ADVERTISEMENT

ശീതളിന്റെ വീട്ടിൽ എത്തിയപ്പോൾ അവൾക്കു കുറച്ചു പേഷ്യന്റ് ഉണ്ടായിരുന്നു. ലിവിങ് റൂമിൽ ശീതളിനെ കാത്തിരിക്കുമ്പോഴും മനസ്സ് വല്ലാതെ തിടുക്കം കൂട്ടികൊണ്ടിരുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ അനുഗ്രഹം. തന്റെ ഇരട്ടകളായ പൊന്നോമനകൾ. പരിശോധനയും ചികിത്സയുമായി മുന്നോട്ടു പോയ വർഷങ്ങൾ ഓർമ്മയിൽ വരുമ്പോൾപോലും വല്ലാത്ത പേടിയും മരവിപ്പുമാണ്. ചികിത്സയുടെ ആദ്യ നാളുകളിൽ അനുവിന് സാധാരണ രീതിയിൽ ഗർഭധാരണം സാധ്യമല്ലെന്നറിഞ്ഞ നിമിഷം. ഏഴെട്ടു വർഷത്തെ കാത്തിരിപ്പിനും ചികിത്സക്കും ഫലമില്ലാതെ അനുവിന്റെ മാനസ്സിക നില തകർന്ന ദിവസങ്ങൾ. അങ്ങനെയാണ് ഐ വി എഫ് ചികിത്സയ്ക്കായി ശീതൾ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ എത്തുന്നത്. വന്ധ്യത ചികിത്സയിൽ അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ എല്ലാം ഉണ്ടായിരുന്ന ഹോസ്പിറ്റൽ ആണിത്. കുഞ്ഞെന്ന സ്വപ്നത്തിനു പ്രതീക്ഷയുടെ നാളങ്ങൾ വീണ്ടും അവിടെ പ്രകാശിച്ചു തുടങ്ങി. 10 വർഷമായി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പു തുടങ്ങിയിട്ട്. ചികിത്സയുടെ ഭാഗമായി അനു ഈ കാലത്തിനിടയ്ക്ക് മാനസികമായും ശാരീരികമായും എത്രയോ വേദന സഹിച്ചു കഴിഞ്ഞു. എന്നിട്ടും, ആ വേദനക്കൊന്നും ഫലമില്ലാതെ വന്നപ്പോൾ അനു തകർന്നു ആത്മഹത്യയുടെ വക്കിൽ എത്തിയിരുന്നു. ഏറെ നാളത്തെ  ചികിത്സയ്ക്ക് ശേഷമാണ് അവൾ പഴയപോലെ ആയത്. ജീവിതത്തിലേക്ക് വന്നുവെങ്കിലും ഒരു കുഞ്ഞിനെ താലോലിക്കാൻ ഈ ജന്മം കഴിയില്ല എന്ന സത്യവുമായി അവൾ പൊരുത്തപ്പെട്ടപോലെ. പഴയ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട് നിസ്സഹായത അവളെ നിർവികാരമായ ഒരു അവസ്ഥയിൽ എത്തിച്ചിരുന്നു. അവളുടെ സന്തോഷത്തിന്റെ ലോകം എന്നിൽ മാത്രം ഒതുങ്ങി നിന്നു.

ശീതളിനെ കണ്ടുമുട്ടിയതും വിശേഷങ്ങൾ പറയുന്നതിനിടെ അനുവിന്റെ അവസ്ഥയും തന്റെ നിസ്സഹായതയും പറഞ്ഞതും യാദൃശ്ചികമായിട്ടായിരുന്നു. ശീതൾ തന്റെ സഹപാഠി. ഇപ്പോൾ അവൾ ഗൈനക്കോളജി ഡോക്ടർ ആണ്. ശീതളിന്റെ നിർബന്ധം മൂലമാണ് അനുവിനെയും കൂട്ടി അവൾ ജോലി ചെയ്യുന്ന ഈ ഹോസ്പിറ്റലിൽ എത്തിയതും. ഇനിയും ഒരു ചികിത്സയ്ക്കോ പരീക്ഷണത്തിനോ അനുവിന് താൽപര്യം ഇല്ലായിരുന്നു. വെറുതെ ഒരു സന്ദർശനം എന്ന് മാത്രം പറഞ്ഞു ഒരു ശതമാനം പ്രതീക്ഷയിൽ എത്തുകയായിരുന്നു. ഇവിടെയും പരാജയപ്പെട്ടാൽ അനു ഏതു അവസ്ഥയിൽ ആകും എന്നൊരു ചിന്ത എന്റെ മനസ്സിനെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് പ്രതീക്ഷയുടെ കൂമ്പാരം അവൾക്കു കൊടുക്കാതിരുന്നത്. ശീതൾ പക്ഷെ പോസിറ്റീവ് ആയി മാത്രം ചിന്തിക്കാൻ പ്രേരിപ്പിച്ചു. അനുവിനെയും പറഞ്ഞു മനസ്സിലാക്കി 'ഐ വി എഫ്' ചികിത്സക്ക് തയാറെടുപ്പിച്ചു. പക്ഷെ അവിടെയും വിധി തോൽപ്പിച്ചു. ഒന്നിൽ കൂടുതൽ തവണ അനുവിന്റെ ഗർഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിച്ചുവെങ്കിലും വളർച്ച എത്തും മുൻപേ നഷ്ടമാവുകയാണുണ്ടായത്. ആകെ തകർന്ന അനുവിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ പോലും നഷ്ടപ്പെട്ട ദിവസങ്ങൾ. അവൾ ആത്മഹത്യ ചെയ്യാതിരിക്കാൻ ഓരോ നിമിഷവും അവളെ കാത്തുസൂക്ഷിക്കേണ്ട അവസ്ഥയിലേക്കെത്തി. ഇനിയെന്ത് എന്ന് ചിന്തിച്ചു ദിവസങ്ങളോളം കഴിച്ചുകൂട്ടി. ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞിന്റെ സാമിപ്യത്തിനു മാത്രമേ ഇനി അനുവിനെ സാധാരണ ജീവിതത്തിൽ എത്തിക്കാൻ സാധിക്കു. അല്ലെങ്കിൽ അവൾ ഒരു പക്ഷെ,... അല്ല ഉറപ്പായും അവൾ ജീവിതം അവസാനിപ്പിച്ചേക്കാം.

അങ്ങനെയാണ് ഒരു ദത്തെടുക്കലിനെ കുറിച്ച് ശീതളിനോട് സംസാരിച്ചത്. അവളും തന്റെ അഭിപ്രായത്തെ ശരിവയ്ക്കുകയാണ് ചെയ്തത്. എങ്കിലും അനുവിനോട് ഒന്നും പറഞ്ഞില്ല. തകർച്ചയിൽ ആയിരിക്കുന്ന അവളോട് ദത്തിനെ കുറിച്ച് പറയാനുള്ള ധൈര്യം ഞങ്ങൾ രണ്ടുപേർക്കും ഉണ്ടായിരുന്നില്ല. ദത്തെടുക്കലിനെക്കുറിച്ചുള്ള നിയമവശങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന ആ സമയത്താണ് പെട്ടെന്ന് ഒരു ദിവസം ശീതൾ വിളിച്ചിട്ടു വാടക ഗർഭപാത്രം എന്ന ആശയത്തെക്കുറിച്ചു പറഞ്ഞത്. അത് കേട്ടപ്പോൾ ആദ്യം തോന്നിയത് ഇതൊക്കെ സാധ്യമാകുന്ന കാര്യമാണോ എന്നാണ്. പക്ഷെ ശീതൾ വിശദമായി പറഞ്ഞപ്പോൾ അറിയാതെ മനസ്സിൽ പ്രതീക്ഷയുടെ ഒരു മിന്നാമിന്നി വെളിച്ചം. പക്ഷെ അനുയോജ്യമായ ഒരു ഗർഭപാത്രം കണ്ടെത്തുക, കണ്ടെത്തിയാലും അതിന്റെ  വിജയ സാധ്യതകൾ, അതിലുമുപരി അനുവിനോട് എങ്ങനെ സംസാരിക്കും. അവളുടെ പ്രതികരണം എങ്ങനെ ആയിരിക്കും. അതൊക്കെ ഓർത്തപ്പോൾ വീണ്ടും അത് അസാധ്യമായ ഒന്നായി തോന്നി. പക്ഷെ ആ ദൗത്യവും ശീതൾ ഏറ്റെടുത്തു. ദത്തിനെക്കുറിച്ചും വാടക ഗർഭപാത്രത്തെകുറിച്ചും അനുവിനോട് വളരെ വിശദമായി തന്നെ സംസാരിച്ചു. അനുവിന് മാത്രമായി തീരുമാനം വിട്ടുകൊടുത്തു. ശീതളിന്റെ സംസാരത്തിനൊടുവിൽ അവിടെ അനുവിന്റെ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു. ആ കരച്ചിലുകൾക്കും ശീതളിന്റെ കൗൺസിലിംഗിനുമൊടുവിൽ ഒരാഴ്ച്ചയ്ക്ക് ശേഷം, അവളുടെ ശാരീരികാവസ്ഥ അവൾക്കുതന്നെ നന്നായി അറിയുന്നതുകൊണ്ടാവാം അനു വാടക ഗർഭപാത്രം തെരഞ്ഞെടുക്കുകയായിരുന്നു. അതുതന്നെ ആയിരുന്നു തന്റെയും ആഗ്രഹം. എന്റെയും അനുവിന്റേയും രക്തബന്ധത്തിലെ കുഞ്ഞ്.

ആളെ കണ്ടെത്തിയതു മുതൽ എല്ലാ കാര്യങ്ങളും ശീതൾ തന്നെ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു. കണ്ടെത്തിയ കുട്ടിയുടെ ആകെയുള്ള ആവശ്യം ശീതളും  അനുവും അല്ലാതെ ഒരു ഫോട്ടോ പോലും മറ്റാരും കാണാനോ ഒരു തരത്തിലുമുള്ള ആശയ വിനിമയമോ പാടില്ല എന്നതാണ്. എനിക്കും അത് തന്നെ ആയിരുന്നു ആഗ്രഹം. തന്റെ ബീജം വഹിക്കുന്ന ആ കുട്ടിയെ ഒരിക്കലും കാണാതിരിക്കുക എന്നത്. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു എഗ്രിമെന്റ് തയാറാക്കലും മറ്റും. വാടക ഗർഭപാത്രത്തിൽ ഐ വി എഫ് വിജയകരമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞു പ്രവാസത്തിലേക്ക് വന്നു. ഇന്നിപ്പോൾ ഇത്ര തിടുക്കപ്പെട്ടു പ്രവാസം അവസാനിപ്പിച്ച് വരാൻ കാരണവും തന്റെ ഓമനകളായ മക്കളെ കാണാനുള്ള ആവേശം കൊണ്ടാണ്. ഇരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം എത്തിയത് ശീതളിന് അടുത്തേക്കാണ്. മക്കളെ കൈമാറിയിട്ട് ആ കുട്ടി നാളെ പോവുകയാണ്. പ്രസവിച്ച അന്ന് മുതൽ ഈ ആറു മാസം അനുവും അവരോടൊപ്പമാണ്. ശീതളിനെ കാത്തിരിക്കുന്ന വിരസതക്കിടയിൽ എപ്പോഴോ ആണ് തന്റെ അടുത്ത് ഇരിക്കുന്ന ശീതളിന്റെ മോന്റെ മൊബൈലിലേക്ക് കണ്ണ് പോയി ഒരു ഫോട്ടോയിലേക്കു ശ്രദ്ധ പതിഞ്ഞത്. കണ്ടപ്പോഴേ മനസ്സിലായിരുന്നു. എങ്കിലും പെട്ടെന്ന് ആ ഫോൺ വാങ്ങി നോക്കി. ആളെ മനസ്സിലായപ്പോൾ ഉള്ളിൽ ഒരു തീ ആളിക്കത്തിയമർന്നു ആ നിമിഷം. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ഫോട്ടോസ് എല്ലാം മാറ്റി നോക്കി. ശരീരമാകെ ഒരു തരിപ്പ് കയറുന്നപോലെ. ആ അവിശ്വസനീയത കണ്ണിലെ തിളക്കമായും ഹൃദയം നിറഞ്ഞു കവിഞ്ഞ സന്തോഷമായും മാറിയപ്പോൾ കണ്ണുകൾ നിറയുകയും ഹൃദയത്തിൽ നിന്നൊരു തേങ്ങൽ പുറത്തേക്കു വരാതെ വിങ്ങി വിതുമ്പി നിന്നു.

അത് ആമിയുടെ ഫോട്ടോ ആയിരുന്നു. ഒരിക്കൽ ഒരു മനസ്സും രണ്ടു ശരീരവുമായി ജീവിച്ച, അതിൽ ഒരു ശരീരമായിരുന്ന തന്റെ ആമിക്കുട്ടി. ഡിഗ്രി ക്ലാസ് തുടങ്ങിയ അന്ന് ശീതളിനൊപ്പം വന്ന വെളുത്തു മെലിഞ്ഞ അവൾ അന്ന് തന്നെ മനസ്സിൽ ചേക്കേറിയിരുന്നു. അവളോടുള്ള ഇഷ്ടം ആദ്യം അവതരിപ്പിച്ചത് ശീതളിനോടാണ്. പക്ഷെ ശീതൾ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. ശീതളിന്റെ വീടിനോടു ചേർന്നുള്ള രണ്ടു മുറി വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അവൾക്കു അമ്മയും രണ്ടു അനിയത്തിമാരുമാണ് ഉണ്ടായിരുന്നത്. അച്ഛൻ കുറെ വർഷങ്ങൾക്കു മുൻപ് മരിച്ചു. അമ്മയുടെ ഒരു ചെറിയ ജോലിയിലും ആ തുച്ഛമായ വരുമാനത്തിലും ജീവിക്കുന്നവർ. ശരിക്കും അവൾ ഒരു പഠിപ്പിസ്റ്റ് ആണ്. എല്ലാ ക്ലാസ്സിലും ഒന്നാമതായിരുന്ന അവൾക്കു ഒരു ലക്ഷ്യമേ ഉള്ളു നല്ലൊരു ജോലി വാങ്ങി അമ്മയുടെ കഷ്ടപ്പാട് കുറച്ചു അനിയത്തിമാരുടെ ഭാവി സുരക്ഷിതമാക്കുക. അതിനിടയ്ക്ക് നീ ഇഷ്ടവും മണ്ണാങ്കട്ടയും എന്നും പറഞ്ഞു ആ കുട്ടിയുടെ പഠനത്തിലെ ശ്രദ്ധ ഇല്ലാതാക്കരുത്. തന്റെ ഇഷ്ടം പറഞ്ഞപ്പോൾ ശീതളിന്റെ എതിർപ്പിന് കാരണം അതായിരുന്നു. ശീതളിൽ നിന്നും അവളെക്കുറിച്ചു അറിഞ്ഞതിനു ശേഷം അവളോടുള്ള ഇഷ്ടം കൂടുകയാണ് ഉണ്ടായത്. മനസ്സിൽ ചേക്കേറിയ അവൾ അടർത്തി മാറ്റാൻ കഴിയാത്ത വിധം മനസ്സിൽ ഉറയ്ക്കുകയാണുണ്ടായത്. എങ്കിലും അവളോട് തന്റെ ഇഷ്ടം പറഞ്ഞില്ല. പകരം അവളെ പരിചയപെട്ടു. നല്ല ഒരു സുഹൃത്താക്കി. പഠന കാര്യങ്ങളിൽ ഒരുപാടു പ്രോത്സാഹിപ്പിച്ചു. ആ അവസരങ്ങളൊക്കെ തന്റെ സ്നേഹത്തെ വാക്കുകളിലൂടെ, കണ്ണുകളിലൂടെ അവളെ അറിയിക്കാൻ ശ്രമിച്ചു.

പിജി ആദ്യ വർഷ പരീക്ഷ കഴിഞ്ഞിറങ്ങും മുൻപ് അവളോട് തന്റെ ഇഷ്ടത്തെക്കുറിച്ചു നേരിൽ തന്നെ പറഞ്ഞു. ഉത്തരം പോസിറ്റീവ് ആയിരുന്നില്ല. ശീതൾ പറഞ്ഞ അതെ കാര്യങ്ങൾ തന്നെ അവളും പറഞ്ഞു. അമ്മയുടെ വരുമാനത്തിൽ ജീവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് പിന്നെ അവളുടെ ഏറ്റവും വല്യ ലക്ഷ്യമായ നല്ലൊരു ജോലിയെക്കുറിച്ചും. അവളുടെ ആ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും സാധിക്കാൻ എന്നും എപ്പോഴും മരണം വരെയും ഒപ്പമുണ്ടാകുമെന്നു പറഞ്ഞു. എന്നിട്ടും അവളുടെ ഇഷ്ടം തുറന്നു പറയാതെ ഒഴിഞ്ഞു മാറിയപ്പോൾ ശീതൾ വഴി നിരന്തരം തന്റെ ഇഷ്ടത്തെ, സ്നേഹത്തെ, അവളില്ലാതെ പറ്റില്ല എന്ന അവസ്ഥയെ, എല്ലാത്തിനുമുപരി ഒരിക്കലും കൈവിടില്ല എന്ന ഉറപ്പും കൊടുത്തു, ഒരർഥത്തിൽ അവളുടെ സമ്മതം പിടിച്ചു വാങ്ങുകയായിരുന്നു. അവളുടെ പച്ചക്കൊടി കിട്ടി കഴിഞ്ഞപ്പോൾ ലോകം കീഴടക്കിയ ആവേശമായിരുന്നു. പിന്നീടുള്ള ഒരു വർഷം തമ്മിൽ സ്നേഹിക്കാൻ മത്സരം ആയി. അവളിലെ ഒളിപ്പിച്ചു വച്ച സ്നേഹമെല്ലാം കുത്തൊഴുക്കായി എന്നിലേക്ക്‌ പ്രവഹിച്ചു. തുള്ളിക്കൊരു കുടംപോലെ തകർത്തു പെയ്യുമ്പോഴും അവളുടെ സ്നേഹത്തിനൊപ്പം തന്റെ സ്നേഹത്തെ എത്തിക്കാൻ താൻ ഒരുപാടു കഷ്ടപ്പെട്ടു. അവൾക്കുവേണ്ടി ഉണരുന്ന, അവൾക്കുവേണ്ടി ഉറങ്ങുന്ന, അവൾ അടുത്തില്ലാത്തപ്പോൾ അവളുടെ ഓർമ്മകളിൽ മാത്രം ജീവിക്കുന്ന, കാണുന്നതിലെല്ലാം അവളുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം കാണാൻ കഴിയുന്ന ദിനങ്ങൾ, ആ പ്രണയ ദിനങ്ങൾ. എപ്പോഴും വളരെ പക്വതയോടെ മാത്രം കണ്ടിരുന്ന അവളിലെ മാറ്റവും തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അത്രയ്ക്കും തീഷ്ണമായ, അത്രമേൽ തീവ്രമായ, ഭ്രാന്തമായ പ്രണയം. അവളുടെ ഓരോ അണുവിലും താൻ മാത്രം. ചിലപ്പോഴുള്ള അവളുടെ കുട്ടിത്തം മാറാത്ത കുസൃതികളും കൊഞ്ചലുകളും, വല്ലപ്പോഴുമുള്ള പിടിവാശികൾ, അവളുടെ നനുത്ത ശ്വാസത്തിൽ പോലും തന്നോടുള്ള പ്രണയം നിറഞ്ഞു നിന്ന നാളുകൾ. അവസാന പരീക്ഷ കഴിഞ്ഞു യാത്ര പറഞ്ഞ നിമിഷം വിങ്ങി വിതുമ്പി നിൽക്കുകയായിരുന്നു അവൾ. അച്ഛനും അമ്മയുമായി ഉടനെ വീട്ടിലേക്കു വരുന്നുണ്ട് എന്നായിരുന്നു തന്റെ കൈയ്യിലെ മോതിരം ഊരി അവൾക്കിട്ടുകൊടുത്തിട്ടു അന്ന് കൊടുത്ത വാക്ക്.

പക്ഷെ ഇത്രമേൽ സ്നേഹിച്ചിട്ടും... വിവാഹത്തെ കുറിച്ചു വീട്ടിൽ സംസാരിച്ചു തുടങ്ങിയപ്പോഴേ ആമിയുടെ കാര്യം അവതരിപ്പിച്ചു. പക്ഷെ അച്ഛന്റെ എതിർപ്പ് പ്രതീക്ഷിച്ചതിലും കടുത്തതായി. സാമ്പത്തിക അടിത്തറയില്ലാത്ത അവളെയും കുടുംബത്തെയും അംഗീകരിക്കാനും സ്വീകരിക്കാനും അച്ഛൻ ഒരുക്കമല്ല. ഒരു ജോലി ഇല്ലാതെ, അച്ഛനെ എതിർത്തു അവളെ വിവാഹം കഴിക്കുക അന്നു പറ്റുമായിരുന്നില്ല. കാത്തിരിക്കണം എന്നു പറഞ്ഞാൽ എത്ര നാൾ കാത്തിരിക്കാനും തയാറായിരുന്ന അവളോട് പക്ഷെ ക്രൂരതയാണ് കാണിച്ചത്. അമ്മ വീണുപോയപ്പോൾ അച്ഛന്റെ നിർബന്ധത്തിനും ഇഷ്ടത്തിനും വഴങ്ങി മറ്റൊരു വിവാഹം ചെയ്തു. അവസാനമായി ആമിയെ കണ്ടു തന്റെ കല്യാണക്കാര്യം പറഞ്ഞപ്പോൾ അവൾ എന്നെ കുറ്റപ്പെടുത്തിയില്ല ഒന്നും പറയാതെ, നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുകപോലും ചെയ്യാതെ വെറുതെ കേൾക്കുക മാത്രം ചെയ്തു. തിരികെ നടക്കുമ്പോൾ ഏറെ വേദനിപ്പിച്ചതും ആ മൗനം ആയിരുന്നു. ആമിയോട് കാണിച്ച ക്രൂരതയുടെ പേരിൽ ഇത്ര സൗഹൃദമായിരുന്നിട്ടും ശീതൾ തന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീടറിഞ്ഞു ആമിയും കുടുംബവും ആ വീട് വിട്ടു മറ്റെവിടേക്കോ പോയെന്നു. അതിനു ശേഷം ശീതളിനെ പലവട്ടം കണ്ടു സംസാരിച്ചിട്ടുണ്ടെങ്കിലും അവൾ എവിടെയാണെന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നെ പതിയെ എല്ലാം മറക്കാൻ ശ്രമിച്ചു. ഒരു കുഞ്ഞില്ലാത്ത വിഷമംകൂടി വന്നപ്പോൾ പഴയതെല്ലാം പാടെ മറന്നു. ആകെ തകർന്നിരിക്കുന്ന അനുവിന്റെ സന്തോഷം മാത്രമായി ജീവിതം. പക്ഷെ ഇപ്പോൾ അവൾ. എത്ര കണ്ടിട്ടും സ്വപ്നമാണോ സത്യമാണോ എന്നുൾക്കൊള്ളാൻ കഴിയുന്നില്ല.

നീ വന്നിട്ട് ഒരുപാടു സമയമായല്ലേ? ഇന്നു നല്ല തിരക്കുള്ള ദിവസം ആയിരുന്നു. ശീതളിന്റെ സംസാരം കേട്ടിട്ടാണ് ഫോട്ടോയിൽ നോക്കിയിരുന്ന അവനു സ്ഥലകാലബോധം കിട്ടിയത്. അവന്റെ കൈയ്യിലിരുന്ന ഫോണും ആ മുഖഭാവങ്ങളും കണ്ടപ്പോഴേ ശീതളിനു കാര്യങ്ങൾ മനസ്സിലായിരുന്നു. ഓഫീസിൽ ശീതളിനു മുൻപിൽ ഇരിക്കുമ്പോൾ ഒരുപാടു ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വാക്കുകൾ ഒന്നും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എങ്കിലും ഒന്ന് ചോദിച്ചു നിർത്തി. എന്റെ കുഞ്ഞുങ്ങൾ എന്റെ ആമിയുടെ... ചോദ്യം പൂർത്തിയാക്കാൻ പറ്റിയില്ല. എങ്കിലും ശീതൾ ഉത്തരം പറഞ്ഞു തുടങ്ങി. അതെ നിന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചത് അനാമിക ആണ്. എന്റെ കുഞ്ഞനുജത്തി. പലവട്ടം നോ പറഞ്ഞ അവളെ സ്വപ്നങ്ങളുടെ കൊടുമുടിയോളം കൊടുത്തു അവളുടെ സ്നേഹം വാങ്ങിയിട്ട് അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ പാടെ ഇട്ടിട്ടു പോയിട്ടും നിന്റെ ഓർമ്മകളിൽ മാത്രം ഇപ്പോഴും ജീവിക്കുന്നവൾ. നിനക്കായ് മാത്രം ഇപ്പോഴും ജീവിക്കുന്നവൾ. ഇവിടുന്നു പോയെങ്കിലും മിക്കപ്പോഴും ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. അവൾക്കു ജോലി കിട്ടിയപ്പോൾ കണ്ടുമുട്ടൽ ഫോൺ വിളികളിലേക്കു വഴിമാറി. നിന്റെ കാര്യങ്ങൾ അവൾ ചോദിക്കാറുമില്ല ഞാൻ പറയാറുമില്ല. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവൾ പറയും. എന്റെ ഏട്ടൻ ഇട്ട മോതിരം കണ്ടില്ലേ? ഇനിയും വിവാഹമോ എന്ന്. പിന്നെ മനസ്സിലായി ആ പറഞ്ഞതൊന്നും തമാശയല്ല നീ മാത്രമാണ് ഇന്നും ആ ഹൃദയത്തിലെന്നു. നിന്നോടൊപ്പം ഉണ്ടായിരുന്ന ആ ഓർമ്മകളിൽ ആണ് അവൾ ഇപ്പോഴും ജീവിക്കുന്നതെന്ന്. അപ്പോൾ എനിക്കും തോന്നി അവളുടെ സന്തോഷത്തിൽ അവൾ ജീവിക്കട്ടെയെന്നു. കുറെ വർഷങ്ങൾ ആയി നിന്നെക്കുറിച്ചു ഒന്നും സംസാരിക്കാതെയായി ഞങ്ങൾ.

അനുവുമായി ഹോസ്പിറ്റലിൽ വന്നതിനു ശേഷമാണ് വീണ്ടും നിന്നെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. കുട്ടികൾ ഇല്ലെന്നറിഞ്ഞപ്പോൾ അവൾക്കും വല്യ സങ്കടമായി. അതിൽപിന്നെ എല്ലാം അവൾ അന്വഷിക്കാറുണ്ടായിരുന്നു. ദത്തെടുക്കൽ എന്ന തീരുമാനം വന്നപ്പോൾ അതിനെക്കുറിച്ചും അവളോട് സംസാരിച്ചിരുന്നു. ഞങ്ങൾ തമ്മിലുള്ള സംഭാഷണത്തിനിടയ്ക്ക് വെറുതെ പറഞ്ഞു തുടങ്ങിയ ഒരു വിഷയമായിരുന്നു വാടക ഗർഭപാത്രം എന്നത്. പക്ഷെ അത് പ്രവർത്തികമാക്കുന്ന കാര്യത്തെക്കുറിച്ചു ഒരു ശതമാനം പോലും ചിന്തിച്ചിരുന്നില്ല. കാരണം ആശയം നല്ലതാണ് പക്ഷെ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുള്ളതും. അതിനു വേണ്ടി വരുന്ന ചെലവിനെക്കുറിച്ചും, ആളെ കണ്ടെത്തുന്ന ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഞങ്ങൾ അന്ന് ഒരുപാടു സംസാരിച്ചു. അതിനു ശേഷം ഞാൻ ആ വിഷയമേ മറന്നു. പക്ഷെ രണ്ടു ദിവസങ്ങൾക്കു ശേഷം ആമിയാണ് ഇങ്ങോട്ടു വിളിച്ചു പറഞ്ഞത് ശ്രീയേട്ടന്റെ കുഞ്ഞിന് വളരാൻ എന്റെ ഗർഭപാത്രം മതിയാവില്ലേയെന്നു. ആദ്യം ഞാൻ എതിർത്തുവെങ്കിലും അവൾ നന്നായി ചിന്തിച്ചെടുത്ത തീരുമാനം ആണെന്നും അത് അവളുടെ ആഗ്രഹം ആണെന്ന് പറഞ്ഞപ്പോൾ എനിക്കും അവളുടെ തീരുമാനം ശരിയായി തോന്നി. അങ്ങനെയാണ് അന്ന് നിന്നോട് ഈ ആശയത്തെക്കുറിച്ചു പറഞ്ഞത്. അവൾ ആകെ പറഞ്ഞ ഡിമാൻഡ് ശ്രീയേട്ടൻ ഒരിക്കലും ഈ വിവരങ്ങൾ ഒന്നും അറിയാൻ പാടില്ല എന്ന് മാത്രമാണ്. എല്ലാം കേട്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ നെഞ്ചിൽ ഒരു പാറ എടുത്തു വച്ചപോലെ ഭാരംതോന്നി. അതിനോടൊപ്പം തന്നെ മനസ്സിൽ ഒരായിരം പൂക്കൾ വിരിഞ്ഞപോലെ തിരിച്ചറിയാൻ കഴിയാത്ത വല്ലാത്ത ഒരു അനുഭൂതിയും. വീട്ടിൽ എത്തിയെങ്കിലും അവളെ ഒരു നോക്ക് കാണണം എന്നുള്ള ആഗ്രഹം അടക്കാൻ പറ്റുന്നില്ലായിരുന്നു. നാളെ അവൾ പോവുകയാണ്. പോകും മുൻപ് ഒന്ന് കാണണം ഒരു വാക്ക് സംസാരിക്കണം. ശീതളിനോട് ഈ ആവശ്യം പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല എങ്കിലും തന്റെ വിങ്ങി നിൽക്കുന്ന അവസ്ഥ മനസ്സിലായിട്ടാവാം ആമിയോട് പറഞ്ഞു അവളുടെ സമ്മതം വാങ്ങാം എന്ന ഉറപ്പു തന്നത്.

ഈവെനിംഗ് ശീതളിന്റെ വീട്ടിൽ രാവിലെ ഇരുന്ന ചെയറിൽ ആമിയെ വെയിറ്റ് ചെയ്തിരിക്കുമ്പോൾ ആദ്യമായി ആമിയോട് തന്റെ ഇഷ്ടം പറയാൻ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പരവേശം ഉണ്ടായിരുന്നു. അതിലുപരി മനസ്സ് ഇതിനുമുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത പോലെ ഒരു തരം ഉന്മാദാവസ്ഥയിലും. അക്ഷമമായ മനസ്സിന്റെ നിയന്ത്രണം പോലും കൈവിട്ടപോലെ. അവളുമൊത്തുള്ള നിമിഷങ്ങൾ മനസ്സിലേക്ക് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. ശീതൾ പറഞ്ഞ സമയത്തേക്കാൾ ഒരുപാട് നേരത്തെയാണ് ഇറങ്ങിയത്. പക്ഷെ ഈ കാത്തിരിപ്പിന്റെ ഓരോ നിമിഷവും യുഗങ്ങളുടെ അന്തരം പോലെ. പുറത്തു ശീതളിന്റെ വണ്ടിയുടെ സൗണ്ട് കേട്ടപ്പോൾ ഹൃദയമിടിപ്പ് നിയന്ത്രണാതീതമായി. മനസ്സിനെ ഒരു വിധം അടക്കിപ്പിടിച്ചു അവരുടെ വരവിനായി കാത്തിരുന്നു. അകത്തേക്ക് വന്നത് ശീതൾ മാത്രമാണ്. ആമി എവിടെ എന്ന് ചോദിക്കും മുൻപ്, മനോഹരമായി അലങ്കരിച്ച ഒരു ഗിഫ്റ്റ് ബോക്സ്‌ ശീതൾ  അവനെ ഏൽപ്പിച്ചു. നിനക്കുള്ള എല്ലാ ഉത്തരവും ഇതിൽ ഉണ്ട് എന്നും പറഞ്ഞു അകത്തേക്ക് പോയി. ആ ബോക്സ് വാങ്ങി തുറക്കുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു. മുകളിൽ ഒരു ലെറ്റർ ആയിരുന്നു. അവൻ അത് തുറന്നു വായിച്ചു തുടങ്ങി.

ശ്രീയേട്ടാ.. 

സുഖമല്ലേ? ഞാൻ പ്രസവിച്ച ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ അനുവിന് മാത്രമായി കൊടുത്തു ഞാൻ ഇന്ന് പോവുകയാണ്. നാളേക്കുള്ള യാത്ര ഇന്നേക്ക് ആക്കി. കുഞ്ഞുങ്ങളെ പിരിയണം എന്നുള്ളത് അറിയാമായിരുന്നെങ്കിലും എന്റെ നെഞ്ചിലെ ചൂടേറ്റു ഇത്രനാൾ വളർന്ന അവരെ എന്നെന്നേക്കുമായി അനുവിന് കൊടുത്തപ്പോൾ ഹൃദയം വല്ലാതെ മുറിപ്പെട്ടു വിങ്ങി വേദനിക്കുന്നുണ്ട്. ഹൃദയവേദന അസഹനീയം എങ്കിലും നെഞ്ചിൽ നിന്നുള്ള ഈ അടർത്തിമാറ്റൽ അനിവാര്യം അല്ലെ? ഏട്ടന് ഓർമ്മയുണ്ടോ ഏട്ടൻ എന്റേതായിരുന്ന സ്വകാര്യതയിൽ, നമുക്ക് ഒരു മോനും മോളും വേണമെന്ന ആഗ്രഹം ഞാൻ പറഞ്ഞപ്പോൾ എന്നോട് മറ്റൊരു ചോദ്യമാണ് ശ്രീയേട്ടൻ ചോദിച്ചത്. നീ എന്നെ വിട്ടു പോകുമോ? നിന്നെ എനിക്ക് നഷ്ടപ്പെടുമോ ആമി... എന്ന്. അന്ന് ഞാൻ പറഞ്ഞതു ശ്രീയേട്ടൻ മറന്നോ? എന്റെ ഗർഭത്തിൽ ഒരു കുഞ്ഞുവളരുന്നുണ്ടെങ്കിൽ അത് ശ്രീയേട്ടന്റെ കുഞ്ഞായിരിക്കുമെന്നു. വിട്ടു പോകില്ല എന്ന ഉത്തരത്തേക്കാൾ ആ വാക്കുകൾ കേട്ട് ശ്രീയേട്ടൻ എന്നെ ചേർത്ത് പിടിച്ചു നെറുകയിൽ ആദ്യമായി ഒരു മുത്തം തന്നത്. എന്റെ വാക്ക് പാലിക്കാൻ ഈശ്വരൻ എനിക്ക് അവസരം തന്നു. ഏട്ടൻ ഇതൊന്നും എന്റെ മരണം വരെ അറിയരുതെന്നായിരുന്നു. ഏട്ടനോട് ദേഷ്യം ഉണ്ടായിട്ടല്ല കാണാൻ ആഗ്രഹിക്കാത്തത്. എപ്പോഴും ഏട്ടൻ അനുവിന്റെ സന്തോഷത്തിനൊപ്പമാണ് വേണ്ടത്, ഞാൻ ഏട്ടന്റെ ചിന്തയിൽ പോലും വരാൻ പാടില്ല. അനു ഒരിക്കലും പഴയതൊന്നും അറിയരുത്. കഴിയുമെങ്കിൽ ഒരിക്കൽ, എന്റെ ശ്വാസം നിലക്കുമ്പോൾ എന്റെ മക്കളെ എന്റടുക്കൽ കൊണ്ട് വരണം. കാൽക്കൽ രണ്ടു പൂവിടീക്കണം. ഈ ബോക്സിൽ ഒന്നുകൂടി ഉണ്ട്. അത് കുറച്ചു പണമാണ്. എന്റെ ഗർഭപാത്രത്തിനു ഏട്ടൻ തന്ന വാടക. അതും ഞാൻ ഏട്ടനെ ഏൽപ്പിക്കുന്നു. എന്റെ മക്കൾക്കായി, എന്റെ സമ്പാദ്യം. എന്നും നന്മകൾ നേർന്നുകൊണ്ട്. 

സ്വന്തം അനാമിക.

ആ ലെറ്റർ വായിച്ചു കഴിഞ്ഞപ്പോൾ ഹൃദയം വല്ലാതൊന്നു പിടഞ്ഞു. ഒപ്പം തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന അനുവിനെ ഓർത്തപ്പോൾ കടുത്ത കുറ്റബോധവും തോന്നി. റൂമിൽ എത്തുമ്പോൾ ഇന്നോളം കണ്ടിട്ടില്ലാത്തത്ര സന്തോഷവതിയായി അനു വീട്ടിൽ പോകാൻ തിടുക്കപ്പെട്ടു നിൽക്കുന്നുണ്ടായിരുന്നു. ഓടിച്ചെന്നു മക്കളെ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു കൈയ്യിൽ മോനെയും മറുകൈയ്യിൽ അനുവിനെയും ചേർത്ത് പിടിച്ചു ആ ഹോസ്പിറ്റലിന്റെ പടി ഇറങ്ങുമ്പോൾ ആമിയോടുള്ള സ്നേഹവും നന്ദിയും കടപ്പാടുമായി മനസ്സ് നിറഞ്ഞിരുന്നു. ആ നാലുപേരുടെ കൂടിച്ചേരൽ കണ്ടു സന്തോഷത്തോടെ ശീതളിന്റെ റൂമിൽ ആമി നിറകണ്ണുകളോടെ നിൽപ്പുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Surrogacy ' written by Raji Soman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com