ADVERTISEMENT

ഉണരുക ഉറങ്ങുക എന്ന തുടർച്ചകളാണ് ജീവിതം. ഉണർന്നിരിക്കുമ്പോഴുള്ള ആവേശങ്ങളിൽ മദോന്മത്തരായി ആഘോഷിച്ചു ഇതാണ് ജീവിതം എന്ന് തെളിയിക്കാൻ ശ്രമിക്കുന്ന നമ്മൾ. അതേ സമയം നിരാശകളിൽ ആധിപൂണ്ട് വിഷാദങ്ങളിലേക്കു തകർന്നുവീണു ഇതും ജീവിതമാണോ എന്ന് വിലപിക്കുന്നവരും നമ്മൾ തന്നെ. ഇതിനൊക്കെയിടയിൽ എവിടെയോ നാം ജീവിതത്തിന്റെ അർത്ഥം തിരയുന്നുണ്ട്. നമ്മൾ ജീവിക്കുന്ന ജീവിത സാഹചര്യങ്ങളുടെ ഗുണമേന്മ തുലനം ചെയ്യുന്നുണ്ട്. 

ഇന്നലെകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഇന്നുകളേയും നാളെകളെയും സ്വർഗ്ഗങ്ങളാക്കിക്കളയും എന്ന് നാം ഊറ്റം കൊള്ളാറുണ്ട്. എന്നാൽ ഓരോ രാത്രി കിടക്കുമ്പോഴും സ്വയം ചോദിക്കും, ഇന്നത്തെ ജീവിതത്തിൽ ഏറ്റവും മികച്ച ജീവിതം ഞാൻ നേടിയോ? എനിക്ക് ഇതിനേക്കാൾ നന്നാക്കാമായിരുന്നില്ലേ? എന്തിനാണ് വീട്ടിൽ അമ്മയുമായി വഴക്കിട്ടത്, പിന്നെ ഓഫീസിൽ സഹപ്രവർത്തകയുമായി ഉറക്കെ സംസാരിച്ചത്, തിരിച്ചു വരുന്ന വഴിയിൽ ഓട്ടോക്കാരനുമായി പത്തുരൂപയുടെ കണക്കുപറഞ്ഞു തർക്കിച്ചത്, വീട്ടിൽ വന്നപ്പോൾ ചായക്ക്‌ ചൂട് കുറഞ്ഞുപോയെന്ന് ഉറക്കെ പൊട്ടിത്തെറിച്ചത്. 

അപ്പോൾ കുഴപ്പം അവരുടെതാകില്ല. ഇതിലെല്ലാം ഞാൻ എന്ന അഹങ്കാരം ഉണ്ടായിരുന്നു. ഞാൻ എന്ന പ്രസ്ഥാനം എല്ലാവരേക്കാളും ഉയരെയാണെന്നും മറ്റുള്ളവർ എന്നെ അനുസരിക്കണമെന്നും ബഹുമാനിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. എന്നെ ചോദ്യം ചെയ്യാൻ പാടില്ല. ഞാൻ പറയുന്നതെല്ലാം ശരികൾ  മാത്രമാണ്. ഞാൻ ആഗ്രഹിക്കുന്നതെല്ലാം അതേപോലെ കിട്ടണം, അല്ലെങ്കിൽ ഞാൻ ആക്രോശിക്കും, ഒച്ചയിടും, വീട്ടിലുള്ളതെല്ലാം എറിഞ്ഞുപൊട്ടിക്കും. കാലക്രമേണ ഭയചകിതരായി എല്ലാവരും എന്നെ അനുസരിക്കും, എനിക്ക് അടിമപ്പെടും. 

എന്റെ നാക്കിനു ചാട്ടവാറിന്റെ നീളമുണ്ടോ?  ഭാഷ ഭയത്തിന്റെയാണോ?  ഭയം നിങ്ങൾക്കാണോ എനിക്കാണോ എന്ന്  ഗവേഷണം നടത്താൻ ചിലപ്പോൾ ഞാനൊരു യൂണിവേഴ്സിറ്റി തന്നെ സ്ഥാപിച്ചെന്നു വരും. അങ്ങനെയൊരു യൂണിവേഴ്സിറ്റി ഉണ്ടാക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് എന്റെ ഭാഷയെക്കുറിച്ച്, എന്റെ രീതികളെക്കുറിച്ച്, എന്റെ ചിരിയെക്കുറിച്ചുപോലും ഡോക്ടറേറ്റ് നേടിയെടുക്കാവുന്നതാണ്. 

മനുഷ്യർ അവരവരുടെ ജീവിതം മറ്റുള്ളവരുമായി തുലനം ചെയ്യുമ്പോൾ ഒരുപാട് അനിശ്ചിതത്വങ്ങൾ ആരംഭിക്കുന്നു. എന്തുകൊണ്ട് എനിക്ക് ഒരു മോട്ടോർസൈക്കിൾ ഇല്ല, എന്തുകൊണ്ട് എനിക്കൊരു കാറില്ല, എന്തുകൊണ്ട് എനിക്കൊരു ബസ്സില്ല, എന്തുകൊണ്ട് കൊച്ചി എയർപോർട്ടിൽ പാർക്കിംഗ് സൗകര്യം ഉണ്ടായിട്ടും എനിക്കൊരു വിമാനമില്ല!

ഇപ്പോൾ ചിന്തകൾക്കു ഒരു രൂപമൊക്കെ വെച്ചു തുടങ്ങിയിട്ടുണ്ടല്ലേ, കാണുന്ന പോലെയല്ല ഒരാളും. ഓരോരുത്തരും ഓരോ കടലാണത്രെ. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തലയിലെ തിരയിളക്കം കാരണം ഉറക്കം വരാറില്ല എന്നും പരാതിയുണ്ട്. എന്തായാലും കടലിന് മതിലുകെട്ടിയെ ഞങ്ങൾ അടങ്ങൂ. അത് കഴിഞ്ഞായാലും ഉറങ്ങാമല്ലോ.

ഹേയ്, ഇത് പരാതിയൊന്നുമല്ല കേട്ടോ. അല്ലെങ്കിൽ തന്നെ ഞാൻ എന്നെകുറിച്ച് ആരോടാണ് പരാതി പറയുക. പരാതിപ്പെടാൻ ഇപ്പോൾ നാട്ടിൽ ഒരുപാട് പരാതിപെട്ടികൾ നിരത്തിവെച്ചിട്ടുണ്ടത്രെ. പക്ഷെ പരാതികൾ ഒന്നുമില്ല, എല്ലാവരും സർവസന്തുഷ്ടർ. ഉണ്ടാക്കിവെച്ച പരാതിപെട്ടികൾ തേനീച്ച വളർത്താൻ ഉപയോഗിക്കാമോ എന്ന് ഒരു അന്തരാഷ്ട്ര സ്ഥാപനം പഠനം തുടങ്ങിയിട്ടുണ്ട്. 

മനുഷ്യർക്ക് തേനീച്ചകളെ വളർത്താൻ പേടിയാണ്, എന്നാൽ തേൻ വലിയ ഇഷ്ടവുമാണ്, അതിനാൽ തന്നെ ഒരുപാട് പേർ തനീച്ച വളർത്തൽ, അതിന്റെ പരിപാലനം പഠിച്ചെടുത്തിരിക്കുന്നു. ആ ജോലിയിലെ അപകട ഘടകം അവർ അറിയാതെയോ, കാണാതെയോ അല്ല. "മുൻകരുതലാണ് ചികിത്സയേക്കാൾ നല്ലത്" എന്ന  ആപ്തവാക്യം നെഞ്ചിലേറ്റി അവർ മുൻകരുതലോടെയാണ് അവയെ വളർത്തുന്നത്. അപകടത്തിന്നപ്പുറമുള്ള തേൻകണങ്ങൾ അവരെ പ്രലോഭിപ്പിക്കുന്നു. 

അപ്പോൾ തേൻ കണങ്ങൾ ആണോ നമ്മെ ജീവിതത്തെ അപകടകരമായ മൈനുകൾ പാകിയ വീഥികളിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്നത്? പൊട്ടിത്തെറിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടും മനുഷ്യർ എന്തിനാണ് വീണ്ടും വീണ്ടും തലയിൽ തേനീച്ചകളെ വളർത്തുന്നത്. അവയുടെ മൂളിച്ചകൾ അവന്റെ സമാധാനം കാർന്നു തിന്നുന്നു എന്നറിഞ്ഞും നാം തലയിൽ തേനീച്ചക്കൂടുകൾ കൂട്ടികൊണ്ടേയിരിക്കുന്നു. തേനെടുക്കാൻ സ്വന്തം തലയോടു പൊട്ടിക്കണമെന്നറിയാതെ. 

ജീവിതം അളവുകളില്ലാതെ ഒഴുകുന്ന പുഴയാണ്. എവിടെയും തങ്ങിക്കിടക്കാതെ ഒഴുകാൻ കഴിയുക എന്നതാണ് പ്രധാനം. ആരാലും തടയാതെ ഒഴുകിപ്പോയാൽ ഒരു ദിവസം നാം അഴിമുഖത്തെത്തും. പിന്നെ നാം കടലിലേക്കു ചേർക്കപ്പെടും, അളവുകളില്ലാത്ത കടൽ, എല്ലാവരെയും ചേർക്കുന്ന കടൽ. വിതറിത്തീരുന്ന ചിതാഭസ്മം ആരുടെയാണെന്നൊന്നും കടൽ ചോദിക്കില്ല.

Content Summary: Malayalam Story ' Alavukalillathe ' written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com