സമ്പന്നരായ ബിസിനസുകാർ കുടുംബമായി താമസിക്കുന്ന കോളനി ആയിരുന്നു അത്. ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ ഒതുങ്ങി ജീവിക്കുന്ന ഒരു കുടുംബമായിരുന്നു ഫ്രാൻസിയുടേത്. ഫ്രാൻസിയും ഭാര്യയും സ്കൂളിൽ അധ്യാപകരായിരുന്നു. മൂന്നു പെണ്മക്കളും ഒരു മകനും അടങ്ങുന്നതായിരുന്നു അവരുടെ വീട്. കോളനിയിലെ മറ്റു വീടുകളുമായി താരതമ്യം ചെയ്താൽ ‘ഉള്ളതുകൊണ്ട് ഓണം പോലെ’ വളരെ അച്ചടക്കത്തിലും ദൈവഭയത്തിലും ജീവിച്ചു പോന്നിരുന്നവരായിരുന്നു ഇവർ. പെൺമക്കൾക്ക് വിവാഹപ്രായം എത്തിയെങ്കിലും സ്ത്രീധനം എന്ന ദുരാചാരം ഇന്നും സമൂഹത്തിൽ നിന്ന് വിട്ടു പോകാത്തതുകൊണ്ട് ആരുടെയും വിവാഹം കഴിഞ്ഞിരുന്നില്ല. ഫ്രാൻസിയും ഭാര്യയും ജോലിയിൽ നിന്ന് വിരമിക്കുകയും വരുമാനം നേരെ പകുതി ആവുകയും ചെയ്തതോടെ ആറംഗ കുടുംബത്തിന് ജീവിതം മുന്നോട്ടു കൊണ്ടുപോവുക ദുസ്സഹമായി തീർന്നിരുന്നു. എൺപതുകളിലാണ് ഒരു സുപ്രഭാതത്തിൽ മൂത്തമകൾ വീട്ടിൽ തന്നെ ഒരു ബ്യൂട്ടിപാർലർ തുടങ്ങുന്നത്. എറണാകുളത്ത് ഒരു ബന്ധുവിന്റെ വീട്ടിൽ പോയി നിന്ന് ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചിട്ടാണ് തൃശ്ശൂർ ഇത് തുടങ്ങിയത്. ആദ്യം കോളനിയിൽ എല്ലാവർക്കും ഒരു തമാശയാണ് ഇത് കേട്ടപ്പോൾ തോന്നിയത്. കല്യാണപ്രായമായ പെൺകുട്ടികൾക്ക് മുഖത്ത് കുറച്ച് പൗഡറിട്ട് കണ്ണെഴുതി പൊട്ടുതൊടീക്കാൻ എന്തിനാണ് വേറെ ഒരാള്? എന്താ പെൺകുട്ടി വല്ല മന്ദബുദ്ധിയും ആണോ? ഇതൊന്നും സ്വയം ചെയ്യാൻ 18 വയസ്സായ ഒരു പെൺകുട്ടിക്ക് അറിഞ്ഞു കൂടെ? മാഷിന് എന്താ ദാരിദ്ര്യം വന്നപ്പോൾ തലയ്ക്കു ഭ്രാന്ത് ആയോ? എന്ന് പറഞ്ഞു എല്ലാവരും പുച്ഛിച്ചു. പക്ഷേ ഒരു ആറുമാസം കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ മാറി മറിഞ്ഞു. അവർ തന്നെ അവരുടെ പെൺമക്കളെയും കൊണ്ട് ഇവരുടെ വീട്ടിൽ പുരികം ഷേപ്പ് ചെയ്യാനും ബ്ലീച്ചും ഫേഷ്യലും മാനിക്യൂറും പെഡിക്യൂറും ഒക്കെ ചെയ്യാൻ പെൺമക്കളുടെ നിർബന്ധത്തിനു വഴങ്ങി അവരെ അവിടെ എത്തിക്കേണ്ടിവന്നു. പെണ്ണുകാണൽ ചടങ്ങു തൊട്ട് കല്യാണം കഴിയുന്നതുവരെ ബ്യൂട്ടീഷൻ ഒരു അത്യാവശ്യ ഘടകമായി മാറി. കോളനിയിലെ എല്ലാ പെൺകുട്ടികളെയും കല്യാണത്തിന് അണിയിച്ചൊരുക്കുന്ന ബ്യൂട്ടീഷന് മാത്രം മംഗല്യ ഭാഗ്യം ഉണ്ടായില്ല.
മകൻ ജോ പ്രീഡിഗ്രി പഠനം കഴിഞ്ഞ് പൂനയിൽ ഒരു സ്റ്റുഡിയോയിൽ സൗണ്ടിനെ പറ്റി പഠിക്കാൻ ചേർന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. "കഷ്ടം! ആകെ ഒരു മകൻ ഉള്ളത് ഇങ്ങനെ ആയിപ്പോയല്ലോ. ഈ കോളാമ്പി മൈക്കിൽ കൂടി ശബ്ദം വരുന്നത് എന്തോന്നാണ് ഇത്ര പഠിക്കാനുള്ളത്. ആ ചെറുക്കൻ വളർന്ന് ജോലികിട്ടി മാഷിന് ഒരു താങ്ങായി നിന്ന് ഈ പെൺകുട്ടികളെയൊക്കെ കല്യാണം കഴിപ്പിച്ച് അയയ്ക്കുമെന്ന പ്രതീക്ഷയും ഇല്ലാതായല്ലോ." എന്നു പറഞ്ഞു നാട്ടുകാർ. ജോമോനെ ഉപദേശിച്ചു നന്നാക്കാൻ ഉള്ള ആൾക്കാരുടെ എണ്ണം കൂടിയപ്പോൾ അവൻ പൂനയിൽ നിന്ന് അവധിക്ക് നാട്ടിൽ വരാതായി. അവനെ കണ്ടാൽ ഉടനെ "എടാ ചെറുക്കാ, വല്ലതും നാലക്ഷരം പഠിച്ചു മാഷാകാൻ നോക്കടാ," അങ്ങനെ ഐഡിയ രാക്ഷസന്മാരെ കൊണ്ട് തോറ്റു തുന്നം പാടി ഒരുവിധം മൂന്ന് വർഷത്തെ കോഴ്സ് ജോ കംപ്ലീറ്റ് ചെയ്തു. പരീക്ഷ പാസ്സാകുന്നതിനുമുമ്പ് ആ സ്ഥാപനത്തിലെ ഏറ്റവും മിടുക്കനായ വിദ്യാർഥി എന്ന നിലയിൽ സ്കോളർഷിപ്പോടെ അവനെ അവർ ലണ്ടനിലേക്ക് പഠിക്കാൻ വിടുകയാണ്, ഞാൻ ലണ്ടനിൽ പോവുകയാണ് എന്നൊക്കെ പറഞ്ഞ് അതുവരെ ആരുടെയും മുഖത്തുനോക്കാതിരുന്ന പയ്യന്റെ യാത്ര പറച്ചിൽ കേട്ടപ്പോൾ നാട്ടുകാർക്ക് ഒന്നുകൂടി പരിഹാസമായി. ‘ലണ്ടൻ അടി’ നട്ടാൽ കുരുക്കാത്ത നുണപറയുന്നതിന് ഇങ്ങനെ പലരും ഈ നാട്ടിൽ പറയാറുണ്ട്. അതായിരിക്കും എന്ന് കരുതി എല്ലാവരും. പക്ഷേ പയ്യൻ പെട്ടെന്ന് അപ്രത്യക്ഷമായി. ലണ്ടനിലേക്ക് പോയതായിരിക്കുമോ? അവിടെ കോളാമ്പി മൈക്കിൽ കൂടി പറയാൻ ആളില്ലേ, ഇവൻ ഇവിടുന്ന് പോയിട്ട് വേണോ, നാട്ടുകാരുടെ സംശയം ഈ വിധത്തിൽ ഒക്കെ പോയി. മറ്റൊരു വിഷയം കിട്ടിയപ്പോൾ എല്ലാവരും ഇത് മറന്നു.
സമ്പന്നരായ അയൽക്കാർ ഒക്കെ ഫ്രാൻസിയേയും ഭാര്യയേയും കാണുമ്പോൾ "മക്കളുടെ കല്യാണം ഒന്നും ആയില്ല അല്ലേ, മകൻ ഒരുത്തൻ ഉള്ളത് ഇങ്ങനെയും ആയിപ്പോയി അല്ലെ," എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഒരു രണ്ടുവർഷം കഴിഞ്ഞ് പയ്യൻ തിരികെ വന്നത് എല്ലാ വീടുകളിലും ബ്യൂട്ടീഷന്റെ കല്യാണം ക്ഷണിക്കാനായിരുന്നു. അപ്പോൾ ആ പെൺകുട്ടിക്ക് 26 വയസ്സായിരുന്നു. നാട്ടിൽ തന്നെ നന്നായി പഠിച്ച പയ്യനാണ് വരൻ. ലണ്ടനിൽ ഒരു ജോലി തരപ്പെടുത്തി കൊടുക്കും. അതാണ് സ്ത്രീധനം. ബ്യൂട്ടീഷൻ തന്റെ എട്ടു വർഷത്തെ അധ്വാനം കൊണ്ട് ഉണ്ടാക്കിയ തുക കൊണ്ട് വാങ്ങിയ സ്വർണം ധരിച്ച്, കല്യാണം ജോ ആർഭാടമായി തന്നെ നടത്തി. ഒരു മാസം കഴിഞ്ഞപ്പോൾ അളിയനും അളിയനും ലണ്ടനിലേക്ക് പോയി. താമസിയാതെ ബ്യൂട്ടീഷനും പോയി. എന്തിനു പറയുന്നു രണ്ടു മൂന്ന് വർഷം കൊണ്ട് താഴെയുള്ള രണ്ട് പെൺകുട്ടികളെയും ജോ സ്ത്രീധനമായി ‘ലണ്ടനിൽ ഒരു ജോലി’ എന്ന ഓഫർ പറഞ്ഞു കല്യാണം നടത്തി. അവസാനം ജോയും വിവാഹിതനായി ലണ്ടനിലേക്ക് പറന്നു. പെൺമക്കളുടെ പ്രസവവും അതുപോലുള്ള ആവശ്യങ്ങളും വന്നതോടെ ഫ്രാൻസിയും ഭാര്യയും ലണ്ടനിലേക്ക് പോക്കും വരവും തുടങ്ങി. ഈ കോളാമ്പി മൈക്ക് ജോലി കൊണ്ട് ഈ പയ്യൻ ഇതൊക്കെ എങ്ങനെ സാധിച്ചെടുക്കുന്നു എന്ന് നാട്ടുകാർക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
ഏതു വരെ?... നമ്മുടെ റസൂൽപൂക്കുട്ടി ഓസ്കാർ അവാർഡ് നേടുന്നതു വരെ ആയിരുന്നു എല്ലാവർക്കും ഈ സംശയം ഉണ്ടായിരുന്നത്. കേരളത്തിൽ സൗണ്ട് എൻജിനീയറിങ് എന്ന ശാഖ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത് അന്നാണ്. സൗണ്ട് റെക്കോർഡിങ്, ഡിസൈനിങ്, എഡിറ്റിംഗ്, മിക്സിങ്... ഇവ എല്ലാം ഇതിന്റെ ഭാഗമാണെന്നും സിനിമയിൽ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളി ശബ്ദം തൊട്ട് യുദ്ധരംഗങ്ങളിലെ കോലാഹല ശബ്ദം വരെ സൃഷ്ടിക്കപ്പെടുന്നത് സൗണ്ട് എൻജിനീയറുടെ വിരുതിൽ ആണെന്നൊക്കെ അന്നാണ് മലയാളികൾ മനസ്സിലാക്കുന്നത്. മകന്റെ അഭിരുചിയും താൽപര്യവും നേരത്തെ മനസ്സിലാക്കി ഇത്രയും നാട്ടുകാരുടെ വിമർശനങ്ങളും ഉപദേശങ്ങളും വകവെക്കാതെ അത് പഠിക്കാൻ അനുവാദം കൊടുത്ത മാഷിനെ അന്നാണ് എല്ലാവരും വാനോളം പുകഴ്ത്തിയത്. ഉടനേ ഇതേ നാട്ടുകാർ എല്ലാവരും പറയാൻ തുടങ്ങി. "എനിക്കറിയാം ഈ മാഷ് പണ്ടേ ഒരു ബുദ്ധിമാൻ ആണെന്ന്." മൂത്തമകൾ ബ്യൂട്ടിപാർലർ തുടങ്ങുന്നു എന്ന് പറഞ്ഞപ്പോഴും ആദ്യം എല്ലാവരും പുച്ഛിച്ചു. കറുത്ത പെണ്ണുങ്ങളുടെ മുഖത്ത് കുറച്ച് കാരം തേച്ചിടും (ആ കാലഘട്ടത്തിൽ വെള്ളത്തുണി വെളുപ്പിക്കാൻ ഉപയോഗിച്ചിരുന്ന സാധനം ആയിരുന്നു കാരം) മുഖം ആവി പിടിച്ച് ഒരു കമ്പി കൊണ്ട് മുഖക്കുരു കുത്തിപ്പൊട്ടിക്കും. പുരികം കുറെ ഭാഗം ചുരണ്ടി കളയും. പിന്നെ കൈയ്യും കാലും ഒക്കെ ഓണത്തിന് പുലികളിക്ക് ആണുങ്ങളെ പുലിവേഷം കെട്ടിക്കുന്നതിന് മുമ്പ് രോമം വടിച്ചിറക്കുന്നത് പോലെ വടിച്ചിറക്കി നന്നായി തേച്ച് കഴുകും. ഇന്ന് ബ്യൂട്ടീഷൻ ഇല്ലാത്ത കല്യാണം ഏതാണ്? അതുപോലെതന്നെ റസൂൽ പൂക്കുട്ടിയുടെ അവാർഡ് ജോ മോനെയും രക്ഷിച്ചു. ജീവിതത്തിൽ നമുക്ക് ശരി എന്ന് പൂർണ്ണബോധ്യമുള്ള ഒരു കാര്യം ധൈര്യപൂർവ്വം ചെയ്യുക. വിമർശനങ്ങളിൽ ക്രിയാത്മകമായത് സ്വീകരിക്കുക. വിനാശകരമായത് തള്ളിക്കളയുക. ആത്മവിശ്വാസം നഷ്ടപ്പെടാതെ നോക്കുക.
Content Summary: Malayalam Short Story ' Kolambi Mike ' written by Mary Josy Malayil