ആദ്യം അവിടെ എത്തിയത് കുഞ്ഞനുറുമ്പായിരുന്നു. അവിടെ വലിയൊരു മനുഷ്യശരീരം ചത്തുമലർന്നു കിടക്കുന്നു..! വെട്ടും കുത്തും ചിതറിച്ച ആ ശരീരത്തിലെ മുറിവുകളിൽ നിന്ന് അപ്പോഴും ചൂടുചോര ഒഴുകുന്നുണ്ടായിരുന്നു. ചോരയുടെ ഗന്ധത്തിനിടയലൂടെ തേനൂറും മധുരത്തിന്റെയും, ചൂടാറാത്ത പരിപ്പുവടയുടെയും മണം കുഞ്ഞനുറുമ്പ് അതിവേഗം തിരിച്ചറിഞ്ഞു...!
അവൻ ആ മണം വരുന്ന ഭക്ഷണത്തിനായി ആ ദേഹം മുഴുവൻ ഓടിയോടി തിരഞ്ഞു. ഒടുവിൽ അവനതു കണ്ടെത്തി..!
അയാളുടെ മരണപ്പിടച്ചിലിനിടയിലും പിടിവിടാത്ത വലതു കൈയ്യിലെ പലഹാരപ്പൊതി.!!!
ഭക്ഷണം കണ്ടെത്തിയ ആവേശത്തിൽ കുഞ്ഞനുറുമ്പു അവന്റെ കൂട്ടുകാരെ കുവിവിളിച്ചു. "വരി വരിയായി വേഗം വരുവിൻ കൂട്ടരെ ഞാനിതാ കണ്ടെത്തി. തിന്നു തീരാത്തത്ര ഭക്ഷണം നമുക്കേവർക്കും
ഇഷ്ടം പോലെ..!വേഗം വരുവിൻ വേഗം വരുവിൻ!! അവൻ വീണ്ടും വീണ്ടും കൂവിവിളിച്ചു..
എന്നാൽ അവന്റെ കൂട്ടുകാരെത്തുമ്പോഴേക്കും ഒരു വണ്ടി വന്ന് അവിടെ നിന്നു. അതിൽ നിന്ന് നാലഞ്ചു തടിമാടന്മാർ ഇറങ്ങി. അവർ ധൃതിയിൽ ആ മനുഷ്യ ശരീരത്തെ വലിച്ചിഴച്ച് വണ്ടിയിലേക്കിട്ടു..
ആ ശരീരത്തോടൊപ്പം ആ മരിച്ച മനുഷ്യൻ മുറുകെപ്പിടിച്ചിരുന്ന പലഹാരപ്പൊതിയും വണ്ടിയിലകപ്പെട്ടു. കയ്യിൽ കിട്ടിയ പലഹാരപ്പൊതി അവസാനമായി അകന്നുപോവുന്നത് വല്ലാത്ത വിഷമത്തോടെ കുഞ്ഞനുറുമ്പു നോക്കി നിന്നു..!!!
Content Summary: Malayalam Story ' Bhakshanam ' written by Divakaran P C