അവനെത്ര
കരുതലോടെയാണിരിക്കുന്നത്,
അവളെത്രയൊട്ടിയാണിരിക്കുന്നത്.
ഒരേ സംഗീതമാണ്
രണ്ടു മനസ്സിലേക്കുമൊഴുകുന്നത്!
എന്തു കാവ്യാത്മകമായാണ്
അവളുടെ വിരലുകൾ
അവന്റെ കൈകളിൽ
പരാഗണം നടത്തുന്നത്
ഒരു വളവിനപ്പുറം
പെട്ടെന്നാണ്
ബസ്സിന്റെ ബെല്ലടിച്ചതും
അവൾ
മനസ്സില്ലാതെയിറങ്ങിപ്പോയതും!
ചിലപ്പോഴെല്ലാം
സമയവും
രംഗബോധമില്ലാത്ത
വില്ലനാകാറുണ്ട്!
അവൾ
മുഖത്തൊട്ടിക്കിടന്ന
പുഞ്ചിരിയെ
മായ്ച്ചുകളയാനാകാതെ
ഉന്മാദത്തിന്റെ
പരാഗരേണുക്കളുമായി
വിയ്യൂരിൽ ബസ്സിറങ്ങി
പിന്നോട്ടു നടന്നുപോയി.
അവൻ
പൂമ്പൊടിയുമായി വരുന്ന
കാറ്റിനെ വരവേൽക്കാൻ
അരികിലേക്കു
ചേർന്നിരുന്നു.
കട്ടുറുമ്പായി നിന്നിരുന്ന
മധ്യവയസ്കൻ
ആ ഇരിപ്പടത്തിലമർന്നു.
ഞാനപ്പോളും
പക്ഷേ,
പണ്ടിറങ്ങിപ്പോയ
അവളുടെ
മൃദുലമാം
കൈവിരലിന്റെ
കവിതാരചനയുടെ
സുഖാലസ്യതയിൽ
കണ്ണടച്ചിരിക്കുകയായിരുന്നു!
മുന്തിരിച്ചാറുപോലുള്ളീ
ജീവിതം
നീന്തിത്തീർക്കാനുള്ളതാണെന്ന്
അവൻ
ജാലകയിരിപ്പിടത്തിലിരുന്നു
മന്ത്രിക്കുന്നുണ്ടായിരുന്നു.
Content Summary: Malayalam Poem ' Paraganam ' written by Kinav