ADVERTISEMENT

പകൽ തിളച്ചതവളുടെ മേനിയഴകിലായിരുന്നു. ഒരു തൂപ്പുകാരിയുടെ നിഘണ്ടുവിൽ സൂര്യാഘാതത്തിനെന്തു സ്ഥാനം? ഓരോ ദിവസവും കൂടിക്കൂടി വരുന്ന സൂര്യ നേത്രങ്ങളുടെ ഡിഗ്രിയളന്ന ന്യൂസ്ചാനലുകളുടെ പ്രവചനങ്ങൾക്കെന്തു കേൾവി? അതും ഒരു പുറമടിപ്പുകാരി! ബുദ്ധിമാന്ദ്യമുള്ള പെണ്ണിന്റെ അമ്മയാണെന്നൊരു മുദ്രയവൾക്കു നാട്ടുകാർ കുത്തിയിട്ടുണ്ട്. അതുകൊണ്ടാണത്രെ അവളുടെ കെട്ടിയോൻ അവളെയുപേക്ഷിച്ചു പോയത്. ബുദ്ധിയുള്ള ഒരുകുഞ്ഞിന്റെ അച്ഛനാകാൻ കൊതിച്ച് മറ്റൊരുത്തിയെ താലികെട്ടിയത്. ബുദ്ധിമാന്ദ്യമുള്ള കുട്ടിയായതുകൊണ്ട് അവളോട് എല്ലാർക്കും അനുകമ്പയും, സ്നേഹവും, കൂടുതലായിരുന്നു. പോകുന്ന വഴിയിലും, ചെല്ലുന്ന വീടുകളിലും പരിചയക്കാരും, യജമാനൻമാരും, സ്നേഹിക്കാനൊരുങ്ങുന്നവരുമൊക്കെ അവളെ ചേർത്ത് പിടിച്ചു തലോടാൻ ശ്രമിക്കും. അവൾ അലിവാർന്നസായൂജ്യത്തിൽ കണ്ണുകളുയർത്തി അവരെ നോക്കും. പിന്നെ പിൻതിരിഞ്ഞമ്മേടെ മുഖത്തേയ്ക്കും. ആ നോട്ടത്തിൽ അവളുടെ അമ്മയുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നും. എന്താണ് സ്വന്തം അമ്മയായ എനിക്കു തോന്നാത്ത... ഉപേക്ഷിച്ചു പോയ അവളുടെ അച്ഛനു തോന്നാത്ത ഈ സ്നേഹം ലിംഗഭേദമില്ലാതെ ഇവർക്കെല്ലാം? അവളോർത്തു.. അഞ്ചു വീടുകളിലെ തൂപ്പുകാരിയായ എനിക്കും മകൾ അമ്മുവിനും ആഹാരം കഴിക്കണമെങ്കിൽ ഞാൻ തന്നെ കൈയ്യിലൊരു പൊതി കരുതണം. മുറ്റം തൂത്തുപോകുന്നവൾക്ക് ഒരു മണിക്കൂറിനകം പണി തീരുന്നവൾക്ക്, എന്തിനാണ് ചായയും വെള്ളവും ആഹാരവും കൊടുത്തു സൽക്കരിക്കേണ്ട കാര്യം? എന്ന മട്ടാണ് ഓരോ വീട്ടുകാർക്കും. അവരൊക്കെ ചൂലെടുത്ത് പുറത്ത് വച്ചു ഗേറ്റ് തുറന്നു വച്ചിരിക്കും. തൂത്തുവാരുക.. ചൂൽ യഥാസ്ഥാനത്ത് വയ്ക്കുക, തിരികെ പോകുക. ആഴ്ചയിലൊരിക്കൽ ചവറുകൾ കത്തിക്കുക, മടങ്ങുക. നൂറു രൂപ വച്ച് ഓരോ വീട്ടിൽ നിന്നും കിട്ടും. അതാണ് ഒരു വെയിൽ മറക്കുട പോലും വാങ്ങാതെ ഈ ജോലി തുടരുന്നത്. ഒരു മണിക്കു മുൻപ് വീട്ടിലെത്തി വല്ലോം വച്ചുണ്ടാക്കി അമ്മൂനു കൊടുക്കാം. അവളെ വായനയും, എഴുത്തും പഠിപ്പിക്കാം. ഗ്രഹിച്ചെടുക്കാൻ ഇത്തിരി കാലതാമസമെടുക്കും എന്നേയുള്ളൂ. എന്തും അവൾക്ക് മനസ്സിലാകും. പക്ഷേ.. അതറിഞ്ഞു പ്രവർത്തിക്കാനുള്ള കാലതാമസം.. അതാണ് അവളുടെ മാന്ദ്യം.

എന്നും വൈകിട്ട് അംഗൻവാടിയിലെ സുമു ടീച്ചർ വരും. രണ്ടു മണിക്കൂർ അവളെ പഠിപ്പിക്കും. എന്റെ കഷ്ടപ്പാടുകൾ അറിഞ്ഞു പെരുമാറുന്ന ഏക വ്യക്തി. ഒന്നും വേണ്ട എന്നു പറഞ്ഞാലും രണ്ടായിരം രൂപ അവൾക്കായി മാറ്റി വയ്ക്കും. ഇന്നത്തെക്കാലത്ത് അതൊന്നുമല്ല! എന്നറിയാം. എങ്കിലും, ചക്കാത്തിനല്ലല്ലോ? എന്ന മനസ്സിന്റെയൊരാശ്വാസം. അത്രതന്നെ. ഈയിടെ കല്ല്യാണം കഴിഞ്ഞ പെണ്ണാണ്. ഒരു വലിയ പണച്ചാക്കിന്റെ മകനാണ് അവളെ കെട്ടിയിരിക്കുന്നത്. പലഹാരം വിൽപ്പനക്കാരി ഗോമതിയുടെ രണ്ടു പെൺമക്കൾക്കും ദൈവം വാരിക്കോരി സൗന്ദര്യം കൊടുത്തു. അതു പണക്കാരനേയും, പാവപ്പെട്ടവനേയും കൂട്ടിമുട്ടിക്കാനായിരിയ്ക്കാം.. മറ്റു നിബന്ധനകളൊന്നുമില്ലാതെ. ഗോമതിയുടെ കൈപ്പുണ്യത്തിൽ പറ്റിക്കൂടിയതായിരുന്നു പഴയ പലിശക്കാരൻ പണച്ചാക്ക് ശശി. ആളൊരു പെണ്ണുടൽ മോഹിയായിരുന്ന കാര്യം പ്രണയമൊക്കെ വറ്റി ജീവിതയാഥാർഥ്യങ്ങൾക്കു നടുവിൽ, ഗോമതി മനസ്സിലാക്കി. അപ്പോഴേക്കും രണ്ടു പെൺമക്കൾ തളിരുകൾ ചൂടുന്ന പ്രായമായിരുന്നു. കാഴ്ചകളും, കേൾവികളും അസഹനീയമായപ്പോഴവൾ കുട്ടികളുമായി സ്വന്തം ഗ്രാമത്തിലേക്ക് വണ്ടി കയറി. ഒറ്റ മോളായതു കൊണ്ട് അമ്മയുടെ ഓഹരി അവൾക്കായിരുന്നു. അതിൽ പഴയ കൂരയൊക്കെ പുതുക്കി പണിഞ്ഞ് പലഹാരക്കച്ചവടം തുടങ്ങി. അവൾക്കും രണ്ടു പെൺമക്കൾക്കും വിശപ്പടക്കണമല്ലോ? അവളുടെ അമ്മ എൺപതുകളിലും ചില്ലറ സഹായങ്ങൾ ചെയ്തവളെ സഹായിച്ചിരുന്നു. ഗോമതിയോടൊപ്പം സ്കൂളവധി ദിവസങ്ങളിലും മറ്റും മക്കളും പലഹാര വില്‍പ്പനയ്ക്കു സഹായിക്കാൻ കൂടെ പോകുമായിരുന്നു. അങ്ങനെയാണ് സ്വർണ്ണക്കടക്കാരൻ സച്ചിദാനന്ദന്റെ മകന് ചെറുപ്പത്തിലേയവളോടൊരിഷ്ടം തോന്നിയത്. വിദേശത്തു നിന്നാണ് അവൻ പഠിച്ചതൊക്കെ. കുഞ്ഞുന്നാൾ മുതൽ അവൾ അമ്മയോടൊപ്പം പോകുമ്പോൾ ആ മട്ടുപ്പാവും, അതിനകത്തെ ആൾക്കാരെയുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും എന്തോ? അവൾക്കൊരു ശ്വാസം മുട്ടലാണ്. അടുക്കളക്കാരിയും, തോട്ടം തൊഴിലാളികളും ഒക്കെയുണ്ടെങ്കിലും അവൾക്ക് ഭയമാണ്. എല്ലാം ദൂരെനിന്ന് നോക്കിക്കാണാനായിരുന്നു അവൾക്കിഷ്ടം. 

മുതലാളിയുടെ മൂത്തമകൻ "അരൂജ്" ഫുൾ കഞ്ചാവാണെന്നാണ് നാട്ടുകാർ പറയുന്നത്. പഠനം കഴിഞ്ഞ് അവനും അച്ഛന്റെ ബിസിനസ്സിൽ പങ്കാളിയായി. ആ  അവനാണ് നമ്മുടെ സുമുവിനോടു പ്രണയം തോന്നിയത്. പ്ലസ്ടൂ കഴിഞ്ഞു ടി.ടി.സി പാസ്സായി അംഗൻവാടിയിൽ കയറുമ്പോളവൾക്കു വലിയ ആകാശക്കോട്ടകളൊന്നുമില്ലായിരുന്നു. ഒരു കൊച്ചുവീട്, സ്നേഹവും സംരക്ഷണവും തരുന്ന ഭർത്താവ്, അല്ലലില്ലാത്ത ഒരു ജീവിതം.. പിന്നെ ഓമനിക്കാൻ രണ്ടു മക്കൾ. ഒരു സാധാരണക്കാരിയുടെ ആഗ്രഹങ്ങൾ. അത്ര മാത്രം. പിന്നെ... ഇടയ്ക്കൊക്കെ നോവു പടർത്തി പത്താം ക്ലാസ്സിൽ കണക്കു പഠിപ്പിച്ചിരുന്ന രാമൻ മാഷിന്റെ മകൻ സ്മരണയിലുണരും. ഒപ്പം ഒരേ ക്ലാസ്സിൽ പഠിച്ച കുട്ടി. അധികം സംസാരിക്കില്ല. വിവേക് എന്നായിരുന്നു അവന്റെ പേര്. കണക്കിൽ മിടുമിടുക്കൻ. അറിഞ്ഞു കൂടാത്ത പല കുട്ടികൾക്കും കണക്കു പറഞ്ഞു കൊടുക്കാൻ അവനെത്തന്നെയാണ് മാഷ് ഏൽപ്പിച്ചിരുന്നത്. കൂട്ടത്തിൽ കണക്കറിയാമായിരുന്നിട്ടും പലപ്പോഴും അവന്റെ സഹായമഭ്യർഥിച്ച് താൻ ചെന്നു. അവന്റെയടുത്തിരിക്കുമ്പോഴൊരു നിർവചിക്കാനാകാത്ത അവസ്ഥ. എപ്പോഴും അവന്റെ മുഖം കാണാൻ... സംസാരം കേൾക്കാൻ മനസ്സിനൊരു വെമ്പൽ. അതു താനേയറിഞ്ഞുള്ളൂ. ഇതിനാണോ പ്രണയം എന്നുപറയുക. അന്ന് അതു ചിന്തിച്ചു സ്ഥിരീകരിക്കും മുൻപേ ഒരു ദിവസം അവൻ മുഖത്തു നോക്കിപറഞ്ഞു.. "സുമൂ... നിന്റെ മനസ്സിലിരിപ്പ് അവിടെയിരിക്കട്ടെ! നിന്റെ തരക്കാരെ നോക്കിക്കോളൂ" എന്ന്. അവിടെയും അവളുടെ "ഇല്ലായ്മ" തരം തിരിക്കപ്പെട്ടു. മുള പൊട്ടിയ പ്രണയം അവന്റെ നിഷ്ഠൂരമായ വാക്കുകൾ കൊണ്ട് എത്ര പെട്ടെന്നാണ് കരിഞ്ഞുണങ്ങിയത്. പിന്നെയവനോടൊരു ദേഷ്യവും വാശിയുമായിരുന്നു അന്നൊക്കെ. പിന്നെപ്പോഴൊക്കെയോ.. ഓർമ്മകളിൽ അവനോടുള്ള പ്രണയം ഒരു നോവായി.  

അതു മാത്രമേ അവൾക്കൊരു ചരിത്രമായിട്ടുള്ളൂ. അങ്ങനെയുള്ള അവളെ ചോദിച്ചു കൊണ്ടാണ് ഒരു ദിവസം സച്ചിദാനന്ദൻ മുതലാളി നേരിട്ടു വീട്ടിൽ വന്നത്. മകന്റെയിഷ്ടമാണ് മുതലാളിക്കു വലുത്. അവൾക്കൊട്ടും ഇഷ്ടമില്ലാതിരുന്നിട്ടും, അനുജത്തിക്കുള്ള ജോലി വാഗ്ദാനവും ബന്ധുക്കളുടെയും ചുറ്റുവട്ടത്തുള്ളവരുടേയും പീഡനമുറകളും... വന്നു കയറിയ സൗഭാഗ്യം തട്ടിക്കളയാൻ പിറന്ന അഹങ്കാരി എന്ന നാമകരണവും നീണ്ടുപോകാതിരിക്കാൻ അവളുടെ വിൽപ്പന അവൾ തന്നെയവർക്കു വിട്ടു കൊടുത്തു. പാവപ്പെട്ട പെണ്ണായതുകൊണ്ടൊരു ബലത്തിന് ഒരു വീടും പത്തുസെന്റ് തറയും കല്ല്യാണത്തിനു മുൻപേ പഞ്ചായത്ത് മെമ്പറും സ്ഥലം പ്രധാനികളുമൊക്കെ കൂടി ചേർന്ന് അവളുടെ പേരിൽ എഴുതി വയ്പ്പിച്ചു. പലഹാരം വിൽപ്പനക്കാരിയോടും രണ്ടുപെൺമക്കളോടും എല്ലാവർക്കും ബഹുമാനമായിരുന്നു. അങ്ങനെ പലരും അസൂയയോടെ നോക്കിക്കണ്ട “കല്ല്യാണം”! അതു കഴിഞ്ഞ് രണ്ടാഴ്ചയോളം അവൾ പഠിപ്പിക്കാൻ വന്നില്ല. കാറിലുള്ളയവളുടെ പോക്കും വരവും നാട്ടുകാർക്കിടയിൽ ഒരു ആഘോഷമായിരുന്നു. ഇനിയമ്മുവിനെയവൾ പഠിപ്പിക്കാൻ വരുമെന്ന് കരുതിയതേയല്ല. പെട്ടെന്നൊരു ദിവസം അവൾ പഴയ വേഷത്തിൽ കയറി വന്നു. എനിക്കു ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ല. സാധാരണ പോലെ അവൾ വന്നിരുന്നമ്മുവിനെ പഠിപ്പിച്ചു. ഞാൻ എന്തൊക്കെയോ ചോദിക്കാൻ ഒരുങ്ങുന്നു എന്നു മനസ്സിലാക്കി ഒരു വിളറിയ ചിരിയോടെ അവൾ പറഞ്ഞു “തിരക്കുണ്ട് താമസിച്ചാൽ ചിലപ്പോൾ അന്വേഷിച്ചു വരും.” ഞാനവളുടെ മുഖത്തേയ്ക്കു നോക്കും മുൻപ് തലകുലുക്കി യാത്ര ചോദിച്ചവൾ യാത്രയായി. അംഗൻവാടിയിലും അവൾ പഴയപോലെ പോകാൻ തുടങ്ങി. അമ്മൂനെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ മാത്രം പഠിപ്പിക്കുന്ന ദൂരെയുള്ള ഒരു സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്നതിനെക്കുറിച്ചവൾ ഒരു ദിവസം എന്നോടു സംസാരിച്ചു. എനിക്കവിടെ തൂപ്പുകാരിയുടെ ജോലിയോ.. അടുക്കളപ്പണിയോ മറ്റോ.. ഏതാണിഷ്ടമെന്നു വച്ചാൽ തരപ്പെടുത്തി തരാമെന്നും താമസ സൗകര്യം അവിടെ തന്നെ കിട്ടുമെന്നും അക്കന്റെ മോളു പഠിച്ചു മിടുക്കിയായി വരുമെന്നും  ഭാവിയിൽ അവളുടെ കഴിവിനനുസരിച്ചുള്ള ജോലി അവർ തന്നെ കണ്ടുപിടിച്ചു കൊടുക്കുമെന്നും... അങ്ങനെ പലതും എന്നോടു പറഞ്ഞു.

ദിവസങ്ങൾ പ്രത്യേകതകളൊന്നുമില്ലാതെ കടന്നുപോയി. എന്റെ അമ്മുമോൾ കൺമുന്നിൽ എത്ര പെട്ടെന്നാണ് വലുതായിക്കൊണ്ടിരിക്കുന്നത് എന്ന് ഞാൻ ഉള്ളിലൊരാധിയോടെ കണ്ടു നിന്നു. ഇതിനിടെ ഞാനവളെ അസാധാരണമായ ചില പ്രയോഗങ്ങൾ പഠിപ്പിച്ചു. എന്റെ മകളെ താലോലിക്കാൻ വരുന്ന സദാചാര നന്മക്കുടങ്ങൾക്കെതിരെ പ്രയോഗിക്കാനുള്ള ചില ബുദ്ധിമാന്ദ്യ ജീനുകൾ. അസ്ഥാനത്തുള്ള തലോടലുകൾ വന്നാൽ പല്ലുകൊണ്ടുള്ള ഒരു നല്ല കടി, ചെറിയ സ്പ്രേ കുപ്പിയിൽ നിന്നുള്ള സോപ്പ് വെള്ളം കൊണ്ടുള്ള പ്രയോഗം.. (അതു സുമുവാണവളെ പഠിപ്പിച്ചതും, സ്പ്രേയർ കൊടുത്തതും) സേഫ്റ്റിപിൻ പ്രയോഗം. അങ്ങനെയാ കുഞ്ഞുകരങ്ങളിലൊതുങ്ങുന്നവ. “രത്നേ... നിന്റെ മോളിപ്പം ദാ.. പിടീന്നങ്ങു വളരും സൂക്ഷിച്ചോണെ. എട്ടും പൊട്ടുംതിരിയാത്ത പെണ്ണാ”. ജോലിക്കു കൊണ്ടുപോകുമ്പോഴുള്ള ചില കൊച്ചമ്മമാരുടെ കമന്റുകൾ.. പിന്നെ, പിന്നെ.. പലരും പറഞ്ഞു. “നിന്റെ മോക്കിപ്പം വട്ടു കൂടുതലാ.. അവളടുത്തോട്ടു ചെന്നാ കടിക്കാനും, പിച്ചാനും, മാന്താനുമൊക്കെ വരും. ആളുകളുടെ കണ്ണിലൊഴിക്കാൻ സോപ്പും വെള്ളവും കലക്കിയാ അവളുടെ നടപ്പ്. നീയിതുവല്ലോം  ശ്രദ്ധിക്കണൊണ്ടാ.” ഞാൻ ചിരിച്ചു കൊണ്ട് പറയും... “അടുത്തു ചെല്ലണതിഷ്ടല്ലെങ്കി, ആരും ചെല്ലാതിരിക്കുക. എനിക്കവളെയുപേക്ഷിക്കാൻ പറ്റുമോ? ബുദ്ധിമാന്ദ്യമുള്ള കുട്ടിയല്ലേ...ന്നു കരുതി അവളെ വെറുതെ വിടുക.”ഇതിനിടെ സുമൂനെക്കുറിച്ചും, അരൂജിനെക്കുറിച്ചും പല കഥകളും നാട്ടുകാർ വിളമ്പിക്കൊണ്ടിരുന്നു. “വിദേശത്തു താമസിച്ചു പഠിച്ചതല്ലേ അവൻ? അവിടെയൊക്കെ പെണ്ണുങ്ങളുടെ കൂടെ പൊറുക്കണതിനെന്താ... ലൈസൻസെടുക്കണോ. പടമെടുക്കുന്നതിനെന്താ?... വലിയ വീട്ടിലെ കുട്ടികളാകുമ്പോ, പലതും കണ്ടില്ല, കേട്ടില്ലാന്ന്  വച്ചങ്ങട് ജീവിക്കണം”. വഴിനീളെ ഓരോ ദിവസവും ഓരോന്നു കേൾക്കുമ്പോൾ രത്നയുടെ മനസ്സു പിടയ്ക്കും. പക്ഷേ.. സുമൂനെ കാണുമ്പോൾ ഒന്നും ചോദിക്കാൻ കഴിയില്ല. യാതൊരു ഭാവഭേദവുമില്ലാത്ത പെൺകുട്ടി. പലപ്പോഴും സുമു അമ്മൂനു ട്യൂഷൻ എടുക്കുന്ന സമയത്താണ് ഞാൻ വീട്ടുസാധനങ്ങൾ വാങ്ങലും മീൻവാങ്ങലുമൊക്കെ. രാവിലത്തേയ്ക്കു രണ്ടാൾക്കും എന്തെങ്കിലും കാപ്പിക്കുള്ളതു ഒരു വാഴയിലയിൽ പൊതിഞ്ഞെടുത്താണ് പോക്ക്. അതു തന്നെ കഴിക്കുന്നത് ആയുർവേദ ഡോക്ടറുടെ കിണറ്റുകരയിലിരുന്നാണ്. അവിടുത്തെ തൂപ്പും കഴിഞ്ഞു തിരികെയിറങ്ങുന്നതിനു മുൻപായി. പിന്നെ.. ഗേറ്റും പൂട്ടി തൊട്ടടുത്ത അയൽപക്കത്ത് താക്കോൽ കൈമാറിയിട്ടാണ് അടുത്ത വീട്ടിലേയ്ക്കുള്ള യാത്ര.

അന്ന് സുമു വന്നതും അവൾ പതിവുപോലെ യാത്രയായി. ഒരു കിലോമീറ്റർ നടന്ന് അമ്പലവും കഴിഞ്ഞാണ് ആ ഗ്രാമത്തിലെ മെയിൻ കടകൾ തുടങ്ങുന്നത്. ആന്റണിയുടെ പലചരക്കു കടയിൽ നിന്നാണ് അവിടെയുള്ള സാധാരണക്കാരെല്ലാം സാധനങ്ങൾ വാങ്ങാറ്. തൊട്ടടുത്ത് തന്നെയാണ് ടാക്സിസ്റ്റാൻഡും ഓട്ടോ സ്റ്റാൻഡും. വഴിനീളെ അവൾ പലരോടും കുശലങ്ങൾ പറഞ്ഞു കടയെത്തിയതറിഞ്ഞില്ല. ഇന്നു പതിവിലും തിരക്കുണ്ട്.  ഇനിയെപ്പോഴാണോ സാധനങ്ങൾ കിട്ടുക?  എന്ന വൈമനസ്യത്തോടെ അവൾ നിൽക്കെ, “രത്നേക്കാ...” എന്ന ഉറക്കെ നിലവിളിയോടെ തൊട്ടയലത്തെ തേങ്ങവെട്ടുകാരൻ ചന്തുവിന്റെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ശരത്തും മറ്റു രണ്ടയൽക്കാരും കൂടി ഓടി വന്നെന്നെ പിടിച്ചു അവർ വന്ന ഓട്ടോയിൽ കയറ്റി. ഓട്ടോക്കാരൻ ഒരസ്ത്രം പോലെ വണ്ടി പായിച്ചു. എന്റെ തൊണ്ടയിലെ വെള്ളം വറ്റി. വാക്കുകൾ പുറത്തു വന്നില്ല. അവരാരും തന്നെ ഒന്നും മിണ്ടുന്നതുമില്ല. വണ്ടി നിമിഷങ്ങൾക്കകം അവളുടെ വീട്ടുമുറ്റത്തെത്തി. വീടടുക്കും മുൻപേ കണ്ടു.. നാട്ടുകാരെല്ലാം അവിടെ കൂടിയിട്ടുണ്ട്. അവൾ പെട്ടെന്നു ചാടിയിറങ്ങി നിലവിളിച്ചുകൊണ്ടോടി. ദൂരെനിന്നേ അവൾ കണ്ടു... രക്തത്തിൽ കുളിച്ചാരോ ഉമ്മറത്ത് കിടക്കുന്നു. “എന്റെ മോളെവിടെ” അവൾ ഉറക്കെ നിലവിളിച്ചു. “അക്കാ... ദേ... നോക്കിയേ... അവൾക്കൊന്നും പറ്റീട്ടില്ല. അവൾക്കു പറ്റേണ്ടതാ ആ കിടക്കുന്നയാളിനു പറ്റിയത്.” സുമു ഒരു പ്രത്യേക മുഖഭാവത്തോടെ അവളോടായി പറഞ്ഞു. അവളുടെ കണ്ണുകൾ ചുവന്നിട്ടുണ്ട്. അമ്മുവോടി വന്നമ്മേയെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. അതിനിടയിൽ ആരോ പറയുന്നതു കേട്ടു “അക്കയിവിടുന്നിറങ്ങിയതും ആ മൊതലാളീടെ മോനിവിടെ വന്നു. ഒരു വണ്ടി വന്നു നിക്കണ ശബ്ദം കേട്ടാണ് ഞങ്ങൾ അയൽക്കാർ എത്തി നോക്കീത്. പിന്നെ.. പെട്ടെന്നൊരലർച്ചയും ടീച്ചറിന്റെ വിളിയും കേട്ടു. ഒരു ഭ്രാന്തനെപ്പോലെ അവൻ വന്നു ടീച്ചറുടെ കഴുത്തിനു കുത്തിപ്പിടിച്ചു. അമ്മു കരഞ്ഞു വിളിച്ചു കൊണ്ടു ചെന്നയാളെ പിടിച്ചു കടിച്ചു. കുട്ടിയെ അയാൾ തൂക്കിയെടുത്തു വട്ടം കറക്കി. ഭ്രാന്ത് മുഴുത്ത പോലെ പൊട്ടിച്ചിരിച്ചു. പിന്നെ... ദൂരേയ്ക്ക് ചുഴറ്റി എറിയാനൊരുങ്ങിയതും, ടീച്ചർ മുറ്റത്തു കിടന്ന പാറക്കല്ലെടുത്തവന്റെ തലയ്ക്കടിച്ചു. അമ്മുവും അവനും താഴെവീണു.”

ഇതിനിടയിൽ ആരോ പറയുന്നതു കേട്ടു. “പൊലീസ് വരുന്നുണ്ട്, അവന്റെ ആൾക്കാരും”. സുമു പെട്ടെന്നു രത്നേക്കന്റെയടുത്തൊരു പേപ്പർ ആരും കാണാതെ ഏൽപ്പിച്ചു. “നാളെ രാവിലെ വണ്ടിയുമായി ഒരാൾ വരും. അയാളോടൊപ്പം വെളുപ്പിനെ അഞ്ചു മണിക്ക് എല്ലാം എടുത്തു പുറപ്പെടുക. ഞാൻ പറഞ്ഞ സ്ഥലത്ത് നിങ്ങൾ രണ്ടാളും സുരക്ഷിതരായിരിക്കും. ഈ കത്ത് അയാളോടൊപ്പം ചെന്ന് അയാൾ കാട്ടിത്തരുന്ന അമ്മയെ ഏൽപ്പിക്കുക. ഒന്നുകൊണ്ടും ഭയക്കേണ്ട. അതെന്നോടൊപ്പം പഠിച്ച രാമൻ മാഷിന്റെ മകൻ വിവേക് നടത്തുന്ന സ്ഥാപനമാണ്. അവന്റെ മകനും കൂട്ടത്തിലൊരു ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണ്. മറ്റാരുമിതറിയേണ്ട. എന്നെയോർത്ത് വിഷമിക്കരുത്.! നോക്കൂ.. സുമൂനെന്തേലും മാറ്റമുണ്ടോ?” കത്തു വായിച്ച് അവൾ അമ്മൂനെ ചേർത്ത് പിടിച്ചു പകച്ചുനിൽക്കേ, സച്ചിദാനന്ദൻ മുതലാളി പൊലീസുകാരോടെന്തൊക്കെയോ പറഞ്ഞു. അവർ തിരികെ പോയി. അപ്പോഴേയ്ക്കും അരൂജിനു ബോധം ചെറുതായി വീണു തുടങ്ങി. ഇതിനിടയിൽ അവന്റെ മുറിവു വച്ചു കെട്ടിയിരുന്നു. മുതലാളിയോടൊപ്പം വന്നവർ പതുക്കെയവനെ പിടിച്ചെഴുന്നേൽപ്പിച്ചു. സുമുവിന്റെ മടിയിൽ വണ്ടിയിലവനെ കിടത്തി. സച്ചിദാനന്ദനും അടുത്തിരുന്നു. ഡ്രൈവർ വണ്ടി വിട്ടു. ഒപ്പം വന്ന മറ്റുള്ളവർ അടുത്ത വണ്ടിയിലും കയറി ആ വണ്ടിയും നീങ്ങി. നാട്ടുകാർ അമ്പരപ്പോടെ എല്ലാം നോക്കി നിന്നു കഥകൾ മെനഞ്ഞു. അവൾ പതുക്കെ തിരിഞ്ഞ് അമ്മൂനെ ചേർത്തുപിടിച്ച് തെരുതെരെയുമ്മവച്ചു. ആ കുഞ്ഞു ദേഹത്തും വസ്ത്രങ്ങളിലും അങ്ങിങ്ങ് ചോര പുരണ്ടിരുന്നു. അവൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു “എനിക്ക് പേടിയാ.. നമുക്കിവിടുന്നു പോകാം” അവൾ അമ്മൂനോട് പറഞ്ഞു.. “വാ... ന്റെ മോളു വന്നു കുളിക്ക്. ഇന്നു നമുക്കുറങ്ങേണ്ട, രാവിലെ നമുക്കു പുറപ്പെടാം. ആരുടേയും കണ്ണെത്താത്ത ഒരു പുതിയ തീരത്തേയ്ക്ക്.”

Content Summary: Malayalam Short Story ' Suryane Maraykkathaval ' written by Jasiya Shajahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com