെ കുതിർത്ത് തീർക്കും എന്നത് എത്ര സത്യമാണ്! ഡിസംബറിലെ അത്തരം ചില വേർപെടലുകൾ സങ്കൽപങ്ങൾക്കും അപ്പുറം, യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞ് ഉൾക്കൊള്ളാൻ ആയാസകരവുമാണ്. അത്രയും നേരമത് ഹൃദയത്തെ കഷ്ണം കഷ്ണമായി  ഛേദിച്ചു കൊണ്ടേയിരിക്കും. അറ്റു പോകുന്നത് അവസാന കണ്ണിയാണെങ്കിൽ വിശേഷിച്ചും... അപ്പോൾ പഞ്ചേന്ദ്രിയങ്ങൾ നെരിപ്പോടായി, മനസ്സ് അതിലെ കുന്തിരിക്കമായി നീറിപ്പുകഞ്ഞ് തീരും... അപ്പോൾ മനസ്സങ്ങനെ ധൂമ കുണ്ഠമായി രൂപാന്തരപ്പെട്ടിരുന്നു. കുളിരേറ്റ് വിറ കൊണ്ടെന്നത് പോലെ എണ്ണമറ്റ സൂര്യ കിരണങ്ങൾ ചുറ്റിലും പരന്ന് കിടന്നിരുന്നു. ആ രശ്മികൾക്കിടയിലൂടെയായിരുന്നു മനസ്സിലേക്ക് അവരുടെ കടന്നു വരവ്. അത് പൊടി പിടിക്കാത്ത ഒരു ചിത്രം പോലെയായിരുന്നു, തെളിവാർന്നത്. ആ ഗതകാല ഓർമ്മകൾ അതിവേഗം ജീവൻ തുടിക്കുന്നതായി. 

അവർ വെറുമൊരു വയറ്റാട്ടിയായിരുന്നില്ല എന്ന നിഷ്കർഷതയും അത് നൽകി. അപ്പോൾ ഓർമ്മയിൽ ഒരു താരകമായി ഉദിച്ചുയരുകയായിരുന്നു അവർ ചുറ്റിലെങ്ങും. സ്നേഹമായിരുന്നു അവർ. അതിനാൽ ഞങ്ങളവരെ സ്നേഹത്തോടെ തങ്കമ്മു എന്നു വിളിച്ചു. തങ്കമ്മ എന്ന അമ്മ... നാട്ടിലെ ഗർഭിണികളെ മുഴുവൻ രക്ഷപ്പെടുത്തിയ നന്മയായിരുന്നു ഞങ്ങളുടെ ആ അമ്മ - തങ്കമ്മു. നൂറ് കണക്കിന് കുഞ്ഞുങ്ങളുടെ കൈയ്യും കാലും, തന്മയത്വത്തോടെ കവർന്ന്, ഈ വർണ്ണ പ്രപഞ്ചത്തിലെത്തിച്ച സിദ്ധി വിശേഷമായി അവർ തെളിഞ്ഞ് തെളിഞ്ഞ് മുന്നിൽ നിലകൊണ്ടു. തെല്ല് മുമ്പ് കേട്ട സന്ദേശം ക്രമേണ ക്രമേണ തങ്കമ്മുവിനെ എന്റെ കൺ വെട്ടത്ത് കിടത്തിയത് പുഞ്ചിരിച്ച് കൊണ്ടായിരുന്നു. അവരുടെ അനക്കമേതുമില്ലാത്ത ആ കിടപ്പ് എന്നോട് ഒത്തിരിയൊത്തിരി സംവാദം നടത്തുന്നുണ്ടിരുന്നു. തങ്കമ്മുവിനെ നന്നായി അറിയാമെനിക്ക്. ആ ചുറ്റുപാടാണ് എന്റെയും കളിത്തട്ട്. നാല് മക്കളുണ്ടായിരുന്നു അവർക്ക്. പാടവും പറമ്പുമായി ധാരാളം മുതലും. അവരുടെ പാരമ്പര്യ സ്വത്തെല്ലാം മക്കൾ സ്വന്തമാക്കിയിരുന്നു. എന്നിട്ടായിരുന്നു കണ്ട - കേട്ട മട്ടില്ലാതെ അവരൊക്കെ അവരെ കൈയ്യൊഴിഞ്ഞത്. നാട്ടുകാരിൽ ആരോ  അനാഥാലയത്തിലെത്തിക്കുകയായിരുന്നു. തങ്കമ്മുവിന്റെ അവസാന ആശ്രയം അവിടമായിരുന്നു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് സാമൂഹ്യ ക്ഷേമ വകുപ്പ് ഓഫീസറായി നഗരത്തിലെത്തിയപ്പോൾ ഔദ്യോഗിക ആവശ്യത്തിനായിരുന്നു മഹാത്മാ അനാഥാലയം സന്ദർശിച്ചത്. മുമ്പൊരു കാലത്ത്, സനാഥരായിരുന്നവരുടെ വാസസ്ഥാനം! പെട്ടെന്നൊരിക്കൽ അനാഥരായവരായിരുന്നു 'മഹാത്‌മ' യിലെ അന്തേവാസികളിൽ അധികവും. ആ സ്ഥലം കണ്ണീരുൽപാദന കേന്ദ്രമായി  തോന്നിയത് പൊടുന്നനെയായിരുന്നു. ബന്ധങ്ങളുടെ ശിഥിലതകളിൽ പെട്ട്, പിടി വിട്ട പട്ടങ്ങളായി നീറി നീറിക്കഴിയുന്ന നിരവധി മുഖങ്ങളുണ്ടായിരുന്നു അവിടുത്തെ മുറ്റത്തും നീണ്ട കോലായകളിലും. അവർക്കിടയിലാണ് എല്ലും തോലുമായി, പ്രതീക്ഷകൾ ഏതുമില്ലാതെ വിദൂരതയിലേക്ക് കണ്ണോടിച്ചിരിക്കുന്ന തങ്കമ്മുവിനെ കണ്ടത്, ഒരു നിശ്ചേഷ്ഠ രൂപം...  മൃതശരീരം കണക്കെ... എത്ര വേഗമായിരുന്നു തങ്കമ്മു തന്നേ തിരിച്ചറിഞ്ഞത്! "നന്ദൂട്ടനല്ലേ, എന്റെ മോൻ...." ഗേറ്റ് കടന്ന് മുന്നിലേക്ക് കടന്നു ചെല്ലുമ്പോൾ, സിമെന്റ് പടിയിൽ നിന്ന് അവർ ചാടിയെഴുന്നേറ്റ് ഒരു ക്ഷണം കണ്ണുഴിഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ ആശ്ലേഷിച്ച് കൊണ്ടുള്ള ചോദ്യം - "എന്നെ ഓർമ്മയൊണ്ടോ മോനെ നെനക്ക്..?" പിന്നെയവർ നിഷ്കളങ്കമായി ചിരിച്ചു. കപട ലോകത്തിൽ കാപട്യം കലരാത്ത ചിരി... പല്ലില്ലാത്ത മോണ കാട്ടിയുള്ള ആ ചിരി ഓർമ്മയിൽ നിന്ന് മായുകയില്ല. താൻ കൊതിച്ച് കൊതിച്ചിരുന്നത് കൈയ്യിൽ കിട്ടിയ പ്രതീതിയുണ്ടായിരുന്നു അപ്പോൾ അവരുടെ പ്രസാദാത്മകമായ മുഖത്ത്. താൻ മാത്രമല്ല, 'മഹാത്മ' യുടെ മാനേജർ ഉത്തമ കുറുപ്പും സ്തബ്ധനായി പോയിരുന്നു. മഴയും വെയിലുമേറ്റ് റോഡിലലഞ്ഞ തങ്കമ്മയെ 'മഹാത്മ' യിൽ എത്തിച്ച കഥ ഉത്തമൻ വിശദീകരിച്ചപ്പോൾ അവരുടേത് എന്ന വണ്ണം, തന്റേയും കണ്ണുകൾ നിറഞ്ഞിരുന്നു. "അമ്മേ... എനിക്കിപ്പോൾ നഗരത്തിലാണ് ജോലി. ഇടയ്ക്കിടെ ഞാൻ ഇവിടെ വരാം, അമ്മയെ കാണാൻ..." ഞാനത് പറഞ്ഞത് കേട്ടപ്പോൾ അതുവരെ  പ്രകാശമറ്റിരുന്ന അവരുടെ കണ്ണുകളിൽ ആനന്ദപ്പൂത്തിരി കത്തി നിന്നു. യാത്ര ചൊല്ലി പിരിഞ്ഞപ്പോൾ രോമാവൃതമായ ഈ കവിളത്ത് ഒരു ചൂടുമ്മ  നൽകാൻ ആ അമ്മ മറന്നിരുന്നില്ല. "ഈ കൈകളിലൂടെ ഈ ലോകത്ത് എത്തിയ മോനാ നീ. മറക്കല്ലേ ഈ അമ്മയെ..." വിതുമ്പൽ തടസ്സപ്പെടുത്തി കളഞ്ഞിരുന്നു അവരുടെ അവസാന വാക്കുകളെ. തങ്കമ്മയെ വീട്ടിലേക്ക് കൂട്ടിയാലോ എന്ന് അപ്പോൾ മടങ്ങാൻ നേരത്ത്, കാറിൽ വെച്ച് ഒരു വേള ചിന്തിച്ചിരുന്നു. സ്വന്തം അമ്മയെ പോലും അമ്മയായി കാണാൻ മടിക്കുന്ന സ്മിതക്കത് പിടിച്ചെന്ന് വരില്ലെന്ന് പിന്നെ തോന്നി. മാത്രവുമല്ല, താൻ ജോലി സ്ഥലം മാറി മാറി പോകുമ്പോൾ അതൊരു ഭാരമായിത്തീരുകയും ചെയ്തേക്കാം. അങ്ങനെ അത് ഒഴിവാക്കിക്കളഞ്ഞു. ചില നല്ല തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ പല പല തടസ്സങ്ങളും സംജാതമാകുന്നത് പുത്തൻ അനുഭവമല്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ പണിപ്പെട്ടിരുന്നു.

കാറിൽ ഓഫീസിലേക്ക് മടങ്ങുമ്പോഴും തങ്കമ്മുവായിരുന്നു മനം നിറയെ. ആവതുള്ള കാലം വരെ അവർക്ക് രാവെന്നോ പകലെന്നോ ഉണ്ടായിരുന്നില്ലെന്ന് അമ്മ പറഞ്ഞിരുന്നതും ഓർമ്മയിലെത്തി. ആശുപത്രികളും സൗകര്യങ്ങളുമില്ലാതിരുന്ന അന്നൊക്കെ നാട്ടിൽ ഏതൊരു സ്ത്രീക്ക് പ്രസവവേദന തുടങ്ങിയാലും വീട്ടുകാർ തങ്കമ്മുവിന്റെ വീട്ടിലേക്ക് ഓടിയിരുന്നു. അറയും നിലയുമൊക്കെയുള്ള തറവാട് വീടായിരുന്നു തങ്കമ്മുവിന്റേത്.. പുലർകാലത്ത് കുളിച്ച്, വെള്ള മുണ്ടുടുത്ത്, ഭസ്മ കുറിയും വരച്ച് നാമം ജപിച്ച് തങ്കമ്മു  വീട്ടിലുണ്ടാവുമായിരുന്നു. ആരെങ്കിലും ഓടിയങ്ങോട്ടെത്തിയാൽ ആദ്യം പറയും - "നിങ്ങള് നടന്നോളൂ, ഞാൻ വന്നോളാം...." ഒട്ടും വൈകിക്കുമായിരുന്നില്ല. പ്രസവവേദനയുടെ കാഠിന്യം നന്നേ അറിയുമായിരുന്ന ആ അമ്മ ശരം വിട്ട പോലെ എത്തിയിരുന്നു! ചിലപ്പോൾ അവർ ഒരു ദിവസം തന്നെ ഒന്നിലധികം പ്രസവങ്ങളെടുത്തിരുന്നു. ഒരണ പോലും പ്രതിഫലം പറ്റാതെയുള്ള നിസ്വാർഥ സേവനമായിരുന്നു അതൊക്കെ... ഗർഭിണികൾ, സ്വന്തം വീടുകൾ ആശുപത്രി മുറികളായി രൂപാന്തരപ്പെടുത്തിയിരുന്നു. ഡോക്ടറും നേഴ്സും കമ്പൗണ്ടറും തങ്കമ്മു തന്നെ...!  അസിസ്റ്റന്റുമാർ വീട്ടുകാരും. അന്നൊന്നും നാട്ടിലെ ഒരു ഗർഭിണിയും രക്തം വാർന്ന് മരിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞിരുന്നു. ഒരു നവജാത ശിശുവും അമ്മമാരെ വിട്ടകന്ന്  പോയിട്ടുമില്ല. "നീയുൾപ്പടെ എത്രയെത്ര പേർ അതിന് തികഞ്ഞ തെളിവാണ് " - അമ്മ പലപ്പോഴും പറഞ്ഞിരുന്നു. എത്രയോ പേരുടെ അമ്മയാണ് പാവം തങ്കമ്മു.. എന്നിട്ടും അനാഥയായി..! അന്ന്, കാറ് പാതയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്റെ മനസ്സ് ആ നേർപാതയിലൂടെയായിരുന്നു സഞ്ചരിച്ചു കൊണ്ടിരുന്നത്..

ദിവസങ്ങൾ അധികം കഴിഞ്ഞിട്ടില്ല... ഇലകളിൽ മഞ്ഞൊട്ടി നിൽക്കുന്ന ഈ ഡിസംബർ അവസാനത്തിൽ അപ്രതീക്ഷിതമായി വന്ന കോൾ നൊമ്പരം കോരിയിട്ടു കൊണ്ടാണ് തുടങ്ങിയത് - "സാറെ, സാറിന്റെ തങ്കമ്മ മരിച്ചു, ഇന്ന് രാവിലെ..." 'മഹാത്മ' അഗതി മന്ദിരത്തിലെ ഉത്തമൻ ഫോൺ ചെയ്ത് പറഞ്ഞപ്പോൾ, മരണം സുനിശ്ചിതമാണല്ലോ, ഇന്നല്ലെങ്കിൽ നാളെ... എന്ന് ചിന്തിച്ച് ദുഃഖമൊതുക്കാൻ ശ്രമിച്ചു. എന്നാൽ ആ തത്വജ്ഞാനത്തിനും ശമിപ്പിക്കാനാവാത്ത നീറ്റലായി മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങുമ്പോൾ പറഞ്ഞു - "ഞാൻ അവരുടെ മക്കളെ ഒന്ന് വിളിച്ചറിയിച്ച് നോക്കട്ടെ ഉത്തമാ, ചിതയ്ക്ക് തീ കൊളുത്താനെങ്കിലും.." തങ്കമ്മുവിന്റെ മൂത്ത മകൻ, കമ്പനി മാനേജരായിരുന്ന ദിവാകരേട്ടനെയാണ് ആദ്യം വിളിച്ചത്. "അതിനവർ നേരത്തെ ചത്തല്ലോ." അയാളുടെ ഉത്തരം തരിപ്പിച്ച് കളഞ്ഞു. താൻ അതുമിതും പറഞ്ഞും, തർക്കിച്ചും, വിശദീകരിച്ചാലും അയാൾ മനസ്സ് മാറ്റുമെന്ന് തോന്നാത്ത നിലയിലായിരുന്നു അയാൾ. പിന്നെ, രണ്ടാമൻ സുകുമാരനെ വിളിച്ചപ്പോൾ അയാൾ വളച്ചു കെട്ടില്ലാതെ തുറന്നടിച്ചു - "ഞാനും ആ തള്ളയും തമ്മിൽ യാതൊരു ബന്ധവുമില്ല..." ഇക്കാര്യം പറഞ്ഞ് ഇനി വിളിക്കരുതെന്ന താക്കീതും അയാൾ നൽകി. പിന്നെ, തങ്കമ്മുവിന്റെ രണ്ട് പെൺമക്കൾ.. എന്തിന് വിളിക്കണം അവറ്റകളെ... മനസ്സ് സ്വയം ചോദിച്ചു. തങ്കമ്മു എന്ന അമ്മ അനാഥയാവരുതെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

ഓഫീസുള്ള ദിവസമാണ്. അമ്മ മരിച്ചു എന്ന് വിളിച്ചറിയിച്ചപ്പോൾ ഓഫീസിലെ സഹപ്രവർത്തകരിൽ ചിലർ വീട്ടിൽ പാഞ്ഞെത്തുകയായിരുന്നു. സ്മിതയും കുട്ടികളുമടക്കം പത്ത് പതിനഞ്ച് പേർ.. ആംബുലൻസിൽ നിന്ന്, ശുഷ്ക്കിച്ച  മൃതദേഹമിറക്കാൻ രണ്ടാൾ തന്നെ ധാരാളമായിരുന്നു. മറ്റാരും വരാനില്ലാത്തതിനാൽ കാത്തിരിക്കേണ്ട ആവശ്യകതയുമില്ലാത്ത ശവദാഹം. പറമ്പിന്റെ തെക്കേയറ്റത്തെ മാവ് മുറിച്ച സ്ഥലത്തൊരുക്കിയ ചിതയിലേക്ക് മൃതദേഹം നേരെ എടുക്കുകയായിരുന്നു. "പെറ്റ്, പോറ്റി വളർത്തിയ മക്കൾ മറന്നേക്കാം. നാട്ടിലെ ജീവൻ പകർന്ന മക്കളും മറന്നേക്കാം. എനിക്ക് മറക്കാനാവില്ല ഈ പുണ്യത്തെ.... ചിതയ്ക്ക് തീ കൊളുത്താനായി വലം വെയ്ക്കവേ ഒരു മന്ത്രമെന്നോണം മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നത് അത് മാത്രമായിരുന്നു.

Content Summary: Malayalam Short Story ' Chumarchithrangal ' written by B. L. Pillai Kolichal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com