ADVERTISEMENT

ചിലർ അങ്ങനെയാണ്. എവിടെ നിന്നോ ഒരു ദിവസം പൊടുന്നനെ നമ്മുടെ സൗഹൃദങ്ങളിലേക്ക് കടന്നു വരും. അവരുടെ അക്ഷരങ്ങൾക്ക് നമ്മളെ കീറി മുറിക്കുന്ന തീക്ഷ്ണത ഉണ്ടാകും. അവരെ വായിച്ചു കഴിയുമ്പോൾ നമ്മൾ മറ്റൊരു ലോകത്താകും. ഒന്നുകിൽ നാം പറയാതിരുന്നത് ഇത് നിങ്ങൾ പറയേണ്ടതല്ലേ എന്ന് ഉറക്കെ പറയാൻ പ്രേരിപ്പിക്കുന്ന പച്ചയായ യാഥാർഥ്യങ്ങൾ, അല്ലെങ്കിൽ ഇത് എന്റെ കൂടി ചിന്തയാണ് എന്ന തോന്നൽ. അവരെ വീണ്ടും വീണ്ടും വായിക്കുമ്പോൾ, നാം അവരുടെ പേരുകൾ ഒന്നുരണ്ടാവർത്തി നോക്കും. അവരുടെ അക്ഷരങ്ങൾക്ക് പിറകിൽ ഒളിച്ചിരുന്ന് ചിരിക്കുന്ന ആ സൗഹൃദമുഖം നമുക്ക് കാണാനാകും. അവർ എന്നും എഴുതുകയില്ല. തിരക്കുള്ള ജോലിയിൽ നിന്ന് വാരാന്ത്യങ്ങളിൽ ഒരിടവേള കിട്ടുമ്പോൾ താൻ കനലുപോലെ ഊതി ഊതി പഴുപ്പിച്ചു കൊണ്ടുനടക്കുന്ന വാക്കുകൾ അവർ കവിതകളായി ആവാഹിക്കും. ഒറ്റ വായനയിൽ തന്നെയറിയാം വാക്കുകളിലെ കനൽച്ചൂട്. 

തലമുതിർന്ന എഴുത്തുകാരുമായി അക്ഷരങ്ങളുടെ വലിയ സൗഹൃദം. സ്നേഹസൗഹൃദങ്ങളിലൂടെ പുതിയ എഴുത്തുകാരെ വലിയ നിലയിലേക്ക് ഉയർത്തികൊണ്ടുവരാനുള്ള അതിവിശാലമായ മനസ്സ്. എന്തിനോടും പോരാടാനുള്ള ധൈര്യം. ശരിയെന്ന് തോന്നിയാൽ ആർക്കൊപ്പവും പാറ പോലെ ആ യാഥാർഥ്യങ്ങൾക്കായി ഏതറ്റംവരെയും യുദ്ധം ചെയ്യാനുള്ള മനസ്സ്. ആർദ്രമായ വാക്കുകളിലൂടെ ആരിലും കയറിക്കൂടുന്ന, ഇഷ്ടമുള്ള എഴുത്തുകാരുടെ എഴുത്ത് നന്നായില്ലെങ്കിൽ കലഹിക്കുന്ന സത്യസന്ധത. പുതുവാക്കുകളും, പുതിയ അർഥതലങ്ങളും എഴുത്തിലും ജീവിതത്തിലും എന്നും കൊണ്ടുവരാൻ കൽപ്പിക്കുന്ന പ്രകൃതം. എല്ലാ എഴുത്തുകാരോടും എനിക്ക് പ്രണയമാണ്, കാരണം ഞാൻ അവരെയല്ല, അവരുടെ എഴുത്തുകളെ പ്രണയിക്കുന്നു. പ്രണയത്തിന് നിങ്ങളെ പുതിയ ഊർജ്ജം നിറഞ്ഞ ഒരു ലോകത്തിലേക്ക് കൂട്ടികൊണ്ടുപോകുവാൻ കഴിയുന്നു. ആകാശത്ത് നക്ഷത്രങ്ങൾക്കൊപ്പം ഊഞ്ഞാൽ കെട്ടി ആടാൻ കഴിയുന്നു. ആർദ്രവും ഉജ്ജ്വലവും ആയ വാക്കുകൾ ജീവിതത്തിന് പുതിയ അർഥതലങ്ങൾ തരുന്നു. തന്റെ പ്രവർത്തനമേഖലയിൽ ഏറ്റവും ഉയരത്തിലെത്താൻ അവർ പരിശ്രമിച്ചുകൊണ്ടേയിരുന്നു. 

ഇടയ്ക്കിടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളോട് പൊരുതി ജയിച്ചുകൊണ്ടേയിരുന്നു. ഒന്നല്ല, മൂന്നു തവണ കോവിഡ് ആക്രമിച്ചു കീഴടക്കി. ഓരോ തവണയും പൊരുതി തോൽപ്പിച്ചു, വീണ്ടും തന്റെ പ്രവർത്തനമേഖലയിൽ കർമ്മനിരതയായി. എന്നാൽ മൂന്നാമത്തെ തവണ കോവിഡ് തലച്ചോറിനെ ആക്രമിച്ചു തളർത്തിക്കളഞ്ഞു. വാക്കുകൾ അവരിൽ നിന്ന് പ്രവഹിക്കാതെയായി. നീണ്ട ചികിത്സകൾ. അപ്പോഴും തനിക്കൊന്നും സംഭവിക്കില്ല എന്നും എഴുത്തിലേക്കും ജോലിയിലേക്കും വളരെ പെട്ടെന്ന് തിരിച്ചെത്തുമെന്ന ആത്മവിശ്വാസം. ചികിത്സകൾ നീണ്ടുപോയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. ചികിത്സയ്ക്കായി വിദേശത്തേക്ക് പറക്കുമ്പോൾ പറഞ്ഞ വാക്കുകൾ, "നന്നായി എഴുതണം, പുതിയ വാക്കുകൾ കണ്ടെത്തണം, പുതിയ രീതികൾ കണ്ടെത്തണം, പുതിയ ലോകം കണ്ടെത്തണം, അക്ഷരങ്ങൾ നമുക്ക് ചുറ്റും ജ്വലിച്ചു കത്തണം".

ആത്മവിശ്വാസത്തിന്റെ നിറകുടമായിരുന്നു അവർ. വിദേശത്തെ ചികിത്സയിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ജീവിതത്തിലേക്ക്‌, ജോലിയിലേക്ക്, കവിതകളിലേക്ക് തിരിച്ചുവരാൻ കാത്തിരുന്ന നിമിഷങ്ങൾ. ചെറിയ ഒരു പനി, പിന്നെ അത് ന്യൂമോണിയ ആയി, നമുക്ക് കൈയ്യെത്തി പിടിക്കാൻ കഴിയാത്ത ഒരു ലോകത്തേക്ക് അവർ പറന്നുപോയി. ആ വാർത്ത കേട്ടപ്പോൾ ഒരു നടുക്കം തോന്നി. ഇത്രയേയുള്ളു മനുഷ്യൻ. പ്രിയപ്പെട്ട എഴുത്തുകാരി, ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും, താങ്കൾ അക്ഷരങ്ങളുടെ ഒരു പൂമ്പാറ്റയായിരുന്നു. പൂവുകളിൽ നിന്ന് കവർന്നെടുത്ത മധു നിങ്ങൾ കവിതകളിൽ നിറച്ചിരുന്നു. അതിന്റെ സൗരഭ്യം ഇപ്പോഴും ഞങ്ങൾക്ക് ചുറ്റും പടർന്നൊഴുകുന്നു. നിങ്ങൾപോയ ലോകത്തിരുന്നും അഗ്നിജ്വലിക്കുന്ന കവിതകൾ എഴുതണം. ആ കവിതകൾ ഒന്നിച്ചിരുന്നു വായിക്കാൻ ഞങ്ങളും ഒരു ദിവസം വരും. അക്ഷരങ്ങളുടെ മാലാഖേ, ഞങ്ങളുടെ പ്രാർഥനകളിൽ നിങ്ങൾ എപ്പോഴുമുണ്ട്. 

Content Summary: Malayalam Memoir ' Ezhuthinte Malakha ' written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com