ADVERTISEMENT

"പെണ്ണിന് ആൺ തുണയില്ലാതെ ജീവിക്കാൻ പറ്റ്വോ?" ജനം പറഞ്ഞു. ചായ നീട്ടുമ്പോൾ അവൾ ഒരുതവണ അയാളുടെ മുഖത്ത് നോക്കി, ഏതോ സിനിമാ നടന്റെ സാമ്യം ഉറപ്പിച്ചു. കൂടെ വന്ന പെണ്ണുങ്ങൾ അവൾക്ക് ചെക്കന് ചേർന്ന ഉയരവും നിറവും ഉണ്ടോ എന്ന് ഒത്തുനോക്കി. അവളുടെ പണിചെയ്യാനുള്ള മിടുക്കും പാചക വൈദഗ്ധ്യവും സദസ്സിൽ ചർച്ചയായി. ആണുങ്ങൾ പറമ്പിലെ തെങ്ങിന്റെ എണ്ണമെടുത്തു. പുറത്തു കിടന്ന കാറിന്റെ മോഡൽ നോക്കി. വേനൽച്ചൂടും വിലക്കയറ്റവും വിഷയമാക്കി. തൊഴുത്തിലെ പശുവിന് കറവയില്ലെങ്കിൽ നല്ല വില കൊടുക്കുന്ന കശാപ്പുകാരന് കൊടുക്കാൻ ഉപദേശിച്ചു. കൈയ്യിലെ കറുത്ത ബാഗിൽ തിരുപ്പിടിച്ച് ബ്രോക്കർ ചോദിച്ചു, "അപ്പൊ എങ്ങനെയാ? ഒറപ്പിക്ക്യല്ലേ?" വന്നവർ കുടിച്ച ചായക്കപ്പ് താഴെ വെച്ച് അതു കൊണ്ടുവന്ന പെണ്ണിന്റെ കഴുത്തിൽ ചരടു കെട്ടാൻ വിലപേശി. പൊന്നിനും കാറിനും തന്നെക്കാൾ വിലയുണ്ടെന്ന് തിരിച്ചറിയാതെ അകത്ത് അവൾ മോഹിച്ചു നിന്നു. ഒടുവിൽ വിധി കാത്തു നിൽക്കുന്നവരുടെ മുഖത്ത് ആശ്വാസത്തിന്റെ പെരുമഴ പെയ്തു. വന്നവർ പരസ്പരം നോക്കി തലകുലുക്കി. അകത്ത് അവൾ കാൽ വിരൽ കൊണ്ട് നിലത്ത് കളം വരച്ചു.

തൊഴുത്തിലെ പശുവിന്റെ കണ്ണിൽനിന്നു മാത്രം നീരൊഴുകി. അവളുടെ കഴുത്തിൽ ചരടു വീഴുന്നതിന് തലേന്ന് പശുവിന്റെ കഴുത്തിലെ ചരട് അഴിഞ്ഞു. പന്തലിലെ അലങ്കാരങ്ങൾക്കൊപ്പം നിറംപിടിപ്പിച്ച കഷണങ്ങളായി മേശപ്പുറത്ത് പശു നീണ്ടു നിവർന്നു കിടന്നു. കൈയ്യിലും നെഞ്ചിലും ചാർത്തിയ പൊന്ന് വിവാഹരാത്രിയിൽത്തന്നെ അവന്റെ അലമാരയിൽ ഒളിച്ചു. അടുക്കളയിലെ കരിപ്പാത്രങ്ങളോടൊപ്പം തേഞ്ഞുരഞ്ഞ് അവൾക്ക് മാറ്റ് കുറഞ്ഞപ്പോൾ അവളുടെ ശരീരത്തിൽ അവന്റെ വിരൽ പാടുകൾ തിണർത്തു കിടന്നു.. കുറഞ്ഞുപോയ പൊന്നിന്റെ കണക്ക് തീർക്കാൻ നിയോഗം കിട്ടിയ പാമ്പ് തലതല്ലി ചാകുന്നതിന് മുമ്പ് കരഞ്ഞു, "ഈ വിഷത്തിൽ എനിക്ക് പങ്കില്ല." പാമ്പിൻ കാവിലെ നാഗങ്ങൾ വിഷം തീണ്ടി നീലിച്ചു കിടന്നവളുടെ കുഴിമാടത്തിനു മുന്നിൽ അവരുടെ ദോഷം തീരാൻ വ്രതമെടുത്തു. 

"ഒരു പെണ്ണില്ലാതെ അവന് ഒറ്റയ്ക്ക് ജീവിക്കാൻ പറ്റ്വോ?" ജനം പറഞ്ഞു. കരിപ്പാത്രങ്ങൾക്ക് കാവൽ നിൽക്കാൻ പൊന്നിൻ കുളിച്ച് മറ്റൊരുവൾ എത്തി. ഒഴിഞ്ഞു കിടക്കുന്ന തൊഴുത്തിലെ ആണിയിൽ കൊരുത്തിട്ട കറുത്ത മണിയുള്ള കയറിന് അവൾ ഒരു പശുക്കുട്ടിയെ വാങ്ങിച്ചു കൊടുത്തു. പാമ്പിൻ കാവിലെ നാഗങ്ങൾക്ക് നൂറും പാലും നൽകി തിരി വെച്ചു. വേനലും വർഷവും മാറി മാറി വന്നപ്പോൾ അവൾക്ക് ചുറ്റും വേഷം കെട്ടിയാടിയവർ ഓരോരുത്തരായി പടിക്കെട്ടുകളിൽ വിഷം തീണ്ടിക്കിടന്നു. അവരുടെ വസ്തുവകകൾ അവളുടെ പേരിനോട് ചേർന്നു കിടന്നു. ഒരു ദിവസം രണ്ടാമൂഴത്തിനെത്തിയ പെണ്ണിന്റെ കൈയ്യിലെ വിഷക്കുപ്പിയിൽ നോക്കി അവൻ പിടഞ്ഞു. അന്ന് അലമാരയിലെ പെട്ടിയിൽ ഇരുന്ന് സ്വർണ്ണാഭരണങ്ങൾ കിലുങ്ങി ചിരിച്ചു. കടുത്ത ദുഃഖത്തിന്റെ വേനലിൽ വിണ്ടുകീറിയ മണ്ണിലേക്ക് മഴത്തുള്ളികൾ ആഞ്ഞു വീണ് മരിച്ചവളുടെ കുഴിമാടത്തിലെ ഉണങ്ങിയ കണ്ണുനീർ കഴുകിക്കളഞ്ഞു. പുതുമണ്ണിന്റെ മണം ഉയർന്നപ്പോൾ മറ്റെവിടെയൊക്കയൊ നടക്കുന്ന വിലപേശലിന്റെ കാര്യം പറഞ്ഞു തവളകൾ നിലവിളിക്കുന്നുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Kaalachakram ' written by Lekha Madhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com