ADVERTISEMENT

ഇഞ്ചി ചായ (കഥ)

മരുഭൂമിയിലെ പെയ്തൊഴിഞ്ഞ മഴ സമ്മാനിച്ച അലസമായ ഒരു വൈകുന്നേരം. വിശാലമായ ചില്ലു ജാലകത്തിലൂടെ അങ്ങ് അകലെ സൂര്യന്റെ അവസാന കിരണങ്ങളെ മറച്ചു വയ്ക്കാൻ പാടുപെടുന്ന ഇരുണ്ട മേഘങ്ങളെ നോക്കി ഇരിക്കും നേരം ഒരു ഇഞ്ചി ചായ കുടിക്കണമെന്ന് അതിയായ മോഹം. തിളച്ചു മറിയുന്ന വെള്ളത്തിൽ ഇഞ്ചി നുറുക്കി ഇടുമ്പോൾ...ഓർമകളിൽ എവിടെയോ ഒരു ഇഞ്ചി ചായയുടെ മണം നിറഞ്ഞു തൂവി. ഒപ്പം വേനൽമഴ മാറിയ ഒരു പഴയ കാല സന്ധ്യയും !... അന്ന് ഐഷുമ്മ ഓടി നടക്കുകയാണ്.. ചായ ഇടണം, കുട്ടികൾക്കു ചായക്കൊപ്പം എന്താണ് കൊടുക്കുക എന്ന ആലോചനയിൽ ഇഞ്ചിയുടെ ചെറു കഷ്ണം മുറിച്ചുകൊണ്ട് അടുക്കള വാതിൽക്കൽ ഐഷുമ്മ നിലത്തിരുന്നു. ഇതിനിടയിൽ "കുട്ടികളെ..." എന്ന് നീട്ടി ഒരു വിളിയുണ്ട്. പുറത്തു കളിച്ചു കൊണ്ടിരിക്കുന്ന മക്കളെ ചായ കുടിക്കാൻ ക്ഷണിക്കുന്ന ഒരു വിളിയാണത്. ചായക്ക് വെള്ളം വെക്കും മുന്നേ കുട്ടികളെ വിളിച്ചു കൂവിയാലേ ചായ ഇട്ട് അത് ചൂട് ആറാതെ കൊടുക്കാൻ ആകു എന്ന് ഐഷുമ്മക്കറിയാം. ഇനി കുട്ടികൾ എന്ന് വച്ചാൽ എത്ര പേരുണ്ട് എന്ന് അറിയാമോ? ഒരു പത്തു പതിനൊന്നു പേര് കാണും മുറ്റത്ത്. മൂന്ന് പേര് ഐഷുമ്മയുടെ മക്കൾ, ബാക്കി എണ്ണം കൂടിയും കുറഞ്ഞും എന്നും മുറ്റത്ത് കളിക്കുന്നതിൽ, സഹോദരങ്ങളുടെ മക്കൾ ഉണ്ടാവും.. അയൽവാസി കുട്ടികൾ ഉണ്ടാവും. വേനൽ അവധി കൂടി ആയാൽ ഐഷുമ്മക് മുറ്റം നിറയെ മക്കളാണ്. സ്വന്തം മക്കൾ!

ഇന്ന് മുറ്റത്ത് ഒൻപത് കുട്ടികളുണ്ട്. എല്ലാവർക്കും ചായയും കൂടെ കഴിക്കാനും എന്തേലും കൊടുക്കണം ഐഷുമ്മ ആലോചിച്ചു. പാലിന്റെ അളവും കുറവ്.. കുട്ടികൾക്കു കഴിക്കാനും വീട്ടിൽ ഒന്നുമില്ല. എന്തെങ്കിലും വാങ്ങാൻ എന്റെ കൈയിൽ കാശ് ഉണ്ടാകുമോ? വൃത്തിയാക്കിയ ഇഞ്ചി കഷ്ണം ഒരു ചെറിയ കിണ്ണത്തിൽ വച്ചു അടുക്കളയോട് ചേർന്ന ചായ്‌പ്പിലെ തൂക്കിയിട്ട ബാഗിൽ ഐഷുമ്മ തപ്പി നോക്കി. ആദ്യം പുറത്ത് വന്നത് കുറെ ബസ് ടിക്കറ്റുകൾ ആയിരുന്നു. കുറെ ടിക്കറ്റ് എന്ന് പറഞ്ഞാൽ ഐഷുമ്മയുടെ മെല്ലിച്ച കൈ വെള്ള നിറയെ പല വർണത്തിലുള്ള ബസ് ടിക്കറ്റുകൾ. ഇതെല്ലാം കുറേ നാളത്തെ അല്ല കേട്ടോ. ഇന്നലെ ഒറ്റ ദിവസത്തെയാണ്. ഐഷുമ്മയും മക്കളും കുടുംബത്തിലെ ഒരു കല്യാണം കൂടാൻ പോയതിന്റെ ബാക്കി പത്രം ആണ് ആ ടിക്കറ്റുകൾ. കാശ് തപ്പുന്ന വ്യഗ്രതയിൽ കിട്ടിയ ടിക്കറ്റുകൾ എല്ലാം ഐഷുമ്മ കൈവെള്ളയിൽ ചുരുട്ടി കൂട്ടി. എങ്കിലും തലേന്നത്തെ ഒരു ബസ് യാത്ര ഓർത്തു ഐഷുമ്മ ഒന്ന് ചിരിച്ചു. ബസിൽ കയറി "ഒരു ഫുൾ ടിക്കറ്റ് പത്തു ഹാഫ് ടിക്കറ്റ് " എന്ന് പറഞ്ഞതും കണ്ടക്ടർ ഒന്ന് ഞെട്ടി! എന്നിട്ട് ഐഷുമ്മയോട് ഒരു ചോദ്യം.. ഇതെല്ലാം ഇങ്ങടെ മക്കൾ  ആണോ? അതെ എന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു കൈയ്യിൽ കിട്ടിയ രണ്ട് മക്കളെ വീഴാതെ പിടിച്ചു മടിയിൽ ഇരുത്തിയത് കൗതുകത്തോടെ കണ്ടക്ടർ നോക്കി നിന്നതും..സ്റ്റോപ്പ് എത്തിയപ്പോൾ എല്ലാ മക്കളും ഇറങ്ങിയോ എന്ന് ഉറപ്പ് വരുത്താൻ ഓർമിപ്പിച്ചതുമെല്ലാം..ഐഷുമ്മയ്ക് ചിരി വന്നു.

വീണ്ടും കാശ് ഉണ്ടോന്ന് തപ്പി നോക്കി. സ്വർണം പണയം വച്ചിരിക്കുന്നതിന്റെ കടലാസുകളും ഇനിയും അടക്കാത്ത കറണ്ട് ബില്ലും തുടങ്ങി ബാധ്യതകളുടെ കുറെ കടലാസ് കഷ്ണങ്ങൾ ആ കൈകളിലൂടെ കടന്ന് പോയി. ഐഷുമ്മയുടെ കെട്ടിയോൻ റസാഖ് പ്രവാസിയാണ്. ഇനിയും കാശ് വന്നിട്ടില്ല. വന്നാലും വരവും ചിലവും കൂട്ടിച്ചർക്കാൻ കഴിയാത്തത് ഓർത്തു നെടുവീർപ്പിടുമ്പോൾ കൈയ്യിൽ കുറച്ചു ചില്ലറ കാശ്  തടഞ്ഞു. എണ്ണി നോക്കി, ഇരുപത്തിയേഴ്‌ രൂപയുണ്ട്. ഇനിയും മുപ്പത് രൂപ കൂടി ആ ബാഗിൽ ഉണ്ടാവണം എന്ന് ഐഷുമ്മ കണക്ക് കൂട്ടി. പക്ഷെ ആ മുപ്പത് രൂപ രാവിലെ പ്രാരാബ്ധം പറഞ്ഞു വന്ന കമലമ്മയ്ക്കും, മൂത്ത മകൾ ഷബാനയ്ക്ക് വെക്കേഷൻ ക്ലാസിനു പോകാനുമായി വീതിച്ചു നൽകിയതോർത്തു ഐഷുമ്മ അതിവേഗം ബാഗ് താഴെ വച്ചു. ഇളയ മകൻ സഫീറിനെ വിളിച്ചു രവിയേട്ടന്റെ പീടിയ വരെ പോകാൻ പറഞ്ഞു. ഇന്ന് എന്ത് പലഹാരം ആണ് ഉമ്മച്ചി വാങ്ങേണ്ടേ എന്ന സഫീറിന്റെ ചോദ്യം വരും മുന്നേ "മിച്ചറും രണ്ട് പാക്കറ്റ് പാലും" എന്ന് ഐഷുമ്മ പറഞ്ഞു. "ഇരുപത്തിയേഴേ കൈയ്യിലുള്ളു ഒന്നിനും തികയില്ല, രവിയേട്ടനോട് പറ്റിൽ എഴുതാൻ പറയു" എന്ന് പറഞ്ഞു സഫീറിനെ അയച്ചു. ഐഷുമ്മ ഇഞ്ചി ചായ ഉണ്ടാക്കാൻ ധൃതി വച്ചു.

വെള്ളം അടുപ്പിലേക്ക് വച്ചു അത് തിളക്കുമ്പോൾ ഐഷുമ്മയുടെ മനസ്സിലും കുറേ ചിന്തകൾ കടന്ന് പോയി. അരി മാത്രമേ ഉള്ളു. നാളെ കുട്ടികൾക്കു എന്ത് കൂട്ടാൻ ഉണ്ടാക്കും? സാധനങ്ങൾ ഏകദേശം തീർന്നിരിക്കുന്നു. തിളച്ചു മറിയുന്ന വെള്ളത്തിലേക് ഇഞ്ചി ഇടുമ്പോൾ... ജനാലയിലൂടെ അടുക്കളയുടെ വടക്കെ അതിരിലുള്ള, അലക്കുകല്ലിനോട് ചേർന്നു നിൽക്കുന്ന പപ്പായ കണ്ടു. ഒന്ന് രണ്ട് കായ്കൾ ഉണ്ട്. കഴിഞ്ഞ ആഴ്ച നോക്കിയപ്പോൾ പാകം ആയിരുന്നില്ല. ഇപ്പോൾ വിളഞ്ഞിട്ടുണ്ട്. കൂട്ടാൻ ഉണ്ടാക്കാൻ പാകം ആയി ഐഷുമ്മ സന്തോഷത്തോടെ ഒന്ന് നെടുവീർപ്പിട്ടു. അപ്പോളേക്കും സഫീർ പാലും പലഹാരവും ഒകെ ആയി എത്തി. ഇഞ്ചി ചായ തയാറാവാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല. "കുട്ടികളെ..." എന്ന അടുത്ത വിളിയും വന്നു. എല്ലാവരും ചായ കുടിക്കാനായി ഉമ്മറ കോലായിൽ വട്ടമിട്ടിരുന്നു. ചായ പത്ത് സ്റ്റീൽ കപ്പിൽ ആയി ഒരുപോലെ നിറച്ചു. മിച്ചർ പാക്കറ്റ് പൊട്ടിച്ചു ഒൻപത് കിണ്ണത്തിൽ ആയി ഐഷുമ്മ  പകുത്ത് വച്ചു. കഷ്ടിച്ചു അത്രേ ഉണ്ടായുള്ളു. ഐഷുമ്മ കുട്ടികൾക്കൊപ്പം ഇരുന്നു ചായ കുടിക്കുന്നു. മിച്ചർ പാത്രം ഐഷുമ്മയുടെ അരികിൽ മാത്രം ഉണ്ടായില്ല. 

സഫീറിന്റെ പത്രത്തിൽ മിച്ചറിന്റെ അളവ് കൂടിയത് കണ്ടപ്പോൾ അതിൽ നിന്ന് ഐഷുമ്മ കൈയ്യിട്ട് വാരി ദേവൂന്റെ മിച്ചർ പാത്രത്തിൽ ഇട്ടു കൊടുത്തു. എല്ലാവർക്കും ഒരുപോലെ ആണ് ഐഷുമ്മ വിളമ്പിയത്. കണ്ണ് തെറ്റിയാൽ സഫീറിന്റെ പാത്രം നിറയുന്നതും അടുത്ത് ഇരിക്കുന്ന ആളുടെ പാത്രത്തിൽ കുറവ് വരുന്നതും ഐഷുമ്മക്ക് നന്നായി അറിയാം. സഫീറിന്റെ പാത്രത്തിൽ നിന്ന് മിച്ചർ പിടികൂടിയപ്പോൾ കള്ളനും പോലീസും കളിയിൽ കള്ളന്റെ ചീട്ട് കിട്ടുന്നവരെ പോലെ സഫീർ ഒന്നുമറിയാത്ത പോലെ ചിരിച്ചു. ഇതിനിടയിൽ ദേവൂനെ കൂട്ടാൻ രാധികേച്ചി എത്തി. ദേവൂനെ ഐഷുമ്മയെ ഏൽപിച്ചു കുടുംബശ്രീ കൂടാൻ പോയതാരുന്നു രാധികേച്ചി. വന്നപ്പോൾ ഒരു ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ ഒരു ചെറിയ പലഹാര പൊതി രാധികേച്ചി ഐഷുമ്മയ്ക് കൊടുത്തു ദേവൂനേം കൂട്ടി മടങ്ങി. എല്ലാവരുടെയും മിച്ചർ പാത്രം കാലിയാണ്. ഞങ്ങളുടെ കണ്ണുകൾ എല്ലാം ഐഷുമ്മയുടെ കൈയ്യിൽ ഇരിക്കുന്ന എണ്ണ തെളിഞ്ഞ ആ ന്യൂസ്‌പേപ്പർ പൊതിയിലായി. ഐഷുമ്മ പൊതി തുറന്നു. മധുര സേവായാണ്! മൂന്നെണ്ണം ഉണ്ട്. തുല്യമായ എട്ട് കഷ്ണങ്ങൾ ആക്കി അവ വീതിക്കുന്ന ഐഷുമ്മയുടെ ഒരു പ്രത്യേക കഴിവിനെയും നോക്കിയിരുന്ന് ആ ഇഞ്ചി ചായയുടെ അവസാന ഇറ്റും നുകരുമ്പോൾ ഞാൻ വച്ചിരുന്ന ഇഞ്ചി ചായ തിളച്ചു തൂകിയിരുന്നു!

Content Summary: Malayalam Short Story ' Inchi Chaaya ' written by Ansa Salim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com