ADVERTISEMENT

പുതുവർഷം ആകുന്നതിനു മുൻപേ പുതുവർഷ വരവറിയിച്ച് കൊണ്ട് ഡിസംബർ പകുതിക്ക് പുതിയ കലണ്ടർ കിട്ടും. പുതുവർഷം പുതുതായി ഏതൊക്കെ ദിവസം എന്തൊക്കെയാണ് ഒപ്പിക്കേണ്ടത് എന്ന ഐഡിയ ഉണ്ടെങ്കിലും, ഇല്ലെങ്കിലും കലണ്ടറിൽ ആദ്യം നോക്കുന്നത് തൈപ്പൂയം എന്നാണ് എന്നാ? ബാക്കിയൊക്കെ പിന്നെ.. ‘ചതുർമുഖ’ കോവിലിൽ ‘ശിവകുടുംബം’ എന്ന അപൂർവ പ്രതിഷ്ഠയുള്ള ക്ഷേത്രമായ ഞങ്ങളുടെ ചെറായി അമ്പലത്തിലെ ഉത്സവം തൈപ്പൂയ പിറ്റേന്നാണ്. എല്ലാ വർഷവും മിക്കവാറും ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യം തൈപ്പൂയം എന്ന് ഉറപ്പാ അപ്പൊ പൂയത്തിന്റെ പിറ്റേന്ന് ഉത്സവം. തമിഴ്നാട്ടിലെ പ്രസിദ്ധമായ പഴനി സുബ്രഹ്മണ്യ ക്ഷേത്രം പോലെ കേരളത്തിലെ പഴനി എന്നർഥത്തിൽ ‘മലയാള പഴനി’ എന്നും അറിയപ്പെടുന്ന ക്ഷേത്രമാണ്. കിഴക്കോട്ട് ദർശനമായി പ്രധാന ദേവൻ മുരുകനെങ്കിലും പടിഞ്ഞാറോട്ട് ദർശനം നൽകി അച്ഛൻ ശിവനുള്ളതിനാൽ അച്ഛന്റെ പേരിൽ ‘ശ്രീഗൗരീശ്വര ക്ഷേത്രം’ എന്നാണ് അമ്പലത്തിന്റെ പേര്. അച്ഛൻ - മകൻ സ്നേഹം പോലെ...

കലണ്ടർ കഴിഞ്ഞാൽ പിന്നെ നോട്ടീസിനുള്ള കാത്തിരിപ്പായി. നടുക്ക് പ്രതിഷ്‌ഠ നടത്തിയ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോയുള്ള  എ3 സൈസ് നോട്ടീസ്‌ കാണാതെ പഠിക്കും. അത്ര പ്രാവശ്യം വായിച്ചു നോക്കും. പറയെടുപ്പ് എന്ന് നോട്ടീസിൽ ബ്രാക്കറ്റിൽ കാണുന്നത് തന്നെ മനസ്സിൽ ഉത്സവമാണ്. കൊടിയേറ്റം കഴിഞ്ഞ് പിറ്റേന്ന് ബേക്കറി സ്റ്റോപ്പിന് പടിഞ്ഞാറു ഭാഗങ്ങളിൽ പറയെടുപ്പ്.. ആ അക്ഷരങ്ങളിൽ ഒരൽപനേരം കൂടുതൽ കണ്ണും നട്ടിരിക്കും.. അന്ന് വീട്ടിൽ ആന വരും. പറ എടുക്കും.. ഹോ.. മനസ്സിൽ പഞ്ചാരിമേളം തുടങ്ങിക്കഴിഞ്ഞു. ആനപ്പുറത്ത് എഴുന്നള്ളി ദേവൻ നമ്മുടെ വീട്ടിൽ വരുന്നു. അന്ന് മിക്കവാറും ക്ലാസ്സുണ്ടാകും. ഉച്ചയ്ക്കു ശേഷം സ്‌കൂളിൽ പോകണ്ടാന്നു വീട്ടിലും സമ്മതിക്കുന്ന അപൂർവ ദിവസം. സ്‌കൂളിലാണെങ്കിലും 11 മണി മുതൽ പറയുടെ കൊട്ട്‌ കേട്ട് തുടങ്ങും. ഇപ്പോഴെത്തും, ഇപ്പോഴെത്തും എന്ന് മനസ്സിന്റെ വെപ്രാളപ്പെടലുകൾ. ക്ലാസിൽ കാണാതാകലുകൾ കൂടുന്ന ദിവസങ്ങളാണ് അതൊക്കെ. ടീച്ചേർസ് അറ്റൻഡൻസ്‌ എടുക്കുന്നതിനിടെ “ആ.. അവന്മാർ ആനയുടെ പുറകെ പോയിക്കാണും” എന്ന് ആരോടെന്നില്ലാതെ പറയുന്ന ദിവസങ്ങൾ...

വീട് മൊത്തം കഴുകി വൃത്തിയാക്കൽ നടത്തി, മുറ്റത്ത്‌ മെടഞ്ഞ ഓലകൊണ്ട് ചെറിയൊരു പന്തലൊക്കെ ഇട്ട് കുരുത്തോല തോരണം തൂക്കി.. വീട്ടിൽ മറ്റൊരു ദിവസങ്ങളിലും ഇല്ലാത്ത ഒരു പുതിയ വെളിച്ചം വന്നു എന്ന് തോന്നിപ്പിക്കുന്ന ദിവസം. രാവിലെ മുതലുള്ള നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് മൂന്നുമണിയൊക്കെ ആകുമ്പോഴേക്കും വീട്ടിൽ ആനയെത്തും. പിന്നെ നെൽ പറ കൊടുപ്പ്. അതിത്ര പെട്ടെന്ന് കഴിഞ്ഞോ എന്ന് തോന്നും ആന തിരിഞ്ഞു നടക്കുമ്പോൾ... പറ കഴിഞ്ഞ് ആനയുടെ പുറകേ  അൽപദൂരം കൂടി പോകും.. ആനയെ അടുത്തു കാണാൻ കിട്ടുന്ന അസുലഭ അവസരം പരമാവധി മുതലാക്കും.. അന്നൊരു ദിവസം വീടിനു അടുത്തുള്ള പൈപ്പിൻ ചുവട്ടിൽ ചേച്ചിമാരുടെ വെള്ളം നിറച്ച് വച്ചിരുന്ന കുടങ്ങളിൽ നിന്ന് ആനപാപ്പാൻ തുമ്പിക്കൈയ്യിൽ വെള്ളം ഒഴിച്ചു കൊടുത്തു ആന വെള്ളം കുടിക്കുന്നത് നോക്കി അത്ഭുതത്തോടെ നിന്നു. എട്ടു കുടം വെള്ളം ആണ് അന്ന് കുടിച്ചത്. ഒരാന ശരാശരി 8 ലിറ്റർ വെള്ളം കുടിക്കും എന്ന് പിന്നീടെപ്പോഴോ പഠിച്ചപ്പോൾ ഈ എട്ടു കുടം വെള്ളം ഓർമ്മയിലുണ്ടായിരുന്നു. അന്ന് വെള്ളം നിറച്ച് വച്ച് പോയവർ തിരിച്ചു വരുമ്പോൾ വെള്ളം കാണാതെ വിഷമിക്കില്ലേ എന്നോർത്ത്‌ തിരിച്ച്‌ നടന്നതും...

കൊടിയേറ്റം കഴിഞ്ഞു പത്താം ദിവസം ആണ് ഉത്സവം. പത്ത് ദിവസവും രാത്രി കലാ പരിപാടികൾ. നാടകങ്ങൾ, ഗാനമേള, മിമിക്സ് പരേഡ് ഇതൊക്കെയാണ് നമുക്ക് കാണാൻ പോകേണ്ട ഐറ്റംസ്.. മിക്ക ദിവസവും രാത്രി പരിപാടികൾക്ക് കൊണ്ടു പോകുമെങ്കിലും ചിലപ്പോൾ ഗാനമേളയ്ക്ക് കൊണ്ട്‌ പോകാതെ സന്ധ്യയ്ക്കുള്ള കഥകളിക്കോ, ഓട്ടൻ തുള്ളലിനോ കൊണ്ട്‌ പോയി ക്രൂരത കാണിക്കും വീട്ടുകാർ.. പിന്നെ തൈപ്പൂയം... നാട് ഉത്സവാഘോഷത്തിലായിക്കഴിഞ്ഞു. പൂയത്തിന്റെ അന്ന് നീണ്ട ക്യൂ നിന്ന് കരിക്കഭിഷേകത്തിനായി വെളുപ്പിനുള്ള നടത്തം.. വൈകുന്നേരത്തെ കാവടി ഘോഷയാത്ര.. വഴിയരികിൽ വിതരണം ചെയ്യുന്ന സംഭാരം കുടിച്ചും പൊരിയും, ഉഴുന്നാടയും വാങ്ങി കൊറിച്ച്, കത്തി വച്ച്, വായ് നോക്കി തിരിച്ചു നടത്തങ്ങൾ.. കാത്തിരുന്ന ഉത്സവദിനം ഉത്സാഹഭരിത ദിനം.. ഓണക്കോടി കഴിഞ്ഞാൽ പിന്നെ അന്നൊക്കെ കോടിയെടുക്കുന്ന സമയം. അന്നാണ് നാട്ടിലെ ഫാഷൻ ഷോ.. അമ്പാടി ഡ്രസ്സസ്സ്, ഹരിശ്രീ ഫാഷൻസ്, രാഘവ ടെക്‌സ്‌റ്റൈൽസ് ഇവിടന്നൊക്കെ വാങ്ങിയ പുതിയ ഉടുപ്പ്  ഇറക്കുന്ന ദിവസം. മണിച്ചിത്രത്താഴ് ചുരിദാർ, ചിത്രം സാരി, ചിന്നത്തമ്പി വള, അഥർവ്വം സാരി, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ വള, പരമ്പര ഷർട്ട്‌ ഇതൊക്കെയിട്ട് എല്ലാവരും വിലസുന്ന ദിവസം...

തൃശ്ശൂർപ്പൂരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആനകളെ നിരത്തുന്ന ഉൽസവമാണു ചെറായി പൂരം. 20 മുതൽ 30 ആനകൾ വരെ കാണും. വടക്കേചേരുവാരം, തെക്കേചേരുവാരം എന്ന പേരിൽ ഇരു ചേരി തിരിഞ്ഞ്‌ നാട്ടുകാർ എല്ലാക്കാര്യത്തിലും മൽസരമാണ്. അതിരാവിലെ തിടമ്പെഴുന്നള്ളിക്കാനുള്ള ആനയെ തിരഞ്ഞെടുക്കുന്ന തലപ്പൊക്കമൽസരം, ഉച്ചയ്ക്ക് കുടമാറ്റം, രാത്രി വെടിക്കെട്ട്‌ എല്ലാം ഈ ചേരുവാരമത്സരത്തിൽ തകർക്കും.. വെടിക്കെട്ട് കഴിഞ്ഞ്‌ പാതിരാത്രിക്കെപ്പോഴോ നടക്കുന്ന നാദസ്വരക്കച്ചേരിയോടെ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി വീട്ടിലെത്തും. ഉത്സവപ്പിറ്റേന്ന് തലേന്ന് ഉത്സപ്പാടത്തു നിന്നും വാങ്ങിയ ചുറ്റുവള തിരിച്ചും മറിച്ചും ചുറ്റിട്ട്‌ നോക്കി ആകെ ശോകമൂകമായി ഇരിക്കുമ്പോൾ തലേന്ന് കവറിലാക്കി വാങ്ങികൊണ്ടുവന്ന കളർ മീനുകൾ വീട്ടിനുള്ളിലെ നാല് ചുമരുകൾക്കുള്ളിലെ ഹോർലിക്സ് കുപ്പിയിൽ ഒരു കടലൊരുക്കി നീന്തിക്കൊണ്ട് “അടുത്ത കൊല്ലത്തിനിനി അധികം ദിവസമില്ലല്ലോ ഇതൊന്നും വല്ല്യ ഇഷ്യൂ ആക്കണ്ടാന്ന്” പറഞ്ഞ് സമാധാനിപ്പിക്കുമെങ്കിലും ഉത്സവത്തിന്റെ വർണ്ണപ്പകിട്ട് വീണ്ടുമോർമ്മപ്പെടുത്തും...

അങ്ങനെ തൊട്ടടുത്ത് മലയാള പഴനി ഉണ്ടെങ്കിലും ഇടയ്ക്കൊക്കെ തമിഴ് പഴനിയിൽ പോകാൻ തോന്നും. മിക്കവാറും പ്ലാനുകളും നടക്കാറില്ല... വർഷങ്ങൾക്കുശേഷം പഴനിയിൽ എത്തി അവിടെ നടയിൽ ഇഷ്ടദേവനെ തൊഴുതു നിൽക്കുമ്പോൾ ഇതുതന്നെയല്ലേ ഇന്നലെ വൈകുന്നേരം ചെറായി അമ്പലത്തിൽ ദീപാരാധന തൊഴുതപ്പോൾ കണ്ട മുരുകനെന്ന് തോന്നിപ്പിച്ചത് ‘വെറുതെയായിരിക്കും’ ഏയ് വെറുതെയായിരിക്കും.. എന്ന് മനസ്സ് അവിശ്വനീയതയോടെ ആവർത്തിച്ചു.. ഈ വർഷം ഫെബ്രുവരി ആറിനുള്ള പൂരത്തിനായി ഇന്ന് ചെറായി അമ്പലത്തിലെ കൊടിയേറ്റം. ഓർമ്മയിൽ തെളിഞ്ഞത് ഇങ്ങനെ എഴുതുമ്പോൾ.. കൊടിയേറ്റത്തിനുള്ള കാവടിയുടെ കൊട്ട്‌ വീട്ടിലിരുന്നാൽ കേൾക്കാം.. ഒന്നും തോന്നലല്ലെന്ന് പറയും പോലെ...

Content Summary: Malayalam Memoir ' Cherai Pooram ' written by Divyalakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com