ADVERTISEMENT

സ്നേഹപ്രകടനത്തിന്റെ ഒരു ഇമോജി ആലേഖനം ചെയ്ത ഓറഞ്ചു നിറമുള്ള കപ്പിലെ കടും ചുവപ്പാർന്ന കട്ടൻ ചായ ഒറ്റവലിക്ക് കുടിച്ച്, മേശപ്പുറത്തു നിന്നും കറുത്ത ഫ്രെയിമുള്ള കണ്ണടയെടുത്ത് ധരിച്ച് 'വിസ്‌ഡം' ഡിജിറ്റൽ വീക്കിലിയുടെ എഡിറ്റർ രൂപശ്രീ ഉൽക്കർഷ് തന്റെ  ലാപ്ടോപ്പിൽ 'ജനറേറ്റർ' എന്ന നോവലിന്റെ  ഡി.ടി.പി  ചെയ്ത വേർഡ് ഫയൽ തുറന്ന് പേജുകൾ താഴേക്ക് സ്ക്രോൾ ചെയ്തു കൊണ്ട് പറഞ്ഞു : "അറാഫത്ത്... നോവലിന്റെ ഏഴാം അധ്യായത്തിൽ ആലുവ പട്ടണവും പ്രാന്തപ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന സായാഹ്നത്തെക്കുറിച്ചാണ് പറയുന്നത്. അതിലെനിക്കുള്ള ചില കൗണ്ടറുകൾ ഞാൻ ഷെയർ ചെയ്യാം..." "ഓ.കെ, പറഞ്ഞോളൂ മാഡം..." ഞാൻ തലയാട്ടിക്കൊണ്ട് പറഞ്ഞു. അയച്ചു കിട്ടുന്ന സാഹിത്യ സൃഷ്ടികൾ വായിച്ചു കഴിഞ്ഞാൽ അത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് തോന്നുകയും, എന്നാൽ അതിലെ ചില കാര്യങ്ങളിലെങ്കിലും ബോധ്യം വരാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ രൂപശ്രീ ഉൽക്കർഷ് എന്ന സമർഥയായ എഡിറ്റർ എഴുത്തുകാരെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കുക പതിവാണ്. എഴുത്തുകാരോട് അവർ അവരുടെ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും നേരിൽ പറയും. എഴുത്തുകാർ നൽകുന്ന മറുപടികളും വിശദീകരണങ്ങളും തൃപ്തികരമാണെങ്കിൽ അവർ അത്തരം ഭാഗങ്ങൾ അതേ പടി നിലനിർത്താൻ തയാറാകും. അല്ലെങ്കിൽ അത് എഴുത്തുകാരുടെ അനുമതിയോടെ എഡിറ്റ് ചെയ്ത് മാറ്റുകയോ, തന്റെ ബോധ്യത്തിനനുസരിച്ച് മാറ്റിയെഴുതിക്കുകയോ ചെയ്യും. ചില എഴുത്തുകാർ തങ്ങൾ എഴുതി വെച്ചിരിക്കുന്നത് അതേ പടി പ്രസിദ്ധീകരിക്കണമെന്ന് വാശി പിടിക്കും. അത്തരക്കാരെ രൂപശ്രീ ഉൽക്കർഷ് അതിവിദഗ്ധമായി ഒഴിവാക്കും. അങ്ങനെയുള്ള എഴുത്തുകാരുടെ രചനകൾ പിന്നെ 'വിസ്ഡ'ത്തിൽ വെളിച്ചം കാണുകയുമില്ല.

എന്തായാലും ഞാനങ്ങനെ പിടിവാശിയുള്ള എഴുത്തുകാരനല്ല. ഞാനെഴുതിവെക്കുന്നതെല്ലാം കൃത്യമാണെന്ന മിഥ്യാ ധാരണയൊന്നും എനിക്കില്ല. മനുഷ്യസഹജമായ പിഴവുകൾ തീർച്ചയായും സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ പത്രാധിപന്മാരുടെ സർഗാത്മകമായ തിരുത്തലുകളെ ഞാൻ സ്വാഗതം ചെയ്യാറേയുള്ളൂ. നിങ്ങളെഴുതുന്ന കാര്യങ്ങൾ ഒരു പത്രാധിപർക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ പിന്നെ അതെങ്ങനെ ജനസഹസ്രങ്ങൾക്ക് ബോധ്യപ്പെടും? രൂപശ്രീ ഉൽക്കർഷ് പറഞ്ഞു:"വെള്ളപ്പൊക്കത്തിന്റെ ആ സായാഹ്നത്തിൽ ഭാര്യാ വീട്ടിലായിരുന്ന നായകൻ ഭാര്യയേയും അവളുടെ മാതാപിതാക്കളേയും അനുജത്തിയേയും കൂട്ടി സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അപ്പോൾ ഭാര്യാ പിതാവ് അയാളോട് പറയുന്നത് 'ഞങ്ങൾ എങ്ങോട്ടുമില്ല, നിനക്ക് ഭയമാണെങ്കിൽ നീ എവിടേക്കെങ്കിലും ഓടിപ്പൊയ്ക്കോ' എന്നാണ്. അറാഫത്ത്... ആലുവാ പുഴ കരകവിഞ്ഞു കഴിഞ്ഞു. നാല്പാടുനിന്നും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന നിർദേശം അധികൃതർ നൽകിയും കഴിഞ്ഞു. അത്തരമൊരു അവസ്ഥയിൽ എങ്ങനേയും അവിടം വിടാനല്ലേ ആരും ശ്രമിക്കൂ? രക്ഷപ്പെടുത്താൻ ഉദ്ദേശിക്കുന്നവന്റെ മുഖത്ത് നോക്കി 'എങ്ങോട്ടേക്കുമില്ല' എന്ന വിഡ്ഢിത്തം ആരെങ്കിലും പറയുമോ?" ഞാൻ പറഞ്ഞു: "മാഡം... ആന്ത്രോത്ത് ദ്വീപിൽ പത്തിരുപത് കൊല്ലം പലചരക്ക് പീടികയും ഹോട്ടലുമൊക്കെ നടത്തി നാട്ടിൽ വന്നയാളാണ് നായകന്റെ ഭാര്യാപിതാവ്. ദ്വീപിലെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ച ഒരാളായത് കൊണ്ട് അതിന്റേതായ ഒരു കടുപ്പവും മുറുക്കവും കാർക്കശ്യവുമെല്ലാം അയാളുടെ സ്വഭാവത്തിലും നിലപാടുകളിലും ഉണ്ട്. മാത്രമല്ല മരുമകനെ അനുസരിച്ച് അവനോടൊപ്പം പോയാൽ അത് കുറച്ചിലാകുമെന്ന ഈഗോ പ്രശ്നവും അയാൾക്കുണ്ട്. ബോസി ക്യാരക്റ്റർ ഉള്ള അയാളെ സംബന്ധിച്ചിടത്തോളം അതൊക്കെ വലിയ തോറ്റുപോകലാണ്. വിമർശനങ്ങൾക്കതീതനാകണമെന്ന് അതിയായി ആഗ്രഹിക്കുന്ന അയാൾ ദുരഭിമാനങ്ങളുടെ തമ്പുരാനാണെന്ന് നോവലിന്റെ തുടർന്നുള്ള അധ്യായങ്ങളിൽ പറഞ്ഞു വെക്കുന്നുണ്ട്." ഞാനീ പറഞ്ഞതെല്ലാം അതീവ ശ്രദ്ധയോടെ കേട്ടിരുന്നു രൂപശ്രീ ഉൽക്കർഷ്. പറഞ്ഞു തീർന്നതും അവർ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു. എന്റെ മറുപടി അവർക്ക് സ്വീകാര്യമായി എന്നത് എനിക്കവരുടെ കണ്ണുകളുടെ തിളക്കത്തിൽ കാണാൻ കഴിഞ്ഞു.

അൽപ്പ സമയത്തിന് ശേഷം അവർ പറഞ്ഞു: "ഈ ഭാര്യാപിതാവ് ഒരു നെഗറ്റിവ് ഷേഡുള്ള ക്യാരക്റ്ററാണ്. നോവലിലുടനീളം അയാളുടെ പ്രവർത്തികളും ശീലങ്ങളും സമീപനങ്ങളുമെല്ലാം  അസാധാരണത്വം കലർന്ന തരത്തിലുള്ളതാണ്. മകളും മരുമകനും വീട്ടിൽ വരുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ഇല്ലാതാക്കുക, പഞ്ചായത്ത് വെള്ളം വരുന്ന പൈപ്പ് ലൈൻ ബ്ലോക്ക് ചെയ്ത് വെള്ളമില്ലാതാക്കുക, അത്താഴത്തിന് പരുക്കൻ റൊട്ടി വിളമ്പുക തുടങ്ങിയ കാര്യങ്ങൾ ഉദാഹരണം. ഇതെല്ലാം അറുപിശുക്കനായ ഒരാളുടെ ലാഭം നോക്കലുകൾ എന്ന അർഥത്തിൽ കൺവിൻസിങ്ങുമാണ്. എന്നാൽ നോവലിന്റെ അവസാന ഭാഗത്ത് ആലപ്പുഴയിലെ കുടുംബ സ്വത്ത് ഭാഗം വെക്കുന്ന അവസരത്തിൽ മരുമകൻ അതിൽ അവകാശിയാകാതിരിക്കാൻ അവനെ വിവാഹമോചനം ചെയ്ത് ഒഴിവാക്കാൻ അയാൾ മകളെ പ്രേരിപ്പിക്കുന്നുണ്ട്. അവൾ അത് വലിയ എതിർപ്പുകൾ പ്രകടിപ്പിക്കാതെ അനുസരിക്കുകയും ചെയ്യുന്നു. ഞാൻ ചോദിക്കുന്നത് ഏതെങ്കിലുമൊരു സ്ത്രീ അതിന് തയാറാകുമോ എന്നാണ്. ആറ് വർഷത്തിലധികം കാലം കൂടെ ജീവിച്ച സ്നേഹധനനും കെയറിങ്ങുമായ ഭർത്താവിനെ സ്വത്തിന് വേണ്ടി വളരെ ലാഘവത്തോടെ വിവാഹമോചനം ചെയ്യാൻ ഏതെങ്കിലും പെണ്ണിന് കഴിയുമോ? അത്തരത്തിൽ എഴുതിയത് അൽപ്പം കടന്നു പോയില്ലേ?" "ഞാനങ്ങനെ കരുതുന്നില്ല മാഡം.. സിറ്റുവേഷൻഷിപ്പിന്റെ ഏറ്റവും പുതിയ കാലത്ത് പങ്കാളികൾക്കിടയിൽ ദാമ്പത്യത്തിന്റെ ഇമോഷണൽ, സെന്റിമെന്റൽ എലമെന്റുകൾ അതിന്റേതായ തീവ്രതയിൽ വർക്ക്ഔട്ട് ആകുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വികാരശമനമടക്കമുള്ള ഒരു കാര്യത്തിനും പരസ്പരാശ്രയത്തിന്റെ  നിർബന്ധിതാവസ്ഥയില്ലാത്ത ഈ കാലത്ത് ആകർഷണവും അടുപ്പവും രാഗസ്നേഹങ്ങളുമെല്ലാം മറ്റൊരു തലത്തിലായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ നോവലിൽ ഞാനെഴുതിയത് സംഭവ്യമായ കാര്യമാണ്. കോടിക്കണക്കിന് രൂപയുടെ സ്വത്തിന് ഒറ്റയ്ക്ക് അവകാശിയാവുക എന്നതിനേക്കാൾ വലുതല്ല നായികയ്ക്ക് ദാമ്പത്യം. മുപ്പതും നാൽപ്പതും കൊല്ലം കൂടെ ജീവിച്ചയാളെ തലക്കടിച്ചും വിഷം കൊടുത്തുമൊക്കെ കൊല്ലുന്നു. സ്വത്തിനു വേണ്ടിയും കാമുകനുവേണ്ടിയുമൊക്കെ. പിന്നെയാണോ കേവലം ആറ് വർഷത്തെ ബന്ധത്തിന്റെ കാര്യം?" രൂപശ്രീ ഉൽക്കർഷ് അൽപ നേരം നിശബ്ദയായി ചിന്തിച്ചിരുന്നു. അവർ കണ്ണട മാറ്റി കണ്ണുകളടച്ചു. ഇളം നീല ചായം പൂശിയ കൺപോളകൾ..! മഞ്ഞൾ കാന്തിയുള്ള അവരുടെ കവിൾത്തുടുപ്പിൽ ചിന്തയുടെ അരുണിമ പടർന്നു കയറുന്നത് നല്ല രസത്തിൽ ഞാൻ നോക്കിയിരുന്നു. “നീ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു...." കണ്ണുകൾ തുറന്ന് എന്റെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട് അവർ പറഞ്ഞു. "ഞാനെന്തായാലും നിന്റെയീ നോവൽ അടുത്ത മാസം സെക്കൻഡ് വീക്ക് മുതൽ സീരിയലൈസ് ചെയ്യാൻ പോവുകയാണ്. താഴെ അക്കൗണ്ട്സിൽ ചെന്ന് അഡ്വാൻസ് തുകക്കുള്ള ചെക്ക് വാങ്ങിക്കൊള്ളൂ. ഞാൻ വിളിച്ചു പറഞ്ഞേക്കാം." "വളരെ നന്ദി മാഡം." ഞാൻ സന്തോഷത്തോടെ പോകാനായി എഴുന്നേൽക്കാനൊരുങ്ങി. 

പൊടുന്നനെ ഒരു യുവതി ക്യാബിൻ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കടന്ന് വന്നു, ഉറച്ച കാൽവെപ്പുകളോടെ.. “രൂപ മാഡം...." അവൾ ശബ്ദമുയർത്തി വിളിച്ചു. പിന്നെ പറഞ്ഞു: "കഴിഞ്ഞ ആഴ്ച്ച 'വിസ്ഡ'ത്തിൽ പ്രസിദ്ധീകരിച്ച അറാഫത്ത് ചെറമുറിക്കാരന്റെ 'തിളപ്പ്' എന്ന കഥ എന്നെക്കുറിച്ചുള്ളതാണ്. എന്നെ, എന്റെ മാതാപിതാക്കളെ, സഹോദരിയെ ഒക്കെ അയാളാ കഥയിലൂടെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ ഇന്ന് തന്നെ ആ കഥ പിൻവലിച്ച് എന്നോടും കുടുംബത്തോടും പരസ്യമായി മാപ്പ് പറയണം." രൂപശ്രീ ഉൽക്കർഷിന്റെ മുഖത്ത് നിഗൂഢമായ ഒരു ചിരി വിടർന്നു. അവർ ഇടം കണ്ണിട്ടെന്നെ നോക്കി. പിന്നെ ആ പെൺകുട്ടിയോട് പറഞ്ഞു: "ഞാൻ മനസ്സിലാക്കിയേടത്തോളം ഈ അറാഫത്ത് ചെറമുറിക്കാരൻ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ്. നിന്നെപ്പോലുള്ള ഒരു പെണ്ണിനെക്കുറിച്ചെഴുതേണ്ട ഗതികേടൊന്നും അയാൾക്കുണ്ട് എന്ന് തോന്നുന്നില്ല." പരിഹാസത്തോടെയുള്ള രൂപശ്രീയുടെ മറുപടി കേട്ട് ആ പെൺകുട്ടി ആളിക്കത്തി: "നിങ്ങൾക്കയാൾ വലിയ കഥാകൃത്തായിരിക്കും. അതിന് ചിലപ്പോൾ പല കാരണങ്ങളും കാണും.” അങ്ങനെ കൊള്ളിച്ച് പറഞ്ഞപ്പോൾ രൂപശ്രീയുടെ മുഖം ചുവന്നു. അവർ ആ പെൺകുട്ടിയെ തുറിച്ചു നോക്കി. പെൺകുട്ടി തുടർന്നു: “പക്ഷേ ഉപരിപ്ലവമായ റിപ്പോർട്ടിങ് ശൈലിയിൽ എഴുതുന്ന അയാളുടെ കഥകൾക്ക് എന്ത് നിലവാരമാണുള്ളത്? നാലാം കിട പ്രണയവും, ക്രൈമും അല്ലാത്ത  മറ്റെന്താണ് ആ കഥകളിലുള്ളത്? നിങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയുമോ എന്ന് പറയൂ..." ആ പെൺകുട്ടിയുടെ വാക്കുകൾ എന്നെ അലോസരപ്പെടുത്തി. അസ്വസ്ഥനാക്കി. കാരണം ആളുകളെ ബോധപൂർവ്വം അപഹസിക്കാനായി ദുരുദ്ദേശ്യത്തോടെ കഥകളെഴുതുന്ന ഒരെഴുത്തുകാരനല്ല ഞാൻ. എഴുതാനുള്ള കഴിവ് ദൈവീകമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പാരമ്പര്യം എനിക്ക് നൽകിയ വരദാനമാണത്. ആ സിദ്ധി ഉപയോഗിച്ച് ഞാൻ മോശം കാര്യങ്ങൾ ചെയ്തുകൂടാ എന്ന തിരിച്ചറിവ് എനിക്കുണ്ട്. ആ കുട്ടിയുടെ സാഹിത്യവിമർശനം പക്ഷേ ഞാൻ അവഗണിച്ചു. കഥകളെക്കുറിച്ചുള്ള അഭിപ്രായം പലർക്കും പല വിധത്തിലായിരിക്കും. വായിക്കുന്ന സമയത്തെ മാനസീകനില പോലും ആ അഭിപ്രായത്തെ സ്വാധീനിച്ചെന്നിരിക്കും. അതുകൊണ്ടു തന്നെ അത്തരം അഭിപ്രായങ്ങൾ ആപേക്ഷികം മാത്രമാണ്. എഴുത്ത് നല്ലതാണെന്ന് കേൾക്കുമ്പോൾ ഞാൻ സന്തോഷിക്കാത്തതും മോശമെന്ന് കേൾക്കുമ്പോൾ ദുഃഖിക്കാത്തതും ഇക്കാരണം കൊണ്ടാണ്. അഭിപ്രായങ്ങൾക്ക് പിന്നാലെ പോയി എഴുത്തുകാരൻ സമയം പാഴാക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. എല്ലാവരേയും തൃപ്തിപ്പെടുത്തി എഴുതാൻ സാധിക്കുകയുമില്ല. ഞാനേതായാലും സംയമനം പാലിച്ചു. നിശബ്ദനായിത്തന്നെ ഇരുന്നു. ആ കുട്ടി എന്നെ കണ്ടിരുന്നില്ല. അവളുടെ ശ്രദ്ധ മുഴുവൻ രൂപശ്രീയിലാണ്. 

രൂപശ്രീ ഉൽക്കർഷ് ചോദിച്ചു:"നീ ആ കഥയിലെ ഏത് കഥാപാത്രമാണെന്നാണ് നിനക്ക് തോന്നിയത്?" "നൈമ എന്ന കഥാപാത്രം." ആ പെൺകുട്ടി സംശയമേതുമില്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "നിന്റെ പേരെന്താണ്? നൈമ എന്നാണോ?" രൂപശ്രീയുടെ ചോദ്യം. "അല്ല... തഹ്‌നി എന്നാണ് എന്റെ പേര്." "ശരി. തഹ്‌നിയുടെ മാതാപിതാക്കളുടേയോ സഹോദരിയുടേയോ പേരുകൾ കഥാകൃത്ത് കഥയിൽ ഉപയോഗിച്ചിട്ടുണ്ടോ?" "ഇല്ല." "നിന്റെയും കുടുംബത്തിന്റെയും മേൽവിലാസം കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?" "ഇല്ല. സ്ഥലപ്പേരുണ്ട്." "സ്ഥലപ്പേരിലെന്തിരിക്കുന്നു തഹ്‌നീ...? ഒരു കഥ പറയുമ്പോൾ ആ കഥ എവിടെയാണ് നടക്കുന്നതെന്ന് മെൻഷൻ ചെയ്യുന്നത് കഥയിൽ വായനക്കാരന് വിശ്വാസ്യതയും ബോധ്യവും ഉണ്ടാകാൻ സഹായിക്കും. അതുകൊണ്ടുതന്നെ എഴുത്തുകാരൻ അയാളുടെ പരിസരത്തുള്ള ഏതെങ്കിലും സ്ഥലത്തിന്റെ പേര് കഥയിൽ ഉപയോഗിച്ചെന്നിരിക്കും. അതിലെന്താണ് കുഴപ്പം?" "അല്ല മാഡം.. അത്..." ആ പെൺകുട്ടി നിന്ന് പരുങ്ങി. അവളുടെ ശബ്ദം താഴ്ന്ന് പോയി. "ആളുകൾക്ക് തിരിച്ചറിയാൻ കഴിയും വിധം നിങ്ങളുടെ ആരുടേയെങ്കിലും രൂപം കഥയിൽ വർണിക്കപ്പെട്ടിട്ടുണ്ടോ?" "ഇല്ല." "പിന്നെ എങ്ങനെയാണ് തഹ്‌നീ ആ കഥ നിന്നെയും നിന്റെ കുടുംബത്തെയും കുറിച്ചാകുന്നത്? അങ്ങനെ പറയാനെങ്ങനെ കഴിയും?" "എന്റെ വിവാഹമോചനവും അതിന് ശേഷമുള്ള ജീവിതവുമൊക്കെയാണ് ആ കഥയിലെ ഇതിവൃത്തം." "ഈ ലോകത്ത് വിവാഹമോചനം ചെയ്യപ്പെട്ട ഒരേയൊരു പെണ്ണ് തഹ്‌നിയാണോ? അല്ലല്ലോ? അത്തരത്തിലുള്ള ഒരുപാട് പെൺകുട്ടികളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമാണ് ആ കഥയിലെ നൈമ." രൂപശ്രീ ഉൽക്കർഷ് ഇത് പറഞ്ഞതോടെ ആ പെൺകുട്ടിക്ക് ഉത്തരം മുട്ടി. അവൾ നിശബ്ദയായി. അവളുടെ പ്രസരിപ്പ് നഷ്ടമായി. ആ കണ്ണുകൾ നിറഞ്ഞു. അവളുടെ ശിരസ്സ് താഴ്ന്നു. അവൾ പതിയെ തിരിഞ്ഞു നടന്നു. ദയനീയമായ ആ മടക്കം, നിസ്സഹായതയോടെയുള്ള ആ തിരിഞ്ഞുനടക്കൽ എന്നിൽ സങ്കടമുണ്ടാക്കി.

"തഹ്‌നിക്കുട്ടീ..." ഞാൻ പോലുമറിയാതെ എന്നിൽ നിന്നും ആ വിളിയുയർന്നു. എന്റെ ശബ്ദം മൃദുവും മധുരമുള്ളതുമായിരുന്നു. രൂപശ്രീ ഉൽക്കർഷ് കുസൃതിയോടെ എന്നെ നോക്കിച്ചിരിച്ചു. "പഞ്ചാര...!" അവർ എനിക്ക് മാത്രം കേൾക്കാൻ കഴിയുന്ന ശബ്ദത്തിൽ പറഞ്ഞു ചിരിച്ചു. അത് പഞ്ചാരയായിരുന്നില്ല! അങ്ങനെ ഒരു ഉദ്ദേശ്യവും എനിക്കുണ്ടായിരുന്നില്ല. ഏത് പെണ്ണിനേയും പഞ്ചാരയടിക്കുമായിരുന്നു ഞാൻ; കൗമാരത്തിലും യൗവനത്തിന്റെ ആരംഭത്തിലുമൊക്കെ. പിന്നീട് കാലം കടന്ന് പോയപ്പോൾ എനിക്കതിന് കഴിയാതെയായി. അറിവും അനുഭവങ്ങളും എന്നെ അതിൽ നിന്നും അകറ്റി എന്ന് പറയുന്നതാവും ശരി. ഞാൻ സ്ത്രീയെ ബഹുമാനിക്കാൻ പഠിച്ചു. മനസ്സിലാക്കാൻ പരാജയപ്പെടാറുണ്ടെങ്കിലും ഏറ്റവും ചുരുങ്ങിയത് അവളെ ഒരു സഹജീവിയായിക്കാണാൻ എനിക്ക് സാധിക്കുന്നുണ്ട് എന്നാണ് എന്റെ ഒരു വിലയിരുത്തൽ. എന്റെ വിളികേട്ട് പെൺകുട്ടി വെട്ടിത്തിരിഞ്ഞു നോക്കി. അപ്പോൾ മാത്രമാണ് അവൾ എന്നെ കണ്ടത്. അതിന്റെ അമ്പരപ്പിൽ ആ മുഖം ചുവന്നു. എന്റെ കഥകളെക്കുറിച്ച് നേരത്തേ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ടാകുമല്ലോ എന്നോർത്തിട്ടാകണം ആ മുഖത്ത് ജാള്യം നിറഞ്ഞു. "വിരോധമില്ലെങ്കിൽ ഒരൽപ്പ സമയം ഒന്നിവിടെ വന്നിരിക്കൂ.എനിക്ക് ചില കാര്യങ്ങൾ സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്."-ഞാൻ സ്‌നേഹത്തോടെ പറഞ്ഞു. "എനിക്ക് തിരക്കുണ്ട് അറാഫത്ത്... ഓഫീസിൽ കുറച്ച് ഫ്രീ ടൈം കിട്ടിയപ്പോഴാണ് ഞാൻ 'വിസ്‌ഡം' എടുത്ത് നോക്കിയത്. കഥ കണ്ടു, വായിച്ചു. വായിച്ചു കഴിഞ്ഞ ഉടനെ ബ്രേക്ക് എഴുതിക്കൊടുത്ത് ഞാനിങ്ങോട്ട് വരികയായിരുന്നു. പക്ഷേ വരേണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. ഇവിടേയും ഞാൻ അപമാനിക്കപ്പെട്ടു. അതുകൊണ്ട് ഇനിയിവിടെ നിൽക്കാൻ എനിക്കാവില്ല. ഞാൻ പോകട്ടെ." അവൾ പരിഭവത്തോടെ പറഞ്ഞു. 

ഞാൻ എഴുന്നേറ്റ് അവൾക്കരികിലേക്ക് ചെന്നു. ശേഷം പറഞ്ഞു; "എന്റെ കഥ തഹ്‌നിക്കുട്ടിയെ ഇൻസൽട്ട് ചെയ്തു എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണല്ലോ കുട്ടി കഥ വായിച്ച് ഫീലായ ഉടനെ ഓഫീസിൽ നിന്നിറങ്ങി ഇവിടെ വരെ വന്ന് എഡിറ്ററെ കണ്ട് സംസാരിച്ചത്. അത് തിരിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു എന്നത് കൊണ്ട് കുട്ടിയിൽ നിന്ന് ചിലതെല്ലാം അറിഞ്ഞാൽ കൊള്ളാമെന്ന് എനിക്ക് തോന്നി. കുട്ടിയോട് ചിലതെല്ലാം പറഞ്ഞാൽ കൊള്ളാമെന്നും തോന്നി. അതുകൊണ്ടാണ് അഞ്ചോ പത്തോ മിനിറ്റ് ഒന്നിരിക്കാമെന്ന് പറഞ്ഞത്." "മിസ്റ്റർ അറാഫത്ത് ചെറമുറിക്കാരൻ.. നിങ്ങളൊരു മാന്യനെപ്പോലെ സംസാരിക്കുന്നു. അല്ലെങ്കിൽ മുഖത്ത് സൗമ്യതയും ശബ്ദത്തിൽ മാധുര്യവും നിറച്ച് മാന്യനെന്ന് നടിക്കുന്നു. നിങ്ങൾ സുഹാസിന്റെ പരിചയക്കാരനാണെന്നാണ് എന്റെയൊരു ധാരണ. എന്നേയും എന്റെ കുടുംബത്തേയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അയാൾ നിങ്ങൾക്ക് നൽകിക്കാണും. ഞങ്ങളെ അപകീർത്തിപ്പെടുത്തുന്ന വിധം കഥയെഴുതാൻ അയാൾ നിങ്ങളെ നിർബന്ധിച്ചു കാണും. അതിന് പണം തന്ന് കാണും." "കുട്ടി എന്തൊക്കെയാണീ പറയുന്നത്? ആരാണ് ഈ സുഹാസ്?എനിക്കങ്ങനെയൊരാളെ അറിയില്ല. എന്റെ മനസ്സിൽ തോന്നുന്ന ആശയങ്ങളാണ് ഞാൻ കഥകളാക്കി മാറ്റുന്നത്. അല്ലാതെ ഒരാളുടേയും പ്രേരണ ഞാൻ സ്വീകരിക്കാറില്ല. എഴുത്തിന്റെ കാര്യത്തിൽ എന്റെ ഭാര്യയെപ്പോലും ഞാൻ ഇടപെടാൻ അനുവദിക്കാറില്ല. പൈസ മേടിച്ച്  'എഴുത്ത് ക്വട്ടേഷൻ' നടത്താൻ എഴുത്ത് എന്റെ ഉപജീവന മാർഗവുമല്ല. എനിക്ക് എന്നെത്തന്നെ കണ്ടെത്താനുള്ള മാർഗം മാത്രമാണത്. കോർപറേറ്റ് മേഖലയിൽ ദിവസവും പത്ത് പതിനൊന്ന് മണിക്കൂർ കംപ്യൂട്ടറിന് മുന്നിലിരുന്ന് പണിയെടുത്തിട്ടാണ് ഞാൻ എന്റെ വീട്ടിൽ അരി മേടിക്കുന്നത്."

"നിങ്ങൾ ഇനി എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. വിശ്വാസം പോയാൽ പോയത് തന്നെ. പിന്നെ അതിനൊരു മാറ്റമുണ്ടാവില്ല. അറാഫത്ത്.. നിങ്ങൾ ഇടതുപക്ഷത്തിന്റെ കവിയരങ്ങുകളിൽ ഗംഭീര ശബ്ദത്തിൽ സ്വന്തം കവിത ചൊല്ലി അവതരിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പാണത്. അന്ന് തൊട്ടേ എനിക്ക് നിങ്ങളോട് ബഹുമാനം കലർന്ന ഒരാരാധനയായിരുന്നു. 'തിളപ്പ്' വായിച്ചതോടെ അത് നഷ്ടപ്പെട്ടു. അത് കൊണ്ട് എനിക്കിനി നിങ്ങളോടൊന്നും പറയാനുമില്ല. നിങ്ങളിൽ നിന്നും ഒന്നും കേൾക്കാനുമില്ല. സുഹാസ് എന്റെ മുൻ ഭർത്താവാണ്. അയാളൊരു വഷളനാണ്‌. മദ്യപാനിയാണ്. ഞാനയാളെ 'ഖുല്അ്' (മഹർ തിരികെ നൽകി ഭാര്യ ഭർത്താവിനെ ഒഴിവാക്കുന്ന വിവാഹമോചന സമ്പ്രദായം) ചെയ്ത് ഒഴിവാക്കിയതാണ്. അയാൾക്ക് ഞങ്ങളോട്  ശത്രുതയാണ്. ഞങ്ങളെ കരിവാരിത്തേക്കാൻ അയാൾ ഏത് മാർഗവുമവലംബിക്കുമെന്ന് എനിക്കറിയാം. അയാൾക്കുള്ളത് പടച്ചവൻ കൊടുത്തു കൊള്ളും. ഞങ്ങളുടെ പ്രാക്ക് എന്നും അയാൾക്ക്‌ ചുറ്റുമുണ്ടാകും." അവൾ ഒന്ന് നിർത്തി. പ്രതിമ പോലെ നിശ്ചലനും നിശ്ചേഷ്ടനുമായി നിൽക്കുകയാണ് ഞാൻ. ഓരോ മനുഷ്യനും ഓരോ കടലാണ്. ഞാൻ ചിന്തിച്ചു. പുറമേയ്ക്ക് ശാന്തമായ കടൽ. എന്നാൽ അകത്ത് പ്രക്ഷുബ്ദതയാണ്. എന്തെല്ലാം എന്തെല്ലാം കാര്യങ്ങളാണ് ഓരോരുത്തരുടേയും ഉള്ളിൽ കിടന്ന് വിങ്ങുന്നത്? പക, ശരിയായ ധാരണകൾ, തെറ്റായ ധാരണകൾ, അസൂയ, ശരിയായ വിശ്വാസങ്ങൾ, തെറ്റായ വിശ്വാസങ്ങൾ... അങ്ങനെയങ്ങനെ എന്തെല്ലാം...! എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്, ആർദ്രമായ ശബ്ദത്തിൽ അവൾ തുടർന്ന് പറഞ്ഞു: "നിങ്ങളെന്നെ തഹ്‌നിക്കുട്ടീ എന്ന് വിളിച്ചപ്പോൾ ഒരു വേള ഞാനെന്റെ മരിച്ചു പോയ ഉപ്പയെ ഓർത്ത് പോയി. ഉപ്പ മാത്രമേ എന്നെ അങ്ങനെ വിളിച്ചിട്ടുള്ളൂ. ഇവിടെ വന്നിട്ട് എനിക്കുണ്ടായ ഏക നല്ല അനുഭവവും അത് മാത്രമാണ്. ആ ഒരു നിമിഷത്തിന് നന്ദി. നിങ്ങളിലെ എഴുത്തുകാരന്റെ വലിയ മനസ്സിൽ നിന്നാണ് ആ വിളി ഇറങ്ങി വന്നത്. ആ മനസ്സ് പണയം വെക്കാതെയും കൈമോശം വരാതെയും സൂക്ഷിക്കുക. പിന്നെ.. നിങ്ങളുടെ സാഹിത്യം മോശമാണെന്ന ഒരഭിപ്രായം എനിക്കില്ല. ഞാൻ നേരത്തേ പറഞ്ഞത് കാര്യമാക്കേണ്ട. രൂപ മാഡത്തെ ഒന്ന് വിരട്ടുക എന്ന ഉദ്ദേശ്യമേ അതിനുണ്ടായിരുന്നുള്ളൂ. അത് കേട്ടപ്പോൾ പ്രയാസം തോന്നിയെങ്കിൽ ക്ഷമിക്കുക." അവൾ തിരിഞ്ഞു നടന്നു.

സംസാരം മറന്നു പോയവനെപ്പോലെ ഞാൻ ആ പോക്ക് നോക്കി നിന്നു. എനിക്കവളെ വിളിക്കണമെന്നുണ്ട്. എന്നാൽ സാധിക്കുന്നില്ല. എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്. കഴിയുന്നില്ല. ചില്ലു വാതിലിനപ്പുറം ഇടനാഴിയിലൂടെ നടന്ന് വലത് വശത്തേക്ക് തിരിഞ്ഞ് അവൾ അപ്രത്യക്ഷയായി. "അറാഫത്ത്... വരൂ... ഇവിടെ വന്നിരിക്കൂ..." രൂപശ്രീ ഉൽക്കർഷ് പുഞ്ചിരിയോടെ കസേരയിലേക്ക് കൈകാണിച്ചുകൊണ്ട് പറഞ്ഞു. ഞാൻ വല്ലാത്തൊരു തളർച്ചയോടെ കസേരയിലേക്കമർന്നു. എന്റെ മനസ്സാകെ കലങ്ങിയിരുന്നു. വല്ലാത്തൊരു മ്ലാനത എന്നെ ചൂഴ്ന്നു നിന്നു. രൂപശ്രീ ഉൽക്കർഷ് പറഞ്ഞു: "അറാഫത്ത്... ഇതൊന്നും കാര്യമാക്കേണ്ട. വായനക്കാരങ്ങനെ പലതരത്തിലും പ്രതികരിക്കും. പലതും പറയും. ഒരെഴുത്തുകാരൻ അതൊന്നും ശ്രദ്ധിക്കാനേ പാടില്ല. സീ... നമ്മളൊരു കഥ വായിക്കുമ്പോൾ അല്ലെങ്കിൽ സിനിമ കാണുമ്പോൾ അത് നമ്മെക്കുറിച്ചുള്ളതാണെന്ന്, അല്ലെങ്കിൽ അടുത്ത വീട്ടിലെ ഒരാളെക്കുറിച്ചുള്ളതാണെന്ന് നമുക്ക് തോന്നിയേക്കാം. അത് ആവിഷ്ക്കാരത്തിന്റെ ജാലവിദ്യയാണ്. എഴുത്തുകാരൻ തീർക്കുന്ന ജാലമാണത്. അത്തരം സൃഷ്ടികളെ മഹത്തരമായത് എന്നേ ഞാൻ വിശേഷിപ്പിക്കൂ. ഈയൊരു ജാലത്തിന്റെ രസതന്ത്രം എല്ലാവർക്കുമൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. അങ്ങനെയുള്ളവർ ഇപ്പോൾ തഹ്‌നി ചെയ്തത് പോലെ നെഗറ്റിവായി റിയാക്റ്റ് ചെയ്യും. അർഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. അതിര് വിട്ടാൽ അത് അപ്പോൾ നോക്കാമെന്ന് മാത്രം.” “മാഡം പറഞ്ഞത് നേരാണ്... സത്യത്തിൽ ആവിഷ്ക്കാരങ്ങളെ ആവിഷ്ക്കാരങ്ങളായി കാണാൻ സാധിക്കാത്ത പമ്പര വിഡ്ഢികൾ ഈ നൂറ്റാണ്ടിലും ഉണ്ട് എന്നത് വല്ലാത്തൊരു അത്ഭുതം തന്നെയാണ്! നമ്മൾ മനുഷ്യരെക്കുറിച്ചാണ് എഴുതുന്നത്. അവന്റെ ജീവിതമാണ് എഴുതുന്നത്. മനുഷ്യജീവിതമെന്ന് പറയുമ്പോൾ വിവാഹവും ഗർഭവും പ്രസവവും പ്രണയവിരഹങ്ങളും ശാരീരിക ബന്ധവും അവിഹിതവും വിവാഹമോചനവും തൊഴിലും തൊഴിൽരാഹിത്യവും വഴക്കും പകയും പ്രതികാരവും കൊലപാതകവും ആരോഗ്യവും രോഗവും മരണവുമെല്ലാം അതിലുൾപ്പെടുന്നു. ഇതൊക്കെ വെച്ച് കഥകൾ നെയ്യുമ്പോൾ അത് ആരുടേയെങ്കിലുമൊക്കെ ജീവിതത്തിൽ സംഭവിച്ചതുപോലെ വന്നേക്കാം. അത് സർഗാത്മകമായ യാദൃശ്ചികത മാത്രമാണെന്ന് ഇനിയും മനസ്സിലാക്കാൻ കഴിയാത്തവരെ സാമൂഹ്യവിരുദ്ധരെന്ന് വേണം വിളിക്കാൻ. അല്ലെങ്കിൽ 'പാപ്പരാസിസം' സിരയിലോടുന്ന മനോരോഗികൾ എന്ന് വിളിക്കാം. കഥകളിൽ കഥാകൃത്തിന്റെ വ്യക്തിജീവിതം തിരയുന്നവരേയും ഈ ഗണത്തിൽപ്പെടുത്താം." 

"തീർച്ചയായും.. ഇത്തരക്കാരെ കരുതിയിരിക്കണം. പക്ഷേ ഭയപ്പെടരുത്. ഇപ്പോൾ തളർന്നത് പോലെ തളർന്ന് പോകരുത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ എഴുത്തുകാരനെ ഒരാൾക്കും ഒന്നും ചെയ്യാനാവില്ല. നിയമം കൈയ്യിലെടുത്ത് പലതും ചെയ്യാൻ സാധിക്കും. അത് വേറെ വിഷയമാണ്. അല്ലാതെ എഴുത്തുകാരനെ തൊട്ട് കളിക്കാനാവില്ല. അവനെ നിശബ്ദനാക്കാനുള്ള കുത്സിത ശ്രമങ്ങളെല്ലാം തന്നെ ഒറ്റക്കും കൂട്ടായ്മകൾ വഴിയുമൊക്കെ എക്കാലത്തും അവൻ ചെറുത്ത് തോൽപ്പിച്ചിട്ടുണ്ട്. എന്തെഴുതണമെന്നും എങ്ങനെയെഴുതണമെന്നും തീരുമാനിക്കുന്നത് എഴുത്തുകാരൻ തന്നെയാണ്. അവിടെ എഴുത്തുകാരനും അവന്റെ മനസ്സും മാത്രമേ ഉള്ളൂ. അതിലിടപെടാനും അതിൽ വ്യവസ്ഥകൾ ഉണ്ടാക്കാനും ഇറങ്ങിപുറപ്പെട്ടാൽ, അതിനിറങ്ങിത്തിരിക്കുന്നവർക്ക് തന്നെ അത് വിനയായിത്തീരും എന്നതിൽ തർക്കമില്ല. ആവിഷ്ക്കാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന ഇടങ്ങളിൽ പോലും എഴുത്തുകാരൻ സധീരം എഴുതിക്കൊണ്ടേയിരുന്നു. അവനെ തടയാനോ ഭയപ്പെടുത്താനോ കഴുമരത്തിന് പോലും കഴിഞ്ഞില്ല. അതിന് കാലമാണ് സാക്ഷി...!" രൂപശ്രീ ഉൽക്കർഷുമായുള്ള ഈ സംഭാഷണം എന്നിലൊരു നവോന്മേഷം പ്രധാനം ചെയ്തു. എന്നിലെ എഴുത്തുകാരനെ അവരുടെ വാക്കുകൾ ഉത്തേജിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. നന്ദിയോടെ ഞാനാ സ്ത്രീയെ നോക്കി. അവരുടെ കണ്ണുകളിലെ ആഴങ്ങളിൽ സ്നേഹത്തിന്റെ വൈഡൂര്യക്കല്ലുകൾ ഞാൻ കണ്ടെടുത്തു. ലോകമാകെ ഞാൻ തിരയാറുള്ള വൈഡൂര്യക്കല്ലുകൾ. എവിടെയും എപ്പോഴും കണ്ടെത്താനാകണേ എന്ന് ഞാൻ പ്രാർഥിക്കാറുള്ള വൈഡൂര്യക്കല്ലുകൾ...! അതിന്റെ പ്രഭയിൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നത് ഞാൻ അറിഞ്ഞു...

Content Summary: Malayalam Short Story ' Jaalam ' written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com