ADVERTISEMENT

മച്ചിൻ മുകളിലെ മൂലയിൽ കൂട്ടിയിട്ടിരുന്ന വസ്തുക്കളിൽ നിന്നും വളരെ പാടുപെട്ടാണ് അച്ഛന്റെ ചാരുകസേര പുറത്തേക്ക് വലിച്ചെടുത്തത് പല ഭാഗങ്ങളും അടർന്ന് പോയിരുന്നു ഉപേക്ഷിക്കപ്പെട്ട ആ കസേര താഴേക്കിറക്കി പൊടി തട്ടി എടുത്തു. മേലേടത്തെ ശേഖരന്റെയും ഭാനുമതിയുടെയും മൂത്ത മകൻ രതീഷ് ശേഖർ എന്ന ഞാനും അനുജൻ രാജേഷ് ശേഖറും അടങ്ങുന്ന കുടുംബം. പട്ടാളക്കാരനായ അച്ഛൻ. പഠനത്തോടൊപ്പം ക്രിക്കറ്റ് ഭ്രാന്തും തലയിലേറ്റി നടന്നിരുന്ന കാലം. അച്ഛന്റെ അവധി ദിനങ്ങൾ അടുക്കുമ്പോൾ അമ്മ പറയാതെ തന്നെ എല്ലാവരും അറിഞ്ഞിരുന്നു. അലമാരയിലെ അച്ഛന്റെ ഷർട്ടും മുണ്ടും ഒന്നു കൂടി കഴുകി ഉണക്കി അമ്മ മടക്കി വയ്ക്കുമ്പോൾ അറിയാം അച്ഛന്റെ വരവ് അടുത്തിരിക്കുന്നു എന്ന്. അമ്മയ്ക്ക് അച്ഛന്റെ ഓരോ വരവും ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു. പക്ഷെ എന്റെയും അനിയന്റെയും രാവിലെ എട്ട് മണി വരെയുള്ള ഉറക്കവും രാത്രി പത്ത് മണി വരെയുള്ള ചുറ്റിക്കറങ്ങലും എല്ലാം അച്ഛന്റെ വരവോടെ അവസാനിക്കുന്നതോർക്കുമ്പോൾ അച്ഛന്റെ നാട്ടിലേക്കുള്ള വരവ് ഞങ്ങൾക്ക് അത്ര സന്തോഷം നൽകാറില്ല. പട്ടാളക്കാരനായ അച്ഛൻ അതേ ചിട്ടകളാണ് ഞങ്ങളുടെ ജീവിതത്തിലും നടപ്പിലാക്കിയിരുന്നത്. ഞങ്ങളെ രണ്ട് മക്കളേയും പട്ടാളക്കാരാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷെ എന്നെ പട്ടാളക്കാരനാക്കാൻ അമ്മ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.

ഡിഗ്രി പൂർത്തിയായി റിസൽട്ടിനായി കാത്തിരിക്കുന്ന സമയം. സെക്കന്റ് ഷോയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പതിവില്ലാതെ മുൻവശത്തെ വെട്ടം അണഞ്ഞിരുന്നു. വാതിലിൽ പതിയെ മുട്ടിയപ്പോൾ പതിവിലും വൈകുന്നു തുറക്കാൻ. പിന്നെ പതിയെ ബെല്ലിൽ വിരലമർത്തി. വാതിൽ തുറന്നത് അച്ഛനായിരുന്നു. കൂട്ടുകാർ ചേർന്ന് പിരിയാൻ നേരം അടിച്ച വോട്ക്കയുടെ ലഹരിയിലായിരുന്ന ഞാൻ പെട്ടന്ന് വല്ലാതായി. "എവിടായിരുന്നു ഇതുവരെ ഈ പാതിരാത്രി വരെ നിനക്കെന്താണ് പരിപാടി." "ഒന്നുമില്ല അച്ഛാ അത് ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഒരു സിനിമ അതാ നേരം വൈകിയത്. അച്ഛനെപ്പോൾ വന്നു.?" മറുപടിയായി പടക്കം പൊട്ടുന്ന ശബ്ദത്തോടെയുള്ള അടിയാണ് എന്റെ കവിളിൽ പതിച്ചത്..! "നിന്റെ അകത്തെന്താ കള്ളോ കഞ്ചാവോ.? അതോ രണ്ടും കൂടിയോ...? പട്ടാളക്കാരനായ ഞാൻ ഈ വീട്ടിൽ മദ്യപിച്ച് എന്നെങ്കിലും നീ കണ്ടിട്ടുണ്ടോ?" നിറകണ്ണുകളുമായി അച്ഛന്റെ പുറകിൽ അമ്മയുണ്ട്. ഞങ്ങളുടെ ഇടയിൽ മൗനത്തിന്റെ മൂടുപടം അണിഞ്ഞല്ലാതെ അമ്മയെ ഞങ്ങൾ കണ്ടിട്ടില്ല. എന്നെ ആക്രമിക്കുവാനായി തൊട്ടടുത്ത് കിടന്നിരുന്ന കസേര അച്ഛൻ വലിച്ചെടുത്തു. എന്റെ കണ്ണുകളിൽ അച്ഛനോടുള്ള പക ആളിക്കത്തി ചെറുപ്പം മുതൽ അനുഭവിക്കുന്ന പീഡനങ്ങൾ. തൊട്ടടുത്ത് കിടന്നിരുന്ന ചാരുകസേര ഞാനും വലിച്ചെടുത്തുയർത്തി.

പെട്ടന്ന് അച്ഛന് പിറകിൽ നിന്നിരുന്ന അമ്മ അച്ഛനെ തള്ളി മാറ്റി മുന്നിലെത്തി. 'താഴെയിട് കണ്ണാ കസേര' എന്ന് പറഞ്ഞതും കിട്ടി അമ്മയുടെ വീതവും ഒന്ന്. മനസ്സിനുള്ളിൽ ഒരുപാട് നക്ഷത്രങ്ങൾ ഒരുമിച്ച് മിന്നിത്തെളിഞ്ഞു. കൈയ്യിലിരുന്ന കസേര ഞാൻ ഭിത്തിയിലേക്ക് ആഞ്ഞടിച്ചു..! "തൊട്ടു പോകരുത് എന്നെ ഇനി മേലിൽ. കുറെ ആയി ഞാൻ സഹിക്കുന്നു ഇതോടെ നിർത്തിക്കോണം എല്ലാം." ഞാൻ അകത്തേക്ക് നടക്കുമ്പോൾ ജീവിതത്തിൽ ആദ്യമായി അച്ഛന്റെ കണ്ണുകൾ നിറഞ്ഞ് കണ്ടു. അവധി കഴിഞ്ഞ് മടങ്ങുന്നതു വരെ അച്ഛൻ എന്നോട് സംസാരിച്ചിട്ടില്ല. അവധി കഴിഞ്ഞ് തിരിച്ച് മടങ്ങിയ അച്ഛനെ പിന്നീട് ഞങ്ങൾ കണ്ടിട്ടില്ല. അച്ഛനടക്കം ഏഴ് പേർ സഞ്ചരിച്ചിരുന്ന യുദ്ധവിമാനം ഹിമാലയൻ പർവ്വതനിരകളിൽ എവിടേയോ കാണാതാവുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പുറമെ പരുക്കനായിരുന്നെങ്കിലും ആ ഹൃദയത്തിൽ ഞങ്ങളോട് ഒരുപാട് സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നു എന്ന് അച്ഛന്റെ പെട്ടിയിൽ നിന്നും എനിക്ക് ലഭിച്ച ഡയറിയിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി..!

കണ്ണാ എന്നെങ്കിലും എന്റെ മരണശേഷമാണെങ്കിൽ കൂടി ഈ ഡയറി നീ കാണാനിടയായാൽ അന്ന് നിനക്ക് മനസ്സിലാകും അച്ഛൻ എത്ര മാത്രം നിങ്ങളെ സ്നേഹിച്ചിരുന്നു എന്ന്. എന്റെ അച്ഛൻ എന്നെ എങ്ങനെ വളർത്തിയോ അതുപോലെയാണ് ഞാൻ നിങ്ങളെയും വളർത്താൻ ശ്രമിച്ചത്. എകദേശം പത്ത് വയസ്സ് വരെ ഒരു കൂട്ടുകാരനേപ്പോലെ ആയിരുന്നു ഞാൻ നിങ്ങളോട്. നിങ്ങളോടുള്ള എന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോൾ എനിക്ക് കുറച്ച് മാറ്റി ചിന്തിക്കേണ്ടി വന്നു. എന്റെ സഹപ്രവർത്തകരുടെ പല കുട്ടികളും മാതാപിതാക്കന്മാരുടെ അമിത സ്വാതന്ത്ര്യവും സ്നേഹവും മുതലെടുത്ത് വഴി തെറ്റിയപ്പോളാണ് എനിക്ക് മാറ്റി ചിന്തിക്കേണ്ടി വന്നത്. അതൊരിക്കലും ഞാൻ നിങ്ങളിൽ നടപ്പാക്കിയത് സന്തോഷത്തോടു കൂടി ആയിരുന്നില്ല. നിങ്ങളെ ഓരോ പ്രാവശ്യം ശിക്ഷിക്കേണ്ടി വരുമ്പോഴും അതിലേറെ ഞാൻ സങ്കടപ്പെട്ടിരുന്നു. എന്റെ നിറഞ്ഞ കണ്ണുകൾ ഞാൻ തുടയ്ക്കുന്നത് പലപ്പോഴും അമ്മ കാണാറുള്ളതാണ്. കണ്ണിൽ കരട് പോയെന്നോ എന്തെങ്കിലും പറഞ്ഞ് പലപ്പോഴും ഞാൻ ഒഴിഞ്ഞ് മാറുകയാണ് പതിവ്. എല്ലാം അറിഞ്ഞിട്ടും നിശബ്ദയായി നൊമ്പരങ്ങൾ ഉള്ളിലടക്കി അവളും. അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ വില അവർ വിട്ടുപിരിയുമ്പോഴാണ് സത്യത്തിൽ നമ്മൾ മനസ്സിലാക്കുന്നത്. അതെനിക്ക് മനസ്സിലായത് എന്റെ മാതാപിതാക്കൾ എന്നെ തനിച്ചാക്കി കടന്ന് പോയപ്പോഴാണ്. നിനക്കും മനസ്സിലാകും ഞങ്ങൾ കടന്ന് പോയിക്കഴിയുമ്പോൾ. നിറഞ്ഞൊഴുകിയ കണ്ണുകൾ അമർത്തി തുടച്ച് ഞാൻ ഡയറി അടച്ചു.

വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അമ്മ അച്ഛന്റെ വിയോഗത്തിൽ നിന്നും മുക്തയായില്ല. ഒരു യാത്ര പോലും പറയാതെയുള്ള അച്ഛന്റെ വിയോഗം എല്ലാവരേയും മാനസികമായി തളർത്തി. തളർച്ചയിൽ നിന്നും ഒന്ന് കുതിച്ചുയരാനായി അമ്മയുടെ അനുഗ്രഹത്തോടെ ഞാനും അച്ഛനേപ്പോലെ ഒരു പട്ടാളക്കാരനായി. ഇന്ന് ഞാൻ മേജർ രതീഷ് ശേഖർ. പാക് സേനയുടെ ശക്തമായ വെടിവെയ്പ്പിനെ ചെറുത്ത് തോൽപ്പിച്ച ഞങ്ങൾ ഒരു ദിവസം അതിർത്തി കടന്ന് ഭീകരതാവളങ്ങൾ ആക്രമിക്കുന്നതിനായി അകത്തേക്ക് കടന്നു. ശക്തമായ ആക്രമണങ്ങളിൽ ഞങ്ങൾ പല താവളങ്ങളും തകർത്തു. അവസാന താവളവും തകർത്ത് തിരികെ വരുമ്പോൾ തകർത്ത താവളത്തിന് തൊട്ടരികിലൂടെ ഭൂമിക്കടിയിലേക്കുള്ള സ്റ്റെപ്പുകൾ ഞങ്ങളുടെ കണ്ണിൽപ്പെടുന്നത്. കുറച്ച് പേരെ പുറമെ കാവൽ നിർത്തി ഞങ്ങൾ താഴേക്കിറങ്ങി. താഴെ കണ്ട കാഴ്ച്ച ഏതൊരാളുടെയും മനസ്സിന്റെ താളം തെറ്റിക്കുന്നതായിരുന്നു. നിരനിരയായി പണികഴിപ്പിച്ചിരിക്കുന്ന സെല്ലുകളിൽ തടവുകാരായി പാർപ്പിച്ചിരിക്കുന്ന ഇന്ത്യാക്കാർ ഒറ്റനോട്ടത്തിൽ അറിയാം കൊടിയ പീഢനവും പട്ടിണിയും പലരേയും മാനസികരോഗികളാക്കി മാറ്റിയിരിക്കുന്നു. ഓരോരുത്തരേയായി ഞങ്ങൾ പുറത്തേക്കിറക്കി. അവസാനത്തെ ആളെ കൈപിടിച്ച് മുകളിലേക്ക് കയറ്റുമ്പോൾ ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ച് നോക്കി...! അച്ഛൻ.

ഞാൻ അച്ഛനെ എന്നോട് ചേർത്ത് പിടിച്ചു. പതറിയ കണ്ണുകളുമായി മുന്നിൽ കണ്ട സീനിയർ ഉദ്യോഗസ്ഥനായ എനിക്ക് പതിയെ ഒരു സല്യൂട്ട് നൽകി മുന്നിൽ നിൽക്കുന്നത് സ്വന്തം മകനാണെന്ന് പോലും അറിയാതെ. അതാണ് ഓരോ ഇന്ത്യൻ സൈനികന്റെയും മനസ്സിൽ ഉള്ള സീനിയർ ഉദ്യോഗസ്ഥനോടുള്ള ബഹുമാനം. സൈനിക നടപടികൾക്കു ശേഷം അച്ഛനേയും കൂട്ടി ഞാൻ ഇന്നലെയാണ് വീട്ടിലെത്തിയത്. അച്ഛന്റെ പഴയ ചാരുകസേര നന്നാക്കി ഞാനും അനിയനും ചേർന്ന് വീണ്ടും അവിടെത്തന്നെ കൊണ്ടുവന്നിട്ടു. അച്ഛനെ താങ്ങിയെടുത്ത് ആ കസേരയിലിരുത്തി. അമ്മയുടെ നഷ്ടപ്പെട്ട കണ്ണുകളിലെ പ്രസരിപ്പ് വീണ്ടും തിരിച്ചു വന്നിരിക്കുന്നു. അച്ഛൻ പതിയെ പുതിയ ജീവിതത്തിലേക്കും.

Content Summary: Malayalam Short Story ' Mounanomparangal ' written by Raju P. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com