മരിച്ചവർ ഉറങ്ങുകയല്ല
നാമറിയാത്ത ഒരിടത്തു
അനന്തതയുടെ
അടിവാരത്തിൽ
അഗോചരമായി
അവർ ജീവിക്കുന്നു
അവരുടെ ശ്വാസ നിശ്വാസങ്ങൾ
തരളമായ ഇളംകാറ്റായ്
ഭൂമിയിൽ അലയുന്നു.
അവരുടെ രാപ്പകലുകൾ
ദീർഘപ്പെട്ടതാണ്
അവർ മണ്ണോടു മണ്ണായവരോ
വെണ്ണീറായവരോ അല്ല
ശവക്കോട്ടകളിൽ
അവർ അന്ത്യ വിശ്രമം
കൊള്ളുന്നുമില്ല
കൊളുത്തിയ ചിതയിലവർ
വെന്തു വെണ്ണീറാകുന്നുമില്ല
അവർ വെറും ദേഹമായിരുന്നില്ല
ഒരിടത്തുമുറങ്ങാതെ
ഉണർവിന്റെ ഉർവരതയിൽ
ഊടാടി തിടുക്കപ്പെട്ടു
തർപ്പണ കാലങ്ങളിലേക്ക്
അണച്ചെത്തിക്കൊണ്ടേയിരിക്കുന്നു
ജന്മകാണ്ഡത്തിന്റെ
കളപ്പുരയിൽ കൂട്ടിവെച്ച
കാലത്തിന്റെ വിത്തുകൾ
അളന്നു തൂക്കി
മരണത്തിന്റെ
മഹാമേരുവിൽ നിന്നും
ജീവന്റെ താഴ്‌വാരത്തിലേക്കു
അവർ നമ്മെ തേടിയെത്തുന്നു!!!
Content Summary: Malayalam Poem ' Marichavar Evideyanu ' written by Salomi John Valsan