ADVERTISEMENT

എനിക്ക് വന്ന കത്തുകളിലെല്ലാം പ്രസിദ്ധമായ ആ പിരിയൻ ഗോവണിയെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നു. അതിനെപ്പറ്റി പറയുമ്പോൾ ആയിരം നാവായിരുന്നു അവൾക്ക്. അവളുടെ സർഗ്ഗാത്മകത ഉണരുന്നത് ആ ഗോവണി കാണുമ്പോൾ ആയിരുന്നെന്നു മനസ്സിലായി, അതിനെപ്പറ്റി ചിന്തിക്കുമ്പോൾ ആണെന്ന് മനസ്സിലായി! ഒരിക്കൽ അവളുടെ കത്തിൽ സൂചിപ്പിക്കുകയുണ്ടായി.. "എത്രയെത്ര പ്രണയങ്ങൾക്കാണെന്നോ ആ പിരിയൻ നിശബ്ദമായ വേദിയൊരുക്കി കൊടുത്തിട്ടുള്ളത്. എത്രയെത്ര "സീമോൺ ദി ബൂവ - ഴാങ് പോൾ സാർത്രുമാരും," "ദസ്തയോവ്സ്ക്കി - അന്ന ഗ്രിവ്നോന" , "കാറൽ മാർക്സ് - ജന്നി മാരും" ആ പിരിയൻ ഗോവണിയുടെ ചുവട്ടിൽ വെച്ച്... അങ്ങനെ എത്രയെത്ര... പ്രണയം! കൈമാറിയിട്ടുള്ളതെന്നോ...? പിന്നീടൊരിക്കലവളെഴുതിയത് ഇങ്ങനെയായിരുന്നു... ‘ഒരു സൺഡേയിൽ മഹാരാജാവിന്റെ നാമധേയമുള്ള കോളേജിന്റകത്തളങ്ങളിലേയ്ക്ക് കയറിയപ്പോൾ ശരിക്കും ഞാൻ കണ്ടു ആ കോളേജ് ക്യാമ്പസ്.. യഥാർഥത്തിൽ ഞാൻ കോളേജിന്റെ ആത്മാവിനെ അന്നാദ്യമായിട്ട് കാണുകയായിരുന്നു. തൊട്ടറിയുകയായിരുന്നു ഞാൻ...’

അന്ന് അവൾ ഇങ്ങ് തെക്ക് മയൂരസന്ദേശത്തിന്റെ നാട്ടിലെ കോളേജിലായിരുന്ന എനിക്ക് ഒരു സന്ദേശമയച്ചു. അതിപ്രകാരമായിരുന്നു.. ‘സുഹൃത്തേ നിന്റെ കോളേജ് ക്യാമ്പസ് എങ്ങനെയെന്നെനിക്കറിയില്ല, പക്ഷേ എന്റെ ക്യാമ്പസിൽ പല ബ്ലോക്കുകളായി അനേകം സൗധങ്ങൾ.. അതിനടുത്തായി പച്ചപ്പു വിരിച്ചതും പൂത്തതും തളിർത്തതുമായ അനേകം വൃക്ഷലതാതികൾ.., അതിനൊക്കെ ചുവട്ടിൽ തങ്ങളുടെ പ്രണയവും സൗഹൃദങ്ങളും ഒക്കെ കൈമാറി പ്രണയ ജോഡികളും...’ അവളുടെ സന്ദേശം തുടരുന്നു, ‘ചിലരുടെ മനസ്സിൽ പ്രണയത്തിന്റെ സർഗ്ഗാത്മകതകളാണെങ്കിൽ, മറ്റ് ചിലരിൽ വിപ്ലവത്തിന്റെ ചെങ്കനലുകൾ... മറ്റു ചിലരിൽ സാഹിത്യത്തിന്റെ സർഗ്ഗാത്മകതകൾ.. മറ്റ് ചിലരിൽ പഠിത്തത്തിന്റെ ലക്ഷ്യബോധങ്ങൾ.. പക്ഷേ എല്ലാവരിലും പൊതുവായി കാണാവുന്നത് ഒരു പക്ഷേ! ഓരോ മനസ്സിലും പ്രണയത്തിന്റെ വൃന്ദാവനം അവിടവിടെ പൂത്തു നിൽക്കുന്നതായിരിക്കാം.. കാരണം ആ അന്തരീക്ഷത്തിൽ ആരാണ് ഒരിക്കലെങ്കിലും ഒന്ന് പ്രണയിച്ച് പോകാത്തത്..’

2

എന്റെ ആകാംക്ഷ അവിടെ കൊണ്ടു നിന്നില്ല... പല തലമുറകളുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ - പല ജീനിയസ്സുകളും കടന്നുപോയ ആ ക്യാമ്പസിന്റെ വഴിത്താരകൾ.. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരുക്കൻ ശബ്ദം മുഴങ്ങുന്ന ആ ക്യാമ്പസ്..

"ഇരുളു മോർമ്മതൻ സീമയിൽ ചുംബിക്കു 

മിരു സമാന്തര രേഖകളല്ലേ നാം

ഒരു വിലപ്പെട്ട ജന്മം മുഴുവൻ ഒരു വാക്കിനക്കരെയക്കരെ

കടവു തോണി കിട്ടാതെ നിൽക്കുന്നവർ...."

പരുക്കൻ ശബ്ദത്തിൽ മുഴക്കങ്ങളാകുകയാണത്. രാഷ്ട്രീയക്കാരിലെ സാഹിത്യകാരന്മാർ, സാഹിത്യകാരന്മാരിലെ രാഷ്ട്രീയക്കാർ വയലാർ രവി - മേഴ്‌സി, റ്റി. വി. തോമസ് - ഉമാ, ബാലചന്ദ്രൻ ചുള്ളിക്കാട് - വിജയലക്ഷ്മി അങ്ങനെ എത്രയെത്ര പേർ പ്രണയഭൂമിയിൽ പ്രണയസൗഗന്ധികം വിരിയിച്ചു കടന്നുപോയവർ.. പിന്നെ മഹാനടൻ മമ്മൂട്ടി... സലിം കുമാർ തുടങ്ങിയ പല പ്രഗൽഭരും ചവുട്ടി കടന്നുപോയ, പലരും പാടിയും പറഞ്ഞും പുകഴ്ത്തിയ പിരിയൻ ഗോവണി കാണാനുള്ള ആകാംക്ഷയായിരുന്നു അന്നും എനിക്ക്.. പതിവു പോലെ അന്നും ഞാൻ നേരെ പോയത് അതിനടുത്തേക്ക് തന്നെ.. ഞാനവിടെ ചെല്ലുമ്പോൾ അതിന്റെ ചുവട്ടിലായി രണ്ട് പ്രണയ ജോഡികൾ. അവർ പരസ്പരം അവരുടെ പ്രണയങ്ങൾ കൈമാറുകയായിരുന്നു.. അപ്പോൾ എല്ലാത്തിനും സാക്ഷിയായി, പ്രണയത്തിന്റെ സ്മാരകമെന്നോണം ആ പിരിയൻ ഗോവണി! പക്ഷേ അതല്ലായിരുന്നു എന്നെ അതിശയിപ്പിച്ചത്.. ആ പ്രണയജോഡികളിൽ ഒന്നു ഞാനും മറ്റൊന്ന് (നിന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും) നീയുമായിരുന്നു എന്നതാണ് സത്യം! ഞാൻ കാണാത്ത നിന്നെ കാണാൻ അപ്പോൾ അത്ര രസമായിരുന്നു.." ഭ്രാന്ത് അല്ലാതെന്ത്..? അല്ലേ...? എനിക്ക് നൊസുപിടിപെട്ടിരിക്കുന്നു.

പിന്നീട് കുറച്ചു കാലം കൂടി എവിടുന്നു പുറപ്പെട്ടെന്നറിയാത്ത അവളുടെ കത്തുകൾ വന്ന് കൊണ്ടേയിരുന്നു അയാൾക്ക്... കാലം ഓർമ്മകളേയും സംഭവങ്ങളേയും മായ്ച്ചുകളഞ്ഞു കൊണ്ട് അകന്നകന്ന് പോയി. മാറി മാറി വരുന്ന ജോലി സ്ഥലങ്ങൾ.. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ..., പെടാപ്പാടു പെടുന്ന ജീവിതത്തിന്റെ സർക്കസ്സിനിടയിൽ മനപ്പൂർവ്വമോ അല്ലാതെയോ എല്ലാം മറന്നു! ജീവിതത്തിന്റെ സുന്ദര നിമിഷങ്ങൾ. അല്ല മറന്നെന്നു നടിച്ചു.. അതാകും കൂടുതൽ ശരി.. മനുഷ്യനെന്ന നടന്റെ യഥാർഥ നാടകം !

3

ദാ ഇന്നിപ്പോൾ തുറമുഖ നഗരത്തിൽ രാജപ്രൗഢിയോടെ നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ കോളേജ് ക്യാമ്പസിനടുത്ത് നിൽക്കുമ്പോൾ വീണ്ടുമാ പിരിയൻ ഗോവണി കാണാനൊരു മോഹം! കോവിഡ് മഹാമാരി പരത്തിയ ഭീതി നിലനിന്നിരുന്ന ഒരു ഉച്ചയിലാണ് പിരിയൻ ഗോവണി കാണാൻ പുറപ്പെട്ടത്. കോവിഡ് കാലമായതു കൊണ്ടു കോളേജിൽ ആരുമുണ്ടായിരുന്നില്ല! ഇതിനു മുൻപ് പരിസരങ്ങളിൽ നിന്നു മാത്രമാണ് ആ കോളജ് കണ്ടിട്ടുളളത്, പിന്നെ അവളുടെ കത്തുകളിലൂടെയും.. അവൾ പറഞ്ഞ് പഴകിയതെല്ലാം പൊട്ടും പൊടിയും, വൃക്ഷങ്ങളും സൗധങ്ങളും എല്ലാം അതുപോലെ തന്നെ ഒരു മാറ്റവുമില്ല. ക്യാമ്പസിലെ പ്രണയങ്ങളുടെ താവളമായ പിരിയൻ ഗോവണിയെവിടെ..? ആകാംക്ഷയോടെ ചെന്ന് നോക്കുമ്പോഴുണ്ട് ദാ മുന്നിൽ... പിരിയൻ ഗോവണി..! രണ്ട് പേർ അതിനു താഴെ... വർഷങ്ങൾക്കു മുൻപേ നിലയുറപ്പിച്ച മാതിരി നിൽക്കുന്നുണ്ട്..! അയാൾ സൂക്ഷിച്ചു നോക്കി. അതേ. അത് അവൾ തന്നെ! ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും എനിക്കറിയാം അവളെ.. എഴുത്തിലൂടവൾ പകർന്നു തന്ന സമൃദ്ധി അതു മതിയായിരുന്നല്ലോ അവളെ തിരിച്ചറിയാൻ.. അപ്പോൾ കൂടുള്ളതോ...? എവിടൊക്കെയോ അൽപ്പം നരച്ചു തുടങ്ങിയൊരാൾ. എന്ത്...? അത് താനല്ലയോ....? നടുക്കുന്നതായിരുന്നില്ല ആ തിരിച്ചറിവ് മറിച്ച് ഏറെ സുഖമുള്ളതും കണ്ണിനു കുളിർമ്മയുള്ളതുമായിരുന്നു ആ കാഴ്ച!

തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി "ഹേയ് സാറെ... വരാൻ കണ്ടൊരു നേരം..., ഞാനെത്ര ആശിച്ചതാ... പക്ഷേ വന്നപ്പോഴേക്കും," ഹേയ്.. ആരേം കാണാനില്ലല്ലോ..? "പ്രിയപ്പെട്ടവനേ.. നീ നോക്കിയാൽ കാണില്ല. ഞാനൊത്തിരി ഒത്തിരി ദൂരത്ത്.. ദാ.. ആ നക്ഷത്ര കൂട്ടങ്ങളുടെ..." അയാൾ പടിഞ്ഞാറേ  ആകാശത്തേയ്ക്ക് നോക്കി. അടുത്തുള്ള കടലിൽ ഹാംഗറു ചെയ്തു കിടക്കുന്ന കപ്പലുകൾക്കു മുകളിൽ എരിഞ്ഞടങ്ങി കൊണ്ടിരിക്കുന്ന സന്ധ്യയുടെ രക്തഛവി! അവിടെ കായലും കടലും സംഗമിക്കുന്ന തീരത്ത് ആകാശത്തിൽ പൊട്ടു പോലൊരു വെട്ടം! ആ ദർശനത്തിന്റെ തൃപ്തിയിൽ അയാൾ ക്യാമ്പസ്സിന് പുറത്തേക്ക് നടന്നു.

4

അപ്പോൾ പിന്നിൽ പലരുടെയും ഓർമ്മകളുടെ രക്തസാക്ഷിയെന്നോണം - പ്രണയങ്ങളുടെ രക്തസാക്ഷിയെന്നോണം, ഒരു നോക്കുകുത്തിയായി പിരിയൻ ഗോവണി ചലനമറ്റ് കിടന്നിരുന്നു, ഒപ്പം അതിന്റെ ചുവട്ടിലെ ദർശനങ്ങളായ ആ ചിത്രവും ഒളിമങ്ങാതെ കിടന്നിരുന്നു. അയാളുടെ മനസ്സിൽ.! അതെ പാബ്ലോ നെരൂദയുടെ വരികൾ തന്നെ കടമെടുത്തു കൊണ്ടവസാനിപ്പിക്കാം... ഈ ഓർമ്മകുറിപ്പ്,

"അവൾ സഹിപ്പിച്ച ദുഃഖ ശതങ്ങളിൽ

ഒടുവിലത്തെ സഹനമിതെങ്കിലും

ഇതുവരേയ്ക്കവൾക്കായിക്കുറിച്ചതിൻ 

ഒടുവിലത്തെക്കവിതയിതെങ്കിലും

കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ...

അപ്പോഴേയ്ക്കും സൂര്യൻ തന്റെ യാത്ര അവസാനിപ്പിച്ച് ചക്രവാളത്തിൽ മറഞ്ഞു കഴിഞ്ഞിരുന്നു. അയാൾ ലക്ഷ്യമില്ലാതെ നടന്നു. ഉള്ളിൽ ഒരിക്കലും കാണാത്തവളുടെ ഓർമകളും... മുന്നിൽ അയാളുടെ നിഴലും.

Content Summary: Malayalam Short Story ' Piriyan Govani ' written by Mangalam Shivan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com