കടമകൾക്ക് അടിമപ്പെട്ട് നീറി ജീവിക്കുന്നവർ (കഥ)
"ഇക്കാ ഞാനൊരു കാര്യം പറഞ്ഞോട്ടെ". "എന്താടി?" "ഞാൻ ജോലി മതിയാക്കാൻ പോണ്". "അതെന്താടി". അവരും പോയി. ഇനി എന്തു ചെയ്യും". "ഉം... ഞാൻ നാളെ പറയാം. നീ എന്തായാലും ഇപ്പോ ഒന്നും തീരുമാനിക്കണ്ട". ഇനിയും സംസാരിച്ചാൽ ഓള് കരയും. അവൻ ഫോൺ കട്ട് ചെയ്തു. പുറത്തെ പൊള്ളുന്ന ചൂടിലേക്ക് നോക്കി. ഈ മണലാര്യണ്യത്തിൽ വന്നിട്ട് ഇരുപത്തിയാറ് വർഷങ്ങളായി. ഉപ്പ മരിക്കുമ്പോൾ എനിക്ക് താഴെ മൂന്നു കുഞ്ഞനിയത്തിമാർ പിന്നെ ഉമ്മയും ഉപ്പാന്റെ കുറെ കടങ്ങളും. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഇങ്ങോട്ട് വരാനുള്ള വിസ നാസർക്ക ശരിയാക്കി തന്നത്. വിസ തരുമ്പോൾ ഒരു കാര്യമേ പറഞ്ഞുള്ളു. "അവിടെ സുഖിക്കാനല്ല പോണത്. എല്ലുമുറിയെ പണിയെടുക്കണം. പണിയെന്താണെന്ന് ഇവിടെ ആരോടും പറയാനും പറ്റില്ല". അങ്ങനെ ഏറെ ഭയത്തോടെയാണ് ഇങ്ങട് വന്നത്. അറബിയുടെ ഫാമിലായിരുന്നു ജോലി. എങ്കിലും സന്തോഷത്തോടെ നാളുകൾ നീങ്ങി. പെങ്ങന്മാരെ പഠിപ്പിച്ചു. കടങ്ങൾ തീർത്ത് ഒരു കുഞ്ഞു വീട് വെച്ചു. പിന്നെ ഓരോരുത്തവരെയായി കൈപിടിച്ച് പടിയിറക്കി. അവരുടെ പ്രസവങ്ങൾ. പലപ്പോഴും എല്ലാം മതിയാക്കി തിരികെ പോകണമെന്ന് കരുതും. പക്ഷേ അപ്പോഴേക്കും എന്തെങ്കിലും പുതിയ പ്രശ്നങ്ങൾ ഉടലെടുക്കും. മൂന്നു പേർക്കും നിറയെ പൊന്നും പണവും കൊടുത്ത് തന്നെയാണ് പറഞ്ഞു വിട്ടത് എന്നാൽ ഓളെ കെട്ടുമ്പോൾ ഒരു തുണ്ട് സ്വർണം ചോദിച്ചില്ല. അതിന്റെ എല്ലാ കുറ്റവും ഓൾക്ക് തന്നെയായിരുന്നു. ഓള് എന്റെ സ്വർഗം. ഒരു പരാതിയും ഇല്ലാതെ എല്ലാം സഹിച്ച് കഴിയുന്നു. രണ്ടു പഹയന്മാരാണ്. കുറുമ്പന്മാർ. അവർക്കാണ് ഉപ്പ പണി മതിയാക്കി നാട്ടിൽ എത്തണമെന്ന് വാശി. ഉമ്മ കിടപ്പിലായിട്ട് കുറച്ചു മാസങ്ങളായി. ഓൾക്ക് അടുത്ത സ്കൂളിൽ ജോലിയുണ്ട്. തന്റെ വാശിക്കാണ് ജോലിക്ക് പോകുന്നത്. അതിനും പാവത്തിനെ എല്ലാരും ചേർന്ന് കുറ്റപ്പെടുത്തിയതാണ്. ഉമ്മാനെ നോക്കാൻ ആളെ നിർത്തി പക്ഷേ രണ്ടു മാസം തികച്ചു നിൽക്കില്ല. ഇതിപ്പോ നാലു പേരായി. ഓള് ജോലി കളഞ്ഞ് ഉമ്മാനെ നോക്കണം. എന്നാൽ ഒരു പണിക്കും പോകാതെയാണ് പെങ്ങന്മാർ വീട്ടിൽ ഇരിക്കുന്നത്. അവർ വന്ന് ഉമ്മാനെ നോക്കോ അതുമില്ല. എന്തെങ്കിലും പറഞ്ഞാൽ ഓള് തലയണ മന്ത്രം ഓതി പറഞ്ഞാവും കുറ്റപ്പെടുത്തലുകൾ.
"നിങ്ങള് പകൽകിനാവ് കണ്ട് നിൽപ്പാണോ?" ചോദ്യം കേട്ട് അയാളൊന്ന് ഞെട്ടി തിരിഞ്ഞു. കൂടെ പണിയെടുക്കുന്ന മനോജ്. "നമുക്ക് കിനാവ് കാണാനല്ലേ പറ്റു. ഞാൻ ചുമ്മാ ഓരോന്ന് ഓർത്തു നിന്നു." അവരുടെ സംസാരങ്ങൾ നീണ്ട് പോയി. രണ്ടു ദിവസം കഴിഞ്ഞു. "ഇക്കാ ഒരാളെ കിട്ടി". "ആരാ...?" "സ്കൂളിലെ ആയയുടെ ചേച്ചിയുടെ മോളാണ്. ഇവിടെ നിന്നാണ് അവൾ ജോലിക്ക് പോകുന്നത്. അവൾ വരാമെന്ന് പറഞ്ഞു. പക്ഷേ!" "ഉം.. എന്താ ഒരു പക്ഷേ.." "ഉമ്മ, വേണ്ടെന്ന് പറഞ്ഞു". "നീ ഫോൺ ഉമ്മാക്ക് കൊടുക്ക്". അവൾ പേടിച്ചു പേടിച്ചാണ് ഉമ്മാന്റെ അരികിലെത്തിയത്. അവളെ കണ്ടാൽ തുടങ്ങും പലതും പറയാൻ. ഫോൺ സ്‌പീക്കർ ഇട്ട് അവരുടെ അരികിൽ വെച്ച് അവൾ പുറത്തേക്ക് വന്നു. "ഉമ്മാ...". "എന്താ മോനെ". "എന്തിനാ ഉമ്മാ ഇങ്ങനെ വാശി കാണിക്കുന്നത്". "ഓള് ഓരോന്ന് പറഞ്ഞു തന്നിട്ടുണ്ടാവും. കുരുത്തംകെട്ടൊള്". "അവൾ ഒന്നും പറഞ്ഞില്ല. ഉമ്മ ഞാൻ പറയണത് കേക്കണം. ആ കുട്ടി വരട്ടെ". "നേഴ്സ് ആണത്രേ!. രാത്രി ജോലിക്ക് പോകേണ്ടി വരും". "അതിനെന്താ. ഒരു നേഴ്സ് തന്നെയല്ലേ ഏറ്റവും നല്ലത്". "അപ്പോ രാത്രി ഞാൻ എന്തു ചെയ്യും." "അവൾ രാത്രി ജോലിക്ക് പോയാൽ ഓള് ഇല്ലെ രാത്രിയിലെ കാര്യങ്ങൾ നോക്കാൻ." "അതൊന്നും നടക്കില്ല. ഇതൊരു ചെറിയ പെൺകൊച്ചാണ്. ഓ എന്നാൽ വേറെ പെണ്ണിനെ നോക്കാം". "ഉമ്മാനെ നോക്കാൻ വേറെ ആളുകൾ ക്യു നിൽക്കുന്നില്ല. സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല. ആദ്യം ഈ വാശി കളയ്. പിന്നെ ഓളെ പണിക്ക് വിടാതെ ഉമ്മാനെ നോക്കാൻ ഇരുത്താമെന്ന് കരുതണ്ട. ഈ കുട്ടിയെയും പറ്റില്ലെങ്കിൽ. ഞാൻ ഇവിടത്തെ പൊറുതി മതിയാക്കി വരാം". അമർഷത്തോടെ അയാൾ ഫോൺ കട്ട് ചെയ്തു. ഇനി അവിടെ നടക്കുന്ന പുകിലുകൾ ഓർത്ത് അയാളുടെ നെഞ്ച് പുറത്തെ ചൂടിനെക്കാൾ ഉരുകാൻ തുടങ്ങി...
Content Summary: Malayalam Short Story written by Savitha Sunilkumar