മകളുടെ കല്യാണം ഗംഭീരമായി നടന്നു, പക്ഷേ ആ ബ്രോക്കറെവിടെ; നാടൊട്ടുക്കും തിരച്ചിലോടു തിരച്ചിൽ

malayalam-story-utharippukadam
Representative image. Photo Credit: sturti/istockphoto.com
SHARE

ഉത്തരിപ്പുകടം (കഥ)

അന്തിമവിധി നാളിൽ എല്ലാ അകൃത്യങ്ങൾക്കും ദൈവതിരുസന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ടവരാണ് നമ്മൾ. അപരന്റെ വസ്തുവകകളോ ദശാംശമോ കൊടുക്കാതെ അവ കൈവശം വച്ചനുഭവിച്ചാൽ അയാൾ ഉത്തരിപ്പുകടക്കാരനായിതീരുമെന്നാണ് ക്രിസ്തീയ വിശ്വാസം. ഈ കഥ പലർക്കും അവിശ്വസനീയമായി തോന്നാം. കൃത്യമായി പറഞ്ഞാൽ 23 വർഷം മുമ്പാണ്. 75 വയസ്സുള്ള ആനിയമ്മ രാവിലത്തെ വീട്ടുജോലികൾ ഒക്കെ ഒതുക്കി തന്റെ പ്രാർഥന പുസ്തക കെട്ടുകൾ എടുത്തുവെച്ച് മാറിമാറി നൊവേനകളും ജപമാലയും ചൊല്ലാൻ തുടങ്ങി. ആനിയമ്മയ്ക്ക് ഒരേ ഒരു മകളെ ഉള്ളൂ. വിവാഹ പ്രായമെത്തിയപ്പോൾ തന്നെ സുന്ദരനും സുമുഖനുമായ ഒരു ഉദ്യോഗസ്ഥനെ കൊണ്ട് വിവാഹം കഴിപ്പിച്ച് അയച്ചു. ഏഴുവർഷത്തെ സ്വർഗ്ഗതുല്യമായ ദാമ്പത്യജീവിതത്തിന് മരുമകന്റെ അപകട മരണത്തോടെ തിരശീല വീണു. നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ മകളെ ആനിയമ്മയും ഭർത്താവും ചേർന്ന് സ്നേഹവും കരുതലും കൗൺസിലിങും കൊടുത്ത്  സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. മരുമകന്റെ  ജോലി ആശ്രിത നിയമത്തിന്റെ ഭാഗമായി മകൾക്ക് ലഭിച്ചു. മകളുടെ രണ്ട് പെൺമക്കളെയും ആനിയമ്മയും ഭർത്താവും ചേർന്ന് വളർത്തി വലുതാക്കി രണ്ടുപേരെയും ഉദ്യോഗസ്ഥരാക്കി. മൂത്ത മകളുടെ വിവാഹവും കഴിഞ്ഞു. രണ്ടാമത്തെ മകൾക്ക് വയസ്സ് 26. ആ മോളെ കൂടി ഒരുത്തനെ കൈപിടിച്ച് ഏൽപ്പിച്ചാൽ ആനിയമ്മയ്ക്ക് സമാധാനമായി മരിക്കാം. അതിനിടയിൽ എല്ലാ ഉത്തരവാദിത്വങ്ങളും ആനിയമ്മയെ ഏൽപ്പിച്ച്  വാർദ്ധക്യസഹജമായ അസുഖങ്ങൾ കൊണ്ട് ഭർത്താവ് കടന്നുപോയിരുന്നു.

മകൾ സാധാരണ ജോലിക്ക് പോകുമ്പോൾ അമ്മയെ വീടിനകത്ത് നിന്ന് പൂട്ടി താക്കോൽ ഗ്രില്ല് വഴി അമ്മയെതന്നെ ഏൽപ്പിക്കും. അതായത് പകൽസമയം അപരിചിതരും ഭിക്ഷക്കാരും പിരിവുകാരും വന്നാൽ വീട് പൂട്ടിക്കിടക്കുകയാണ്, ഇവിടെ ആരുമില്ല എന്ന് കരുതി തിരിച്ചു പൊയ്ക്കോളും. പരിചിതർ വന്നാൽ ആനിയമ്മ താക്കോൽ ഗ്രില്ല് വഴി കൊടുത്ത് അവരെ കൊണ്ട് തുറപ്പിച്ച് അകത്തു കയറ്റും. അവർ തിരികെ പോകുമ്പോൾ ഇതുപോലെ തന്നെ ചെയ്യും. അതായിരുന്നു പതിവ്.    അന്നും ‘ദൈവമേ, എന്റെ മോൾക്ക് അനുയോജ്യനായ ഒരു പയ്യനെ കണ്ടുപിടിച്ച് തരണേ’ എന്ന് മനസ്സുരുകി പ്രാർഥിച്ച ആനിയമ്മ ഒന്നു മയങ്ങിപ്പോയി. അപ്പോഴുണ്ട് ഗ്രില്ലിനു പുറത്ത് പടിക്കെട്ടിൽ ഒരു ആളനക്കം. മുണ്ടും ചട്ടയും ധരിച്ച് പൊക്കവും കനവും കുറഞ്ഞ മെലിഞ്ഞ ഒരു സ്ത്രീരൂപം. ആനിയമ്മ വീടിനകത്തും ആ സ്ത്രീ പുറത്തും ഇരുന്ന് രണ്ടു പേരും സംഭാഷണം തുടങ്ങി. പറഞ്ഞു വന്നപ്പോൾ അവിടെ അടുത്തുള്ള ഒരു സ്ഥലത്തു നിന്നു വന്ന ബ്രോക്കർ ആണ് കക്ഷി. വിദേശത്ത് ജോലിയുള്ള ഒരു പയ്യന്റെ ആലോചന പറഞ്ഞു കൊടുത്തു. വീട്ടുപേര് പറഞ്ഞപ്പോഴേ ആനിയമ്മയ്ക്ക് ആളെ പിടികിട്ടി. ആനിയമ്മയുടെ  മൂത്ത സഹോദരനോടൊപ്പം പഠിച്ച ആളുടെ മകന്റെ മകന്റെ കാര്യമാണ് ഈ സ്ത്രീ പറയുന്നതെന്ന് മനസ്സിലായി. ആ കുടുംബം ഒക്കെ പണ്ടുതൊട്ടേ വിദേശത്തായിരുന്നു. അതുകൊണ്ട് വേണ്ടത്ര അറിയില്ല എന്നേയുള്ളൂ. പയ്യൻ 14 ദിവസത്തെ അവധിക്ക് വരുന്നുണ്ട്. നിങ്ങൾ അന്വേഷിക്കു എന്ന് പറഞ്ഞു ആ സ്ത്രീ പോയി. ഉച്ചയൂണു കഴിഞ്ഞ ഉടനെ ആനിയമ്മ മൂത്ത സഹോദരനെ വിളിച്ച് കാര്യം പറഞ്ഞു. ഒന്നും ആലോചിക്കാനില്ല. നല്ല വിവാഹ കാര്യമാണിത് നടന്നു കിട്ടിയാൽ നമ്മുടെ മോളുടെ ഭാഗ്യം എന്ന് പറഞ്ഞു സഹോദരൻ. വൈകുന്നേരം ഓഫീസിൽ നിന്ന് വന്നപ്പോൾ മകളോടും വിവരം പറഞ്ഞു. ആനിയമ്മയുടെ സഹോദരൻ അപ്പോൾ തന്നെ ചെറുക്കൻ കൂട്ടരുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. അവർക്ക് ഇത് കേട്ടപ്പോൾ അതിശയമായി. പയ്യനും കുടുംബവും നാട്ടിൽ വരുന്നത് നിങ്ങൾ എങ്ങനെ അറിഞ്ഞു, ഞങ്ങൾ പോലും ഈ വിവരം നിങ്ങൾ പറയുമ്പോഴാണ് അറിയുന്നത് എന്ന് അവർ.

എന്തിനു പറയുന്നു! 14 ദിവസം കൊണ്ട് പെണ്ണുകാണൽ, ഉറപ്പിക്കൽ ചടങ്ങ്, മനസ്സമ്മതം, പള്ളിയിൽ വിളിച്ചു ചൊല്ലൽ... കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് കല്യാണം കഴിഞ്ഞു. മൂന്നുമാസത്തിനകം പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപൊയ്ക്കോളാം എന്ന നിബന്ധനയിൽ പയ്യൻ വിദേശത്തേക്കും പയ്യന്റെ മാതാപിതാക്കൾ വിദേശവാസം അവസാനിപ്പിച്ച് നാട്ടിലും താമസം തുടങ്ങി. അപ്പോഴാണ് എല്ലാവരും ഒരു കാര്യം ഓർത്തത്. ഈ കല്യാണക്കാര്യം പറഞ്ഞു തന്ന ആ ബ്രോക്കർക്ക് കമ്മീഷൻ കൊടുത്തില്ലല്ലോയെന്ന്. കമ്പ്യൂട്ടറിന്റെ ആവിർഭാവത്തിനു മുമ്പ് ഇവിടുത്തെ മിക്ക കല്യാണങ്ങളും നടത്തിയിരുന്നത് ഇതുപോലുള്ള ആൺ-പെൺ ബ്രോക്കർമാർ ആയിരുന്നു. ഒരു കല്യാണ ആലോചന കൊണ്ടുവന്ന് അത് കല്യാണത്തിൽ എത്തിക്കുന്നത് വരെ ആദ്യത്തെ ചടങ്ങായ പെണ്ണുകാണൽ തൊട്ട് ഇവരുടെ സജീവ സാന്നിധ്യം ഉണ്ടാകും. കല്യാണം കഴിയുന്നതുവരെ ഇരു വീടുകളിലും ഇവർ വി. വി.ഐ.പി.കൾ ആണ്. ഭയഭക്തി ബഹുമാനത്തോടെ ആണ് ഇരുകൂട്ടരും ഇവരോട് ഇടപെടുക. അതിന് എന്തെങ്കിലും വ്യത്യാസം വന്നാൽ ഉറപ്പിച്ച കല്യാണം പരദൂഷണം പറഞ്ഞു അലസിപ്പിക്കുക; പിന്നെ ബ്രോക്കർമാർ തമ്മിലുള്ള കിടമത്സരം എന്റെ കോർട്ടിൽ കയറി നീ കളിച്ചത് എന്തിന്- ഓരോരുത്തർക്ക് ഓരോ ഏരിയ വരെ കൊടുത്തിട്ടുണ്ട്. മനസമ്മതത്തിനു തൊട്ടു തലേന്ന് പറഞ്ഞുറപ്പിച്ച സ്വർണവും തുകയും ഒന്നുകൂടി റെയ്‌സ് ചെയ്യാൻ ശ്രമിക്കുക വഴി തന്റെ കമ്മീഷൻ കൂട്ടുക…… ഇങ്ങനെയൊക്കെയുള്ള കലാപരിപാടികൾ സ്ഥിരമായി അരങ്ങേറുന്ന ഇടമാണിത്.  1961ൽ സ്ത്രീധന നിരോധനം വന്നുവെങ്കിലും ഈ വക നാട്ടുനടപ്പുകൾ ഇന്നും മുറപോലെ നടക്കുന്നുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. പക്ഷേ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി മെലിഞ്ഞുണങ്ങിയ ആ ചേടത്തിയെ പിന്നെ ആരും കണ്ടിട്ടില്ല. അവർ വന്നു എന്ന് പറയപ്പെടുന്ന ഒരു ഉൾഗ്രാമത്തിന്റെ പേരും അവരുടെ രൂപവും അല്ലാതെ ആനിയമ്മയ്ക്ക് മറ്റൊന്നും അറിയുകയുമില്ല. കല്യാണം കഴിഞ്ഞ് സ്വസ്ഥമായപ്പോൾ ആനിയമ്മ പലരോടും ഈ കഥ പറഞ്ഞു നാലു  വഴിക്കും അന്വേഷണം തുടങ്ങി. ആ നാട്ടിലെ ആസ്ഥാന ആൺ-പെൺ ബ്രോക്കർമാർ എല്ലാം ഓടിയെത്തി. പക്ഷേ അവർ ആരുമല്ല. അവരാരും ഇങ്ങനെ ഒരാളെ കുറിച്ച് കേട്ടിട്ടു പോലുമില്ല. ഇനി ആനിയമ്മയ്ക്ക് പ്രായാധിക്യത്തിന്റെ ഓർമ്മ കുറവുകൊണ്ട് സ്ഥലപ്പേര് തെറ്റി കേട്ടതാകുമോ എന്ന് കരുതി ആ പഞ്ചായത്ത് മുഴുവൻ അന്വേഷണം നടത്തി. ആർക്കും ഒരു അറിവുമില്ല. നിലവിലുള്ള ആരും അവകാശവാദവുമായി വന്നതുമില്ല. കാരണം ഇവർ വർഷങ്ങളായി വിദേശത്തായിരുന്നതുകൊണ്ട് ബ്രോക്കർമാരുടെ നിരീക്ഷണ വലയത്തിൽപ്പെട്ടിരുന്നില്ല. പിന്നെ എല്ലാവരും കൂടി ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. ചിലപ്പോൾ ഇവിടുന്ന് പോകുന്ന വഴിക്ക് ഇവർ മരണപ്പെട്ടിരിക്കാമെന്ന്. ആ വഴിക്കും അന്വേഷണം നടത്തി. അങ്ങനെയും ഒരു കാര്യം സംഭവിച്ചിട്ടില്ല.

മൂന്നോ നാലോ വർഷം കഴിഞ്ഞു. എല്ലാവരും ഈ കഥ തന്നെ മറന്നു. ആനിയമ്മ ശയ്യാവലംബിയായി. മരണക്കിടക്കയിൽ വെച്ച് അന്ത്യകൂദാശ തരാൻ വന്ന വൈദികനോട് ആനിയമ്മ പറഞ്ഞു. “ഞാൻ സമാധാനത്തോടെ ആണ് മരിക്കുന്നത്. എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഒക്കെ നിറവേറ്റി. പക്ഷേ ഒരു ഉത്തരിപ്പ് കടം ബാക്കിയുണ്ട്. അത് ഇന്നലെ മാതാവ് എന്നെ ഓർമ്മിപ്പിച്ചു. ആ മെലിഞ്ഞുണങ്ങിയ സ്ത്രീ എന്റെ അടുത്ത് വന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. ‘എന്നെ കുറെ  അന്വേഷിച്ചല്ലേ’ ഞാൻ തന്നെയായിരുന്നു എന്ന് പറഞ്ഞ് മാതാവ് അപ്രത്യക്ഷമാവുകയും ചെയ്തു. അതുകൊണ്ട് മാതാവിന്റെ പള്ളിയിലേക്ക് എന്റെ ഉത്തരിപ്പ്കടം  കൂടി കൊടുത്തു തീർക്കാൻ ഉള്ള ഇടപാട് അച്ചൻ എന്റെ മോളെ കൊണ്ട് ചെയ്യിക്കണം”. എന്ന് പറഞ്ഞ് ആനിയമ്മ ഈ ലോകം വിട്ട് യാത്രയായി. നിരീശ്വരവാദികൾ “ഹോ,  പിന്നെ മാതാവിന് ബ്രോക്കർ പണിയല്ലേ” എന്നൊക്കെ പറഞ്ഞ് പുച്ഛിച്ചേക്കാം. പക്ഷെ ഇത് എന്റെ അറിവിൽ നടന്ന സംഭവമാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട് കാവൽമാലാഖ അയച്ചത് പോലെ ഒരാൾ തക്കസമയത്ത് എന്നെ സഹായിക്കാൻ വന്നു എന്ന്. 

“നിന്റെ വഴികളിൽ നിന്നെ കാത്തു പരിപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കൽപ്പിക്കും.” (സങ്കീർത്തനം:91)

Content Summary: Malayalam Short Story ' Utharippukadam ' written by Mary Josy Malayil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS